+ -

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا، قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيلَاتٌ مَائِلَاتٌ، رُؤُوسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ، لَا يَدْخُلْنَ الْجَنَّةَ، وَلَا يَجِدْنَ رِيحَهَا، وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا».

[صحيح] - [رواه مسلم] - [صحيح مسلم: 2128]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"രണ്ട് വിഭാഗം നരകാവകാശികളാണ്, ഞാൻ അവരെ കണ്ടിട്ടില്ല. ഒരു വിഭാഗം പശുവിൻ്റെ വാലു പോലുള്ള ചമ്മട്ടിയുമായി നടക്കുന്നവരാണ്, അതുകൊണ്ടവർ ജനങ്ങളെ അടിക്കുന്നു. (മറ്റൊരു വിഭാഗം) ചാഞ്ഞും ചരിഞ്ഞും നടക്കുന്ന വസ്ത്രം ധരിച്ച നഗ്നകളാണ്. അവരുടെ തലകൾ ചാഞ്ഞ്കിടക്കുന്ന ഒട്ടകത്തിൻ്റെ പൂഞ്ഞ പോലെയായിരിക്കും. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അതിൻ്റെ സുഗന്ധം പോലും അവർക്ക് ലഭിക്കുകയുമില്ല. അതിൻ്റെ സുഗന്ധമാവട്ടെ ഇത്രയിത്ര വഴിദൂരത്തുനിന്ന് പോലും അനുഭവപ്പെടുന്നതാണ്."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2128]

