+ -

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ، وَمَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا سَهَّلَ اللهُ لَهُ بِهِ طَرِيقًا إِلَى الْجَنَّةِ، وَمَا اجْتَمَعَ قَوْمٌ فِي بَيْتٍ مِنْ بُيُوتِ اللهِ يَتْلُونَ كِتَابَ اللهِ وَيَتَدَارَسُونَهُ بَيْنَهُمْ إِلَّا نَزَلَتْ عَلَيْهِمِ السَّكِينَةُ، وَغَشِيَتْهُمُ الرَّحْمَةُ، وَحَفَّتْهُمُ الْمَلَائِكَةُ، وَذَكَرَهُمُ اللهُ فِيمَنْ عِنْدَهُ، وَمَنْ بَطَّأَ بِهِ عَمَلُهُ لَمْ يُسْرِعْ بِهِ نَسَبُهُ».

[صحيح] - [رواه مسلم] - [صحيح مسلم: 2699]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ആരെങ്കിലും ദുനിയാവിൽ ഒരു മുഅ്മിനിൻ്റെ പ്രതിസന്ധികളിൽ ആശ്വാസo പകർന്നാൽ അല്ലാഹു അന്ത്യനാളിലെ പ്രതിസന്ധികളിൽ നിന്ന് അവന് ആശ്വാസം നൽകും. ആരാണോ ഞെരുക്കം അനുഭവിക്കുന്നവന് എളുപ്പം ചെയ്തത് അല്ലാഹു അവൻ്റെ ഇഹപര ലോകങ്ങളിലെ ഞെരുക്കങ്ങൾക്കെല്ലാം എളുപ്പം നൽകും. ആരെങ്കിലും ഒരു മുസ്ലിമിൻ്റെ ന്യൂനത മറച്ചു വെച്ചാൽ അല്ലാഹു ഇഹലോകത്തും പരലോകത്തും അവൻ്റെ ന്യൂനത മറച്ചു വെക്കും. ഒരടിമ തൻ്റെ സഹോദരനെ സഹായിച്ചു കൊണ്ടിരിക്കുന്ന വേളയിലെല്ലാം അല്ലാഹു അവനെ സഹായിക്കുന്നതായിരിക്കും. ആരെങ്കിലും ദീനീ വിജ്ഞാനം അന്വേഷിച്ചു കൊണ്ട് ഒരു മാർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു സ്വർഗത്തിലേക്കുള്ള വഴി അവന് എളുപ്പമാക്കി നൽകും. അല്ലാഹുവിൻ്റെ ഭവനങ്ങളിൽ ഏതെങ്കിലുമൊരു ഭവനത്തിൽ ഒരു കൂട്ടമാളുകൾ ഒരുമിച്ചു കൂടുകയും, അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, പരസ്പരം അത് അവർക്കിടയിൽ പഠനവിധേയമാക്കുകയും ചെയ്താൽ അവർക്ക് മേൽ സമാധാനം ഇറങ്ങുകയും, അല്ലാഹുവിൻ്റെ കാരുണ്യം അവരെ മൂടുകയും, മലക്കുകൾ അവരെ വലയം ചെയ്യുകയും, അല്ലാഹു തൻ്റെ അരികിലുള്ളവരോട് അവരെ കുറിച്ച് സ്മരിക്കുകയും ചെയ്യുന്നതാണ്. ആരുടെയെങ്കിലും പ്രവർത്തനം പതുക്കെയാണെങ്കിൽ അവൻ്റെ കുലമഹിമ അവന് വേഗത നൽകില്ല."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2699]

