عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ:
سَمِعْتُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: «قَالَ اللَّهُ تَبَارَكَ وَتَعَالَى: يَا ابْنَ آدَمَ إِنَّكَ مَا دَعَوْتَنِي وَرَجَوْتَنِي غَفَرْتُ لَكَ عَلَى مَا كَانَ فِيكَ وَلاَ أُبَالِي، يَا ابْنَ آدَمَ لَوْ بَلَغَتْ ذُنُوبُكَ عَنَانَ السَّمَاءِ ثُمَّ اسْتَغْفَرْتَنِي غَفَرْتُ لَكَ، وَلاَ أُبَالِي، يَا ابْنَ آدَمَ إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا ثُمَّ لَقِيتَنِي لاَ تُشْرِكُ بِي شَيْئًا لأَتَيْتُكَ بِقُرَابِهَا مَغْفِرَةً».
[حسن] - [رواه الترمذي] - [سنن الترمذي: 3540]
المزيــد ...
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അല്ലാഹു -تَبَارَكَ وَتَعَالَى- പറഞ്ഞിരിക്കുന്നു: "ഹേ ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷ വെക്കുകയും ചെയ്യുന്നിടത്തോളം -നിന്നിൽ എന്തെല്ലാം ഉണ്ടെങ്കിലും- ഞാൻ നിനക്ക് പൊറുത്തു നൽകുന്നതാണ്; ഞാൻ (നിൻ്റെ പക്കലുള്ളതിനെ) കാര്യമാക്കുകയില്ല. ഹേ ആദമിൻ്റെ മകനേ! നിൻ്റെ തിന്മകൾ ആകാശത്തിൻ്റെ വിഹായസ്സിനോളം എത്തുകയും ശേഷം നീ എന്നോട് പാപമോചനം തേടുകയും ചെയ്താൽ ഞാൻ നിനക്ക് പൊറുത്തു നൽകുന്നതാണ്; (നിൻ്റെ പക്കലുള്ള തിന്മയുടെ ആധിക്യം) ഞാൻ കാര്യമാക്കുകയില്ല. ആദമിൻ്റെ മകനേ! ഭൂമി നിറയെ പാപവുമായി നീ എന്നിലേക്ക് വരികയും, യാതൊന്നിനെയും എന്നിൽ പങ്കുചേർക്കാത്ത നിലയിൽ നീ എന്നെ കണ്ടുമുട്ടുകയും ചെയ്താൽ ഭൂമി നിറയെ പാപമോചനവുമായി ഞാൻ നിന്നിലേക്ക് വരുന്നതാണ്."
[ഹസൻ] - [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 3540]
അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു: "ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും എൻ്റെ കാരുണ്യം പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, എന്നിൽ നിരാശപ്പെടാതിരിക്കുകയും ചെയ്യുന്നിടത്തോളം നിൻ്റെ തിന്മകൾ ഞാൻ മറച്ചു വെക്കുകയും, അവ ഞാൻ മായ്ച്ചു കളയുകയും ചെയ്യുന്നതാണ്. അത് ഞാൻ കാര്യമാക്കുകയില്ല. നിൻ്റെ തിന്മകൾ വൻപാപങ്ങളിൽ പെട്ടതാണെങ്കിൽ പോലും. ആദമിൻ്റെ മകനേ! നിൻ്റെ തിന്മകൾ ധാരാളമായി അധികരിക്കുകയും, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതെല്ലാം നിറക്കുന്നത്ര വർദ്ധിക്കുകയും ചെയ്താലും, നീ എന്നോട് പാപമോചനം തേടിയാൽ ഞാൻ നിൻ്റെ തിന്മകൾ പൊറുത്തു നൽകുകയും അവയുടെ ആധിക്യം കാര്യമാക്കാതെ ഞാൻ നിനക്ക് പൊറുത്തു നൽകുകയും ചെയ്യുന്നതാണ്.
ആദമിൻ്റെ മകനേ! ഭൂമി നിറയെ പാപങ്ങളും തിന്മകളുമായാണ് മരണശേഷം നീ എന്നെ കണ്ടുമുട്ടുന്നത് എങ്കിൽ -എന്നിൽ യാതൊന്നും പങ്കുചേർക്കാത്ത നിലയിൽ തൗഹീദോടെയാണ് നീ മരിച്ചിട്ടുള്ളത് എങ്കിൽ- ഈ തിന്മകൾക്കും പാപങ്ങൾക്കും പകരം ഭൂമി നിറയെ പാപമോചനവുമായാണ് നീ എന്നെ കണ്ടെത്തുക. കാരണം ഞാൻ വിശാലമായി പൊറുക്കുന്നവനാണ്; ബഹുദൈവാരാധന എന്ന തിന്മയൊഴികെ എല്ലാ തിന്മകളും ഞാൻ പൊറുക്കുന്നതാണ്.