+ -

عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ أَكَلَ ثُومًا أَوْ بَصَلًا، فَلْيَعْتَزِلْنَا -أَوْ قَالَ: فَلْيَعْتَزِلْ- مَسْجِدَنَا، وَلْيَقْعُدْ فِي بَيْتِهِ»، وَأَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ أُتِيَ بِقِدْرٍ فِيهِ خَضِرَاتٌ مِنْ بُقُولٍ، فَوَجَدَ لَهَا رِيحًا، فَسَأَلَ فَأُخْبِرَ بِمَا فِيهَا مِنَ البُقُولِ، فَقَالَ قَرِّبُوهَا إِلَى بَعْضِ أَصْحَابِهِ كَانَ مَعَهُ، فَلَمَّا رَآهُ كَرِهَ أَكْلَهَا، قَالَ: «كُلْ فَإِنِّي أُنَاجِي مَنْ لاَ تُنَاجِي». ولِمُسْلِمٍ عَنْ جَابِرِ بْنِ عَبْدِ اللهِ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ أَكَلَ مِنْ هَذِهِ الْبَقْلَةِ، الثُّومِ - وقَالَ مَرَّةً: مَنْ أَكَلَ الْبَصَلَ وَالثُّومَ وَالْكُرَّاثَ فَلَا يَقْرَبَنَّ مَسْجِدَنَا، فَإِنَّ الْمَلَائِكَةَ تَتَأَذَّى مِمَّا يَتَأَذَّى مِنْهُ بَنُو آدَمَ».

[صحيح] - [متفق عليه] - [صحيح البخاري: 855]
المزيــد ...

ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ തിന്നാൽ അവൻ നമ്മിൽ നിന്നും വിട്ടുനിൽക്കട്ടെ; -അല്ലെങ്കിൽ അവിടുന്ന് പറഞ്ഞു-: അവൻ നമ്മുടെ മസ്ജിദിൽ നിന്ന് അകന്നു നിൽക്കുകയും, അവൻ്റെ വീട്ടിൽ ഇരിക്കുകയും ചെയ്യട്ടെ." ഒരിക്കൽ അവിടുത്തേക്ക് ഒരു പാത്രത്തിൽ ചില പച്ചക്കറികൾ കൊണ്ടു നൽകപ്പെട്ടു. അതിൽ ഒരു വാസന അനുഭവപ്പെട്ടപ്പോൾ നബി -ﷺ- അതിനെ കുറിച്ച് ചോദിച്ചു. അതിലുള്ള ചെടികളെ കുറിച്ച് പറഞ്ഞു കൊടുത്തപ്പോൾ തൻ്റെ സ്വഹാബികളിൽ ആർക്കെങ്കിലും അത് നൽകാൻ അവിടുന്ന് പറഞ്ഞു. എന്നാൽ നബി -ﷺ- അത് ഭക്ഷിക്കുന്നതിൽ താൽപ്പര്യം കാണിക്കാത്തത് കണ്ടപ്പോൾ (അവർക്ക് അത് ഭക്ഷിക്കാൻ പ്രയാസമുണ്ടായി.) അപ്പോൾ നബി -ﷺ- പറഞ്ഞു: "കഴിച്ചു കൊള്ളുക. നിങ്ങൾ സംഭാഷണത്തിലേർപ്പെടാത്തവനുമായി ഞാൻ സംഭാഷണം നടത്താറുണ്ട്."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 855]

