عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللهِ إِخْوَانًا الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ وَلَا يَخْذُلُهُ، وَلَا يَحْقِرُهُ التَّقْوَى هَاهُنَا» وَيُشِيرُ إِلَى صَدْرِهِ ثَلَاثَ مَرَّاتٍ «بِحَسْبِ امْرِئٍ مِنَ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ، دَمُهُ، وَمَالُهُ، وَعِرْضُهُ».
[صحيح] - [رواه مسلم] - [صحيح مسلم: 2564]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നിങ്ങൾ പരസ്പരം അസൂയ വെക്കരുത്. (പ്രയാസമുണ്ടാക്കാനായി) കച്ചവടച്ചരക്കിൻ്റെ വില കൂട്ടിപ്പറയുകയുമരുത്. നിങ്ങൾ പരസ്പരം വിദ്വേഷം പുലർത്തുകയോ, പരസ്പരം തിരിഞ്ഞു കളയുകയോ, ഒരാൾ മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം നടത്തുകയോ ചെയ്യരുത്. പരസ്പരസഹോദരങ്ങളായ, അല്ലാഹുവിൻ്റെ ദാസന്മാരായി നിങ്ങൾ മാറുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിൻ്റെ സഹോദരനാണ്. അവൻ തൻ്റെ സഹോദരനോട് അതിക്രമം പ്രവർത്തിക്കുകയോ, അവനോട് വഞ്ചന കാണിക്കുകയോ, അവനെ നിസ്സാരവൽക്കരിക്കുകയോ ഇല്ല. തഖ്‌വ ഇവിടെയാകുന്നു." -തൻ്റെ നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് മൂന്ന് തവണ അവിടുന്ന് അത് പറഞ്ഞു-. "തൻ്റെ സഹോദരനായ മുസ്‌ലിമിനെ നിസ്സാരനായി കാണുക എന്നത് മാത്രം ഒരാൾക്ക് തിന്മയായി മതിയായതാണ്. എല്ലാ മുസ്‌ലിം സഹോദരനും -അവൻ്റെ രക്തവും സമ്പത്തും അഭിമാനവും- മറ്റെല്ലാം മുസ്‌ലിം സഹോദരങ്ങൾക്കും മേൽ നിഷിദ്ധമാണ്.'"
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2564]
ഒരു മുസ്‌ലിമായ വ്യക്തി തൻ്റെ സഹോദരനായ മുസ്‌ലിമിനോട് പാലിക്കേണ്ട ബാധ്യതകൾ നബി (ﷺ) വസ്വിയ്യത്തായി (ഗൗരവപ്പെട്ട ഉപദേശമായി) ഈ ഹദീഥിൽ ഓർമ്മപ്പെടുത്തുന്നു. അവരോടുള്ള ചില നിർബന്ധബാധ്യതകളും മര്യാദകളും വിവരിച്ച സന്ദർഭത്തിൽ അവിടുന്ന് ഓർമ്മപ്പെടുത്തിയ കാര്യങ്ങൾ ഇവയാണ്: 1- നിങ്ങൾ പരസ്പരം അസൂയ വെക്കരുത്; നിങ്ങളിലൊരാൾ മറ്റൊരാളുടെ അനുഗ്രഹം നീങ്ങിപ്പോയിരുന്നെങ്കിൽ എന്ന ആഗ്രഹം മനസ്സിൽ വെക്കരുത്. 2- നിങ്ങൾ നജ്ശ് നടത്തരുത്; അതായത് ഒരാൾക്ക് വാങ്ങാൻ ഉദ്ദേശ്യമില്ലാത്ത വസ്തുവിൻ്റെ വില -കച്ചവടക്കാരന് ഉപകാരം ലഭിക്കട്ടെ എന്ന ഉദ്ദേശ്യത്തിലോ, വാങ്ങുന്ന വ്യക്തിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയോ- കൂട്ടിപ്പറയരുത്. 3- നിങ്ങൾ പരസ്പരം വിദ്വേഷം പുലർത്തരുത്; മറ്റൊരു മുസ്‌ലിം സഹോദരനെ സ്നേഹിക്കേണ്ടതിന് പകരം, അവന് ഉപദ്രവം ഉദ്ദേശിക്കരുത് എന്നർത്ഥം. എന്നാൽ അല്ലാഹുവിൻ്റെ മാർഗത്തിലാണ് ആ വിദ്വേഷമെങ്കിൽ അത് നിർബന്ധമാണെന്ന വശം കൂടെ ഓർമ്മയിൽ വെക്കുക. 4- നിങ്ങൾ പരസ്പരം പിന്തിരിഞ്ഞു കളയരുത്; അതായത് (തൻ്റെ സഹോദരനെ കണ്ടുമുട്ടിയാൽ) അവനിൽ നിന്ന് തിരിഞ്ഞു കളഞ്ഞു കൊണ്ട് അവനെ അകറ്റി നിർത്തരുത്. 