عن عمران بن حصين رضي الله عنهما قال: كانت بي بَوَاسيرُ، فسألت النبي صلى الله عليه وسلم عن الصلاة، فقال: «صَلِّ قائما، فإن لم تستطع فقاعدا، فإن لم تستطع فعلى جَنْبٍ».
[صحيح] - [رواه البخاري]
المزيــد ...

ഇംറാനു ബ്നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: എനിക്ക് മൂലക്കുരുവിൻ്റെ അസുഖം ഉണ്ടായിരുന്നു. അങ്ങനെ നബി -ﷺ- യോട് നമസ്കാരത്തെ കുറിച്ച് ഞാൻ ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നീ നിന്നു കൊണ്ട് നമസ്കരിക്കുക. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ ഇരുന്ന് കൊണ്ട്. അതിന് നിനക്ക് സാധിക്കില്ലെങ്കിൽ നിൻ്റെ പാർശ്വത്തിലായി കൊണ്ട്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

മൂലക്കുരുവോ, നിൽക്കുമ്പോൾ വേദന അനുഭവപ്പെടുന്ന തരത്തിലുള്ളതോ ആയ രോഗങ്ങൾ ബാധിച്ചവരുടെ നമസ്കാരത്തിൻ്റെ രൂപം ഈ മഹത്തരമായ ഹദീഥ് വിവരിക്കുന്നു. നമസ്കാരത്തിൽ നിൽക്കണം എന്നതാണ് അടിസ്ഥാനം എന്ന് നബി -ﷺ- ആദ്യം അറിയിക്കുന്നു. എന്നാൽ അത് സാധിക്കാത്ത അവസരത്തിൽ അവന് ഇരുന്നു കൊണ്ട് നമസ്കരിക്കാം. അതിനും സാധിക്കില്ലെങ്കിൽ അവന് തൻ്റെ പാർശ്വത്തിൽ കിടന്നു കൊണ്ട് നമസ്കരിക്കാം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * രോഗിയുടെ നിർബന്ധ നമസ്കാരത്തിൽ നിർബന്ധമായും പരിഗണിക്കേണ്ട ഘട്ടങ്ങൾ ഈ ഹദീഥ് ഓർമ്മിപ്പിക്കുന്നു. സാധിക്കുമെങ്കിൽ നിന്ന് നമസ്കരിക്കുക എന്നത് നിർബന്ധമാണ്. കാരണം നിർബന്ധ നമസ്കാരത്തിൻ്റെ റുക്നുകളിൽ പെട്ടതാണ് നിൽക്കുക എന്നത്. എവിടെയെങ്കിലും ചാരിനിന്നു കൊണ്ടോ, അല്ലെങ്കിൽ ഊന്നുവടിയിൽ നിന്നുകൊണ്ടോ, ചുമരിലേക്ക് ഭാരം നൽകിക്കൊണ്ടോ ആണെങ്കിലും നിൽക്കുക എന്നത് നിർബന്ധമാണ്.
  2. * നിൽക്കാൻ സാധിക്കില്ലെങ്കിൽ, അതുമല്ലെങ്കിൽ നിൽക്കുന്നത് കടുത്ത പ്രയാസം സൃഷ്ടിക്കുമെങ്കിൽ നമസ്കാരം ഇരുന്ന് കൊണ്ട് നിർവ്വഹിക്കുക എന്നത് നിർബന്ധമാണ്. അത് ചാരിയിരുന്നു കൊണ്ടോ മറ്റെന്തെങ്കിലും വസ്തുവിലേക്ക് ഭാരം നൽകിക്കൊണ്ടോ ആകാം. റുകൂഉം സുജൂദും സാധിക്കുമെങ്കിൽ ചെയ്യണം. ഇരിക്കാൻ കഴിയില്ലയെങ്കിൽ - അതല്ലെങ്കിൽ അത് പ്രയാസകരമാണെങ്കിൽ - അവന് തൻ്റെ പാർശ്വഭാഗത്തേക്ക് ചെരിഞ്ഞു കിടന്ന് കൊണ്ട് നമസ്കരിക്കാം. വലതു പാർശ്വത്തിലേക്ക് ചെരിഞ്ഞു കിടന്ന് കൊണ്ട് നമസ്കരിക്കുക എന്നതാണ് കൂടുതൽ ശ്രേഷ്ഠകരമായിട്ടുള്ളത്. ഇനി ഖിബ്'ലയുടെ ഭാഗത്തേക്കായി തിരിഞ്ഞു കൊണ്ട്, മലർന്നു കിടന്നായാലും നമസ്കരിക്കാം. ഇതിനൊന്നും സാധിക്കില്ലെങ്കിൽ അവൻ തല കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് നമസ്കരിക്കണം. സുജൂദിൻ്റെ ആംഗ്യം റുകൂഇൻ്റെ ആംഗ്യത്തേക്കാൾ കൂടുതൽ താഴോട്ടായിരിക്കണം. ഈ രണ്ട് റുക്നുകൾ തമ്മിൽ വേർതിരിക്കുന്നതിന് വേണ്ടിയാണത്. സുജൂദ് റുകൂഇനേക്കാൾ താഴ്ന്നു കൊണ്ടാണല്ലോ നമസ്കാരത്തിലും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്?
