عَنْ أَبِي هُرَيْرَةَ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ الدِّينَ يُسْرٌ، وَلَنْ يُشَادَّ الدِّينَ أَحَدٌ إِلَّا غَلَبَهُ، فَسَدِّدُوا وَقَارِبُوا، وَأَبْشِرُوا، وَاسْتَعِينُوا بِالْغَدْوَةِ وَالرَّوْحَةِ وَشَيْءٍ مِنَ الدُّلْجَةِ».
[صحيح] - [رواه البخاري] - [صحيح البخاري: 39]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തീർച്ചയായും (ഇസ്ലാം) ദീൻ എളുപ്പമാണ്. ദീനിൽ ഒരാൾ കടുപ്പം കാണിച്ചാൽ ദീൻ അവനെ പരാജയപ്പെടുത്താതിരിക്കില്ല. അതിനാൽ നിങ്ങൾ കൃത്യമായ മാർഗം സ്വീകരിക്കുകയും, അടുത്തേക്ക് എത്താൻ ശ്രമിക്കുകയും ചെയ്യുക, നിങ്ങൾ സന്തോഷിക്കുകയും ചെയ്യുക. അതിരാവിലെകളിലും വൈകുന്നേരങ്ങളിലും രാത്രിയുടെ അന്ത്യയാമങ്ങളിൽ നിന്ന് കുറച്ചും (ആരാധനകൾ നിർവ്വഹിച്ചു കൊണ്ട്) നിങ്ങൾ സഹായം തേടുക."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 39]
എളുപ്പമാക്കുകയും, എല്ലാ കാര്യങ്ങളിലും ലാളിത്യം കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്ന അടിത്തറയിലാണ് ഇസ്‌ലാം മതം നിലകൊള്ളുന്നത് എന്ന് നബി -ﷺ- അറിയിക്കുന്നു. എന്തെങ്കിലും പ്രയാസമോ ആവശ്യമോ ഉണ്ടാകുന്ന വേളകളിൽ ഈ എളുപ്പത്തിൻ്റെ വഴികൾ കൂടുതൽ പ്രകടമാകുന്നതാണ്. മതപരമായ വിഷയങ്ങളിൽ അനാവശ്യമായ ചികഞ്ഞന്വേഷിക്കൽ നടത്തുന്നതും, സൗമ്യത ഉപേക്ഷിക്കുന്നതും അവസാനം നന്മകൾ പൂർണ്ണമായി ഉപേക്ഷിക്കുന്നതിലേക്കോ ഭാഗികമായി നിലക്കുന്നതിലേക്കോ ആണ് നയിക്കുക എന്നും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. - ഏതു കാര്യത്തിലും അതിരുകവിയാതെ മിതത്വം പുലർത്താനും നബി -ﷺ- പ്രേരിപ്പിക്കുന്നു; അല്ലാഹു കൽപ്പിച്ച കാര്യങ്ങളിൽ കുറവ് വരുത്തുകയോ ഒരാൾക്ക് അസാധ്യമായ കാര്യങ്ങൾ വഹിക്കാൻ ശ്രമം നടത്തുകയോ വേണ്ടതില്ല. ഒരു കൽപ്പന പരിപൂർണ്ണമായി നിറവേറ്റാൻ കഴിയില്ലെങ്കിൽ സാധ്യമായത്ര അതിൻ്റെ പൂർണ്ണതയോട് അടുപ്പിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
അതോടൊപ്പം, പൂർണ്ണമായി നന്മകൾ ചെയ്യാൻ സാധിക്കാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്ഥിരമായി പ്രവർത്തിക്കുന്ന നന്മകൾക്ക് -അത് വളരെ കുറച്ചേ ഉള്ളൂവെങ്കിലും- മഹത്തരമായ പ്രതിഫലമുണ്ടെന്ന് കൂടി നബി -ﷺ- സന്തോഷവാർത്ത അറിയിക്കുന്നു. കാരണം ഒരാളുടെ ഭാഗത്ത് നിന്ന് സ്വയം സംഭവിച്ചതല്ലാത്ത ശേഷിക്കുറവ് കൊണ്ട് ഒരു പ്രവർത്തനത്തിൽ കുറവ് സംഭവിച്ചാൽ, അതിനുള്ള പ്രതിഫലത്തിൽ കുറവുണ്ടാകുന്നതല്ല.
ഇഹലോകം പരലോകത്തിലേക്കുള്ള യാത്രാവഴിയാണെന്നതും, ഇവിടെ നിന്ന് പരലോകത്തേക്ക് വിഭവങ്ങൾ കൊണ്ടു പോവുക എന്നതാണ് അടിമയുടെ സൃഷ്ടിപ്പിൻ്റെ പിന്നിലെ ലക്ഷ്യം എന്നതും പരിഗണിച്ചു കൊണ്ട് നബി -ﷺ- ആരാധനകൾ നിർവ്വഹിക്കുന്നതിനെ ഒരു യാത്രയായി വിശേഷിപ്പിക്കുകയും, ഈ യാത്ര ഉന്മേഷകരമായ മൂന്ന് സന്ദർഭങ്ങളിൽ നിർവ്വഹിക്കാൻ പ്രത്യേകം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു:
ഒന്ന്: പകലിൻ്റെ ആദ്യവേള; സുബ്ഹ് നിസ്കാരത്തിനും സൂര്യോദയത്തിനും ഇടയിലുള്ള സമയമാണത്.
രണ്ട്: സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്ന് മാറിയതിന് ശേഷം.
മൂന്ന്: രാത്രിയുടെ മുഴുവനോ ഭാഗികമോ ആയ ഭാഗം. രാവിലെ കർമ്മങ്ങൾ ചെയ്യുന്നതിനേക്കാൾ പ്രയാസകരമായിരിക്കും രാത്രിയിൽ ചെയ്യുക എന്നത് പരിഗണിച്ചു കൊണ്ടാണ് രാത്രിയുടെ ഒരു ഭാഗം മാത്രം ആരാധനകൾ നിർവ്വഹിക്കാൻ നബി -ﷺ- കൽപ്പിച്ചത്.