عَنْ أَبٍي سَعِيدٍ الخُدْرِيَّ رَضِيَ اللَّهُ عَنْهُ:
أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ جَلَسَ ذَاتَ يَوْمٍ عَلَى المِنْبَرِ وَجَلَسْنَا حَوْلَهُ، فَقَالَ: «إِنِّي مِمَّا أَخَافُ عَلَيْكُمْ مِنْ بَعْدِي، مَا يُفْتَحُ عَلَيْكُمْ مِنْ زَهْرَةِ الدُّنْيَا وَزِينَتِهَا» فَقَالَ رَجُلٌ: يَا رَسُولَ اللَّهِ، أَوَيَأْتِي الخَيْرُ بِالشَّرِّ؟ فَسَكَتَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقِيلَ لَهُ: مَا شَأْنُكَ؟ تُكَلِّمُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَلاَ يُكَلِّمُكَ؟ فَرَأَيْنَا أَنَّهُ يُنْزَلُ عَلَيْهِ؟ قَالَ: فَمَسَحَ عَنْهُ الرُّحَضَاءَ، فَقَالَ: «أَيْنَ السَّائِلُ؟» وَكَأَنَّهُ حَمِدَهُ، فَقَالَ: «إِنَّهُ لاَ يَأْتِي الخَيْرُ بِالشَّرِّ، وَإِنَّ مِمَّا يُنْبِتُ الرَّبِيعُ يَقْتُلُ أَوْ يُلِمُّ، إِلَّا آكِلَةَ الخَضْرَاءِ، أَكَلَتْ حَتَّى إِذَا امْتَدَّتْ خَاصِرَتَاهَا اسْتَقْبَلَتْ عَيْنَ الشَّمْسِ، فَثَلَطَتْ وَبَالَتْ، وَرَتَعَتْ، وَإِنَّ هَذَا المَالَ خَضِرَةٌ حُلْوَةٌ، فَنِعْمَ صَاحِبُ المُسْلِمِ مَا أَعْطَى مِنْهُ المِسْكِينَ وَاليَتِيمَ وَابْنَ السَّبِيلِ - أَوْ كَمَا قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ - وَإِنَّهُ مَنْ يَأْخُذُهُ بِغَيْرِ حَقِّهِ، كَالَّذِي يَأْكُلُ وَلاَ يَشْبَعُ، وَيَكُونُ شَهِيدًا عَلَيْهِ يَوْمَ القِيَامَةِ».
[صحيح] - [متفق عليه] - [صحيح البخاري: 1465]
المزيــد ...
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം:
ഒരിക്കൽ നബി -ﷺ- മിമ്പറിന് മുകളിൽ ഇരിക്കുകയും ഞങ്ങൾ നബിയുടെ ചുറ്റും കൂടിയിരിക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾക്ക് തുറന്നു നൽകപ്പെടാനിരിക്കുന്ന ഐഹിക ആഡംബരങ്ങളും അലങ്കാരങ്ങളും എൻ്റെ കാലശേഷം നിങ്ങളുടെ കാര്യത്തിൽ ഞാൻ ഭയപ്പെടുന്ന വിഷയങ്ങളിലൊന്നാണ്." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! നന്മയിലൂടെ തിന്മ ഉണ്ടാകുമെന്നോ?!" അപ്പോൾ നബി -ﷺ- നിശബ്ദത പാലിച്ചു.
ചോദ്യകർത്താവിനോട് ചിലർ പറഞ്ഞു: "എന്താണ് നിൻ്റെ അവസ്ഥ?! നബി -ﷺ- യോട് നീ പറഞ്ഞതിന് അവിടുന്ന് നിനക്ക് മറുപടിയൊന്നും തരുകയുണ്ടായില്ലല്ലോ?!"
പിന്നീട് നബി -ﷺ- ക്ക് അല്ലാഹുവിൻ്റെ സന്ദേശം ഇറക്കപ്പെടുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി. തൻ്റെ വിയർപ്പു തുള്ളികൾ തടവി നീക്കിയ ശേഷം അവിടുന്ന് പറഞ്ഞു: "ആ ചോദ്യകർത്താവ് എവിടെ?!" അവിടുന്ന് അയാളെ പുകഴ്ത്തുന്നതു പോലെയായിരുന്നു (ആ ചോദ്യം).