  3. * നമസ്കാരത്തിൽ ഒരു കാര്യം ചെയ്യാൻ സാധിക്കില്ലെങ്കിൽ മാത്രമേ അടുത്ത ഇളവിലേക്ക് പോകാൻ പാടുള്ളൂ. അതല്ലെങ്കിൽ ഒന്നാമത്തെ രൂപത്തിൽ ചെയ്യുന്നത് കടുത്ത പ്രയാസം സൃഷ്ടിക്കണം. കാരണം നബി -ﷺ- യുടെ ഹദീഥിൽ വിവരിക്കപ്പെട്ടതു പോലെ, ഈ ഇളവുകളെല്ലാം ഒന്നാമത്തെ രൂപം അസാധ്യമാണെങ്കിൽ മാത്രമേ അനുവദിക്കപ്പെടുകയുള്ളൂ.
  4. * നിർബന്ധ നമസ്കാരം ഇരുന്ന് നമസ്കരിക്കാൻ അനുവാദം നൽകുന്ന പ്രയാസത്തിൻറെ പരിധി എന്നത് ഭക്തി നഷ്ടപ്പെട്ടുപോകുന്ന പ്രയാസമുണ്ടാവുക എന്നതാണ്.കാരണം നമസ്കാരത്തിൻ്റെ ഏറ്റവും വലിയ ലക്ഷ്യം ഈ ഭയഭക്തി നേടിയെടുക്കലാണ്.
  5. * നിർബന്ധ നമസ്കാരം ഇരുന്നു കൊണ്ട് നമസ്കരിക്കാൻ അനുവാദം നൽകുന്ന ഇളവുകൾ ധാരാളമുണ്ട്. രോഗം മാത്രമല്ല അതിൽ ഉൾപ്പെടുക. ഉദാഹരണത്തിന് വളരെ ഉയരം കുറഞ്ഞ ഒരു റൂമിൽ, പുറത്തു പോകാൻ കഴിയാതെ ബന്ധിതനാക്കപ്പെട്ടു എങ്കിൽ ഇരുന്ന് നമസ്കരിക്കാം. ബോട്ടിലും കപ്പലിലും കാറിലും വിമാനത്തിലും വെച്ചുള്ള നമസ്കാരങ്ങളും -ആവശ്യമായി വരുകയും, നിൽക്കാൻ സാധിക്കാതെ വരികയും ചെയ്താൽ- ഇരുന്ന് കൊണ്ട് നിർവ്വഹിക്കാവുന്നതാണ്. ഈ പറഞ്ഞതെല്ലാം ഇരുന്ന് നമസ്കരിക്കാൻ അനുവാദം നൽകുന്ന ചില ഇളവുകളാണ്.
