عَنْ أَبِي هُرَيْرَةَ رضي الله عنه:
أَنَّ رَجُلًا قَالَ: يَا رَسُولَ اللهِ إِنَّ لِي قَرَابَةً أَصِلُهُمْ وَيَقْطَعُونِي، وَأُحْسِنُ إِلَيْهِمْ وَيُسِيئُونَ إِلَيَّ، وَأَحْلُمُ عَنْهُمْ وَيَجْهَلُونَ عَلَيَّ، فَقَالَ: «لَئِنْ كُنْتَ كَمَا قُلْتَ، فَكَأَنَّمَا تُسِفُّهُمُ الْمَلَّ وَلَا يَزَالُ مَعَكَ مِنَ اللهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلِكَ».
[صحيح] - [رواه مسلم] - [صحيح مسلم: 2558]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എനിക്ക് ചില കുടുംബക്കാരുണ്ട്; ഞാൻ അവരോട് ബന്ധം ചേർക്കുന്നുവെങ്കിലും അവർ എന്നോട് ബന്ധവിഛേദനം നടത്തുന്നു. ഞാൻ അവരോട് നന്മയിൽ വർത്തിക്കുന്നുവെങ്കിലും അവർ എന്നോട് മോശം പ്രവർത്തിക്കുന്നു. ഞാൻ അവരോട് വിവേകത്തോടെ
വർത്തിക്കുന്നുവെങ്കിലും അവർ എന്നോട് അവിവേകം പ്രവർത്തിക്കുന്നു." നബി -ﷺ- പറഞ്ഞു: "നീ പറഞ്ഞതു പോലെയാണ് കാര്യമെങ്കിൽ നീയവരെ ചുടുമണ്ണു തീറ്റിക്കുന്നതു പോലെയാണ്. ഈ രൂപത്തിൽ നീ തുടരുന്ന കാലത്തോളം അല്ലാഹുവിൽ നിന്ന് ഒരു സഹായി നിന്നോടൊപ്പം ഉണ്ടായിരിക്കും."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2558]
നബി -ﷺ- യോട് ഒരാൾ തൻ്റെ കുടുംബത്തിലുള്ള ചിലരെ കുറിച്ച് പരാതി പറയുകയുണ്ടായി. താൻ അവരോട് നന്മയിൽ വർത്തിക്കുന്നെങ്കിലും അവർ തന്നോട് അതിന് നേർവിപരീതമായാണ് പെരുമാറുന്നത് എന്നും അവരോട് അയാൾ കുടുംബബന്ധം ചേർക്കുകയും അവരുടെ അടുത്തേക്ക് അയാൾ ചെല്ലുകയും ചെയ്യുന്നുണ്ടെങ്കിലും അവർ അയാളോട് ബന്ധം മുറിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. അയാൾ അവർക്ക് നന്മ ചെയ്യുകയും അവരോട് കുടുംബബന്ധത്തിൻ്റെ മര്യാദകൾ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവർ അയാളോട് അനീതി കാണിക്കുകയും വരണ്ട സ്വഭാവത്തിൽ പെരുമാറുകയുമാണ് ചെയ്യുന്നത്. അയാൾ അവർക്ക് പൊറുത്തു കൊടുക്കുകയും അവരുടെ കാര്യത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നുവെങ്കിലും അവർ അയാൾക്ക് മോശമായ വാക്കുകളും പ്രവർത്തികളും മാത്രമാണ് തിരിച്ചു നൽകുന്നത്. ഈ അവസ്ഥയിൽ അവരോടുള്ള കുടുംബബന്ധം പുലർത്തുന്നത് അയാൾ തുടരേണ്ടതുണ്ടോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ സംശയം.
അയാൾക്ക് മറുപടിയായി നബി -ﷺ- പറഞ്ഞു: "താങ്കൾ പറഞ്ഞത് പോലെയാണ് യാഥാർത്ഥ്യമെങ്കിൽ അവർ നിന്ദ്യതയും അപമാനവും ഏറ്റുവാങ്ങുകയാണ് വാസ്തവത്തിൽ ചെയ്യുന്നത്.
ചൂടുള്ള മണ്ണ് അവരെ ഭക്ഷിപ്പിക്കുന്നതിന് സമാനമാണ് നിൻ്റെ പ്രവർത്തനം. കാരണം അവരോട് നീ ധാരാളമായി നന്മ ചെയ്യുന്നതിനൊപ്പം അവർ നിന്നോട് മോശമായി വർത്തിക്കുകയാണ് ചെയ്യുന്നത്. ഈ നിലയിൽ തുടരുന്നിടത്തോളം അല്ലാഹുവിൻ്റെ പക്കൽ നിന്ന് അവർക്കെതിരെ നിനക്കൊരു സഹായി ഉണ്ടായിരിക്കും. നീ പറയുന്ന വിധത്തിൽ, അവരോട് നീ നന്മ ചെയ്തു കൊണ്ടിരിക്കുകയും അവർ നിന്നോട് മോശമായി വർത്തിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നിടത്തോളം ആ സഹായി അവരുടെ ഉപദ്രവങ്ങളിൽ നിന്ന് നിന്നെ പ്രതിരോധിക്കുന്നതാണ്.