عَنْ عَبْدِ اللَّهِ بْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا قَالَ: أَخَذَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِمَنْكِبِي، فَقَالَ:
«كُنْ فِي الدُّنْيَا كَأَنَّكَ غَرِيبٌ أَوْ عَابِرُ سَبِيلٍ»، وَكَانَ ابْنُ عُمَرَ، يَقُولُ: إِذَا أَمْسَيْتَ فَلاَ تَنْتَظِرِ الصَّبَاحَ، وَإِذَا أَصْبَحْتَ فَلاَ تَنْتَظِرِ المَسَاءَ، وَخُذْ مِنْ صِحَّتِكَ لِمَرَضِكَ، وَمِنْ حَيَاتِكَ لِمَوْتِكَ.
[صحيح] - [رواه البخاري] - [صحيح البخاري: 6416]
المزيــد ...
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- എൻ്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു:
"ദുനിയാവിൽ ഒരു അപരിചിതനെ പോലെയോ, വഴിയാത്രക്കാരനെ പോലെയോ നീ ആയിത്തീരുക." ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- പറയാറുണ്ടായിരുന്നു: "വൈകുന്നേരമായാൽ ഇനിയൊരു പകൽ നീ പ്രതീക്ഷിക്കരുത്.പകലിൽ പ്രവേശിച്ചാൽ ഇനിയൊരു വൈകുന്നേരവും നീ പ്രതീക്ഷിക്കരുത്. നിൻ്റെ ആരോഗ്യത്തിൽ നിന്ന് അനാരോഗ്യത്തിലേക്കുള്ളതും, നിൻ്റെ ജീവിതത്തിൽ നിന്ന് മരണത്തിലേക്കുള്ളതും നീ സമ്പാദിക്കുക."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 6416]
നബി -ﷺ- തൻ്റെ തോളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞ ചില വാക്കുകളാണ് ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- ഈ ഹദീഥിൽ വിവരിക്കുന്നത്. അവിടുന്ന് പറഞ്ഞു: "ഇഹലോകത്ത് നീ ഒരു അപരിചിതനെ പോലെയായിരിക്കുക; താമസിക്കാൻ ഒരു ഭവനമോ, ആശ്വസിപ്പിക്കാൻ പരിചയമുള്ള ഒരാളോ, കുടുംബമോ കൂട്ടരോ ബന്ധങ്ങളോ ഇല്ലാത്ത ഒരു നാട്ടിലേക്ക് വന്നെത്തിയ ഒരു യാത്രികനെ പോലെ... അല്ലാഹുവിൽ നിന്ന് മനുഷ്യൻ്റെ ശ്രദ്ധ തെറ്റിച്ചു കളയുന്ന കാര്യങ്ങളാണല്ലോ ഇവയെല്ലാം! ശേഷം ഒരു അപരിചിതൻ്റെ അവസ്ഥയേക്കാൾ കഠിനമായ മറ്റൊരു കാര്യം കൂടി അവിടുന്ന് ഓർമ്മപ്പെടുത്തി; ഒരു വഴിയാത്രികനെ പോലെ ജീവിക്കുക എന്നതാണത്. തൻ്റെ നാട് ലക്ഷ്യം വെച്ചു കൊണ്ട് ദേശങ്ങൾ താണ്ടി സഞ്ചരിക്കുന്ന വ്യക്തി അപരിചിതമായ ഒരു നാട്ടിൽ താമസിക്കുന്ന ഒരുവനെക്കാൾ തൻ്റെ ലക്ഷ്യത്തെ കുറിച്ച് ബോധ്യവാനായിരിക്കും. ഇടവേളയില്ലാതെ യാത്രയിൽ മുന്നേറുകയും, തൻ്റെ യാത്രയുടെ വേഗത കുറക്കാതിരിക്കാൻ ഏറ്റവും ലളിതമായ വിഭവങ്ങൾ മാത്രം കയ്യിൽ കരുതുകയും ചെയ്തവനായിരിക്കും അവൻ. തൻ്റെ നാട്ടിലേക്ക് ചെന്നെത്തുക എന്നത് മാത്രമായിരിക്കും അവൻ്റെ ലക്ഷ്യം. തൻ്റെ യാത്രയുടെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന വിഭവങ്ങളിലേക്കല്ലാതെ മറ്റൊന്നിലേക്കും ഒരു യാത്രികൻ്റെ കണ്ണു പോകുന്നില്ല എന്നത് പോലെ, തൻ്റെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്ന വിഭവങ്ങളിൽ മാത്രം ലക്ഷ്യം വെച്ചു കൊണ്ടായിരിക്കണം ഒരു മുഅ്മിനിൻ്റെ ജീവിതയാത്രയും.
ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നബി -ﷺ- യുടെ ഈ ഉപദേശം ജീവിതത്തിൽ സ്വീകരിച്ചു. അദ്ദേഹം പറയാറുണ്ടായിരുന്നു: "നീ നേരം പുലർന്നാൽ ഇനിയൊരു വൈകുന്നേരത്തെ പ്രതീക്ഷിക്കരുത്. വൈകുന്നേരമായാൽ ഇനിയൊരു പകലിനെയും പ്രതീക്ഷിക്കരുത്. മരണപ്പെട്ടു ഖബ്റിലേക്ക് ചെന്നെത്താനുള്ളവനാണ് നീയും എന്ന കണക്കുകൂട്ടൽ നിനക്കുണ്ടായിരിക്കട്ടെ. അതോടൊപ്പം, ആയുസ്സിൽ ആരോഗ്യവേളയും രോഗകാലവുമുണ്ടായിരിക്കുന്നതാണ് എന്ന് നീ ഓർക്കുക; അതിനാൽ നിൻ്റെ ആരോഗ്യകാലത്ത് രോഗകാലത്തിന് വേണ്ടി നന്മകൾ ചെയ്തു വെക്കുക. നിനക്കും സൽകർമ്മങ്ങൾക്കും ഇടയിൽ അസുഖങ്ങൾ തടസ്സം സൃഷ്ടിക്കുന്നതിന് മുൻപ് സൽകർമ്മങ്ങൾ വാരിക്കൂട്ടുക. ഇഹലോകത്തുള്ള നിൻ്റെ ഈ ജീവിതം പ്രയോജനപ്പെടുത്തുകയും, മരണശേഷമുള്ള ജീവിതത്തിലേക്കുള്ള വിഭവങ്ങൾ നീ സ്വരുക്കൂട്ടുകയും ചെയ്യുക."