  6. * ബുദ്ധി ബാക്കിയുള്ളിടത്തോളം നമസ്കാരം നിർബന്ധമാണ്. രോഗിക്ക് തല കൊണ്ട് ആംഗ്യം കാണിക്കാൻ കഴിയില്ലെങ്കിൽ കണ്ണ് കൊണ്ട് ആംഗ്യം കാണിക്കണം. റുകൂഇൻ്റെ വേളയിൽ ചെറുതായി കണ്ണ് താഴ്ത്തുകയും, അതിനേക്കാൾ കൂടുതൽ സുജൂദിൻ്റെ വേളയിൽ താഴ്ത്തുകയും ചെയ്യുക. നാവ് കൊണ്ട് പാരായണം ചെയ്യാൻ കഴിയുമെങ്കിൽ അങ്ങനെ; ഇല്ലെങ്കിൽ ഹൃദയം കൊണ്ട് പാരായണം ചെയ്താൽ മതി. ഇനി കണ്ണ് ചലിപ്പിക്കാൻ പോലും കഴിയില്ലെങ്കിൽ ഹൃദയം കൊണ്ട് നമസ്കരിക്കണം.
  7. * ഹദീഥിൻ്റെ പദത്തിൽ നിന്ന് മനസ്സിലാകുന്നത് ഏതു രൂപത്തിലും ഇരുന്ന് നമസ്കരിക്കാമെന്നാണ്. അതിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായവും ഉണ്ട്. എന്നാൽ ഏത് രൂപത്തിൽ ഇരുന്ന് കൊണ്ടുള്ള നമസ്കാരമാണ് ഏറ്റവും ശ്രേഷ്ഠം എന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്. നമസ്കാരത്തിൽ നിൽക്കേണ്ട സന്ദർഭത്തിലും, റുകൂഇൽ നിന്ന് ഉയർന്നതിന് ശേഷമുള്ള വേളയിലും ചമ്രം പടിഞ്ഞിരിക്കുകയും, സുജൂദിൽ നിന്ന് ഉയരുന്ന സന്ദർഭത്തിൽ ഇഫ്തിറാഷിൻ്റെ (ഒന്നാമത്തെ തശഹുദിലെ) ഇരുത്തവുമാണ് വേണ്ടത് എന്നാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.
  8. * അല്ലാഹുവിൻ്റെ കൽപ്പനകൾ സാധിക്കുന്നിടത്തോളം പ്രാവർത്തികമാക്കുകയാണ് വേണ്ടത്. അല്ലാഹു ഒരാൾക്കും സാധ്യമാകാത്തത് ബാധ്യതയാക്കുകയില്ല.
  9. * ഇസ്ലാമിക മതനിയമങ്ങളുടെ ലാളിത്യം ശ്രദ്ധിക്കുക. അല്ലാഹു പറഞ്ഞതു പോലെയാണ് ഈ മതത്തിലെ നിയമങ്ങളെല്ലാം. "അല്ലാഹു ഈ ദീനിൽ നിങ്ങൾക്ക് യാതൊരു പ്രയാസവും നിശ്ചയിച്ചിട്ടില്ല." (ഹജ്ജ്: 78). "അല്ലാഹു നിങ്ങൾക്ക് എളുപ്പം നൽകാനാണ് ഇഷ്ടപ്പെടുന്നത്." (നിസാഅ്). തൻ്റെ ദാസന്മാരുടെ മേൽ അല്ലാഹുവിൻ്റെ കാരുണ്യം വളരെ വിശാലമത്രെ.
  10. നിർബന്ധ നമസ്കാരത്തിൻ്റെ വിധിയാണ് ഇത്രയും പറഞ്ഞതെല്ലാം. എന്നാൽ സുന്നത്ത് നമസ്കാരങ്ങൾ പ്രത്യേകിച്ചൊരു ഒഴിവുകഴിവില്ലെങ്കിലും ഇരുന്ന് നമസ്കരിക്കാവുന്നതാണ്. എന്നാൽ ഒഴിവുകഴിവുള്ള സന്ദർഭത്തിൽ സുന്നത്ത് ഇരുന്ന് നമസ്കരിച്ചാൽ അതിന് പൂർണ്ണപ്രതിഫലമുണ്ടായിരിക്കും. പ്രത്യേകിച്ച് ഒഴിവുകഴിവൊന്നും ഇല്ലാതെ ഇരുന്ന് നമസ്കരിക്കുകയാണെങ്കിൽ നിന്ന് നമസ്കരിക്കുന്നതിൻ്റെ പകുതി പ്രതിഫലമാണ് ഉണ്ടായിരിക്കുക. നബി -ﷺ- യുടെ ഹദീഥിൽ അക്കാര്യം സ്ഥിരപ്പെട്ടിട്ടുണ്ട്.
കൂടുതൽ