عَن أَبِي بُرْدَةَ بْنِ أَبِي مُوسَى رَضِيَ اللَّهُ عَنْهُ قَالَ:
وَجِعَ أَبُو مُوسَى وَجَعًا شَدِيدًا، فَغُشِيَ عَلَيْهِ وَرَأْسُهُ فِي حَجْرِ امْرَأَةٍ مِنْ أَهْلِهِ، فَلَمْ يَسْتَطِعْ أَنْ يَرُدَّ عَلَيْهَا شَيْئًا، فَلَمَّا أَفَاقَ، قَالَ: أَنَا بَرِيءٌ مِمَّنْ بَرِئَ مِنْهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بَرِئَ مِنَ الصَّالِقَةِ وَالحَالِقَةِ وَالشَّاقَّةِ.
[صحيح] - [متفق عليه] - [صحيح البخاري: 1296]
المزيــد ...
അബൂ ബുർദഃ ബ്നു അബീ മൂസാ
(رضي الله عنه) നിവേദനം:
അബൂ മൂസക്ക് ഒരിക്കൽ കഠിനമായ വേദന ബാധിച്ചു. തൻ്റെ കുടുബത്തിൽ പെട്ട ഒരു സ്ത്രീയുടെ മടിയിൽ തലവെച്ചിരിക്കെ അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു. ആ സ്ത്രീ അദ്ദേഹത്തിന് എന്തോ സംഭവിച്ചെന്ന് കരുതി നിലവിളിച്ചു കരഞ്ഞു. അവരോട് എന്തെങ്കിലും മറുപടി നൽകാൻ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല അദ്ദേഹം. ബോധം തിരിച്ചു വന്നപ്പോൾ അദ്ദേഹം പറഞ്ഞു: "നബി (ﷺ) ബന്ധവിഛേദനം നടത്തിയവരിൽ നിന്ന് ഞാനും ബന്ധവിഛേദനം നടത്തുന്നു. (വിപത്തുകൾ സംഭവിച്ചാൽ) അട്ടഹസിക്കുന്നവളിൽ നിന്നും, തല മുണ്ഡനം ചെയ്യുന്നവളിൽ നിന്നും, വസ്ത്രം വലിച്ചു കീറുന്നവളിൽ നിന്നും നബി -ﷺ- ബന്ധം വിഛേദിച്ചിരിക്കുന്നു.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1296]
അബൂ ബുർദഃ (رضي الله عنه) തൻ്റെ പിതാവായ അബൂ മൂസാ (رضي الله عنه) യുടെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. അബൂ മൂസാക്ക് (رضي الله عنه) ഒരിക്കൽ കഠിനമായ രോഗം ബാധിക്കുകയും അദ്ദേഹം ബോധരഹിതനാവുകയും ചെയ്തു. അദ്ദേഹത്തിൻ്റെ കുടുംബത്തിൽ പെട്ട ഒരു സ്ത്രീയുടെ മടിയിൽ തലവെച്ചു കൊണ്ടായിരുന്നു ആ സമയം അദ്ദേഹം ഉണ്ടായിരുന്നത്. അപ്പോൾ അവർ വിലപിക്കുകയും അദ്ദേഹത്തിൻ്റെ പ്രയാസത്തിൽ ആർത്തലക്കുകയും ചെയ്തു. അദ്ദേഹം ബോധരഹിതനായിരുന്നു എന്നതിനാൽ ആ സമയം അവരെ തിരുത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ ബോധം തിരിച്ചു ലഭിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: നബി (ﷺ) ബന്ധവിഛേദനം നടത്തിയവരിൽ നിന്ന് ഞാനും ബന്ധവിഛേദനം നടത്തുന്നു. നബി (ﷺ) ഈ പറയുന്നവരിൽ നിന്നെല്ലാം ബന്ധം മുറിച്ചിരിക്കുന്നു: സ്വാലിഖഃ : വിപത്തിൻ്റെ വേളയിൽ ശബ്ദം ഉയർത്തുന്നവരാണ് അക്കൂട്ടർ. ഹാലിഖഃ : വിപത്തുകൾ ബാധിച്ചാൽ തല മൊട്ടയടിക്കുന്ന സ്ത്രീകളാണ് അവർ. ശാഖ്ഖഃ : പ്രയാസങ്ങളുടെ വേളകളിൽ വസ്ത്രം വലിച്ചു കീറുന്നവളാണ് അവൾ. ഈ കാര്യങ്ങളെല്ലാം വിവരമില്ലാത്ത ജാഹിലിയ്യാ കാലഘട്ടത്തിൻ്റെ സ്വഭാവങ്ങളിൽ പെട്ടതാണെന്നതിനാലാണ് നബി (ﷺ) ഇപ്രകാരം പറഞ്ഞത്. വിപത്തുകളിൽ ക്ഷമ അവലംബിക്കാനും, അല്ലാഹുവിങ്കൽ അതിനുള്ള പ്രതിഫലം പ്രതീക്ഷിക്കാനുമാണ് അവിടുന്ന് കൽപ്പിച്ചിട്ടുള്ളത്.