عَنْ المِقْدَامِ بْنِ مَعْدِي كَرِبَ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ:
«مَا مَلأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ، بِحَسْبِ ابْنِ آدَمَ أَكَلاَتٌ يُقِمْنَ صُلْبَهُ، فَإِنْ كَانَ لَا مَحَالَةَ، فَثُلُثٌ لِطَعَامِهِ، وَثُلُثٌ لِشَرَابِهِ، وَثُلُثٌ لِنَفَسِهِ».
[صحيح] - [رواه الإمام أحمد والترمذي والنسائي وابن ماجه] - [الأربعون النووية: 47]
المزيــد ...
മിഖ്ദാദ് ബ്നു മഅ്ദീ കരിബ് (رضي الله عنه) നിവേദനം ചെയ്യുന്നു: നബി (ﷺ) പറയുന്നത് ഞാൻ കേട്ടു:
"മനുഷ്യൻ തൻ്റെ വയറിനേക്കാൾ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. ആദമിൻ്റെ മകന് അവന്റെ നട്ടെല്ല് നേരെ നിറുത്താൻ ഏതാനും ഉരുളകൾ മതിയായതാണ്. അതിൽ കൂടുതലില്ലാതെ
കഴിയില്ലെങ്കിൽ, (അവൻ്റെ വയറിൻ്റെ) മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് പാനീയത്തിനും, മൂന്നിലൊന്ന് ശ്വാസമെടുക്കുന്നതിനുമാക്കട്ടെ."
[സ്വഹീഹ്] - [رواه الإمام أحمد والترمذي والنسائي وابن ماجه] - [الأربعون النووية - 47]
വൈദ്യശാസ്ത്രത്തിലെ ഒരു പ്രധാന തത്വമാണ് നബി (ﷺ) ഈ ഹദീഥിലൂടെ നമുക്ക് അറിയിച്ചു തന്നിരിക്കുന്നത്. മനുഷ്യന് അവന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന വിധത്തിൽ രോഗപ്രതിരോധം കാത്തുസൂക്ഷിക്കണമെന്ന പാഠമാണത്. ഭക്ഷണം കുറയ്ക്കുന്നതിലൂടെയാണ് അവന് അത് നേടിയെടുക്കാൻ സാധിക്കുക. തൻ്റെ വിശപ്പ് മാറ്റാനും അനിവാര്യമായും ചെയ്യേണ്ട ജോലികൾ ചെയ്യാനുള്ള ശക്തി സംഭരിക്കുന്നതിനും വേണ്ടി മാത്രമായിരിക്കണം ഭക്ഷണം കഴിക്കേണ്ടത്. മനുഷ്യർ നിറക്കുന്ന പാത്രങ്ങളിൽ വെച്ച് ഏറ്റവും മോശമായത് വയറാണ് എന്ന് നബി (ﷺ) അറിയിക്കുന്നു; കാരണം, വയറുനിറയെ ഭക്ഷണം കഴിക്കുന്നത് എണ്ണിയാലൊടുങ്ങാത്ത അനേകം രോഗങ്ങൾ ഉടൻ തന്നെയോ കാലക്രമേണയോ ഉണ്ടാകുന്നതിനും, പ്രത്യക്ഷമോ പരോക്ഷമോ ആയ അസുഖങ്ങൾ ബാധിക്കുന്നതിനും കാരണമാകും. ശേഷം നബി (ﷺ) പറഞ്ഞു: "അതിൽ കൂടുതലില്ലാതെ കഴിയില്ലെങ്കിൽ, (അവൻ്റെ വയറിൻ്റെ) മൂന്നിലൊന്ന് ഭക്ഷണത്തിനും, മൂന്നിലൊന്ന് പാനീയത്തിനും, മൂന്നിലൊന്ന് ശ്വാസമെടുക്കുന്നതിനുമാക്കട്ടെ." ഇത് ഞെരുക്കവും ദോഷവും ഉണ്ടാകാതിരിക്കാനും അതോടൊപ്പം, ഐഹികവും പാരത്രികവുമായ തനിക്ക് ഒഴിച്ചു കൂടാനാകാത്ത പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിൽ മടി പിടികൂടാതിരിക്കാനും സഹായമാകും.