عَنْ حَارِثَةَ بْنِ وَهْبٍ الخُزَاعِيِّ رضي الله عنه قَالَ: سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«أَلاَ أُخْبِرُكُمْ بِأَهْلِ الجَنَّةِ؟ كُلُّ ضَعِيفٍ مُتَضَعِّفٍ، لَوْ أَقْسَمَ عَلَى اللَّهِ لَأَبَرَّهُ، أَلاَ أُخْبِرُكُمْ بِأَهْلِ النَّارِ: كُلُّ عُتُلٍّ جَوَّاظٍ مُسْتَكْبِرٍ».
[صحيح] - [متفق عليه] - [صحيح البخاري: 4918]
المزيــد ...
ഹാരിഥ ബ്നു വഹബ് അൽഖുസാഈ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു:
"സ്വർഗക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! ദുർബലനും അടിച്ചമർത്തപ്പെട്ടവനുമായ എല്ലാവരും (ആണവർ). അല്ലാഹുവിൻ്റെ മേൽ അവൻ ശപഥം ചെയ്തു പറഞ്ഞാൽ അല്ലാഹു അത് സത്യമായി പുലർത്തുന്നതാണ്. നരകക്കാരെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! പരുഷനും അതിക്രമിയും അഹങ്കാരിയുമായ എല്ലാവരും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4918]
സ്വർഗക്കാരുടെയും നരകക്കാരുടെയും ചില വിശേഷണങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിച്ചിരിക്കുന്നത്.
സ്വർഗക്കാരിൽ ബഹുഭൂരിപക്ഷവും "ദുർബലരും അടിച്ചമർത്തപ്പെട്ടവരും" ആയിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹുവിൻ്റെ മുൻപിൽ വിനയാന്വിതരും അവന് വേണ്ടി അങ്ങേയറ്റത്തെ താഴ്മ കാണിക്കുന്നവരുമാണവർ. ജനങ്ങൾ അവനെ അടിച്ചമർത്തുകയും നിസ്സാരവൽക്കരിക്കുകയും ചെയ്യുന്ന സ്ഥിതി വരെ അവന് വന്നെത്തിയേക്കാം. എന്നാൽ അല്ലാഹുവിന് വേണ്ടി വിനയം കാണിച്ച ഈ മനുഷ്യനാകട്ടെ, അല്ലാഹുവിൻ്റെ ഔദാര്യത്തിൽ പ്രതീക്ഷ വെച്ചു കൊണ്ട് ഒരു കാര്യം അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു പറഞ്ഞാൽ അല്ലാഹു അത് നിർവ്വഹിച്ചു നൽകുകയും, അവൻ്റെ പ്രാർത്ഥനക്കും തേട്ടത്തിനും ഉത്തരം നൽകുകയും ചെയ്യുന്നതാണ്.
എന്നാൽ നരകക്കാരിൽ ബഹുഭൂരിപക്ഷവും 'പരുഷന്മാരാണ്'; അവർ കഠിനമായി തർക്കിക്കുന്നവരും യാതൊരു മയവും പുലർത്താത്തവരുമാണ്. നന്മകൾക്ക് കീഴൊതുങ്ങാത്ത മ്ലേഛരുമായിരിക്കും അക്കൂട്ടർ. അതിക്രമിയും അഹങ്കാരിയും തീറ്റക്കൊതിയനും, പൊണ്ണത്തടിയനും, തൻ്റെ നടത്തത്തിൽ അഹന്ത പുലർത്തുന്നവരും,മോശം സ്വഭാവമുള്ളവരുമായിരിക്കും അവർ. സത്യത്തെ നിഷേധിക്കുകയും, മറ്റുള്ളവരെ തരംതാണവരായി കാണുകയും ചെയ്യുന്ന അഹങ്കാരികളുമായിരിക്കും അക്കൂട്ടർ.