عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«أَلَا أَدُلُّكُمْ عَلَى مَا يَمْحُو اللهُ بِهِ الْخَطَايَا، وَيَرْفَعُ بِهِ الدَّرَجَاتِ؟» قَالُوا بَلَى يَا رَسُولَ اللهِ قَالَ: «إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ، وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ، وَانْتِظَارُ الصَّلَاةِ بَعْدَ الصَّلَاةِ، فَذَلِكُمُ الرِّبَاطُ».
[صحيح] - [رواه مسلم] - [صحيح مسلم: 251]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"തിന്മകൾ അല്ലാഹു മായ്ച്ചു കളയാനും, പദവികൾ ഉയർത്തി നൽകാനും കാരണമാകുന്ന ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!" സ്വഹാബികൾ പറഞ്ഞു: "അതെ! അല്ലാഹുവിൻ്റെ റസൂലേ!" നബി -ﷺ- പറഞ്ഞു: "പ്രയാസകരമായ സന്ദർഭങ്ങളിലും വുദൂഅ് പൂർണമായെടുക്കുക. മസ്ജിദിലേക്ക് ചുവടുകൾ അധികരിപ്പിക്കുക. ഒരു നിസ്കാരത്തിന് ശേഷം അടുത്ത നിസ്കാരം കാത്തിരിക്കുക; അതാണ് യഥാർത്ഥ രിബാത്വ് (അതിർത്തി സംരക്ഷണം)."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 251]
തിന്മകൾ പൊറുത്തു നൽകപ്പെടാനും, അവ മലക്കുകൾ രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഏടുകളിൽ നിന്ന് മായ്ച്ചു കളയപ്പെടാനും, സ്വർഗത്തിൽ ഉന്നത സ്ഥാനം ലഭിക്കാനും കാരണമാകുന്ന ഒരു പ്രവർത്തി അറിയിച്ചു തരട്ടെയോ എന്ന് നബി -ﷺ- സ്വഹാബികളോട് ചോദിച്ചു.
അപ്പോൾ സ്വഹാബികൾ 'അതെ! ഞങ്ങൾക്ക് അതിന് ആഗ്രഹമുണ്ട്' എന്ന് മറുപടി നൽകി. നബി -ﷺ- പറഞ്ഞു:
ഒന്നാമത്തെ കാര്യം: പ്രയാസകരമായ ഘട്ടങ്ങളിലും വുദൂഅ് പൂർണമായെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്യുക എന്നതാണ്. ഉദാഹരണത്തിന് ശൈത്യകാലഘട്ടത്തിലും, വെള്ളം കുറവുള്ള സന്ദർഭങ്ങളിലും, ശരീരത്തിൽ വേദനയുള്ളപ്പോഴും, ചൂടുള്ള വെള്ളം കൊണ്ട് വുദൂഅ് ചെയ്യേണ്ടി വന്നാലും.
രണ്ടാമത്തെ കാര്യം: മസ്ജിദിലേക്ക് കൂടുതൽ കാൽവെപ്പുകൾ ഉണ്ടാവുക എന്നത്. വീട് ദൂരെയുള്ളവർക്കും, മസ്ജിദിലേക്ക് ധാരാളമായി നടന്നു പോകുന്നവർക്കും ഈ പറഞ്ഞ ശ്രേഷ്ഠത നേടിയെടുക്കാൻ കഴിയും.
മൂന്നാമത്തെ കാര്യം; നിസ്കാരത്തിൻ്റെ സമയം കാത്തിരിക്കുക എന്നതും, ഹൃദയം അതുമായി ബന്ധിപ്പിച്ചു കൊണ്ടും അതിന് തയ്യാറെടുത്തു കൊണ്ടും നിലകൊള്ളുക എന്നതാണ്. ജമാഅത്ത് നിസ്കാരം കാത്തുനിന്നു കൊണ്ട് മസ്ജിദിൽ ഇരിക്കുക എന്നതും, ഒരു നിസ്കാരം കഴിഞ്ഞാൽ അടുത്തതിന് വേണ്ടി കാത്തിരിക്കുക എന്നതും അതിൽ ഉൾപ്പെടും.
ഈ പറയപ്പെട്ട കാര്യങ്ങളാണ് യഥാർത്ഥ അതിർത്തി സംരക്ഷണം എന്ന് നബി -ﷺ- ശേഷം ഓർമ്മപ്പെടുത്തി. കാരണം മനസ്സിലേക്ക് പിശാചിൻ്റെ പ്രവേശനത്തെ തടയുന്ന വഴികളാണ് ഇതെല്ലാം. തന്നിഷ്ടങ്ങളെ അതിജയിക്കാനും, ദുർ മന്ത്രണങ്ങളായ വസ്‌വാസുകളെ നശിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു.
അല്ലാഹുവിൻ്റെ സൈന്യം പിശാചിൻ്റെ പടയാളികളെ പരാജയപ്പെടുത്തുന്നത് ഇപ്രകാരമാണ്. അതിനാൽ അതു തന്നെയാണ് ഏറ്റവും വലിയ യുദ്ധം. ശത്രുവിൻ്റെ കടന്നുവരവിനെ തടഞ്ഞു നിർത്തുന്ന അതിർത്തി സംരക്ഷണത്തിൻ്റെ സ്ഥാനം ഈ പ്രവർത്തനങ്ങൾക്ക് നൽകപ്പെട്ടത് അത് കൊണ്ടാണ്.