വിശദീകരണം

ഒരു മുസ്‌ലിമായ മനുഷ്യൻ്റെ പ്രവർത്തനങ്ങളുടെ ഇനവും തരവും പോലെയായിരിക്കും പരലോകത്ത് അല്ലാഹുവിൻ്റെ അരികിൽ അവന് ലഭിക്കുന്ന പ്രതിഫലവും എന്ന് നബി (ﷺ) വിവരിക്കുന്നു. ഒരാൾ മുഅ്മിനായ ഒരു മനുഷ്യൻ്റെ പ്രയാസം നീക്കിക്കൊടുക്കുകയും അവന് ആശ്വാസം പകരുകയും അവൻ്റെ ബുദ്ധിമുട്ടും ഭൗതികജീവിതത്തിലെ ഇടുക്കവും മാറ്റിക്കൊടുക്കുകയും ചെയ്താൽ അവന് പ്രതിഫലമായി പരലോകത്തുള്ള ഇടുക്കത്തിൽ നിന്നും പ്രയാസത്തിൽ നിന്നും അല്ലാഹു അവന് എളുപ്പം നൽകുന്നതാണ്. പ്രയാസത്തിൽ അകപ്പെട്ട ഒരാൾക്ക് ആരെങ്കിലും കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കുകയും, അവൻ്റെ ഇടുക്കം നീക്കിക്കൊടുക്കുകയും ചെയ്താൽ ഇഹലോകത്തും പരലോകത്തും അല്ലാഹു അവന് എളുപ്പം നൽകുന്നതാണ്. മുസ്‌ലിമായ ഒരു സഹോദരൻ്റെ പുറത്തു പറയാൻ കൊള്ളാത്ത എന്തെങ്കിലും കുറവുകളോ ന്യൂനതകളോ ഒരാൾ കണ്ടുപോവുകയും, അത് മറ്റുള്ളവരിൽ നിന്ന് അവൻ മറച്ചു വെക്കുകയും ചെയ്താൽ ഇഹലോകത്തും പരലോകത്തും അല്ലാഹു അവന് മറനൽകുന്നതാണ്. അല്ലാഹുവിൻ്റെ ഒരടിമ തൻ്റെ സഹോദരൻ്റെ മതപരവും ഭൗതികവുമായ പ്രയാസങ്ങളിൽ അവനെ സഹായിക്കാൻ നിലകൊള്ളുന്നിടത്തോളം അല്ലാഹു അവന് സഹായിയായി നിലകൊള്ളുന്നതാണ്. ഈ സഹായം പ്രാർത്ഥന കൊണ്ടും ശാരീരികവും സാമ്പത്തികവുമായ സഹായങ്ങൾ കൊണ്ടും മറ്റുമെല്ലാം ഒരാൾക്ക് ചെയ്യാവുന്നതാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട്, ഇസ്‌ലാം ദീനുമായി ബന്ധപ്പെട്ട വിജ്ഞാനം അന്വേഷിച്ചു കൊണ്ട് ഒരു മാർഗത്തിൽ നടന്നു തുടങ്ങിയാൽ അല്ലാഹു അവന് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്കി കൊടുക്കുന്നതാണ്. ഒരു കൂട്ടമാളുകൾ അല്ലാഹുവിൻ്റെ ഭവനങ്ങളിൽ പെട്ട ഏതെങ്കിലുമൊരു ഭവനത്തിൽ ഒരുമിച്ചു കൂടുകയും, അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവ തങ്ങൾക്കിടയിൽ പഠന വിധേയമാക്കുകയും ചെയ്താൽ അവരുടെ മേൽ സമാധാനവും ശാന്തിയും ഇറങ്ങുന്നതാണ്. അല്ലാഹുവിൻ്റെ കാരുണ്യം അവരെ മൂടുകയും പൊതിയുകയും, അല്ലാഹുവിൻ്റെ മലക്കുകൾ അവരെ വലയം ചെയ്യുകയും, തൻ്റെ സമീപത്തുള്ളവരായ ദാസന്മാരോട് അവരെ കുറിച്ച് അല്ലാഹു പുകഴ്ത്തി പറയുകയും ചെയ്യുന്നതാണ്. അല്ലാഹു ഉന്നതമായ സദസ്സിൽ ഒരാളെ സ്മരിക്കാൻ കാരണമാകുക എന്ന ഒരൊറ്റ കാര്യം തന്നെ ഒരു പ്രവർത്തനത്തിൻ്റെ ശ്രേഷ്ഠതയായി മതിയായ കാര്യമാണ്. ആരുടെയെങ്കിലും പ്രവർത്തനങ്ങളിൽ കുറവുകളുണ്ടെങ്കിൽ ആ പ്രവർത്തനങ്ങൾ സൽകർമങ്ങൾ അധികരിപ്പിച്ചവരുടെ പദവികളിലേക്ക് അവനെ എത്തിക്കുന്നതല്ല. അതിനാൽ, ഒരാളും തൻ്റെ കുടുംബമഹിമയിലോ തറവാട്ടു പോരിശയിലോ പ്രപിതാക്കളുടെ വീരകൃത്യങ്ങളിലോ മതിമറന്ന് തൻ്റെ പ്രവർത്തനത്തിൽ കുറവ് വരുത്തുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ!

