عَنْ أَبي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَا مِنْ صَاحِبِ ذَهَبٍ وَلَا فِضَّةٍ، لَا يُؤَدِّي مِنْهَا حَقَّهَا، إِلَّا إِذَا كَانَ يَوْمُ الْقِيَامَةِ، صُفِّحَتْ لَهُ صَفَائِحُ مِنْ نَارٍ، فَأُحْمِيَ عَلَيْهَا فِي نَارِ جَهَنَّمَ، فَيُكْوَى بِهَا جَنْبُهُ وَجَبِينُهُ وَظَهْرُهُ، كُلَّمَا بَرَدَتْ أُعِيدَتْ لَهُ، فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ، حَتَّى يُقْضَى بَيْنَ الْعِبَادِ، فَيَرَى سَبِيلَهُ، إِمَّا إِلَى الْجَنَّةِ، وَإِمَّا إِلَى النَّارِ»
قِيلَ: يَا رَسُولَ اللهِ، فَالْإِبِلُ؟ قَالَ: «وَلَا صَاحِبُ إِبِلٍ لَا يُؤَدِّي مِنْهَا حَقَّهَا، وَمِنْ حَقِّهَا حَلَبُهَا يَوْمَ وِرْدِهَا، إِلَّا إِذَا كَانَ يَوْمُ الْقِيَامَةِ، بُطِحَ لَهَا بِقَاعٍ قَرْقَرٍ، أَوْفَرَ مَا كَانَتْ، لَا يَفْقِدُ مِنْهَا فَصِيلًا وَاحِدًا، تَطَؤُهُ بِأَخْفَافِهَا وَتَعَضُّهُ بِأَفْوَاهِهَا، كُلَّمَا مَرَّ عَلَيْهِ أُولَاهَا رُدَّ عَلَيْهِ أُخْرَاهَا، فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ، حَتَّى يُقْضَى بَيْنَ الْعِبَادِ، فَيَرَى سَبِيلَهُ إِمَّا إِلَى الْجَنَّةِ، وَإِمَّا إِلَى النَّارِ»
قِيلَ: يَا رَسُولَ اللهِ، فَالْبَقَرُ وَالْغَنَمُ؟ قَالَ: «وَلَا صَاحِبُ بَقَرٍ، وَلَا غَنَمٍ، لَا يُؤَدِّي مِنْهَا حَقَّهَا، إِلَّا إِذَا كَانَ يَوْمُ الْقِيَامَةِ بُطِحَ لَهَا بِقَاعٍ قَرْقَرٍ، لَا يَفْقِدُ مِنْهَا شَيْئًا، لَيْسَ فِيهَا عَقْصَاءُ، وَلَا جَلْحَاءُ، وَلَا عَضْبَاءُ تَنْطَحُهُ بِقُرُونِهَا وَتَطَؤُهُ بِأَظْلَافِهَا، كُلَّمَا مَرَّ عَلَيْهِ أُولَاهَا رُدَّ عَلَيْهِ أُخْرَاهَا، فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ، حَتَّى يُقْضَى بَيْنَ الْعِبَادِ، فَيَرَى سَبِيلَهُ إِمَّا إِلَى الْجَنَّةِ، وَإِمَّا إِلَى النَّارِ»
قِيلَ: يَا رَسُولَ اللهِ، فَالْخَيْلُ؟ قَالَ: «الْخَيْلُ ثَلَاثَةٌ: هِيَ لِرَجُلٍ وِزْرٌ، وَهِيَ لِرَجُلٍ سِتْرٌ، وَهِيَ لِرَجُلٍ أَجْرٌ، فَأَمَّا الَّتِي هِيَ لَهُ وِزْرٌ، فَرَجُلٌ رَبَطَهَا رِيَاءً وَفَخْرًا وَنِوَاءً عَلَى أَهْلِ الْإِسْلَامِ، فَهِيَ لَهُ وِزْرٌ، وَأَمَّا الَّتِي هِيَ لَهُ سِتْرٌ، فَرَجُلٌ رَبَطَهَا فِي سَبِيلِ اللهِ، ثُمَّ لَمْ يَنْسَ حَقَّ اللهِ فِي ظُهُورِهَا وَلَا رِقَابِهَا، فَهِيَ لَهُ سِتْرٌ وَأَمَّا الَّتِي هِيَ لَهُ أَجْرٌ، فَرَجُلٌ رَبَطَهَا فِي سَبِيلِ اللهِ لِأَهْلِ الْإِسْلَامِ، فِي مَرْجٍ وَرَوْضَةٍ، فَمَا أَكَلَتْ مِنْ ذَلِكَ الْمَرْجِ، أَوِ الرَّوْضَةِ مِنْ شَيْءٍ، إِلَّا كُتِبَ لَهُ، عَدَدَ مَا أَكَلَتْ حَسَنَاتٌ، وَكُتِبَ لَهُ، عَدَدَ أَرْوَاثِهَا وَأَبْوَالِهَا، حَسَنَاتٌ، وَلَا تَقْطَعُ طِوَلَهَا فَاسْتَنَّتْ شَرَفًا، أَوْ شَرَفَيْنِ، إِلَّا كَتَبَ اللهُ لَهُ عَدَدَ آثَارِهَا وَأَرْوَاثِهَا حَسَنَاتٍ، وَلَا مَرَّ بِهَا صَاحِبُهَا عَلَى نَهْرٍ، فَشَرِبَتْ مِنْهُ وَلَا يُرِيدُ أَنْ يَسْقِيَهَا، إِلَّا كَتَبَ اللهُ لَهُ، عَدَدَ مَا شَرِبَتْ، حَسَنَاتٍ»
قِيلَ: يَا رَسُولَ اللهِ، فَالْحُمُرُ؟ قَالَ: «مَا أُنْزِلَ عَلَيَّ فِي الْحُمُرِ شَيْءٌ، إِلَّا هَذِهِ الْآيَةَ الْفَاذَّةُ الْجَامِعَةُ»: {فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ، وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ} [الزلزلة: 8].
[صحيح] - [متفق عليه] - [صحيح مسلم: 987]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"സ്വർണ്ണമോ വെള്ളിയോ ഉടമപ്പെടുത്തിയ ഏതൊരാളാകട്ടെ, അതിൽ നിന്ന് തൻ്റെ ബാധ്യത അവൻ കൊടുത്തു വീട്ടിയില്ലെങ്കിൽ അന്ത്യനാളിൽ അവയെല്ലാം അഗ്നിയുടെ ഓരോ തളികയായി മാറ്റപ്പെടുകയും, അതിന് മേൽ നരകാഗ്നി കൊണ്ട് അവനെ തിളപ്പിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ അവൻ്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലുമെല്ലാം ചൂടു വെക്കപ്പെടും. ഓരോ തവണ അത് തണുക്കുമ്പോഴും അത് വീണ്ടും മടക്കപ്പെടും. (ഇങ്ങനെ) അൻപതിനായിരം വർഷം ദൈർഘ്യമുള്ള ഒരു ദിവസം മുഴുവൻ (ശിക്ഷ നൽകപ്പെടും). സൃഷ്ടികൾക്കിടയിൽ വിധി പറയപ്പെടുകയും, അവൻ്റെ വഴി ഏതാണെന്ന് -സ്വർഗത്തിലേക്കോ അതല്ല നരകത്തിലേക്കോ എന്ന്- വേർതിരിഞ്ഞു കാണുകയും ചെയ്യുന്നത് വരെ (ഈ ശിക്ഷ തുടരും)."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 987]
