عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ:
حَدَّثَنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَهُوَ الصَّادِقُ المَصْدُوقُ: «أَنَّ خَلْقَ أَحَدِكُمْ يُجْمَعُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا وَأَرْبَعِينَ لَيْلَةً، ثُمَّ يَكُونُ عَلَقَةً مِثْلَهُ، ثُمَّ يَكُونُ مُضْغَةً مِثْلَهُ، ثُمَّ يُبْعَثُ إِلَيْهِ المَلَكُ، فَيُؤْذَنُ بِأَرْبَعِ كَلِمَاتٍ، فَيَكْتُبُ: رِزْقَهُ وَأَجَلَهُ وَعَمَلَهُ وَشَقِيٌّ أَمْ سَعِيدٌ، ثُمَّ يَنْفُخُ فِيهِ الرُّوحَ، فَإِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ الجَنَّةِ حَتَّى لاَ يَكُونُ بَيْنَهَا وَبَيْنَهُ إِلَّا ذِرَاعٌ، فَيَسْبِقُ عَلَيْهِ الكِتَابُ، فَيَعْمَلُ بِعَمَلِ أَهْلِ النَّارِ فَيَدْخُلُ النَّارَ، وَإِنَّ أَحَدَكُمْ لَيَعْمَلُ بِعَمَلِ أَهْلِ النَّارِ حَتَّى مَا يَكُونُ بَيْنَهَا وَبَيْنَهُ إِلَّا ذِرَاعٌ، فَيَسْبِقُ عَلَيْهِ الكِتَابُ، فَيَعْمَلُ عَمَلَ أَهْلِ الجَنَّةِ فَيَدْخُلُهَا».
[صحيح] - [متفق عليه] - [صحيح البخاري: 7454]
المزيــد ...
അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
സത്യസന്ധനും (അല്ലാഹുവിനാൽ) സത്യപ്പെടുത്തപ്പെട്ടവരുമായ അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഞങ്ങളെ അറിയിച്ചു: "നിങ്ങളുടെ ഓരോരുത്തരുടെയും സൃഷ്ടിപ്പ് അവൻ്റെ മാതാവിൻ്റെ വയറ്റിൽ നാൽപ്പത് ദിവസം -അല്ലെങ്കിൽ നാൽപ്പത് രാത്രി- ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. പിന്നീട് അത്രയും ദിവസങ്ങൾ അത് ഒരു 'അലഖ' (രക്തക്കട്ട) യാകും. പിന്നീട് അത്രയും ദിവസങ്ങൾ 'മുദ്ഗ' (ഇറച്ചിക്കഷ്ണം) ആകും. പിന്നീട് അവനിലേക്ക് ഒരു മലക്ക് അയക്കപ്പെടും. അദ്ദേഹത്തോട് നാല് കാര്യങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കും. അങ്ങനെ ആ മലക്ക് (ഗർഭസ്ഥശിശുവിൻ്റെ) ഉപജീവനവും ആയുസ്സും പ്രവർത്തനങ്ങളും, അവൻ സൗഭാഗ്യവാനാണോ അതല്ല ദൗർഭാഗ്യവനാണോ എന്നതും രേഖപ്പെടുത്തും. പിന്നീട് അവനിൽ ആത്‌മാവ് ഊതപ്പെടും. നിങ്ങളിൽ ചിലർ സ്വർഗക്കാരുടെ പ്രവർത്തനങ്ങൾ ചെയ്യുകയും, അങ്ങനെ അവനും സ്വർഗത്തിനും ഇടയിൽ ഒരു ചാൺ മാത്രം ദൂരം ബാക്കിയാവുകയും ചെയ്യുന്ന സന്ദർഭത്തിൽ (അല്ലാഹുവിൻ്റെ വിധി രേഖപ്പെടുത്തിയ) ഗ്രന്ഥം അവനെ മറികടക്കുകയും, അങ്ങനെ അവൻ നരകക്കാരുടെ പ്രവർത്തനം ചെയ്യുകയും, അതിലൂടെ നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. നിങ്ങളിൽ ചിലർ നരകക്കാരുടെ പ്രവർത്തനങ്ങൾ ചെയ്യുകയും, അങ്ങനെ അവനും നരകത്തിനും ഇടയിൽ ഒരു ചാൺ മാത്രം ദൂരം ബാക്കിയാവുകയും ചെയ്യുന്ന സന്ദർഭത്തിൽ (അല്ലാഹുവിൻ്റെ വിധി രേഖപ്പെടുത്തിയ) ഗ്രന്ഥം അവനെ മറികടക്കുകയും, അങ്ങനെ അവൻ സ്വർഗക്കാരുടെ പ്രവർത്തനം ചെയ്യുകയും, അതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 7454]
ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- ഞങ്ങളെ അറിയിച്ചിരിക്കുന്നു. അവിടുന്ന് തൻ്റെ വാക്കുകളിലെല്ലാം സത്യം മാത്രം പറഞ്ഞവരാണ്; അല്ലാഹു അവിടുത്തെ സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ സൃഷ്ടിപ്പ് ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്; അതായത് ഒരു പുരുഷൻ തൻ്റെ ഭാര്യയുമായി ഇണചേർന്നാൽ അയാളുടെ ചിതറിയ ഇന്ദ്രിയത്തുള്ളികൾ അവൻ്റെ ഇണയുടെ വയറ്റിൽ ഒരുമിച്ചു കൂട്ടപ്പെടുകയും, അതൊരു ബീജമായി മാറുകയും ചെയ്യുന്നതാണ്. പിന്നീട് അതൊരു 'അലഖ'യായി തീരും; കട്ടിയുള്ള ഒഴുകാത്ത രക്തക്കട്ടയാണത്. നാൽപ്പത് മുതൽ എൺപത് വരെയുള്ള ദിവസങ്ങളിലാണ് ഈ അവസ്ഥ. പിന്നീട് അതൊരു മുദ്ഗയാകും; മനുഷ്യർ വായിലിട്ടു ചവക്കുന്ന ഒരു ഇറച്ചിക്കഷ്ണത്തോളം വലുപ്പമുള്ളതാണത്. എൺപത് മുതൽ നൂറ്റിഇരുപത് ദിവസങ്ങളിലാണ് ഇത് നടക്കുക. ശേഷം അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും; നൂറ്റിഇരുപത് ദിവസങ്ങൾക്ക് ശേഷം മലക്ക് ആ ഗർഭസ്ഥശിശുവിൽ ആത്‌മാവിനെ ഊതുന്നതാണ്. നാല് കാര്യങ്ങൾ രേഖപ്പെടുത്താൻ കൂടി ആ മലക്കിനോട് കൽപ്പിക്കപ്പെടും. ഒന്നാമത്തെ കാര്യം അവൻ്റെ ഉപജീവനമാണ്. തൻ്റെ ആയുശ്കാലത്തിൽ അവന് ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളുടെ കണക്കാണത്. രണ്ടാമത്തേത് അവൻ്റെ ആയുസ്സാണ്; ഇഹലോകത്ത് അവൻ എത്ര കാലം ബാക്കിയുണ്ടാകുമെന്ന കണക്കാണത്. മൂന്നാമത്തെ കാര്യം അവൻ്റെ പ്രവർത്തനങ്ങൾ; എന്താണ് അവൻ്റെ പ്രവർത്തനങ്ങൾ എന്ന് രേഖപ്പെടുത്തപ്പെടും. അവൻ സൗഭാഗ്യവാനാണോ ദൗർഭാഗ്യവാനാണോ എന്നതും രേഖപ്പെടുത്തുന്നതാണ്. ശേഷം നബി -ﷺ- അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് പറയുന്നു: ഒരാൾ സ്വർഗക്കാരുടെ പ്രവർത്തനങ്ങൾ ചെയ്യുകയും, ജനങ്ങൾക്ക് പ്രത്യക്ഷമായി കാണുമ്പോൾ നന്മകൾ ചെയ്യുന്ന ഒരാളായിരിക്കുകയും ചെയ്യും. അങ്ങനെ അവൻ ഈ നിലയിൽ തുടരുകയും, അവസാനം സ്വർഗത്തിനും അവനും ഇടയിൽ ഒരു ചാൺ മാത്രം ദൂരമേ ബാക്കിയുള്ളൂ എന്ന സ്ഥിതിയെത്തുകയും ചെയ്യും. അപ്പോൾ അവൻ്റെ വിധിരേഖപ്പെടുത്തിയ ഗ്രന്ഥം അവനെ മറികടക്കുകയും അങ്ങനെ നരകക്കാരുടെ പ്രവർത്തനം ചെയ്തു കൊണ്ട് അവൻ നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. കാരണം ഒരു മനുഷ്യൻ തൻ്റെ പ്രവർത്തനത്തിൽ മാറ്റം വരുത്താതെ ഉറച്ചു നിലകൊള്ളണമെന്നത് പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടാനുള്ള നിബന്ധനകളിൽ പെട്ടതാണ്. എന്നാൽ ജനങ്ങളിൽ പെട്ട മറ്റൊരാൾ നരകവാസികളുടെ പ്രവർത്തനങ്ങളാണ് ചെയ്യുക; അവസാനം അവനും നരകത്തിനും ഇടയിൽ ഒരു ചാൺ മാത്രം വഴിദൂരമുണ്ടാകുമ്പോൾ അവൻ്റെ ഗ്രന്ഥം അവനെ മറികടക്കുകയും അങ്ങനെ അവൻ സ്വർഗവാസികളുടെ പ്രവർത്തനം ചെയ്യുകയും അതിലൂടെ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും.