عَنْ أَبِي وَاقِدٍ اللَّيْثِيِّ رضي الله عنه:
أَنَّ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمَّا خَرَجَ إِلَى حُنَيْنٍ مَرَّ بِشَجَرَةٍ لِلْمُشْرِكِينَ يُقَالُ لَهَا: ذَاتُ أَنْوَاطٍ يُعَلِّقُونَ عَلَيْهَا أَسْلِحَتَهُمْ، فَقَالُوا: يَا رَسُولَ اللهِ، اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «سُبْحَانَ اللهِ! هَذَا كَمَا قَالَ قَوْمُ مُوسَى {اجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَةٌ} [الأعراف: 138] وَالَّذِي نَفْسِي بِيَدِهِ لَتَرْكَبُنَّ سُنَّةَ مَنْ كَانَ قَبْلَكُمْ».
[صحيح] - [رواه الترمذي وأحمد] - [سنن الترمذي: 2180]
المزيــد ...
അബൂ വാഖിദ് അല്ലയ്ഥി -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- ഹുനൈനിലേക്ക് പുറപ്പെട്ടപ്പോൾ ബഹുദൈവാരാധകരുടെ ഒരു വൃക്ഷത്തിനരികിലൂടെ സഞ്ചരിച്ചു. ദാതു അൻവാത് എന്നായിരുന്നു അതിൻ്റെ പേര്; (ബഹുദൈവാരാധകർ) തങ്ങളുടെ ആയുധങ്ങൾ അതിൽ തൂക്കിയിടാറുണ്ടായിരുന്നു. അപ്പോൾ (ചിലർ) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവർക്ക് ഒരു ദാതു അൻവാത്വ് ഉള്ളത് പോലെ, ഞങ്ങൾക്കും ഒരു ദാതു അൻവാത്വ് നിശ്ചയിച്ചു തരൂ." അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹു എത്ര പരിശുദ്ധൻ! മൂസായുടെ ജനത പറഞ്ഞതു പോലെത്തന്നെയുണ്ട് ഇത്; "അവർക്കൊരു ദൈവമുള്ളത് പോലെ ഞങ്ങൾക്കും ഒരു ദൈവത്തെ നിശ്ചയിച്ചു തരൂ." (അഅ്റാഫ്: 138) എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നിങ്ങൾ മുൻപുള്ളവരുടെ ചര്യയെ പിൻപറ്റുക തന്നെ ചെയ്യുന്നതാണ്."
[സ്വഹീഹ്] - - [سنن الترمذي - 2180]
നബി -ﷺ- ഹുനൈനിലേക്ക് പുറപ്പെട്ടു; ത്വാഇഫിനും മക്കക്കും ഇടയിലുണ്ടായിരുന്ന ഒരു താഴ്‌വാരമായിരുന്നു അത്. അടുത്ത കാലത്തായി മാത്രം ഇസ്‌ലാം സ്വീകരിച്ച ചില സ്വഹാബിമാരും നബി -ﷺ- യോടൊപ്പം ഉണ്ടായിരുന്നു. അങ്ങനെ 'ദാതു അൻവാത്വ്' എന്ന് ബഹുദൈവാരാധകർ വിളിച്ചിരുന്ന ഒരു വൃക്ഷത്തിന് അരികിലൂടെ അവർ കടന്നുപോയി. ബഹുദൈവാരാധകർ ആദരവോടെ കാണുകയും, തങ്ങളുടെ ആയുധങ്ങൾ അനുഗ്രഹവും ബറകത്തും തേടിക്കൊണ്ട് തൂക്കിയിടുകയും ചെയ്യാറുണ്ടായിരുന്ന ഒരു മരമായിരുന്നു അത്. നബി -ﷺ- യുടെ അനുചരന്മാരിൽ ചിലർ തങ്ങൾക്കും അതു പോലെയൊരു വൃക്ഷം നിശ്ചയിച്ചു തരാൻ ആവശ്യപ്പെട്ടു. തങ്ങളുടെ ആയുധങ്ങളും പുണ്യം പ്രതീക്ഷിച്ചു കൊണ്ട് അതിൽ തൂക്കിയിടാൻ വേണ്ടിയായിരുന്നു അവരത് ആവശ്യപ്പെട്ടത്; അത് അനുവദനീയമായ ഒരു കാര്യമായിട്ടായിരുന്നു അവർ മനസ്സിലാക്കിയത്. എന്നാൽ അവരുടെ ഈ ആവശ്യത്തോട് കടുത്ത അനിഷ്ടത്തോടെയാണ് നബി -ﷺ- പ്രതികരിച്ചത്. അല്ലാഹുവിനെ മഹത്വപ്പെടുത്തി കൊണ്ട് അവിടുന്ന് 'സുബ്ഹാനല്ലാഹ്' എന്ന് പറയുകയും, ഈ ആവശ്യം മൂസായുടെ ജനത അവരുടെ നബിയോട് 'ബഹുദൈവാരാധകർക്ക് ദൈവങ്ങളുള്ളത് പോലെ തങ്ങൾക്കും ഒരു ദൈവത്തെ നിശ്ചയിച്ചു തരൂ' എന്ന് ചോദിച്ചതിന് സമാനമാണെന്ന് അറിയിക്കുകയും ചെയ്തു. വിഗ്രഹങ്ങളെ ആരാധിക്കുന്ന ജനങ്ങളെ കണ്ടപ്പോൾ തങ്ങൾക്കും ബഹുദൈവാരാധകർക്കുള്ളത് പോലെ ഒരു വിഗ്രഹം വേണമെന്നായിരുന്നു മൂസായുടെ ജനത ചോദിച്ചത്. ദാത്വു അൻവാത്വ് പോലൊരു വൃക്ഷം വേണമെന്ന ആവശ്യം അവരുടെ മാർഗത്തെ പിൻപറ്റലാണ്. ഈ ഉമ്മത്ത് യഹൂദരുടെയും നസ്വാറാക്കളുടെയും മാർഗം പിൻപറ്റുകയും, അവർ ചെയ്തത് ആവർത്തിക്കുകയും ചെയ്യുമെന്ന് നബി -ﷺ- അറിയിച്ചു; ഈ അബദ്ധത്തിൽ ചെന്നുപെടാതിരിക്കാനുള്ള താക്കീതായിരുന്നു അത്.