ശേഷം നബി -ﷺ- പറഞ്ഞു: "നന്മ തിന്മയും കൊണ്ട് വരികയില്ല. വസന്തം മുളപ്പിക്കുന്നവയിൽ മരണകാരണമാകുന്നതും മരണാസന്നമാക്കുന്നതുമുണ്ട്; മിതമായി പച്ചപ്പിൽ നിന്ന് ഭക്ഷിക്കുന്നവ (മൃഗങ്ങളുടെ കാര്യത്തിൽ) ഒഴികെ. അവ തങ്ങളുടെ വയറുകൾ വശങ്ങളിലേക്ക് വീർക്കുന്നത്ര ഭക്ഷിച്ചു കഴിഞ്ഞാൽ സൂര്യനു നേരെ നിന്ന് വെയിലു കായുകയും, ശേഷം കാഷ്ഠിക്കുകയും മൂത്രമൊഴിക്കുകയും, വീണ്ടും മേയുകയും ചെയ്യും.
തീർച്ചയായും ഈ സമ്പത്ത് ഹരിതാഭവും മധുരതരവുമാണ്; അതിൽ നിന്ന് ദരിദ്രനും അനാഥനും വഴിപോക്കനും നൽകുന്നിടത്തോളം അത് മുസ്‌ലിമിൻ്റെ എത്ര നല്ല സഹയാത്രികനാണ്! എന്നാൽ അതിൽ നിന്ന് അന്യായമായി എടുക്കുന്നവൻ ഭക്ഷിക്കുകയും വയറു നിറയുകയും ചെയ്യാത്ത ഒരുവനെ പോലെയാണ്; അന്ത്യനാളിൽ അവനെതിരെ അത് (സമ്പത്ത്) സാക്ഷിയായിരിക്കും."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1465]
ഒരു ദിവസം നബി -ﷺ- തൻ്റെ സ്വഹാബികളോട് സംസാരിക്കുന്നതിനായി അവിടുത്തെ മിമ്പറിൽ ഇരുന്നു. അവിടുന്ന് പറഞ്ഞു:
നിങ്ങളുടെ കാര്യത്തിൽ ഞാൻ ഏറ്റവുമധികം ഭയക്കുന്നത് ഭൂമിയിലെ അനുഗ്രഹങ്ങളും ഇഹലോകത്തിൻ്റെ അലങ്കാരങ്ങളും സുഖാഢംഭരങ്ങളും എൻ്റെ കാലശേഷം നിങ്ങൾക്ക് മേൽ തുറന്നു നൽകപ്പെടുന്നതിനെയാണ്. നശ്വരമാണെന്നറിഞ്ഞിട്ടും ജനങ്ങൾ പൊങ്ങച്ചവും അഹങ്കാരവും നടിക്കുന്ന അത്തരം വിഭവങ്ങളും വസ്ത്രങ്ങളും കൃഷിയിടങ്ങളും മറ്റുമെല്ലാം (നിങ്ങൾക്ക് തുറന്നു നൽകപ്പെടുമെന്നത് എന്നെ ഭയപ്പെടുത്തുന്നു).
അപ്പോൾ ഒരാൾ ചോദിച്ചു: "ഇഹലോകത്തിൻ്റെ അലങ്കാരങ്ങൾ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ പെട്ടതാണല്ലോ? അപ്പോൾ ഈ അനുഗ്രഹങ്ങൾ എങ്ങനെയാണ് ശിക്ഷയും ദുരന്തവുമായി ഭവിക്കുക?!"
ഈ ചോദ്യം കേട്ടപ്പോൾ നബി -ﷺ- നിശബ്ദത പാലിച്ചു. നബി -ﷺ- യെ ആ ചോദ്യം ദേഷ്യം പിടിപ്പിച്ചുവെന്ന് ധരിച്ച ചിലർ ആ ചോദ്യകർത്താവിനെ ആക്ഷേപിക്കുകയും ചെയ്തു.
എന്നാൽ നബി -ﷺ- ക്ക് വഹ്‌യ് (അല്ലാഹുവിൻ്റെ സന്ദേശം) ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്നും (അതിനാലാണ് അവിടുന്ന് നിശബ്ദത പാലിച്ചതെന്നും) അവർക്ക് പിന്നീട് ബോധ്യമായി. തൻ്റെ നെറ്റിയിൽ നിന്ന് വിയർപ്പുത്തുള്ളികൾ തുടച്ചു നീക്കിക്കൊണ്ട് നബി -ﷺ- പറഞ്ഞു: "ആ ചോദ്യകർത്താവ് എവിടെ?!"
