عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم:
«إِنَّ أَثْقَلَ صَلَاةٍ عَلَى الْمُنَافِقِينَ صَلَاةُ الْعِشَاءِ وَصَلَاةُ الْفَجْرِ، وَلَوْ يَعْلَمُونَ مَا فِيهِمَا لَأَتَوْهُمَا وَلَوْ حَبْوًا، وَلَقَدْ هَمَمْتُ أَنْ آمُرَ بِالصَّلَاةِ فَتُقَامَ، ثُمَّ آمُرَ رَجُلًا فَيُصَلِّيَ بِالنَّاسِ، ثُمَّ أَنْطَلِقَ مَعِي بِرِجَالٍ مَعَهُمْ حُزَمٌ مِنْ حَطَبٍ إِلَى قَوْمٍ لَا يَشْهَدُونَ الصَّلَاةَ، فَأُحَرِّقَ عَلَيْهِمْ بُيُوتَهُمْ بِالنَّارِ».
[صحيح] - [متفق عليه] - [صحيح مسلم: 651]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമുള്ള നമസ്കാരം ഇശാ നമസ്കാരവും ഫജ്ർ (സുബ്ഹ്) നമസ്കാരവുമാണ്. അതിലുള്ള (പ്രതിഫലത്തിൻ്റെ മഹത്വം) അവർ അറിഞ്ഞിരുന്നെങ്കിൽ മുട്ടിലിഴഞ്ഞു കൊണ്ടെങ്കിലും അവരതിന് വന്നെത്തുമായിരുന്നു. നമസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ ഇഖാമത്ത് കൊടുത്തതിന് ശേഷം ജനങ്ങൾക്ക് ഇമാമായി നമസ്കരിക്കാൻ ഒരാളോട് കൽപ്പിക്കുകയും, ശേഷം വിറകുകെട്ടുകളുമായി കുറച്ചു പേരോടൊപ്പം നമസ്കാരത്തിന് വന്നെത്താത്തവരിലേക്ക് ചെല്ലുകയും, അവരെ അവരുടെ വീടുകളോടെ കത്തിച്ചു കളയുകയും ചെയ്യാൻ ഞാൻ വിചാരിച്ചു പോയി."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 651]
കപടവിശ്വാസികളെ കുറിച്ചും നമസ്കാരത്തിന് സന്നിഹിതരാകുന്നതിൽ അവർക്കുള്ള മടിയെ കുറിച്ചും നബി -ﷺ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. പ്രത്യേകിച്ചും, ഇശാ നമസ്കാരത്തിൻ്റെയും ഫജ്ർ നമസ്കാരത്തിൻ്റെയും കാര്യത്തിൽ. എന്നാൽ ഈ രണ്ട് നമസ്കാരങ്ങളിലും മുസ്‌ലിംകളോടൊപ്പം ജമാഅത്തായി നിർവ്വഹിക്കാൻ സന്നിഹിതരാകുന്നതിൻ്റെ പ്രതിഫലവും പുണ്യവും എത്രയുണ്ടെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നെങ്കിൽ കുട്ടികൾ കൈകാലുകളിൽ ഇഴഞ്ഞുവരുന്നത് പോലെ അവർ അതിന് വരുമായിരുന്നു.
- നിസ്കാരം നിർവ്വഹിക്കാൻ കൽപ്പന നൽകുകയും, അങ്ങനെ നിസ്കാരം ആരംഭിക്കുകയും ചെയ്ത ശേഷം തൻ്റെ സ്ഥാനത്ത് ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ ഒരാളെ നിശ്ചയിക്കുകയും, ശേഷം കുറച്ചു പേരെ വിറകുകൊള്ളികൾ ചുമക്കാൻ വേണ്ടി ഒപ്പം കൂട്ടുകയും, നിസ്കാരത്തിന് വന്നെത്താത്തവരുടെ വീടുകൾ അവരുടെ മേൽ ചുട്ടെരിക്കുകയും ചെയ്യാൻ താൻ ഉദ്ദേശിച്ചു എന്ന് നബി -ﷺ- അറിയിക്കുന്നു. അവർ ചെയ്ത തിന്മയുടെ ഗൗരവം പരിഗണിച്ചു കൊണ്ടാണ് അവിടുന്ന് അപ്രകാരം പറഞ്ഞത്. എന്നാൽ നബി -ﷺ- അപ്രകാരം ചെയ്യുകയുണ്ടായില്ല; വീടുകളിൽ നിരപരാധികളായ സ്ത്രീകളും കുട്ടികളുമുണ്ട് എന്നതും, നിസ്കാരത്തിന് സന്നിഹിതരാകേണ്ടതില്ലാത്ത ഒഴിവുകഴിവുള്ളവരും ഉണ്ട് എന്നതായിരുന്നു അവിടുത്തെ അതിൽ നിന്ന് തടഞ്ഞത്.