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി ആസാമീസ് الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇബ്നു ദഖീഖ് അൽഈദ് (رحمه الله) പറയുന്നു: "മഹത്തരമായ ഒരു ഹദീഥാണിത്. വിവിധങ്ങളായ വിജ്ഞാനീയങ്ങളും അടിത്തറകളും മര്യാദകളും ഈ ഹദീഥിൽ ഒരുമിച്ചിരിക്കുന്നു. മുസ്‌ലിംകളുടെ ആവശ്യങ്ങൾ നിറവേറ്റി നൽകുന്നതിൻ്റെയും അവരെ സാധ്യമായ വിധത്തിൽ സഹായിക്കുന്നതിൻ്റെയും ശ്രേഷ്ഠത ഈ ഹദീഥിലുണ്ട്. അത് വൈജ്ഞാനികമോ സാമ്പത്തികമോ ആയ സഹായമോ, ഒരു കൈത്താങ്ങോ, പ്രയോജനകരമായ ഒരു വഴി ചൂണ്ടിക്കാണിച്ചു നൽകലോ ഒന്നു ഗുണദോഷിക്കലോ ആകാം."
  2. പ്രയാസമനുഭവിക്കുന്നവർക്ക് എളുപ്പം നൽകുന്നതിനുള്ള പ്രോത്സാഹനം.
  3. മുസ്‌ലിമായ ഒരു സഹോദരനെ സഹായിക്കുന്നതിനുള്ള പ്രോത്സാഹനം. തൻ്റെ സഹോദരനെ എങ്ങനെ സഹായിക്കുന്നുവോ, അതു പോലെയായിരിക്കും അല്ലാഹുവിൻ്റെ സഹായം അവന് ലഭിക്കുക.
  4. ഒരു മുസ്‌ലിമിൻ്റെ ന്യൂനതകൾ മറച്ചു വെക്കുക എന്നതിൻ്റെ ഭാഗമാണ് അവൻ്റെ ന്യൂനതകൾ അന്വേഷിച്ചു പോകാതിരിക്കുക എന്നത്. സലഫുകളിൽ ചിലർ പറഞ്ഞതായി കാണാം: ഒരു ന്യൂനതയും പറയപ്പെടാനില്ലാത്ത ചിലരെ ഞാൻ കണ്ടിട്ടുണ്ട്; എന്നാൽ അവർ ജനങ്ങളുടെ ന്യൂനതകൾ പറയാൻ ആരംഭിച്ചതോടെ അവരെ കുറിച്ച് ജനങ്ങളും ന്യൂനതകൾ പറയാൻ തുടങ്ങി. എന്നാൽ പറയപ്പെടാൻ ന്യൂനതകൾ പലതുമുണ്ടായിരുന്ന ചിലരെയും ഞാൻ കണ്ടിട്ടുണ്ട്; എന്നാൽ അവർ ജനങ്ങളുടെ ന്യൂനതകൾ പറയാതെ മാറിനിന്നപ്പോൾ അവരുടെ ന്യൂനതകൾ വിസ്മരിക്കപ്പെട്ടു."
  5. ജനങ്ങളുടെ തിന്മകൾ മറച്ചു പിടിക്കുക എന്നതിൻ്റെ അർത്ഥം തിന്മ എതിർക്കുന്നതും തിരുത്തുന്നതും ഉപേക്ഷിക്കണമെന്നല്ല. മറിച്ച്, തിന്മകൾ തിരുത്തുകയും അതോടൊപ്പം മറച്ചു പിടിക്കുകയുമാണ് വേണ്ടത്. ജനങ്ങൾക്കിടയിൽ തോന്നിവാസത്തിലും തിന്മകളിൽ മുഴുകുന്നതിലും അറിയപ്പെടാത്തവരുടെ കാര്യത്തിലാണ് ഈ പറഞ്ഞത് ബാധകമാവുക.
  6. എന്നാൽ ധിക്കാരവും തിന്മയും പ്രവർത്തിക്കുന്നവരാണെന്ന് അറിയപ്പെട്ട കൂട്ടരുടെ കാര്യം അതല്ല. അവരുടെ തിന്മകൾ മറച്ചു വെക്കുന്നത് പുണ്യകരമല്ല. മറിച്ച്, അക്കാര്യം ഭരണാധികാരികളുടെയും മറ്റും ശ്രദ്ധയിൽ പെടുത്തുക എന്നതാണ് വേണ്ടത്; അതു കൊണ്ട് കൂടുതൽ പ്രശ്നങ്ങളൊന്നും ഉണ്ടാകാനിടയില്ലെങ്കിൽ അപ്രകാരം ചെയ്യണം.
  7. തിന്മകളിൽ തുടർന്നു കൊണ്ടേയിരിക്കുന്നവൻ്റെ തെറ്റുകളെ മറച്ചു വെക്കുന്നത് അവൻ അതിൽ വീണ്ടും ആഴത്തിൽ മുഴുകാനാണ് കാരണമാവുക. ജനങ്ങളെ കൂടുതൽ ഉപദ്രവിക്കാൻ അവന് ധൈര്യം പകരുകയും, മറ്റുള്ളവർക്കും ഇതേ പോലെ അതിക്രമത്തിൻ്റെ വഴിയിലേക്ക് പ്രവേശിക്കാൻ പ്രേരണ നൽകുകയുമാണ് അത് കൊണ്ട് സംഭവിക്കുക.
  8. ഇസ്‌ലാമിക വിജ്ഞാനം പഠിക്കാനും വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും പഠനവിധേയമാക്കാനുമുള്ള പ്രോത്സാഹനം.
  9. നവവി (رحمه الله) പറയുന്നു: "വിശുദ്ധ ഖുർആൻ പാരായണത്തിനായി മസ്ജിദുകളിൽ ഒത്തുകൂടുന്നതിൻ്റെ ശ്രേഷ്ഠത ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു... മദ്റസകളിലും മറ്റുമെല്ലാം ഇതേ ലക്ഷ്യത്തോടെ ഒത്തുകൂടുന്നതും മസ്ജിദുകളുടെ ഈ പദവിയിൽ ചേർക്കപ്പെടാവുന്നതാണ്. ഇൻശാ അല്ലാഹ്."
  10. പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അല്ലാഹു പ്രതിഫലം നിശ്ചയിച്ചിട്ടുള്ളത്; അല്ലാതെ തറവാടിൻ്റെയും കുലമഹിമയുടെയും അടിസ്ഥാനത്തിലല്ല.
കൂടുതൽ