അദ്ദേഹം 'ഞാനാണ്' എന്ന് പറഞ്ഞു.
നബി -ﷺ- അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത ശേഷം പറഞ്ഞു തുടങ്ങി: "യഥാർത്ഥ നന്മ ഒരിക്കലും നന്മയല്ലാതെ കൊണ്ടുവരികയില്ല. എന്നാൽ ഐഹികജീവിതത്തിലെ സുഖാഢംഭരങ്ങൾ ഒരിക്കലും സമ്പൂർണ്ണമായ നന്മയല്ല. കാരണം ചിലപ്പോൾ കുഴപ്പങ്ങളിലേക്കും കിടമത്സരങ്ങളിലേക്കും പരലോകത്തിന് വേണ്ടി പൂർണ്ണമായി മാറിയിരിക്കുന്നതിൽ നിന്ന് ശ്രദ്ധ തെറ്റിക്കുന്നതിലേക്കുമാണ് അവ മനുഷ്യരെ നയിക്കുക. അക്കാര്യം ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നബി -ﷺ- ഒരു ഉദാഹരണവും പറഞ്ഞു; അതിപ്രകാരമായിരുന്നു:
വസന്തകാലത്ത് മുളക്കുന്ന ചെടികളിലും പച്ചപ്പുകളിലും ചിലത് കന്നുകാലികൾക്ക് ഏറെ പ്രിയങ്കരമാണ്. എന്നാൽ അവ അധികമായി ഭക്ഷിച്ചാൽ വയറു നിറഞ്ഞ് ചത്തു പോവുകയോ മരണാസന്നമാവുന്ന അവസ്ഥയിലേക്ക് എത്തുകയോ ചെയ്തേക്കാം. എന്നാൽ മിതമായി ഭക്ഷിക്കുന്ന ചില കന്നുകാലികളുണ്ട്; അവ തങ്ങളുടെ വയറിൻ്റെ വശങ്ങൾ നിറയുന്നത് വരെ ഭക്ഷിക്കുകയും, പിന്നീട് വെയിൽ കായുകയും, കുഴമ്പു രൂപത്തിൽ കാഷ്ടിക്കുകയോ മൂത്രമൊഴിക്കുകയോ ചെയ്യുകയും, പിന്നീട് വയറ്റിലുള്ളത് വീണ്ടും അയവിറക്കുകയും ,ശേഷം വീണ്ടും മേയാൻ പോവുകയും ചെയ്യും.
സമ്പത്തിൻ്റെ കാര്യവും ഇതു പോലെത്തന്നെ; പച്ചപ്പു നിറഞ്ഞ രുചികരമായ പുല്ലു പോലെയാണതും. അധികരിച്ചാൽ അത് മനുഷ്യനെ തകർത്തു കളയുകയോ തകർച്ചയുടെ വക്കിലേക്ക് എത്തിക്കുകയോ ചെയ്യും. എന്നാൽ ആവശ്യത്തിനുള്ളതിൽ മാത്രം ഒതുങ്ങുകയും, അനുവദനീയമായ മാർഗത്തിലൂടെ വേണ്ടത് മാത്രം തേടുകയും ചെയ്താൽ അത് കൊണ്ട് ഉപദ്രവമില്ല. ദരിദ്രർക്കും അനാഥർക്കും വഴിപോക്കർക്കും തൻ്റെ സമ്പത്തിൽ നിന്ന് എടുത്തു നൽകുന്നുവെങ്കിൽ ഒരു മുസ്‌ലിമിന് എത്രമേൽ നല്ലതാണ് സമ്പത്ത്! തനിക്ക് അർഹമായ രൂപത്തിൽ മാത്രം അത് സമ്പാദിക്കുന്നന്
അതിൽ അനുഗ്രഹം നൽകപ്പെടുമെന്നതിൽ സംശയമില്ല. എന്നാൽ തനിക്ക് അർഹമല്ലാത്ത രൂപത്തിൽ അത് സമ്പാദിക്കുന്നവൻ്റെ കാര്യം ഭക്ഷിച്ചിട്ടും ഭക്ഷിച്ചിട്ടും വയറു നിറയാത്ത ഒരുവനെ പോലെയാണ്. അന്ത്യനാളിൽ ആ സമ്പത്ത് അവനെതിരെയുള്ള സാക്ഷിയായിരിക്കുന്നതുമാണ്.