عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ:
كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، إِذَا كَبَّرَ فِي الصَّلَاةِ، سَكَتَ هُنَيَّةً قَبْلَ أَنْ يَقْرَأَ، فَقُلْتُ: يَا رَسُولَ اللهِ بِأَبِي أَنْتَ وَأُمِّي أَرَأَيْتَ سُكُوتَكَ بَيْنَ التَّكْبِيرِ وَالْقِرَاءَةِ، مَا تَقُولُ؟ قَالَ «أَقُولُ: اللهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ، اللهُمَّ اغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ».
[صحيح] - [متفق عليه] - [صحيح مسلم: 598]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- നിസ്കാരത്തിൽ തക്ബീർ ചൊല്ലിയതിന് ശേഷം ഖുർആൻ പാരായണം ചെയ്തു തുടങ്ങുന്നതിന് മുൻപ് കുറച്ചു നേരം നിശബ്ദത പാലിക്കുമായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ പിതാവും മാതാവും അങ്ങേക്ക് പകരമാകട്ടെ! തക്ബീർ ചൊല്ലുന്നതിനും ഖുർആൻ പാരായണം ആരംഭിക്കുന്നതിനും ഇടയിൽ അങ്ങ് നിശബ്ദനായി നിൽക്കുന്നുണ്ടല്ലോ? ആ സന്ദർഭത്തിൽ എന്താണ് അങ്ങ് പറയുന്നത്? നബി -ﷺ- പറഞ്ഞു: "ഞാൻ ഇപ്രകാരമാണ് പറയാറുള്ളത്: "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ചയുണ്ടാക്കിയത് പോലെ എനിക്കും എൻ്റെ തിന്മകൾക്കുമിടയിൽ നീ അകൽച്ചയുണ്ടാക്കണമേ! അല്ലാഹുവേ! വെളുത്ത വസ്ത്രം മാലിന്യത്തിൽ നിന്ന് ശുദ്ധീകരിക്കുന്നത് പോലെ എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കണമേ! അല്ലാഹുവേ! വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!"
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 598]
നബി -ﷺ- നിസ്കാരത്തിന് വേണ്ടി തക്ബീർ കെട്ടിയാൽ -ഫാതിഹഃ ഓതുന്നതിന് മുൻപ്- കുറച്ചു നേരം നിശബ്ദമായി നിൽക്കുമായിരുന്നു. പ്രാരംഭമായി ചില പ്രാർത്ഥനകൾ കൊണ്ട് നിസ്കാരം ആരംഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ സന്ദർഭത്തിൽ അവിടുന്ന് ചൊല്ലാറുണ്ടായിരുന്ന പ്രാർത്ഥനകളിലൊന്നാണ് ഈ ഹദീഥിലുള്ളത്. "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ച വരുത്തിയതു പോലെ, എനിക്കും എൻ്റെ തെറ്റുകൾക്കും ഇടയിൽ നീ അകൽച്ചയുണ്ടാക്കേണമേ! അല്ലാഹുവേ! വെള്ള വസ്ത്രം കറകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ, എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കേണമേ! അല്ലാഹുവേ! മഞ്ഞും വെള്ളവും ആലിപ്പഴവും കൊണ്ട് എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!" തനിക്കും തിന്മകൾക്കും ഇടയിൽ അവ ഒരിക്കലും സംഭവിക്കാത്ത വിധത്തിലുള്ള അകൽച്ച നിശ്ചയിക്കാനാണ് നബി -ﷺ- തേടുന്നത്. കിഴക്കും പടിഞ്ഞാറും ഒരിക്കലും കണ്ടുമുട്ടുന്നില്ല എന്നത് പോലെ, ഈ തെറ്റുകളും താനും തമ്മിൽ ഒരിക്കലും കണ്ടുമുട്ടരുത് എന്നാണ് അവിടുന്ന് പ്രാർത്ഥിക്കുന്നത്. ഇനി അവ സംഭവിച്ചു പോയാൽ ഇതു പോലെ, തെറ്റുകളിൽ നിന്ന് തന്നെ ശുദ്ധീകരിക്കാനും വെള്ള വസ്ത്രത്തിൽ നിന്ന് അഴുക്ക് നീക്കുന്നത് പോലെ അവ തന്നിൽ നിന്ന് നീക്കം ചെയ്യാനും നബി -ﷺ- തേടുന്നു. തിന്മ തന്നിൽ നിന്ന് കഴുകിക്കളയാനും, അവയുടെ ചൂടും ഉഷ്ണവും നീക്കി -വെള്ളവും മഞ്ഞും ആലിപ്പഴവും കൊണ്ട്- തണുപ്പേകാനും അവിടുന്ന് പ്രാർത്ഥിക്കുന്നു.