ഈ ഹദീഥിൽ വ്യത്യസ്ത തരത്തിൽ പെട്ട സമ്പത്തുകൾ നബി -ﷺ- എടുത്തു പറയുകയും, അവയുടെ സകാത്ത് നൽകാത്തവർക്ക് ഖിയാമത്ത് നാളിൽ ലഭിക്കുന്ന ശിക്ഷ എന്തായിരിക്കുമെന്ന് വിവരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അവിടുന്ന് എടുത്തു പറഞ്ഞ കാര്യങ്ങൾ ഇവയാണ്:
ഒന്ന്: സ്വർണ്ണവും വെള്ളിയും, അവയുടെ പരിധിയിൽ പെടുന്ന കച്ചവടച്ചരക്കുകളും മറ്റു സമ്പത്തുകളും. ഈ സമ്പത്തുകൾ സകാത്ത് നൽകേണ്ട പരിധിയിൽ എത്തുകയും അവയുടെ ഉടമസ്ഥൻ അത് നൽകാതിരിക്കുകയും ചെയ്താലുള്ള ശിക്ഷ: ഈ സമ്പത്ത് ഉരുക്കപ്പെടുകയും, അവ ഫലകങ്ങളുടെ രൂപത്തിൽ ഒഴിക്കപ്പെടുകയും, അതിന് മേൽ നരകാഗ്നി ആളിക്കത്തിക്കപ്പെടുകയും, ആ സമ്പത്തിൻ്റെ ഉടമസ്ഥൻ അതിൽ ശിക്ഷിക്കപ്പെടുകയും ചെയ്യും. അങ്ങനെ അയാളുടെ പാർശ്വങ്ങളും നെറ്റിയും പുറവും പൊള്ളിക്കപ്പെടുകയും, അതിൻ്റെ ചൂട് തണുത്തു കഴിഞ്ഞാൽ വീണ്ടും അത് ചൂടാക്കപ്പെടുകയും ചെയ്യും. അൻപതിനായിരം വർഷത്തിൻ്റെ ദൈർഘ്യമുള്ള അന്ത്യനാളിൽ മുഴുവൻ ഈ ശിക്ഷ തുടർന്നു കൊണ്ടിരിക്കും. അവസാനം അല്ലാഹു ജനങ്ങൾക്കിടയിൽ വിധി കൽപ്പിക്കപ്പെടുകയും, അവൻ സ്വർഗത്തിലേക്കോ നരകത്തിലേക്കോ ശേഷം നയിക്കപ്പെടുകയും ചെയ്യും.
രണ്ട്: സമ്പത്തായി ഒട്ടകമുള്ള ഉടമസ്ഥൻ; അതിൻ്റെ സകാത്ത് നൽകാതിരിക്കുകയും, അതിലുള്ള ബാധ്യതകൾ വീട്ടാതിരിക്കുകയും ചെയ്ത വ്യക്തിയെ കൊണ്ടുവരപ്പെടും. ഒട്ടകങ്ങളുടെ അടുത്ത് വന്നെത്തുന്ന ദരിദ്രർക്ക് അതിൻ്റെ പാൽ ചുരക്കുമ്പോൾ അതിൽ നിന്ന് നൽകുക എന്നത് അയാൾ ചെയ്യേണ്ടിയിരുന്ന ബാധ്യതകളിൽ പെട്ടതാണ്. അന്ത്യനാളിൽ തടിച്ചതും വലിയതുമായ രൂപത്തിൽ ധാരാളക്കണക്കിനുള്ള ഈ ഒട്ടകങ്ങളെ കൊണ്ടുവരപ്പെടുകയും, വിശാലവും നിരപ്പായതുമായ ഒരു മൈതാനിയിൽ ഈ മനുഷ്യനെ കിടത്തുകയും, ആ ഒട്ടകങ്ങൾ അവയുടെ കാലുകൾ കൊണ്ട് അവനെ ചവിട്ടുകയും, അതിൻ്റെ പല്ലുകൾ കൊണ്ട് അവനെ കടിക്കുകയും ചെയ്യും. അവസാനത്തെ ഒട്ടകം അവൻ്റെ ശരീരത്തിനു മേൽ
കടന്നു പോയാൽ ആദ്യത്തെ ഒട്ടകം മുതൽ വീണ്ടും ഈ ശിക്ഷ പുനരാരംഭിക്കും. ഇപ്രകാരം അൻപതിനായിരം വർഷം ദൈർഘ്യമുള്ള അന്ത്യനാളിൽ അവനുള്ള ശിക്ഷ തുടർന്നു കൊണ്ടേയിരിക്കും. അല്ലാഹു സൃഷ്ടികൾക്കിടയിൽ വിധി കൽപ്പിക്കുകയും, അവൻ സ്വർഗക്കാരിലേക്കോ നരകക്കാരിലേക്കോ എന്ന് നിശ്ചയിക്കപ്പെടുകയും ചെയ്യുന്നത് വരെ അത് തുടരും.