വിശദീകരണം

ഉള്ളിയോ വെളുത്തുള്ളിയോ ഭക്ഷിച്ച ശേഷം ഒരാൾ മസ്ജിദിലേക്ക് വരുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. മസ്ജിദിലേക്ക് നിസ്കരിക്കാൻ വന്നെത്തുന്ന മറ്റുള്ളവർക്ക് അതിൻ്റെ മണം പ്രയാസം സൃഷ്ടിച്ചേക്കും എന്നതിനാലാണ് അവിടുന്ന് അക്കാര്യം വിലക്കിയത്. അവ തിന്നുകൊണ്ട് അതിൻ്റെ ദുർഗന്ധം പേറി മസ്ജിദിലേക്ക് വരുന്നത് ഒഴിവാക്കാനുള്ള നിർദേശമേ ഈ ഹദീഥിലുള്ളൂ; അതല്ലാതെ ഉള്ളി ഭക്ഷിക്കരുത് എന്ന കൽപ്പനയല്ല. മറിച്ച് അത് അനുവദിക്കപ്പെട്ട ഭക്ഷണം തന്നെയാണ്. നബി -ﷺ- ക്ക് ഒരിക്കൽ ചില പച്ചക്കറികൾ വെച്ച ഒരു പാത്രം കൊണ്ടുവരപ്പെടുകയും, അതിൽ ഒരു മണമുണ്ട് എന്ന് അവിടുത്തേക്ക് അനുഭവപ്പെടുകയും, അതിലുള്ളത് എന്താണെന്ന് അവിടുത്തോട് പറയപ്പെടുകയും ചെയ്തപ്പോൾ നബി -ﷺ- അത് ഭക്ഷിക്കാതെ ഒഴിവാക്കി. തൻ്റെ സ്വഹാബികൾക്ക് അത് ഭക്ഷിക്കാനായി അവിടുന്ന് അവരുടെ അടുത്തേക്ക് അത് നീക്കിവെച്ചുവെങ്കിലും അവിടുത്തെ മാതൃകയാക്കാനുള്ള ഇഷ്ടം കാരണം അവർക്കും അത് ഭക്ഷിക്കുന്നത് പ്രയാസകരമായി. അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: നിങ്ങൾ ഭക്ഷിച്ചു കൊള്ളുക; ഞാൻ മലക്കുകളുമായി അല്ലാഹുവിൽ നിന്നുള്ള സന്ദേശം സ്വീകരിക്കുമ്പോൾ സംസാരിക്കുന്നത് കൊണ്ടാണ് അത് കഴിക്കാതിരുന്നത്.
മനുഷ്യർക്ക് പ്രയാസമുണ്ടാക്കുന്ന ദുർഗന്ധങ്ങൾ മലക്കുകൾക്കും പ്രയാസം സൃഷ്ടിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ജെർമൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية Kargaria النيبالية الرومانية Malagasy Oromianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഉള്ളിയോ, വെളുത്തുള്ളിയോ പോലുള്ളത് കഴിച്ചു കൊണ്ട് മസ്ജിദിൽ വരുന്നതിൽ നിന്ന് നബി -ﷺ- വിലക്കിയിരിക്കുന്നു.
  2. നിസ്കരിക്കാൻ വരുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്ന ദുർഗന്ധമുള്ള എല്ലാ കാര്യങ്ങളും ഈ ഹദീഥിൽ പറയപ്പെട്ടവയോട് ചേർത്തു പറയാവുന്നതാണ്. പുകവലിയും മുറുക്കാനും മറ്റും കാരണമായുണ്ടാകുന്ന വാസനകൾ അതിന് ഉദാഹരണമാണ്.
  3. നബി -ﷺ- മസ്ജിദിലേക്ക് വരുന്നത് വിലക്കാനുള്ള കാരണം ഉള്ളി കഴിച്ചാൽ ഉണ്ടാകുന്ന മോശമായ മണമാണ്; എന്നാൽ ഈ മണം നീങ്ങുന്ന വിധത്തിൽ ഉള്ളി പാകം ചെയ്യുകയോ മറ്റോ ആണെങ്കിൽ മസ്ജിദിലേക്ക് വരാനുള്ള ഈ വിലക്കും നീങ്ങുന്നതാണ്.
  4. മസ്ജിദിൽ നിസ്കരിക്കാൻ പോകേണ്ടവർ ഹദീഥിൽ പറയപ്പെട്ട തരം ഭക്ഷണങ്ങൾ കഴിക്കുന്നത് മക്റൂഹാണ്. കാരണം, ജമാഅത്ത് നിസ്കാരം നഷ്ടപ്പെടാൻ അത് കാരണമാക്കുന്നതാണ്. എന്നാൽ മസ്ജിദിലെ ജമാഅത്ത് ഉപേക്ഷിക്കുക എന്ന ദുരുദ്ദേശ്യത്തോടെ ഇത് ഭക്ഷിക്കുക എന്നത് നിഷിദ്ധവും (ഹറാം) ആണ്.
  5. നബി -ﷺ- ഉള്ളിയും മറ്റും ഭക്ഷിക്കുന്നത് തീർത്തും ഒഴിവാക്കിയത് അവ ഭക്ഷിക്കുന്നത് നിഷിദ്ധമാണെന്നത് കൊണ്ടല്ല. മറിച്ച്, അവിടുത്തേക്ക് ജിബ്‌രീൽ (عليه السلام) യുമായി സംഭാഷണം നടത്തേണ്ടതുണ്ട് എന്നത് കൊണ്ടായിരുന്നു.
  6. നബി -ﷺ- യുടെ അദ്ധ്യാപനത്തിൻ്റെ മനോഹരമായ രീതി. അവിടുന്ന് ഒരു കാര്യത്തിൻ്റെ വിധിയും, അതിന് പിറകിലുള്ള യുക്തിയും ഒരേ സമയം പഠിപ്പിച്ചു കൊടുക്കുന്നു. ഇത് കേൾവിക്കാർക്ക് കാര്യം കൂടുതൽ ഉൾക്കൊള്ളാൻ സഹായകമാണ്.
  7. ഖാദ്വീ ഇയാദ്വ് -رَحِمَهُ اللَّهُ- പറയുന്നു: "മസ്ജിദിലേക്ക് വരുന്നതിൽ നിന്നാണ് ഹദീഥിൽ വിലക്കുള്ളത് എങ്കിലും പെരുന്നാൾ മുസ്വല്ലകൾ, ജനാസ നിസ്കാരങ്ങൾ പോലുള്ള ആരാധനകൾക്കായി പൊതുജനം കൂടുന്ന ഇടങ്ങളും പണ്ഡിതന്മാർ ഈ പറഞ്ഞതിൻ്റെ കൂടെ എണ്ണിയിട്ടുണ്ട്. വിജ്ഞാനം തേടുന്ന സ്ഥലങ്ങളും, വിവാഹ സൽക്കാരത്തിന്റെ സ്ഥലങ്ങളും മറ്റും ഇതു പോലെത്തന്നെയാണ്. എന്നാൽ അങ്ങാടികളും മറ്റും ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല."
  8. പണ്ഡിതന്മാർ പറയുന്നു: "മസ്ജിദിൽ ജനങ്ങളാരും ഇല്ലെങ്കിൽ കൂടെ ഉള്ളി ഭക്ഷിച്ചു കൊണ്ട് അവിടേക്ക് പ്രവേശിക്കരുത് എന്ന സൂചന ഈ ഹദീഥിലുണ്ട്. കാരണം മസ്ജിദുകൾ മലക്കുകളുള്ള സ്ഥലമാണ്; ഹദീഥിലെ പൊതുവായ പ്രയോഗത്തിൽ നിന്ന് അതാണ് മനസ്സിലാകുന്നത്."
കൂടുതൽ