عَنِ أَبِي مُوسَى رضي الله عنه، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ كَانَ يَدْعُو بِهَذَا الدُّعَاءِ:
«رَبِّ اغْفِرْ لِي خَطِيئَتِي وَجَهْلِي، وَإِسْرَافِي فِي أَمْرِي كُلِّهِ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي خَطَايَايَ، وَعَمْدِي وَجَهْلِي وَهَزْلِي، وَكُلُّ ذَلِكَ عِنْدِي، اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ، أَنْتَ المُقَدِّمُ وَأَنْتَ المُؤَخِّرُ، وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ».
[صحيح] - [متفق عليه] - [صحيح البخاري: 6398]
المزيــد ...
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
"അല്ലാഹുവേ! എൻ്റെ തെറ്റുകളും വിവരക്കേടും കാര്യങ്ങളിലുള്ള അതിരുകവിയലും എന്നേക്കാൾ നിനക്ക് അറിവുള്ള എൻ്റെ വീഴ്ചകളും നീ എനിക്ക് പൊറുത്തു തരേണമേ! അല്ലാഹുവേ! അബദ്ധങ്ങളും, ബോധപൂർവ്വം ചെയ്തതും അവിവേകങ്ങളും തമാശയായി ചെയ്തതും, നീയെനിക്ക് പൊറുത്തു തരേണമേ! ഈ പറഞ്ഞതെല്ലാം എന്നിലുണ്ട്. അല്ലാഹുവേ! ഞാൻ മുന്തിച്ചു വെച്ചതും പിന്തിച്ചു വെച്ചതും, ഞാൻ രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്ക് പൊറുത്തു തരേണമേ! നീയാകുന്നു കാര്യങ്ങളെ മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6398]
നബി -ﷺ- യുടെ പ്രാർത്ഥനകളിൽ ഏറെ ആശയസമ്പുഷ്ടമായ പ്രാർത്ഥനകളിലൊന്നാണ് ഇത്. അവിടുന്ന് പറയാറുണ്ടായിരുന്നു:
എൻ്റെ റബ്ബേ! എനിക്ക് സംഭവിച്ച അബദ്ധങ്ങളും തിന്മകളും എൻ്റെ പക്കൽ നിന്ന് അറിവില്ലാതെ സംഭവിച്ച തെറ്റുകളും നീ എനിക്ക് പൊറുത്തു തരണേ!
എൻ്റെ എല്ലാ കാര്യങ്ങളിലും സംഭവിച്ചു പോയ കുറവുകളും അതിരുകവിച്ചിലുകളും പരിധി ലംഘനങ്ങളും എനിക്ക് പൊറുത്തു തരണേ!
എൻ്റെ പക്കലുള്ള തിന്മകളിൽ നിന്ന് ഞാൻ മറന്നു പോയ -എന്നാൽ നീ അറിഞ്ഞിട്ടുള്ള- തിന്മകളും നീ പൊറുത്തു തരേണമേ!
ഞാൻ ബോധപൂർവ്വം പ്രവർത്തിച്ചതും തിന്മയാണെന്നറിഞ്ഞിട്ടും ചെയ്ത തെറ്റുകളും നീ പൊറുക്കണേ!
തമാശയായി സംഭവിച്ചതും ഗൗരവത്തിൽ ചെയ്തതുമായ തിന്മകളും പൊറുത്തു തരണേ!
ഇത്രയും ഞാൻ പറഞ്ഞതെല്ലാം -ഈ വിധത്തിലുള്ള തിന്മകളെല്ലാം- ഞാൻ ചെയ്തു പോയിരിക്കുന്നു. അവയെല്ലാം എൻ്റെ പക്കലുണ്ട്.
എൻ്റെ കഴിഞ്ഞു പോയതും സംഭവിച്ചു കഴിഞ്ഞതുമായ തിന്മകളും, വരാനിരിക്കുന്ന തിന്മകളും എനിക്ക് നീ പൊറുത്തു തരണമേ!
ഞാൻ രഹസ്യമാക്കിയതും ഒളിപ്പിച്ചു വെച്ചതും, ഞാൻ പരസ്യമാക്കിയതും പ്രകടമാക്കിയതുമായ തിന്മകൾ പൊറുത്തു തരണേ!
നീയാകുന്നു മുഖദ്ദിമും മുഅഖ്ഖിറും ആയവൻ: നിൻ്റെ സൃഷ്ടികളിൽ നീ ഉദ്ദേശിക്കുന്നവരെ -നിൻ്റെ കാരുണ്യത്താൽ- നിനക്ക് തൃപ്തികരമായതിലേക്ക് നീ വഴികാട്ടുന്നു. നീ ഉദ്ദേശിച്ചവരെ നീ അതിലേക്ക് എത്താൻ കഴിയാത്ത വിധം പരാജിതരാക്കുകയും ചെയ്യുന്നു. നീ പിന്നോട്ട് വെച്ചതിനെ മുന്നിലേക്ക് വെക്കാനോ, നീ മുന്നിലേക്ക് വെച്ചതിനെ പിന്നോട്ടാക്കാനോ ഒരാളുമില്ല.
നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; ഉദ്ദേശിച്ചതെല്ലാം നടപ്പിലാക്കാനും, പ്രവർത്തിക്കാനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു നീ.