عَنْ أَبِي سَعِيدٍ الْخُدْرِيِّ قَالَ: خَرَجَ مُعَاوِيَةُ عَلَى حَلْقَةٍ فِي الْمَسْجِدِ، فَقَالَ: مَا أَجْلَسَكُمْ؟ قَالُوا: جَلَسْنَا نَذْكُرُ اللهَ، قَالَ آللَّهِ مَا أَجْلَسَكُمْ إِلَّا ذَاكَ؟ قَالُوا: وَاللهِ مَا أَجْلَسَنَا إِلَّا ذَاكَ، قَالَ: أَمَا إِنِّي لَمْ أَسْتَحْلِفْكُمْ تُهْمَةً لَكُمْ، وَمَا كَانَ أَحَدٌ بِمَنْزِلَتِي مِنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَقَلَّ عَنْهُ حَدِيثًا مِنِّي:
وَإِنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ خَرَجَ عَلَى حَلْقَةٍ مِنْ أَصْحَابِهِ، فَقَالَ: «مَا أَجْلَسَكُمْ؟» قَالُوا: جَلَسْنَا نَذْكُرُ اللهَ وَنَحْمَدُهُ عَلَى مَا هَدَانَا لِلْإِسْلَامِ، وَمَنَّ بِهِ عَلَيْنَا، قَالَ: «آللَّهِ مَا أَجْلَسَكُمْ إِلَّا ذَاكَ؟» قَالُوا: وَاللهِ مَا أَجْلَسَنَا إِلَّا ذَاكَ، قَالَ: «أَمَا إِنِّي لَمْ أَسْتَحْلِفْكُمْ تُهْمَةً لَكُمْ، وَلَكِنَّهُ أَتَانِي جِبْرِيلُ فَأَخْبَرَنِي أَنَّ اللهَ عَزَّ وَجَلَّ يُبَاهِي بِكُمُ الْمَلَائِكَةَ».
[صحيح] - [رواه مسلم] - [صحيح مسلم: 2701]
المزيــد ...
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: മുആവിയഃ -رَضِيَ اللَّهُ عَنْهُ- ഒരിക്കൽ മസ്ജിദിലുള്ള ഒരു സദസ്സിലേക്ക് വന്നെത്തി. അപ്പോൾ (അവരോട്) അദ്ദേഹം ചോദിച്ചു: "എന്തിനാണ് നിങ്ങൾ ഇവിടെ കൂടിയിരുന്നത്?" അവർ പറഞ്ഞു: "ഞങ്ങൾ അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് ഇവിടെയിരുന്നതാണ്."
മുആവിയഃ -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "അല്ലാഹുവാണെ! നിങ്ങൾ അതിന് വേണ്ടി മാത്രമാണോ ഇരുന്നത്?" അവർ പറഞ്ഞു: "അല്ലാഹു തന്നെ സത്യം! ഞങ്ങൾ ഇരിക്കാൻ അതല്ലാതെ മറ്റൊരു കാരണമില്ല." അപ്പോൾ മുആവിയഃ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "എന്നാൽ നിങ്ങളെ സംശയമുള്ളത് കൊണ്ടല്ല ഞാൻ നിങ്ങളോട് ശപഥം ചെയ്യാൻ ആവശ്യപ്പെട്ടത്; നബി -ﷺ- യുടെ അടുത്ത് എന്നെ പോലെ സ്ഥാനമുണ്ടായിരുന്ന ഒരാളും എന്നേക്കാൾ കുറവ് ഹദീഥുകൾ നിവേദനം ചെയ്തവരായി ഉണ്ടാകില്ല.
തീർച്ചയായും അല്ലാഹുവിൻ്റെ റസൂൽ -ﷺ- തൻ്റെ സ്വഹാബികളുടെ ഒരു സദസ്സിലേക്ക് വന്നെത്തിയപ്പോൾ അവിടുന്ന് ചോദിച്ചു: "നിങ്ങൾ എന്തിനാണ് ഇരിക്കുന്നത്?" അവർ പറഞ്ഞു: "ഞങ്ങൾ അല്ലാഹുവിനെ സ്മരിക്കുന്നതിനും, നമ്മെ ഇസ്‌ലാമിലേക്ക് വഴികാണിച്ചതിനും നമ്മോട് ഔദാര്യം ചൊരിഞ്ഞതിനും അവനെ സ്തുതിക്കുന്നതിനുമായി ഇരുന്നതാണ്." അപ്പോൾ അവിടുന്ന് ചോദിച്ചു: "അല്ലാഹുവാണെ! നിങ്ങൾ അതിന് വേണ്ടി മാത്രമാണോ ഇരുന്നത്?" അവർ പറഞ്ഞു: "അല്ലാഹു തന്നെ സത്യം! അതിന് വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല ഞങ്ങൾ ഇരുന്നത്."
