عن أبي هريرة رضي الله عنه : أن رسول الله صلى الله عليه وسلم قال:«حقُّ المُسلمِ على المُسلمِ خمسٌّ: ردُّ السلام، وعِيَادَةُ المريض، واتباع الجنائز، وإجابة الدَّعوة، وتَشميتُ العاطِس».
[صحيح] - [متفق عليه]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിൻ്റെ മേലുള്ള ബാധ്യതകൾ അഞ്ചു കാര്യങ്ങളാണ്. സലാം മടക്കുക, രോഗിയെ സന്ദർശിക്കുക, ജനാസയെ പിന്തുടരുക, പ്രാർത്ഥനക്ക് ഉത്തരം നൽകുക, തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കുക."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഒരു മുസ്ലിമിന് തൻ്റെ സഹോദര മുസ്ലിംകളോടുള്ള ചില ബാധ്യതകൾ ഈ ഹദീഥിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു. മുസ്ലിംകൾ പരസ്പരമുള്ള ബാധ്യതകൾ ധാരാളമുണ്ട്. എന്നാൽ നബി -ﷺ- അത്തരം ധാരാളം കാര്യങ്ങളിൽ നിന്ന് ചിലത് പ്രത്യേകമായി ചിലപ്പോൾ എടുത്തു പറയാറുണ്ട്. അവയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതിനും, അത് പ്രത്യേകം ശ്രദ്ധിക്കുന്നതിനും വേണ്ടിയാണത്. അബൂ ഹുറൈറയുടെ ഈ ഹദീഥ് അതിൽ പെട്ടതാണ്. ഈ പറയപ്പെട്ട ബാധ്യതകൾ ശരിയായ രൂപത്തിൽ ഒരാൾ നിർവ്വഹിക്കുന്നുണ്ടെങ്കിൽ ഇതല്ലാത്ത മറ്റു ബാധ്യതകൾ അവൻ അതിനേക്കാൾ നന്നായി നിർവ്വഹിക്കുന്നതാണ്. ഈ നിർബന്ധ ബാധ്യതകൾ പൂർത്തീകരിക്കുന്നതിൽ അല്ലാഹുവിൻ്റെ പ്രതിഫലം അവൻ ഉദ്ദേശിക്കുന്നെങ്കിൽ ധാരാളം നന്മകളും വലിയ പ്രതിഫലവും അവന് ലഭിക്കുകയും ചെയ്യുന്നതാണ്. ഒന്നാമത്തെ ബാധ്യതയായി നബി -ﷺ- പറഞ്ഞു: സലാം മടക്കൽ മുസ്ലിമിനോടുള്ള ബാധ്യതയിൽ പെട്ടതാണ്. അതായത് അവൻ നിന്നോട് സലാം പറഞ്ഞാൽ ആ സലാം മടക്കുക. ചില നിവേദനങ്ങളിൽ "മുസ്ലിമിൻ്റെ ബാധ്യതകൾ ആറു കാര്യങ്ങളാണ്; കണ്ടുമുട്ടിയാൽ സലാം പറയണം" എന്നുമുണ്ട്. രണ്ടാമത്തെ ബാധ്യത: രോഗിയെ സന്ദർശിക്കലാണ്. അതായത് ഒരാൾക്ക് രോഗമാവുകയും, അവൻ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് തൻ്റെ വീട്ടിലോ ആശുപത്രിയിലോ മറ്റോ ആവുകയും ചെയ്താൽ തൻ്റെ സഹോദര മുസ്ലിംകളുടെ മേൽ അവനൊരു അവകാശമുണ്ട്. അവനെ സന്ദർശിക്കുക എന്നതാണത്. മൂന്നാമത്തെ ബാധ്യത: ജനാസയെ പിൻപറ്റുകയും അനുഗമിക്കുകയും ചെയ്യുക എന്നതാണ്. അതായത് അവൻ്റെ വീട്ടിൽ നിന്ന് മയ്യത്ത് നിസ്കാരം നിർവ്വഹിക്കപ്പെടുന്ന സ്ഥലം വരെ - അത് മസ്ജിദോ മറ്റു വല്ല സ്ഥലമോ ആയിരിക്കാം; അവിടെ വരെ - പിന്തുടരുകയും, ശേഷം ഖബറടക്കുന്നത് വരെ അനുഗമിക്കുകയും ചെയ്യണം. നാലാമത്തെ ബാധ്യത: അവൻ്റെ ക്ഷണം സ്വീകരിക്കലാണ്. ഒരു മുസ്ലിമിന് തൻ്റെ സഹോദരൻ്റെ മേലുള്ള അവകാശമാണ് അവൻ ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കണം എന്നത്. അഞ്ചാമത്തെ ബാധ്യത: തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കലാണ്. കാരണം തുമ്മാൻ കഴിയുക എന്നത് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹമാണ്. ശരീരത്തിലെ വ്യത്യസ്ത ഭാഗങ്ങളിൽ കെട്ടികിടക്കുന്ന വായുവാണ് തുമ്മുന്നതിലൂടെ പുറത്തു പോകുന്നത്. അല്ലാഹു അത് പുറത്തു പോകാൻ എളുപ്പമുള്ള മാർഗം നിശ്ചയിച്ചു നൽകിയിരിക്കുന്നു. അതിനാൽ ഈ അനുഗ്രഹം ഒരാൾക്ക് ലഭിച്ചാൽ അവൻ 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും) പറയണമെന്നതാണ് നിയമം. അത് കേട്ടാൽ അവൻ്റെ സഹോദരൻ 'യർഹമുകല്ലാഹ്' (അല്ലാഹു നിനക്ക് മേൽ കാരുണ്യം ചൊരിയട്ടെ) എന്നും പ്രാർത്ഥിക്കണം. അതിന് മറുപടിയായി തുമ്മിയവൻ പറയണം: 'യഹ്ദീകുമുല്ലാഹു വ യുസ്ലിഹു ബാലകും' (അല്ലാഹു താങ്കളെ നേർവഴിയിലേക്ക് നയിക്കുകയും, താങ്കളുടെ അവസ്ഥ നന്നാക്കുകയും ചെയ്യട്ടെ.) എന്നാൽ ആരെങ്കിലും തുമ്മിയ ശേഷം അൽഹംദുലില്ലാഹ് എന്ന് പറഞ്ഞില്ലെങ്കിൽ ഈ പറഞ്ഞ പ്രാർത്ഥനയും ചൊല്ലേണ്ടതില്ല. അവന് വേണ്ടി ഒരാൾ പ്രാർത്ഥിക്കാത്തതിന് സ്വന്തത്തെയല്ലാതെ മറ്റാരെയും അവൻ കുറ്റപ്പെടുത്തേണ്ടതുമില്ല.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് ജെർമൻ ജപ്പാനീസ്
വിവർത്തനം പ്രദർശിപ്പിക്കുക

പാഠങ്ങൾ

  1. * മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകൾ എന്തെല്ലാമാണെന്ന് ഈ ഹദീഥ് വ്യക്തമാക്കുന്നു. അതിൽ ചിലത് നിർബന്ധവും, മറ്റു ചിലത് സുന്നത്തും (ഐഛികം) ആകുന്നു. വ്യക്തികളുടെയും അവസ്ഥകളുടെയും അടിസ്ഥാനത്തിൽ അവയുടെ വിധിവിലക്കുകൾ മാറുന്നതാണ്.
  2. * ഏതെങ്കിലും ഒരു വ്യക്തിയോടാണ് സലാം പറയപ്പെട്ടത് എങ്കിൽ സലാം മടക്കുക എന്നത് വ്യക്തിപരമായ നിർബന്ധബാധ്യതയാണ്. ഒരു കൂട്ടത്തോടാണെങ്കിൽ അവരിൽ ആരെങ്കിലും മടക്കുക എന്നതാണ് ബാധ്യത.
  3. * രോഗിയെ സന്ദർശിക്കുക എന്നത് സാമൂഹിക ബാധ്യതയാണ്.
  4. * ജനാസയെ പിൻപറ്റുക എന്നത് സാമൂഹിക ബാധ്യതയാണ്. മയ്യത്തിന്റെ സ്ഥാനം മുതൽ -അല്ലെങ്കിൽ മയ്യിത്ത് നിസ്കാരത്തിൻ്റെ സ്ഥലം മുതൽ- മറമാടുന്ന സ്ഥലം വരെ അതിനെ പിന്തുടരണം.
  5. * വിവാഹ വിരുന്നിലേക്കുള്ള ക്ഷണം സ്വീകരിക്കൽ നിർബന്ധമാണ്; അതിന് നിശ്ചയിക്കപ്പെട്ട നിബന്ധനകൾ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മറ്റു വിരുന്നുകളിലേക്കുള്ള ക്ഷണം സ്വീകരിക്കൽ സുന്നത്താണ്.
  6. * തുമ്മിയവൻ അൽഹംദുലില്ലാഹ് എന്ന് പറഞ്ഞാൽ അവന് വേണ്ടി പ്രാർത്ഥിക്കണം. ചില പണ്ഡിതന്മാർ പറഞ്ഞു: അങ്ങനെ ചെയ്യാൻ മറ്റാരും പരിസരത്ത് ഇല്ലെങ്കിൽ അത് അവിടെയുള്ളയാളുടെ മേലുള്ള വ്യക്തിപരമായ ബാധ്യതയാണ്. ഒരു കൂട്ടം പേരുണ്ടെങ്കിൽ അവരുടെ മേലുള്ള പൊതുബാധ്യതയും; (അവരിൽ ആരെങ്കിലും ചെയ്താൽ മറ്റുള്ളവരുടെ ബാധ്യതയും ഇല്ലാതെയാകും). ഇത് സുന്നത്തായ ബാധ്യതയാണ് എന്നും ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.
  7. * പരസ്പരമുള്ള സാഹോദര്യത്തിൻ്റെ കണ്ണികൾ ഉറപ്പിക്കുന്നതിലും, മുസ്ലിംകൾക്കിടയിലെ സ്നേഹം നിലനിർത്തുന്നതിലും ഇസ്ലാം പുലർത്തുന്ന ശ്രദ്ധ ഈ ദീനിൻ്റെ മഹത്വം ബോധ്യപ്പെടുത്തുന്നു.
  8. * (വെള്ളിയാഴ്ച ജുമുഅയിൽ) ഇമാം ഖുതുബ പറയുന്ന വേളയിൽ തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കുകയോ, സലാം മടക്കുകയോ ചെയ്യരുത്. കാരണം ആ സന്ദർഭത്തിൽ അത് രണ്ടും സംസാരത്തിൽ പെടും. ഖുതുബക്കിടയിലുള്ള സംസാരം നിഷിദ്ധമാണ്.
കൂടുതൽ