عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: «ما نقصت صدقة من مال، وما زاد الله عبدا بعفو إلا عزا، وما تواضع أحد لله إلا رفعه الله عز وجل »
[صحيح] - [رواه مسلم]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു ദാനധർമ്മവും സമ്പത്തിൽ കുറവു വരുത്തിയിട്ടില്ല. വിട്ടുപൊറുത്തു നൽകുന്നത് കൊണ്ട് അല്ലാഹു പ്രതാപമല്ലാതെ ഒരാൾക്കും വർദ്ധിപ്പിച്ചു നൽകിയിട്ടുമില്ല. അല്ലാഹുവിനായി ഒരാൾ വിനയം കാണിച്ചാൽ അവനെ അല്ലാഹു ഉയർത്താതിരിക്കുകയില്ല."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

"ഒരു ദാനധർമ്മവും സമ്പത്തിൽ കുറവു വരുത്തിയിട്ടില്ല." അതായത് ദാനധർമ്മം സമ്പത്തിൽ കുറവ് വരുത്തുകയല്ല ചെയ്യുക. മറിച്ച് അതിൽ വർദ്ധനവ് വരുത്തുകയും, അല്ലാഹുവിന്റെ അനുഗ്രഹം നേടിത്തരുകയും, അവനിൽ നിന്ന് ആപത്തുകൾ തടുക്കുകയുമാണ് ചെയ്യുക. സമ്പത്തിലുണ്ടാകുന്ന വർദ്ധനവ് ചിലപ്പോൾ അതിന്റെ അളവിലുണ്ടാകുന്ന വർദ്ധനവായിരിക്കാം. അതായത് അല്ലാഹു ഉപജീവനത്തിന്റെ ധാരാളം വാതിലുകൾ അവന് മുൻപിൽ തുറന്നു നൽകും. അതല്ലെങ്കിൽ അവൻ നൽകിയ ദാനത്തിന്റെ അളവിനേക്കാൾ അധികമായി അല്ലാഹു അവന്റെ സമ്പത്തിൽ അനുഗ്രഹം ചൊരിയും. "വിട്ടുപൊറുത്തു നൽകുന്നത് കൊണ്ട് അല്ലാഹു പ്രതാപമല്ലാതെ ഒരാൾക്കും വർദ്ധിപ്പിച്ചു നൽകിയിട്ടുമില്ല." വിട്ടുപൊറുത്തു നൽകുകയും, ശിക്ഷിക്കാതെയും ആക്ഷേപിക്കാതെയും മാപ്പുനൽകുകയും ചെയ്യുന്നതായി അറിയപ്പെട്ട വ്യക്തി നേതാവായി ഉയരുകയും, ഹൃദയങ്ങളിൽ അയാളുടെ സ്ഥാനം ഉന്നതമാവുകയും, അയാളുടെ പ്രതാപവും ആദരവും വർദ്ധിക്കുകയും, ഇഹപരലോകങ്ങളിൽ അയാളുടെ കീർത്തി വർദ്ധിക്കുകയും ചെയ്യും. "അല്ലാഹുവിനായി ഒരാൾ വിനയം കാണിച്ചാൽ അവനെ അല്ലാഹു ഉയർത്താതിരിക്കുകയില്ല." അല്ലാഹുവിനായി ഒരാൾ താഴ്മ പുലർത്തുകയും, അവന്റെ മുൻപിൽ ഹൃദയം തകർന്ന നിലയിൽ നിൽക്കുകയും, സൃഷ്ടികളോട് അലിവ് പുലർത്തുകയും, മുസ്ലിംകളുടെ മുൻപിൽ വിധേയത്വം പുലർത്തുകയും ചെയ്യുന്നത് അവർക്ക് ഇഹലോകത്ത് പ്രതാപം വർദ്ധിപ്പിച്ചു നൽകുകയും, (മനുഷ്യരുടെ) ഹൃദയങ്ങളിൽ അവരെ കുറിച്ചുള്ള സ്നേഹം വർദ്ധിപ്പിക്കുകയും, സ്വർഗത്തിൽ ഉന്നതമായ സ്ഥാനം നൽകുകയും ചെയ്യുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * ദാനധർമ്മം നൽകാനുള്ള പ്രോത്സാഹനം.
  2. * സമ്പത്ത് സംരക്ഷിക്കപ്പെടാനും, അതിൽ വർദ്ധനവും അനുഗ്രഹവും ലഭിക്കാനുമുള്ള കാരണമാണ് ദാനധർമ്മം.
  3. * സമ്പത്തിലുള്ള വർദ്ധനവ് ചിലപ്പോൾ അഗ്രാഹ്യമായിരിക്കാം. ഉദാഹരണത്തിന് അല്ലാഹു അവന് ഉപജീവനത്തിന്റെ ധാരാളം വഴികൾ തുറന്നു നൽകിക്കൊണ്ട് സമ്പത്തിൽ വർദ്ധനവ് ഉണ്ടാക്കിയേക്കാം. ചിലപ്പോൾ അനുഭവവേദ്യവുമായിരിക്കാം. ഉദാഹരണത്തിന് അയാളുടെ സമ്പത്തിൽ അല്ലാഹു അനുഗ്രഹം നിശ്ചയിക്കുകയും, അങ്ങനെ അയാൾ ദാനം നൽകിയ അളവിനേക്കാൾ കൂടുതൽ അയാളുടെ നിലവിലെ സമ്പത്ത് വർദ്ധിക്കുകയും ചെയ്തേക്കാം.
  4. * തെറ്റ് ചെയ്തവർക്ക് പൊറുത്തു കൊടുക്കാനുള്ള പ്രോത്സാഹനം.
  5. * വിനയാന്വിതനാകാനുള്ള പ്രോത്സാഹനം.
  6. * വിനയം പുലർത്തുന്നതിൽ യാതൊരു നിന്ദ്യതയുമില്ല. ചിലരുടെ ധാരണ അപ്രകാരമാണ്. എന്നാൽ നബി -ﷺ- വിനയം പ്രതാപമാണെന്നാണ് അറിയിച്ചത്.
  7. * അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി വിനയം പുലർത്തുന്നവർക്കേ ഹദീഥിൽ പറയപ്പെട്ട ശ്രേഷ്ഠത ലഭിക്കുകയുള്ളൂ. ഹദീഥിൽ വന്ന പദം നോക്കൂ: "അല്ലാഹുവിനായി വിനയം കാണിച്ചാൽ". ജനങ്ങൾ കാണാൻ വിനയം കാണിക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല.
  8. * പ്രതാപവും ഉയർച്ചയുമെല്ലാം അല്ലാഹുവിന്റെ പക്കൽ നിന്നാണ് ലഭിക്കുക. അതിനുള്ള വഴികൾ പ്രാവർത്തികമാക്കിയവർക്ക് അല്ലാഹു അത് നൽകുന്നതാണ്.