+ -

عَنْ أُبَيِّ بْنِ كَعْبٍ رضي الله عنه قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«لاَ تَسُبُّوا الرِّيحَ، فَإِذَا رَأَيْتُمْ مَا تَكْرَهُونَ فَقُولُوا: اللَّهُمَّ إِنَّا نَسْأَلُكَ مِنْ خَيْرِ هَذِهِ الرِّيحِ وَخَيْرِ مَا فِيهَا وَخَيْرِ مَا أُمِرَتْ بِهِ، وَنَعُوذُ بِكَ مِنْ شَرِّ هَذِهِ الرِّيحِ وَشَرِّ مَا فِيهَا وَشَرِّ مَا أُمِرَتْ بِهِ».

[صحيح] - [رواه الترمذي] - [سنن الترمذي: 2252]
المزيــد ...

ഉബയ്യ് ബ്‌നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
'നിങ്ങൾ കാറ്റിനെ ചീത്ത പറയരുത്. നിങ്ങൾക്ക് അനിഷ്ടകരമായത് നിങ്ങൾ കണ്ടാൽ നിങ്ങൾ പറയുക: അല്ലാഹുവേ, ഈ കാറ്റിൻ്റെ നന്മയിൽ നിന്നും അതിലുള്ള നന്മയിൽ നിന്നും അത് എന്തൊന്ന് കൊണ്ട് കൽപ്പിക്കപ്പെട്ടുവോ അതിലുള്ള നന്മയിൽ നിന്നും ഞങ്ങൾ നിന്നോട് തേടുന്നു. ഈ കാറ്റിൻ്റെ കെടുതിയിൽ നിന്നും അതിലുള്ള കെടുതിയിൽ നിന്നും അതുകൊണ്ട് കല്പിക്കപ്പെട്ട തിന്മയിൽ നിന്നും ഞങ്ങൾ നിന്നോട് അഭയം തേടുന്നു.'

[സ്വഹീഹ്] - [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 2252]

വിശദീകരണം

കാറ്റിനെ ആക്ഷേപിക്കുന്നതും ശപിക്കുന്നതും നബി (ﷺ) വിലക്കുന്നു. കാരണം അല്ലാഹുവിൻ്റെ കൽപ്പനപ്രകാരമാണ് അത് ചലിക്കുന്നത്. അവൻ്റെ കാരുണ്യമായും ശിക്ഷയായും കാറ്റ് വന്നെത്താറുണ്ട്. അതിനെ ആക്ഷേപിക്കുക എന്നത് അതിൻ്റെ സ്രഷ്ടാവിനെ ആക്ഷേപിക്കലും, അവൻ്റെ വിധിയോട് അരിശം പ്രകടിപ്പിക്കലുമാണ്. അതിനാൽ കാറ്റ് വന്നെത്തുമ്പോൾ അതിൻ്റെ സ്രഷ്ടാവായ അല്ലാഹുവിലേക്ക് മടങ്ങാനും, കാറ്റിൻ്റെ നന്മയും, മഴയും ചെടികളുടെ പരാഗണം പോലുള്ള അതിലുള്ള പ്രയോജനങ്ങളും അല്ലാഹുവിനോട് ചോദിക്കാനും, അതിൻ്റെ ഉപദ്രവത്തിൽ നിന്നും, വൃക്ഷങ്ങളും ചെടികളും കന്നുകാലികളും കെട്ടിടങ്ങളും നശിക്കുക പോലുള്ള ഉപദ്രവങ്ങളിൽ നിന്നും രക്ഷ തേടാനും അവിടുന്ന് കൽപ്പിക്കുന്നു. ഇപ്രകാരം അല്ലാഹുവിനോട് ചോദിക്കുക എന്നത് ഒരു മനുഷ്യൻ അല്ലാഹുവിൻ്റെ യഥാർത്ഥ അടിമയാണെന്നതിൻ്റെ അടയാളവുമാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. കാറ്റിനെ ആക്ഷേപിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. കാരണം അല്ലാഹുവിൻ്റെ നിയന്ത്രണ പ്രകാരം ചലിക്കുന്ന ഒരു സൃഷ്ടിയാണത്. അതിനെ ചീത്ത വിളിക്കുന്നത് അതിനെ നിയന്ത്രിക്കുന്ന സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിലേക്കാണ് മടങ്ങുക. ഇത് തൗഹീദിലുള്ള കുറവിൻ്റെ ഭാഗമാണ്.
  2. അല്ലാഹുവിൻ്റെ സൃഷ്ടികളിലെ തിന്മകളിൽ നിന്ന് രക്ഷ തേടിക്കൊണ്ട് അല്ലാഹുവിലേക്ക് മടങ്ങുകയാണ് വേണ്ടത്.
  3. കാറ്റ് ചിലപ്പോൾ നന്മ വിതക്കാനായിരിക്കും കൽപ്പിക്കപ്പെട്ടിരിക്കുക. മറ്റു ചിലപ്പോൾ തിന്മ വിതക്കാനും.
  4. ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّهُ- പറയുന്നു: "കാറ്റിനെ ആക്ഷേപിക്കുക എന്നത് തിന്മകളിൽ ഉൾപ്പെടുന്ന കാര്യമാണ്. കാരണം നന്മയും തിന്മയും വ്യാപിപ്പിക്കാൻ കൽപ്പിക്കപ്പെട്ട അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ടതാണത്. അതിനാൽ കാറ്റിനെ ചീത്തപറയുക എന്നത് അനുവദനീയമല്ല. 'ഈ കാറ്റിനെ അല്ലാഹു ശപിക്കട്ടെ', 'നശിച്ച കാറ്റ്', 'ഒരു നന്മയുമില്ലാത്ത കാറ്റ്' എന്നിങ്ങനെയുള്ള വാക്കുകൾ പറയുന്നത് പാടില്ല. മറിച്ച്, നബി -ﷺ- നൽകിയ നിർദേശം പാലിക്കാനാണ് ഒരു മുഅ്മിൻ തയ്യാറാകേണ്ടത്.
  5. കാറ്റിനെ ആക്ഷേപിക്കരുത് എന്ന് നബി -ﷺ- വിലക്കിയതിൽ നിന്ന് സമാനമായ കാര്യങ്ങളെ ആക്ഷേപിക്കരുത് എന്നും മനസ്സിലാക്കാം. ഉഷ്ണത്തെയും തണുപ്പിനെയും സൂര്യനെയും പൊടിക്കാറ്റിനെയും ശപിക്കുന്നത് ഉദാഹരണം. ഇവയെല്ലാം അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട, അവൻ്റെ നിയന്ത്രണ പ്രകാരം ചലിക്കുന്ന വസ്തുക്കൾ മാത്രമാണ്.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية Yorianina الرومانية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