വിശദീകരണം

ജനങ്ങളിൽ രണ്ട് വിഭാഗത്തിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു; ഈ രണ്ട് കൂട്ടരെയും അവിടുന്ന് കാണുകയുണ്ടായിട്ടില്ല. കാരണം അവിടുത്തെ കാലഘട്ടത്തിൽ ഇവർ ഉണ്ടായിരുന്നില്ല. അവിടുത്തേക്ക് ശേഷം വരാനിരിക്കുന്ന വിഭാഗമാണ് ഇവർ.
ഒന്നാമത്തെ കൂട്ടർ: കൈകളിൽ പശുവിൻ്റെ വാലു പോലുള്ള ചാട്ടയുമേന്തി നടക്കുന്നവരാണ്. അത് കൊണ്ട് അവർ ജനങ്ങളെ അടിക്കുന്നു. ജനങ്ങളെ അന്യായമായി ഉപദ്രവിക്കുന്ന അതിക്രമികളായ ഭരണാധികാരികൾക്ക് കീഴിലുള്ള നിയമപാലകരാണ് അവർ.
രണ്ടാമത്തെ കൂട്ടർ: സ്ത്രീകൾക്ക് പൊതുവെ പ്രകൃതിപരമായി തന്നെ നൽകപ്പെട്ടിട്ടുള്ള വിശുദ്ധിയുടെയും ലജ്ജയുടെയും വസ്ത്രം ഊരിവെച്ചവരാണ്.
അവർ വസ്ത്രം ധരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതെ എന്ന് പറയാമെങ്കിലും, അവരുടെ മേൽ വേണ്ട രൂപത്തിൽ വസ്ത്രമില്ലാത്തതിനാൽ അവർ നഗ്നരാണ് എന്ന് പറയേണ്ടി വരും എന്നതാണ് കാര്യം. ശരീരത്തിലെ ചർമ്മം വ്യക്തമാക്കുന്ന വിധത്തിലുള്ള നേരിയ വസ്ത്രമാണ് അവർ ധരിച്ചിട്ടുള്ളത്. ശരീരത്തിലെ ചില ഭാഗങ്ങൾ മറച്ചു കൊണ്ടും മറ്റു ചില ഭാഗങ്ങൾ വെളിവാക്കി കൊണ്ടും തങ്ങളുടെ സൗന്ദര്യം പ്രദർശിപ്പിച്ചു കൊണ്ടാണ് അവർ നടക്കുന്നത്. പുരുഷന്മാരുടെ ഹൃദയങ്ങളെ തങ്ങളുടെ വസ്ത്രധാരണത്തിലൂടെ ആകർഷിക്കാൻ ശ്രമിക്കുകയും, തോളുകൾ ചെരിച്ചു നടക്കുകയും, മറ്റുള്ള സ്ത്രീകളെ അവർ അകപ്പെട്ടിട്ടുള്ള വഴികേടിലേക്ക് വലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യുന്നവർ കൂടിയാണ് ഇത്തരക്കാരായ സ്ത്രീകൾ. അവരുടെ വിശേഷണത്തിൽ പെട്ടതായി നബി -ﷺ- അറിയിക്കുന്നു; ചെരിഞ്ഞു നടക്കുന്ന ഒട്ടകങ്ങളുടെ പൂഞ്ഞകൾ പോലെയുണ്ടായിരിക്കും അവരുടെ തലകൾ. മുടി ഉയർത്തി കെട്ടിവെച്ചു കൊണ്ടും മറ്റും തങ്ങളുടെ തലയുടെ വലുപ്പം അവർ വർദ്ധിപ്പിക്കുന്നതായിരിക്കും എന്നർത്ഥം. തലമുടിയും മുടിക്കെട്ടും ഉയർത്തി വെച്ചതിനാലാണ് നബി -ﷺ- അവരുടെ അവസ്ഥ 'ഒട്ടകങ്ങളുടെ പൂഞ്ഞ പോലെ' എന്ന് ഉപമിച്ചത്. തലയുടെ ഏതെങ്കിലുമൊരു ഭാഗത്തേക്ക് അത് ചെരിഞ്ഞു വീണു കിടക്കുന്നതാണ്; ഒട്ടകത്തിൻ്റെ പൂഞ്ഞ ചെരിയുന്നത് പോലെത്തന്നെ. ഈ വിശേഷണങ്ങൾ ഉള്ളവർക്ക് ശക്തമായ താക്കീതാണ് നബി -ﷺ- നൽകുന്നത്. അവർ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്നും, അതിൻ്റെ സുഗന്ധം അവർ അനുഭവിക്കുകയില്ലെന്നും, സ്വർഗത്തിലേക്ക് അടുക്കാൻ പോലും അവർക്ക് സാധിക്കില്ലെന്നും നബി -ﷺ- അറിയിക്കുന്നു. സ്വർഗത്തിൻ്റെ സുഗന്ധമാകട്ടെ, വളരെ വിദൂരത്ത് നിന്നു പോലും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية المجرية التشيكية الموري Malagasy Oromianina Kanadianina الولوف الأوكرانية الجورجية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ജനങ്ങളെ യാതൊരു തെറ്റും ചെയ്യാതെ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് നിഷിദ്ധമാണ്.
  2. അതിക്രമികൾക്ക് അവരുടെ അതിക്രമത്തിന് സഹായം ചെയ്തു കൊടുക്കുന്നത് നിഷിദ്ധമാണ്.
  3. സ്ത്രീകൾ സൗന്ദര്യം പ്രദർശിപ്പിക്കുകയും, തങ്ങളുടെ ശരീരത്തിൻ്റെ അഴകളവുകൾ വെളിപ്പെടുത്തുന്നതും പ്രകടിപ്പിക്കുന്നതുമായ ഇടുങ്ങിയതും സുതാര്യമായതുമായ വസ്ത്രം ധരിക്കുന്നതും നബി -ﷺ- വിലക്കുകയും താക്കീത് നൽകുകയും ചെയ്ത കാര്യമാണ്.
  4. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു ജീവിക്കാനും, അവന് കോപമുണ്ടാക്കുന്നതോ അന്ത്യനാളിൽ വേദനാജനകമായ ശിക്ഷ അർഹതപ്പെടുത്തുന്നതോ ആയ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കാനും മുസ്‌ലിം സ്ത്രീയെ പ്രേരിപ്പിക്കുന്നു ഈ ഹദീഥ്.
  5. നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവുകൾ ഈ ഹദീഥിലുണ്ട്. അവിടുത്തെ കാലഘട്ടത്തിൽ സംഭവിക്കാത്ത കാര്യങ്ങൾ അവിടുന്ന് പ്രവചിക്കുകയും, അത് അപ്രകാരം തന്നെ സംഭവിക്കുകയും ചെയ്തു.
കൂടുതൽ