+ -

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ: الصِّحَّةُ وَالفَرَاغُ».

[صحيح] - [رواه البخاري] - [صحيح البخاري: 6412]
المزيــد ...

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"രണ്ട് അനുഗ്രഹങ്ങൾ; ധാരാളം ജനങ്ങൾ അതിൽ നഷ്ടക്കാരായിരിക്കുന്നു. ആരോഗ്യവും ഒഴിവു സമയവുമാണത്."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 6412]

വിശദീകരണം

ജനങ്ങളിൽ വളരെയധികം പേർ യഥാവിധം പ്രയോജനപ്പെടുത്താതെ, അവർ നഷ്ടം വരുത്തുന്ന, അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള രണ്ട് മഹത്തരമായ അനുഗ്രഹങ്ങളെ കുറിച്ച് നബി (ﷺ) അറിയിക്കുന്നു. ആരോഗ്യവും ഒഴിവുസമയവും ഒരാൾക്ക് ഒരുമിച്ചു ലഭിക്കുക എന്നതാണത്. ഇവ രണ്ടും ലഭിച്ചതിന് ശേഷം ഒരാൾ മടിയനാവുകയും, നന്മകളിൽ നിന്ന് അലസത കാണിക്കുകയും ചെയ്താൽ അവൻ നഷ്ടക്കാരൻ തന്നെ. ജനങ്ങളിൽ ധാരാളം പേരുടെ അവസ്ഥയാണത്. എന്നാൽ തൻ്റെ ഒഴിവുസമയവും ആരോഗ്യവും അല്ലാഹുവിനെ അനുസരിക്കുന്നതിൽ ഒരാൾ പ്രയോജനപ്പെടുത്തിയാൽ അവൻ ലാഭം നേടിയവനാണ്. കാരണം ഇഹലോകം പരലോകത്തിലേക്കുള്ള കൃഷിയിടമാണ്. പരലോകത്ത് മാത്രം ലാഭം വ്യക്തമാകുന്ന അനേകം കച്ചവടങ്ങൾ ഇവിടെയുണ്ട്. അതിനാൽ ഒഴിവുസമയം അവസാനിക്കുകയും തിരക്കുകൾ വന്നെത്തുകയും ചെയ്യുന്നതാണെന്ന് ഓരോരുത്തരും ഓർക്കട്ടെ. ആരോഗ്യകാലത്തിന് ശേഷം രോഗകാലം വന്നെത്തുന്നതാണെന്നും അവർ മറക്കാതിരിക്കട്ടെ. ഒന്നുമില്ലെങ്കിൽ, വാർദ്ധക്യം തന്നെ പിടികൂടാതെ വിടുകയില്ലെന്ന ചിന്തയെങ്കിലും അവന് മതിയാകട്ടെ!

