عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لاَ تَقُومُ السَّاعَةُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا، فَإِذَا طَلَعَتْ فَرَآهَا النَّاسُ آمَنُوا أَجْمَعُونَ، فَذَلِكَ حِينَ: {لاَ يَنْفَعُ نَفْسًا إِيمَانُهَا لَمْ تَكُنْ آمَنَتْ مِنْ قَبْلُ، أَوْ كَسَبَتْ فِي إِيمَانِهَا خَيْرًا} [الأنعام: 158] وَلَتَقُومَنَّ السَّاعَةُ وَقَدْ نَشَرَ الرَّجُلاَنِ ثَوْبَهُمَا بَيْنَهُمَا فَلاَ يَتَبَايَعَانِهِ، وَلاَ يَطْوِيَانِهِ، وَلَتَقُومَنَّ السَّاعَةُ وَقَدِ انْصَرَفَ الرَّجُلُ بِلَبَنِ لِقْحَتِهِ فَلاَ يَطْعَمُهُ، وَلَتَقُومَنَّ السَّاعَةُ وَهُوَ يَلِيطُ حَوْضَهُ فَلاَ يَسْقِي فِيهِ، وَلَتَقُومَنَّ السَّاعَةُ وَقَدْ رَفَعَ أَحَدُكُمْ أُكْلَتَهُ إِلَى فِيهِ فَلاَ يَطْعَمُهَا».
[صحيح] - [متفق عليه] - [صحيح البخاري: 6506]
المزيــد ...
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല. അങ്ങനെ (പടിഞ്ഞാറ് നിന്ന്) അത് ഉദിക്കുകയും, ജനങ്ങൾ അത് കാണുകയും ചെയ്താൽ അവരെല്ലാം (അല്ലാഹുവിൽ) വിശ്വസിക്കും. (വിശുദ്ധ ഖുർആനിൽ) "നിന്‍റെ റബ്ബിൻ്റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട് കൂടി വല്ല നന്മയും ചെയ്ത് വെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാള്‍ക്കും തന്‍റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല." എന്ന് പറഞ്ഞത് ഈ സന്ദർഭമാണ്. രണ്ടാളുകൾ തങ്ങളുടെ വസ്ത്രങ്ങൾ അവർക്കിടയിൽ വിരിച്ചു വെച്ചിരിക്കവെ, അവർക്കിടയിൽ വിൽപ്പന നടക്കുകയോ അവരത് മടക്കി വെക്കുകയോ ചെയ്യുന്നതിന് മുൻപായി അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും! ഒരാൾ തൻ്റെ പാൽ ചുരത്തുന്ന ഒട്ടകത്തിൻ്റെ പാലു കറന്നെടുത്ത് തിരിച്ചു പോകവെ, അയാളത് രുചിച്ചു നോക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും. ഒരാൾ തൻ്റെ വെള്ളസംഭരണി ശരിയാക്കിക്കൊണ്ടിരിക്കവെ, അതിൽ അയാൾ വെള്ളം നിറക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും! ഒരാൾ തൻ്റെ ഭക്ഷണത്തിൻ്റെ ഉരുള വായിലേക്ക് ഉയർത്തിയ നിലയിൽ, അത് രുചിക്കാൻ കഴിയുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും!"
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 6506]
അന്ത്യനാളിൻ്റെ വലിയ അടയാളങ്ങളിൽ പെട്ടതാണ് സൂര്യൻ -കിഴക്ക് നിന്ന് ഉദിക്കേണ്ടതിന് പകരം- പടിഞ്ഞാറ് നിന്ന് ഉദിക്കുക എന്നത്. അത് കാണുന്നതോടെ ജനങ്ങളെല്ലാം ഒന്നടങ്കം വിശ്വസിക്കുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. എന്നാൽ ഈ സാഹചര്യത്തിലുള്ള വിശ്വാസം നിഷേധികൾക്ക് ഉപകരിക്കുന്നതല്ല. അതോടെ സൽകർമ്മങ്ങളോ പാപമോചനമോ പ്രയോജനം ചെയ്യുകയുമില്ല. അന്ത്യനാൾ പൊടുന്നനെയായിരിക്കും സംഭവിക്കുക എന്ന കാര്യവും നബി -ﷺ- ഈ ഹദീഥിൽ അറിയിച്ചിരിക്കുന്നു. ജനങ്ങൾ അവരുടെ ജീവിത വ്യവഹാരങ്ങളിലും സാധാരണ സ്ഥിതിയിലുമായിരിക്കവെ അത് സംഭവിക്കുന്നതാണ്. കച്ചവടക്കാരനും ഉപഭോക്താവും തങ്ങളുടെ വസ്ത്രങ്ങൾ അവർക്കിടയിൽ വിരിച്ചു വെച്ച നിലയിൽ... അവർ കച്ചവടം പൂർത്തിയാക്കുകയോ അത് വേണ്ടെന്നു വെച്ച് മടക്കി വെക്കുകയോ ചെയ്യുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കും. തൻ്റെ ഒട്ടകത്തിൻ്റെ പാൽ കറന്ന ശേഷം അതിൽ നിന്ന് കറവക്കാരൻ കുടിക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കും. തൻ്റെ ജലസംഭരണി ശരിയാക്കി കൊണ്ടിരിക്കുകയും അത് തേച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാൾ അതിൽ വെള്ളം നിറക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കും. ഒരാൾ തൻ്റെ വായിലേക്ക് ഉയർത്തിയ ഭക്ഷണം കഴിക്കാൻ സാധിക്കുന്നതിന് മുൻപ് അന്ത്യനാൾ സംഭവിക്കും.