5- നിങ്ങളിലൊരാളും മറ്റൊരാളുടെ കച്ചവടത്തിന് മേൽ കച്ചവടം നടത്തരുത്; അതായത്, ഒരാൾ മറ്റൊരാളുടെ പക്കൽ നിന്ന് ഒരു വസ്തു വാങ്ങാനായി നിൽക്കുന്ന വേളയിൽ ഇതേ വസ്തു എൻ്റെ പക്കൽ ഇതിനേക്കാൾ കുറഞ്ഞ വിലയിലുണ്ട് എന്നോ, ഇതേ വിലയിൽ ഇതിനേക്കാൾ മേന്മയുള്ളത് എൻ്റെ പക്കലുണ്ടെന്നോ പറയരുത്. ശേഷം സമ്പൂർണ്ണവും സമഗ്രവുമായ ഒരു വസ്വിയ്യത്ത് നബി (ﷺ) നൽകി: "പരസ്പര സഹോദരങ്ങളായ, അല്ലാഹുവിൻ്റെ ദാസന്മാരായി നിങ്ങൾ മാറുക." അതായത്, ഞാൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിക്കുന്ന, പരസ്പരം സ്നേഹവും അനുകമ്പയും ഇഷ്ടവും സൗമ്യതയും പുലർത്തുന്ന, ശുദ്ധമായ ഹൃദയവും എല്ലാ സന്ദർഭത്തിലും ഗുണകാംക്ഷയുമുള്ള സഹോദരങ്ങളെ പോലെ നിങ്ങൾ ആയിത്തീരുക! ഈ സാഹോദര്യത്തിൻ്റെ തേട്ടമായി ഓരോ മുസ്‌ലിമും തൻ്റെ സഹോദരനോട് പാലിച്ചിരിക്കേണ്ട ചിലത് കൂടെ അവിടുന്ന് ശേഷം അറിയിക്കുന്നു: തൻ്റെ സഹോദരനായ മുസ്‌ലിമിനോട് അതിക്രമം ചെയ്യുകയോ അനീതി പ്രവർത്തിക്കുകയോ അരുത്. തൻ്റെ സഹോദരനോട് അതിക്രമം ചെയ്യപ്പെടാൻ അനുവദിക്കരുത്; അവനെ സഹായിക്കാനോ അവനോടുള്ള അതിക്രമം തടയാനോ സാധിക്കുന്ന വേളയിൽ അവനെ കൈവിടരുത്. തൻ്റെ മുസ്‌ലിം സഹോദരനെ നിസ്സാരനായി കാണുകയോ ചെറുതായി കണക്കാക്കുകയോ വിലയില്ലാത്തവനായി പരിഗണിക്കുകയോ അരുത്. ഹൃദയത്തിലുള്ള അഹങ്കാരത്തിൽ നിന്നാണ് ആ ചിന്താഗതി ഉടലെടുക്കുന്നത്. ശേഷം ഓരോ വ്യക്തിയുടെയും ഹൃദയത്തിലാണ് തഖ്‌വ നിലകൊള്ളുന്നത് എന്ന കാര്യം മൂന്ന് തവണ നബി (ﷺ) ആവർത്തിച്ചു പറഞ്ഞു. സൽസ്വഭാവം പുലർത്താനും, അല്ലാഹുവിനെ ഭയക്കാനും അവൻ തന്നെ നിരീക്ഷിക്കുന്നുണ്ട് എന്ന ബോധ്യത്തിൽ ജീവിക്കാനും ഒരാളെ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള തഖ്‌വ അവൻ്റെ ഹൃദയത്തിലുണ്ട് എങ്കിൽ അവനൊരിക്കലും ഒരു മുസ്‌ലിമിനെ നിസ്സാരനും വിലയില്ലാത്തവനുമായി കാണുകയില്ല. തൻ്റെ സഹോദരനായ ഒരു മുസ്‌ലിമിനെ നിസ്സാരനാക്കുക എന്നത് മാത്രം മതി ഒരാളെ നശിപ്പിക്കാവുന്ന തിന്മയും അവൻ്റെ നിലവാരം നഷ്ടപ്പെടുത്തുന്ന തിന്മയുമായി; കാരണം ഹൃദയത്തിൽ കുടികൊള്ളുന്ന അഹങ്കാരത്തിൽ നിന്നാണ് ആ സ്വഭാവം ഉടലെടുക്കുന്നത്. ശേഷം ഇത്രയും വിവരിച്ച കാര്യം നബി (ﷺ) വീണ്ടും ഊന്നിയൂന്നി പറയുന്നു; ഓരോ മുസ്‌ലിമും മറ്റു മുസ്‌ലിമിന് മേൽ നിഷിദ്ധമാകുന്നു. അവൻ്റെ രക്തം നിഷിദ്ധമാണ്; അവനെ വധിക്കുകയോ മുറിവേൽപ്പിക്കുകയോ മർദ്ധിക്കുകയോ ചെയ്തു കൊണ്ട് അവന് മേൽ അതിക്രമം അഴിച്ചു വിടാൻ ഒരാൾക്കും അനുവാദമില്ല. അവൻ്റെ സമ്പത്തും നിഷിദ്ധമാണ്; അർഹതയില്ലാതെ യാതൊന്നും അതിൽ നിന്ന് എടുക്കാൻ അവന് പാടില്ല. അവൻ്റെ അഭിമാനവും പവിത്രമാണ്; അവൻ്റെ വ്യക്തിത്വത്തെയോ തറവാടിനെയോ ആക്ഷേപിക്കുന്നത് അവന് പാടില്ല.