عن ابنِ عَبَّاسٍ رضي الله عنهما عن النبيِّ صلى الله عليه وسلم قال:
«أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ: عَلَى الْجَبْهَةِ وَأَشَارَ بِيَدِهِ عَلَى أَنْفِهِ، وَالْيَدَيْنِ، وَالرُّكْبَتَيْنِ، وَأَطْرَافِ الْقَدَمَيْنِ، وَلَا نَكْفِتَ الثِّيَابَ وَالشَّعَرَ».
[صحيح] - [متفق عليه] - [صحيح البخاري: 812]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
"ഏഴ് അവയവങ്ങളിൽ സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. നെറ്റി - അത് പറയുമ്പോൾ അവിടുന്ന് മൂക്കിലേക്ക് തൻ്റെ കൈ കൊണ്ട് ചൂണ്ടി -, രണ്ട് കൈകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാൽപാദങ്ങളുടെ അറ്റങ്ങൾ. മുടിയും വസ്ത്രവും നിസ്കാരത്തിൽ നാം മടക്കി വെക്കരുത് എന്നും (കൽപ്പിക്കപ്പെട്ടിരിക്കുന്നു).
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 812]
നിസ്കാരത്തിൽ സുജൂദ് ചെയ്യുമ്പോൾ ശരീരത്തിലെ ഏഴു അവയവങ്ങളിൽ അത് നിർവ്വഹിക്കാൻ നബി -ﷺ- യോട് അല്ലാഹു കൽപ്പിച്ചിരിക്കുന്നു എന്ന് അവിടുന്ന് ഈ ഹദീഥുകളിൽ അറിയിച്ചിരിക്കുന്നു.
ഒന്ന്: നെറ്റി. മൂക്കിനും രണ്ട് കണ്ണുകൾക്കും മേലുള്ള, മുഖത്തിലെ പരന്ന ഭാഗമാണത്. നബി -ﷺ- നെറ്റിയെ കുറിച്ച് പറയുമ്പോൾ തൻ്റെ മൂക്കിലേക്ക് വിരൽ ചൂണ്ടിയിട്ടുണ്ട്. നെറ്റിയും മൂക്കും സുജൂദ് ചെയ്യേണ്ട ഏഴ് അവയവങ്ങളിൽ ഒന്നായി ഒരുമിച്ചു പരിഗണിക്കപ്പെടണം എന്നതിലേക്കുള്ള സൂചനയാണത്. സുജൂദ് ചെയ്യുന്ന വ്യക്തിയുടെ മൂക്ക് ഭൂമിയിൽ തട്ടണം എന്ന ഓർമ്മപ്പെടുത്തൽ അതിലുണ്ട്.
രണ്ടാമത്തെയും മൂന്നാമത്തെയും അവയവം: രണ്ട് കൈകളാണ്.
നാലാമത്തെയും അഞ്ചാമത്തെയും അവയവം: രണ്ട് കാൽമുട്ടുകളാണ്.
ആറാമത്തെയും ഏഴാമത്തെയും അവയവം: രണ്ട് കാൽപ്പാദങ്ങളിലെയും വിരലുകളാണ്.
ഇതോടൊപ്പം മുടികൾ കെട്ടിവെക്കരുതെന്നും, സുജൂദ് ചെയ്യുമ്പോൾ വസ്ത്രങ്ങൾ -അവയെ സംരക്ഷിക്കുന്നതിന് വേണ്ടി- കൂട്ടിപ്പിടിക്കരുതെന്നും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. മറിച്ച്, ഇവയെല്ലാം ഭൂമിയിൽ പതിക്കുകയും, മനുഷ്യൻ്റെ അവയവങ്ങളോടൊപ്പം സുജൂദിൽ പങ്കുചേരുകയും ചെയ്യുകയാണ് വേണ്ടത്.