മൂന്ന്: പശുവിൻ്റെയും ആടുകളുടെയും ഉടമസ്ഥൻ; അവയുടെ മേൽ നിർബന്ധമായ സകാത്ത് നൽകാത്ത വ്യക്തിയെ കൊണ്ടുവരികയും, ആടുമാടുകളിൽ ഒന്നു പോലും കുറയാതെ കൊണ്ടുവരപ്പെടുകയും, ഈ മനുഷ്യനെ വിശാലമായ ഒരു മൈതാനിയിൽ കിടത്തുകയും ചെയ്യും. ആ ആടുമാടുകളിൽ കൊമ്പ് വളഞ്ഞു പോയതോ കൊമ്പില്ലാത്തതോ പൊട്ടിയ കൊമ്പുള്ളതോ ആയ ഒന്നുപോലും ഉണ്ടാവുകയില്ല. മറിച്ച്, അവയെല്ലാം പൂർണ്ണമായ രൂപത്തിലുള്ളവയായിരിക്കും. ശേഷം അവ തങ്ങളുടെ കൊമ്പുകൾ കൊണ്ട് ആ മനുഷ്യനെ കുത്തുകയും, കാലുകൾ കൊണ്ട് ചവിട്ടുകയും ചെയ്തു കൊണ്ടിരിക്കും. അതിൽ അവസാനത്തേത് അവൻ്റെ ദേഹത്തിലൂടെ
കടന്നു പോയാൽ ആദ്യത്തേത് മുതൽ വീണ്ടും ആരംഭിക്കും. ഈ അവസ്ഥയിൽ അൻപതിനായിരം വർഷം ദൈർഘ്യമുള്ള അന്ത്യനാളിൽ അവനുള്ള ശിക്ഷ തുടർന്നു കൊണ്ടേയിരിക്കും. അവസാനം അല്ലാഹു സൃഷ്ടികൾക്കിടയിൽ വിധി കൽപ്പിക്കുകയും, അവൻ സ്വർഗക്കാരിലേക്കോ നരകക്കാരിലേക്കോ നയിക്കപ്പെടുകയും ചെയ്യുന്നത് വരെ അത് തുടർന്നു കൊണ്ടിരിക്കും.
നാല്: കുതിരകളുടെ ഉടമസ്ഥൻ; അവർ മൂന്ന് തരക്കാരായിരിക്കും.
ഒന്ന്: തൻ്റെ കുതിരകൾ പാപഭാരമായി മാറുന്നവൻ. പൊങ്ങച്ചത്തിനും അഹങ്കാരത്തിനും മുസ്‌ലിംകൾക്കെതിരെയുള്ള യുദ്ധത്തിനുമായി കുതിരകളെ ഒരുക്കി നിർത്തിയവരാണ് അത്തരക്കാർ.
രണ്ട്: തൻ്റെ കുതിരകൾ അന്ത്യനാളിൽ ഒരു മറയായി മാറുന്നവൻ. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിന് വേണ്ടി അയാൾ അവയെ ഒരുക്കി വെക്കുകയും, അവയെ നല്ലരൂപത്തിൽ വളർത്തുകയും, അതിനെ മേയ്ക്കുകയും മറ്റെല്ലാ ചെലവുകളും ശ്രദ്ധിക്കുകയും ചെയ്തിരിക്കുന്നു. പെൺകുതിരകൾക്ക് ഗർഭം വഹിക്കുന്നതിനായി കുതിരയെ സൗജന്യമായി നൽകുക എന്നത് കുതിരയുടെ ഉടമസ്ഥൻ്റെ ബാധ്യതയിൽ പെട്ടതാണ്.