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി ആസാമീസ് الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിൻ്റെ ദാസന്മാരെയെല്ലാം കച്ചവടക്കാരോട് ഉപമിച്ചിരിക്കുന്നു ഈ ഹദീഥിൽ. ആരോഗ്യവും ഒഴിവു സമയവും അവൻ്റെ മൂലധനം പോലെയാണ്. ആരെങ്കിലും തൻ്റെ മൂലധനം നല്ല രൂപത്തിൽ പ്രയോജനപ്പെടുത്തിയാൽ അവൻ ലാഭം നേടുന്നതാണ്. ആരെങ്കിലും അത് തന്നെ പാഴാക്കിയാൽ അവൻ നഷ്ടക്കാരനാവുകയും ഖേദിക്കുകയും ചെയ്യുന്നതാണ്.
  2. ഇബ്നുൽ ഖാസിൻ (رحمه الله) പറയുന്നു: "മനുഷ്യർക്ക് ആസ്വാദനവും സുഖവും നൽകുന്ന കാര്യമാണ് അനുഗ്രഹം (നിഅ്മത്ത്). ഒരു വസ്തുവിൻ്റെ വിലയേക്കാൾ ഒരുപാട് ഇരട്ടി അധികം പണം നൽകി ഒരു വസ്തു വാങ്ങുന്നതോ, ഒരു വസ്തുവിന് അർഹമായ തുക ലഭിക്കാതെ വിൽക്കുന്നതോ നഷ്ടവുമാണ്.
  3. ഒരു വ്യക്തിക്ക് തൻ്റെ ശരീരത്തിൻ്റെ ആരോഗ്യം നന്നാവുകയും, പ്രയാസകരമായ തിരക്കുകളിൽ നിന്ന് അവന് ഒഴിഞ്ഞു നിൽക്കാൻ സാധിക്കുകയും ചെയ്തതിന് ശേഷവും തൻ്റെ പരലോകം നന്നാക്കാൻ അവന് സാധിച്ചില്ലെങ്കിൽ കച്ചവടത്തിൽ കടുത്ത നഷ്ടം നേരിട്ട ഒരുവൻ്റെ അവസ്ഥയിലാണ് അവനുള്ളത്."
  4. ആരോഗ്യവും ഒഴിവു സമയവും നഷ്ടപ്പെടുന്നതിന് മുൻപായി അല്ലാഹുവിലേക്ക് സാമീപ്യം തേടുന്നതിന് വേണ്ടിയും, നന്മകൾ പ്രവർത്തിക്കുന്നതിനും വേണ്ടിയും ഉപയോഗപ്പെടുത്തുക.
  5. അല്ലാഹുവിനെ അനുസരിക്കുന്നതിന് വേണ്ടി അവൻ്റെ അനുഗ്രഹങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടാണ് അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കേണ്ടത്.
  6. ഖാദ്വീ അബൂബക്ർ ബ്നുൽ അറബി (رحمه الله) പറയുന്നു: "ഒരു മനുഷ്യന് അല്ലാഹു നൽകുന്ന ഏറ്റവും ആദ്യത്തെ അനുഗ്രഹം ഏതാണെന്നതിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. (അല്ലാഹുവിലും അവൻ്റെ റസൂലിലുമുള്ള) വിശ്വാസമായ ഈമാനാണ് എന്നും, അവൻ ജീവൻ നൽകി എന്നതാണെന്നും, ആരോഗ്യമാണെന്നും അഭിപ്രായങ്ങളുണ്ട്. ഈമാനാണെന്ന അഭിപ്രായമാണ് ഏറ്റവും അനുയോജ്യം; അതാണ് നിരുപാധികമായ അനുഗ്രഹം. ജീവനും ആരോഗ്യവുമെല്ലാം ഭൗതികമായ അനുഗ്രഹങ്ങൾ മാത്രമാണ്. ഇവയൊന്നും ഈമാനില്ലാത്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം യഥാർത്ഥ അനുഗ്രഹങ്ങളല്ല. അതു കൊണ്ട് തന്നെ ജനങ്ങളിൽ ധാരാളം പേർ ഇക്കാര്യത്തിൽ നഷ്ടക്കാരാകാറുണ്ട്. അവരുടെ ലാഭം പൂർണ്ണമായി ഇല്ലാതാവുകയോ അതിൽ കുറവ് വരുകയോ ചെയ്യുമെന്നർത്ഥം.
  7. തിന്മയിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന തൻ്റെ നഫ്സിൻ്റെ ആഗ്രഹങ്ങളോടൊപ്പം ഒരാൾ സഞ്ചരിച്ചു തുടങ്ങുകയും, ആസ്വാദനങ്ങളിൽ മുഴുകുകയും, അല്ലാഹുവിൻ്റെ അതിർവരമ്പുകൾ സൂക്ഷിക്കുന്നതും നന്മകളിൽ തുടരുന്നതും ഉപേക്ഷിക്കുകയും ചെയ്താൽ അവൻ നഷ്ടക്കാരനായി. ഒഴിവുസമയങ്ങളുള്ളവൻ്റെ കാര്യവും ഇതു പോലെത്തന്നെ, കാരണം തിരക്കുകളുള്ളവന് (അല്ലാഹുവിൻ്റെ അടുക്കൽ) ഒഴിവുകഴിവുകളുണ്ട്. എന്നാൽ ഒഴിഞ്ഞിരിക്കുന്നവന് അതുണ്ടാകില്ല. അവൻ്റെ ന്യായങ്ങൾ അവസാനിക്കുകയും, അവന് മേലുള്ള തെളിവ് സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു."
കൂടുതൽ