+ -

عَنْ عَائِشَةَ أُمِّ المُؤْمنين رَضيَ اللهُ عنها قَالَتْ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ:
«يُحْشَرُ النَّاسُ يَوْمَ الْقِيَامَةِ حُفَاةً عُرَاةً غُرْلًا» قُلْتُ: يَا رَسُولَ اللهِ النِّسَاءُ وَالرِّجَالُ جَمِيعًا يَنْظُرُ بَعْضُهُمْ إِلَى بَعْضٍ؟ قَالَ صَلَّى اللهُ عَلَيْهِ وَسَلَّمَ: «يَا عَائِشَةُ، الْأَمْرُ أَشَدُّ مِنْ أَنْ يَنْظُرَ بَعْضُهُمْ إِلَى بَعْضٍ».

[صحيح] - [متفق عليه] - [صحيح مسلم: 2859]
المزيــد ...

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു:
"ഖിയാമത്ത് നാളിൽ ജനങ്ങൾ നഗ്നപാദരായും വിവസ്ത്രരായും ചേലാകർമ്മം ചെയ്യാത്തവരായും ഒരുമിച്ചുകൂട്ടപ്പെടും." അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാകുമ്പോൾ അവർ പരസ്പരം നോക്കുമോ?" അപ്പോൾ നബി -ﷺ- പറഞ്ഞു: "ഓ ആഇശാ, അന്നത്തെ അവസ്ഥ പരസ്പരം നോക്കാൻ സാധിക്കുന്നതിനേക്കാൾ കഠിനമാണ്."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2859]

വിശദീകരണം

ഖിയാമത്ത് നാളിലെ ചില അവസ്ഥകളെക്കുറിച്ചാണ് ഈ ഹദീഥിൽ നബി -ﷺ- വിശദീകരിച്ചിരിക്കുന്നത്. ജനങ്ങൾ അവരുടെ ഖബ്റുകളിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിന് ശേഷം വിചാരണക്കായി ഒരുമിച്ചുകൂട്ടപ്പെടും. ചെരുപ്പുകളില്ലാതെ നഗ്നപാദരായും, വസ്ത്രങ്ങളില്ലാതെ നഗ്നരായും, മാതാക്കൾ അവരെ പ്രസവിച്ച ദിവസം പോലെ ചേലാകർമം ചെയ്യാത്തവരുമായിട്ടായിരിക്കും അവർ ഒരുമിച്ചുകൂടുക. ഇത് കേട്ടപ്പോൾ മുഅ്മിനീങ്ങളുടെ മാതാവായ ആഇശാ -رَضِيَ اللَّهُ عَنْهَا- ആശ്ചര്യത്തോടെ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാകുമ്പോൾ അവർ പരസ്പരം നോക്കുമോ?!" നബി -ﷺ- അവർക്ക് വിശദീകരിച്ചു നൽകി: മരണാനന്തരം ഉയിർത്തെഴുന്നേൽപ്പിന് ശേഷമുള്ള ആ മഹ്ശറിൻ്റെ കാഴ്ചകളും ഭയാനകതയും അത്രയേറെ വലുതായിരിക്കും. ആളുകൾക്ക് പരസ്പരം നഗ്നതയിലേക്ക് നോക്കാൻ തോന്നാത്ത വിധത്തിൽ, അവരുടെ ശ്രദ്ധയും കാഴ്ചയുമെല്ലാം അന്നത്തെ ഭീതിയിൽ മുഴുകിയിരിക്കും.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഖിയാമത്ത് നാളിലെ ഭയാനകതയെ ഈ ഹദീഥ് വിശദീകരിക്കുന്നു. അന്ന് മനുഷ്യൻ അവന്റെ വിചാരണയെ കുറിച്ചും കർമങ്ങളെ കുറിച്ചും മാത്രം ചിന്തിക്കുന്ന സ്ഥിതിയിലായിരിക്കും.
  2. മനുഷ്യൻ അശ്രദ്ധയിലായിരിക്കുമ്പോൾ മാത്രമേ പാപങ്ങളിൽ അകപ്പെടുകയുള്ളൂ എന്ന കാര്യം ഈ ഹദീഥ് ഊന്നിപ്പറയുന്നുണ്ട്. കാരണം, അവൻ അനുസരണക്കേട് കാണിച്ചത് മഹോന്നതനായ അല്ലാഹുവിനോടാണെന്നും, അവന്റെ ശിക്ഷ അതിഗുരുതരമാണെന്നും ഓർമ്മിച്ചിരുന്നെങ്കിൽ, ഒരു നിമിഷം പോലും അല്ലാഹുവിനെ സ്മരിക്കുകയോ അവന് നന്ദി പറയുകയോ അല്ലാഹുവിനുള്ള ഇബാദത്ത് നന്നാക്കുകയോ ചെയ്യുന്നതിൽ അവൻ അശ്രദ്ധ പുലർത്തുമായിരുന്നില്ല. അതുകൊണ്ടാണ് മഹ്ശറിലുള്ളവരെല്ലാം സ്വന്തം കാര്യത്തിൽ തന്നെ വ്യാപൃതരായിരിക്കുകയും ചുറ്റുമുള്ളവർ നഗ്നരായിട്ടു പോലും പരസ്പരം നോക്കാതിരിക്കുകയും ചെയ്യുന്നത്.
  3. നബിയുടെ -ﷺ- കാലഘട്ടത്തിലെ സ്ത്രീകളുടെ അതിയായ ലജ്ജ ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. കാരണം, സൃഷ്ടികളെല്ലാം നഗ്നരായി ഒരുമിച്ചുകൂട്ടപ്പെടുമെന്ന് കേട്ടപ്പോൾ ആഇശാ -رَضِيَ اللَّهُ عَنْها- ലജ്ജയോടെ അതിനെ കുറിച്ച് ചോദിച്ചറിയുന്നത് നോക്കൂ!
  4. സിൻദി പറഞ്ഞു: "അന്ത്യനാളിൽ ഓരോരുത്തരും സ്വന്തം കാര്യങ്ങളിൽ വ്യാപൃതരായിരിക്കും. തൻ്റെ സഹോദരന്റെ അവസ്ഥയെക്കുറിച്ച് അവൻ ആലോചിക്കുകയില്ല." അല്ലാഹു പറഞ്ഞു: "അവരിൽ ഓരോരുത്തർക്കും അന്ന് മതിയാകുന്ന ഒരു കാര്യമുണ്ടാകും." (അബസ: 37). അതിനാൽ ഒരാളും മറ്റൊരാളുടെ നഗ്നതയിലേക്ക് തിരിഞ്ഞുനോക്കുകയില്ല.
  5. പുരുഷനെ സംബന്ധിച്ചിടത്തോളം: ലിംഗാഗ്രത്തെ മൂടുന്ന തൊലി മുറിച്ചുമാറ്റുക എന്നതാണ് ചേലാകർമ്മം കൊണ്ട് ഉദ്ദേശ്യം. സ്ത്രീയെ സംബന്ധിച്ചിടത്തോളം: ലൈംഗികാവയവത്തിന്റെ മുകളിലുള്ള പൂവൻകോഴിയുടെ പൂടക്ക് സമാനമായ തൊലി മുറിച്ചുമാറ്റലാണ് ചേലാകർമ്മം.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