അപ്പോൾ നബി -ﷺ- പറഞ്ഞു: "എന്നാൽ നിങ്ങളെ സംശയമുള്ളത് കൊണ്ടല്ല ഞാൻ നിങ്ങളെ കൊണ്ട് ശപഥം ചെയ്യിപ്പിച്ചത്. മറിച്ച്, ജിബ്‌രീൽ -عَلَيْهِ السَّلَامُ- എൻ്റെ അരികിൽ വരികയും, അല്ലാഹു നിങ്ങളെക്കുറിച്ച് മലക്കുകളോട് അഭിമാനം പറഞ്ഞിരിക്കുന്നു എന്ന് എന്നെ അറിയിക്കുകയും ചെയ്തിരിക്കുന്നു."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2701]
മുആവിയഃ -رَضِيَ اللَّهُ عَنْهُ- മസ്ജിദിൽ കൂടിയിരിക്കുന്ന ഒരു സംഘമാളുകളെ കണ്ടപ്പോൾ 'എന്തിന് വേണ്ടിയാണ് അവർ അവിടെ കൂടിയിരിക്കുന്നത്' എന്ന് ചോദിച്ചറിഞ്ഞു. അവർ പറഞ്ഞു: "ഞങ്ങൾ അല്ലാഹുവിനെ സ്മരിക്കുകയും, അവനെ ദിക്ർ ചെയ്തു കൊണ്ടിരിക്കുകയുമാണ്." ദിക്റല്ലാതെ മറ്റൊരു ഉദ്ദേശത്തിനും വേണ്ടിയല്ല അവർ അവിടെ കൂടിയിരുന്നത് എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി മുആവിയഃ -رَضِيَ اللَّهُ عَنْهُ- അവരോട് അക്കാര്യം സത്യം ചെയ്യാൻ ആവശ്യപ്പെട്ടു. അപ്പോൾ അവർ സത്യം ചെയ്തു കൊണ്ട് അക്കാര്യം ആവർത്തിച്ചു. ശേഷം മുആവിയ -رَضِيَ اللَّهُ عَنْهُ- അവരോട് പറഞ്ഞു: "നിങ്ങളെ സംശയമുള്ളത് കൊണ്ടോ, നിങ്ങളുടെ സത്യസന്ധതയിൽ ഉറപ്പില്ലാത്തത് കൊണ്ടോ അല്ല ഞാൻ നിങ്ങളെ കൊണ്ട് സത്യം ചെയ്യിപ്പിച്ചത്." പിന്നീട് നബി -ﷺ- യുടെ അടുത്ത് തനിക്കുണ്ടായിരുന്ന സ്ഥാനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു; അദ്ദേഹത്തിൻ്റെ സഹോദരി ഉമ്മു ഹബീബഃ -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യുടെ പത്‌നിയായിരുന്നതിനാലും, നബി -ﷺ- യുടെ 'കാതിബുൽ വഹ്‌യ്' (ഖുർആൻ എഴുതിവെക്കുന്നയാൾ) എന്ന സ്ഥാനം ഉണ്ടായിരുന്നതിനാലും അദ്ദേഹത്തിന് നബി -ﷺ- യോട് ഏറെ അടുപ്പമുണ്ടായിരുന്നു; എങ്കിലും അദ്ദേഹം വളരെ കുറഞ്ഞ ഹദീഥുകൾ മാത്രമേ നിവേദനം ചെയ്തിട്ടുള്ളൂ. ശേഷം മുആവിയ -رضي الله عنه- ഒരു ഹദീഥ് അവർക്ക് പറഞ്ഞു കൊടുത്തു. നബി -ﷺ- ഒരു ദിവസം തൻ്റെ വീട്ടിൽ നിന്ന് പുറപ്പെട്ടു. സ്വഹാബികൾ മസ്ജിദിൽ കൂടിയിരിക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും അവർക്ക് ഇസ്‌ലാമിലേക്ക് വഴികാണിച്ചതിനും അവരോട് ഔദാര്യം ചൊരിഞ്ഞതിനുമുള്ള നന്ദിയായി അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുന്നത് കാണുകയും ചെയ്തു. അപ്പോൾ മുആവിയഃ -رَضِيَ اللَّهُ عَنْهُ- ചെയ്തതു പോലെ, നബി -ﷺ- യും തൻ്റെ സ്വഹാബികളോട് സത്യം ചെയ്യാൻ ആവശ്യപ്പെട്ടു. ശേഷം അവരോട് അവിടെ കൂടിയിരുന്നതിൻ്റെ കാരണം ചോദിച്ചറിഞ്ഞതും, സത്യം ചെയ്യാൻ ആവശ്യപ്പെട്ടതും എന്തിന് വേണ്ടിയായിരുന്നു എന്ന് നബി -ﷺ- അവരോട് വിവരിച്ചു നൽകി. ജിബ്‌രീൽ -عَلَيْهِ السَّلَامُ- തൻ്റെ അരികിൽ വരികയും, അല്ലാഹു നിങ്ങളെ കൊണ്ട് മലക്കുകളോട് മേന്മ പറയുകയും അഭിമാനം കൊള്ളുകയും, നിങ്ങളുടെ ശ്രേഷ്ഠതയും നിങ്ങളുടെ പ്രവർത്തനത്തിൻ്റെ നന്മയും മലക്കുകൾക്ക് കാണിച്ചു കൊടുക്കുകയും, അവരോട് നിങ്ങളെ കുറിച്ച് നല്ലത് പറയുകയും ചെയ്തിരിക്കുന്നു എന്ന് തന്നെ അറിയിക്കുകയും ചെയ്തിട്ടുണ്ട് എന്ന് നബി -ﷺ- അവരെ അറിയിച്ചു.