മൂന്ന്: ഉടമസ്ഥന് പ്രതിഫലമായി തീരുന്ന കുതിര. അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി മുസ്‌ലിംകൾക്ക് വേണ്ടി ഒരുക്കി നിർത്തപ്പെട്ട കുതിരയാണത്. ഈ കുതിര അതിൻ്റെ തൊഴുത്തിൽ കഴിയുകയും, മേച്ചിൽ പുറങ്ങളിൽ നടക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു; എന്നാൽ ആ കുതിര എന്തൊന്ന് ഭക്ഷിച്ചാലും ആ ഭക്ഷിച്ചയത്ര അവന് പ്രതിഫലമായി രേഖപ്പെടുത്തപ്പെടുന്നതാണ്. അതിൻ്റെ വിസർജ്യത്തിൻ്റെയും മൂത്രത്തിൻ്റെയും തോതിൽ അവന് പ്രതിഫലം രേഖപ്പെടുത്തപ്പെടുന്നതാണ്. ആ കുതിര കടിഞ്ഞാൺ വിട്ടുപോവുകയും, കുന്നിൻ മുകളിലും മറ്റും സഞ്ചരിക്കുകയും ചെയ്താൽ അവന് അതിൻ്റെ കാൽപ്പാടുകളുടെയും വിസർജ്യങ്ങളുടെയും എണ്ണം പ്രതിഫലം രേഖപ്പെടുത്തപ്പെടുന്നതാണ്. ആ കുതിര ഒരു നദിയുടെ അടുത്തു കൂടെ പോവുകയും, ഉടമസ്ഥൻ്റെ അനുവാദമില്ലാതെയാണെങ്കിൽ പോലും അതിൽ നിന്ന് കുടിക്കുകയും ചെയ്താൽ പോലും അത് കുടിച്ച വെള്ളത്തിൻ്റെ അളവിൽ നന്മകൾ അല്ലാഹു അവന് രേഖപ്പെടുത്തുന്നതാണ്.
അപ്പോൾ നബി -ﷺ- യോട് കഴുതയെ കുറിച്ച് ചോദിക്കപ്പെട്ടു; അതിൻ്റെ സ്ഥിതിയും കുതിരയുടെ പോലെയാണോ എന്നായിരുന്നു അവരുടെ ചോദ്യത്തിൻ്റെ ഉദ്ദേശ്യം.
അപ്പോൾ നബി -ﷺ- പറഞ്ഞു: സമാനതകളില്ലാത്ത ഒരു ഖുർആൻ വചനമല്ലാതെ ഈ വിഷയത്തിൽ അവിടുത്തേക്ക് മേൽ യാതൊന്നും അവതരിക്കപ്പെട്ടിട്ടില്ല. ഈ ആയത്ത്
എല്ലാ വിധത്തിലുള്ള നന്മകളുടെയും തിന്മകളുടെയും കാര്യത്തിൽ പൊതുവായി അവതരിക്കപ്പെട്ട വചനമാണ്. അല്ലാഹു പറയുന്നു: "ആരെങ്കിലും ഒരു ഉറുമ്പിൻ്റെ ഭാരത്തോളം നന്മ ചെയ്താൽ അവനത് കാണുന്നതാണ്. ആരെങ്കിലും ഒരു ഉറുമ്പിൻ്റെ ഭാരത്തോളം തിന്മ ചെയ്താൽ അതും അവൻ കാണുന്നതാണ്." (സൽസലഃ: 8) അതിനാൽ ആരെങ്കിലും ഒരു നന്മ ഉദ്ദേശിച്ചു കൊണ്ട് കഴുതയെ വളർത്തിയാൽ അവൻ അതിൻ്റെ പ്രതിഫലം കാണുന്നതാണ്. ആരെങ്കിലും തിന്മയാണ് പ്രവർത്തിക്കുന്നത് എങ്കിൽ അതിനുള്ള ശിക്ഷയും അവൻ കാണുന്നതാണ്. എല്ലാ പ്രവർത്തനങ്ങൾക്കും ഇക്കാര്യം ബാധകമാണ്.