عَنْ حُمْرَانَ مَوْلَى عُثْمَانَ بْنِ عَفَّانَ رضي الله عنه:
أَنَّهُ رَأَى عُثْمَانَ بْنَ عَفَّانَ دَعَا بِوَضُوءٍ، فَأَفْرَغَ عَلَى يَدَيْهِ مِنْ إِنَائِهِ، فَغَسَلَهُمَا ثَلَاثَ مَرَّاتٍ، ثُمَّ أَدْخَلَ يَمِينَهُ فِي الْوَضُوءِ، ثُمَّ تَمَضْمَضَ وَاسْتَنْشَقَ وَاسْتَنْثَرَ، ثُمَّ غَسَلَ وَجْهَهُ ثَلَاثًا، وَيَدَيْهِ إِلَى الْمِرْفَقَيْنِ ثَلَاثًا، ثُمَّ مَسَحَ بِرَأْسِهِ، ثُمَّ غَسَلَ كُلَّ رِجْلٍ ثَلَاثًا، ثُمَّ قَالَ: رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَتَوَضَّأُ نَحْوَ وُضُوئِي هَذَا، وَقَالَ: «مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا ثُمَّ صَلَّى رَكْعَتَيْنِ لَا يُحَدِّثُ فِيهِمَا نَفْسَهُ غَفَرَ اللهُ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ».
[صحيح] - [متفق عليه] - [صحيح البخاري: 164]
المزيــد ...
ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടിമയായിരുന്ന ഹുംറാൻ പറയുന്നു: ഒരിക്കൽ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വുദൂഅ് എടുക്കാനുള്ള വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം തൻ്റെ (വുദൂഇൻ്റെ) പാത്രത്തിൽ നിന്ന് രണ്ട് കൈപ്പത്തികളിലേക്കും വെള്ളം ചൊരിഞ്ഞു. അവ രണ്ടും മൂന്ന് തവണ കഴുകി. ശേഷം വുദൂഇൻ്റെ വെള്ളത്തിൽ തൻ്റെ വലതു കൈ അദ്ദേഹം പ്രവേശിപ്പിച്ചു. ശേഷം വായ കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. ശേഷം തൻ്റെ മുഖം മൂന്ന് തവണ കഴുകുകയും, തൻ്റെ കൈകൾ മുട്ടുകൾ വരെ മൂന്ന് തവണ കഴുകുകയും ചെയ്തു. ശേഷം തല തടവുകയും, രണ്ട് കാലുകളും മൂന്ന് തവണ കഴുകുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: നബി -ﷺ- ഞാൻ ഈ വുദൂഅ് എടുത്തത് പോലെ വുദൂഅ് എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നബി -ﷺ- പറഞ്ഞു: "ആരെങ്കിലും എൻ്റെ വുദൂഅ് (അംഗശുദ്ധി) പോലെ വുദൂഅ് എടുക്കുകയും, ശേഷം രണ്ട് റക്അത്ത് നമസ്കരിക്കുകയും, അതിൽ (നമസ്കാരമല്ലാത്ത) മറ്റൊന്നും മനസ്സിൽ സംസാരിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം പൊറുക്കപ്പെടുന്നതാണ്."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 164]
ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വുദൂഇൻ്റെ രൂപം പ്രവർത്തിയിലൂടെ പഠിപ്പിച്ചു നൽകുകയാണ് ഈ ഹദീഥിലൂടെ. കാരണം വുദൂഇൻ്റെ രൂപം ഏറ്റവും വ്യക്തമായി വിവരിക്കാൻ സാധിക്കുന്ന മാർഗമാണത്. ആദ്യം അദ്ദേഹം ഒരു പാത്രത്തിൽ വെള്ളം ആവശ്യപ്പെട്ടു. ശേഷം തൻ്റെ രണ്ട് കൈകൾക്ക് മേലെയും മൂന്ന് തവണ വെള്ളമൊഴിച്ചു. അതിന് ശേഷം വലതു കൈ പാത്രത്തിൽ പ്രവേശിപ്പിക്കുകയും, അതു കൊണ്ട് വെള്ളം കോരിയെടുക്കുകയും, പിന്നീട് തൻ്റെ വായിൽ വെള്ളം പ്രവേശിപ്പിച്ച് കൊപ്ലിക്കുകയും അത് പുറത്തേക്ക് തുപ്പിക്കളയുകയും ചെയ്തു. ശേഷം മൂക്കിൽ വെള്ളം കയറ്റുകയും, അത് ഉള്ളിലേക്ക് വലിക്കുകയും, പിന്നീട് പുറത്തേക്ക് ചീറ്റിക്കളയുകയും ചെയ്തു. അതിന് ശേഷം മൂന്ന് തവണ അദ്ദേഹം തൻ്റെ മുഖം കഴുകി. പിന്നീട് കൈമുട്ടുകൾ ഉൾപ്പെടെ തൻ്റെ കൈ മൂന്ന് തവണ കഴുകി. ശേഷം തൻ്റെ കൈകൾ നനവുള്ള അവസ്ഥയിൽ തലയിലൂടെ അദ്ദേഹം ഒരു തവണ തടവി. ശേഷം രണ്ട് കാലുകളും നെരിയാണി ഉൾപ്പടെ മൂന്ന് തവണ കഴുകയും ചെയ്തു.
ഇപ്രകാരം തൻ്റെ വുദൂഅ് പൂർത്തീകരിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു: നബി -ﷺ- ഇപ്രകാരം വുദൂഅ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആരെങ്കിലും അവിടുന്ന് വുദൂഅ് ചെയ്തത് പോലെ വുദൂഅ് നിർവ്വഹിക്കുകയും, ശേഷം രണ്ട് റക്അത്തുകൾ -ഭയഭക്തിയോടെയും അല്ലാഹുവിന് മുൻപിലാണ് താൻ നിൽക്കുന്നത് എന്ന ഹൃദയസാന്നിദ്ധ്യത്തോടെയും- നമസ്കരിക്കുകയും ചെയ്താൽ അല്ലാഹു ഈ പൂർണ്ണമായ വുദൂഇനും നിഷ്കളങ്കമായ നമസ്കാരത്തിനുമുള്ള പ്രതിഫലമായി അവൻ്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുത്ത് നൽകുന്നതാണ്.