+ -

عَنِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ رضي الله عنه أَنَّهُ سَمِعَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ:
«ذَاقَ طَعْمَ الْإِيمَانِ مَنْ رَضِيَ بِاللهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ رَسُولًا».

[صحيح] - [رواه مسلم] - [صحيح مسلم: 34]
المزيــد ...

അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്‌ലാമിനെ തൻ്റെ മതമായും, മുഹമ്മദ് നബിയെ -ﷺ- ദൂതനായും തൃപ്തിപ്പെട്ടവൻ ഈമാനിൻ്റെ (വിശ്വാസത്തിൻ്റെ) രുചി ആസ്വദിച്ചിരിക്കുന്നു."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 34]

വിശദീകരണം

തൻ്റെ വിശ്വാസത്തിൽ സത്യസന്ധത പുലർത്തുകയും, അതിൽ സമാധാനം കണ്ടെത്തുകയും ചെയ്യുന്ന യഥാർത്ഥ മുഅ്മിൻ തൻ്റെ ഹൃദയത്തിൽ വിശ്വാസത്തിൻ്റെ ഫലമായി ലഭിക്കുന്ന വിശാലതയും ആശ്വാസവും സന്തോഷവും മധുരവും അല്ലാഹുവിനോടുള്ള സാമീപ്യത്തിൻ്റെ ആസ്വാദനവും അനുഭവിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു. പക്ഷേ ഈ അവസ്ഥയിൽ അവൻ എത്തിപ്പെടാൻ മൂന്ന് കാര്യങ്ങളിൽ അവൻ തൃപ്തിയടയേണ്ടതുണ്ട്.
ഒന്ന്: അല്ലാഹുവിനെ അവൻ്റെ റബ്ബായും രക്ഷിതാവായും തൃപ്തിപ്പെടണം. അല്ലാഹുവാണ് അവൻ്റെ രക്ഷിതാവ് എന്നതിനാൽ അവൻ നൽകുന്ന ഉപജീവനത്തിൻ്റെ വിഹിതത്തിലും അവൻ വിധിച്ച വ്യത്യസ്ത അവസ്ഥകളിലും അവൻ തൃപ്തിയുള്ളവനായിരിക്കണം. അതിലൊന്നും യാതൊരു നിലക്കുമുള്ള എതിർപ്പ് അവൻ്റെ ഹൃദയത്തിൽ ഉണ്ടായിക്കൂടാ. അല്ലാഹുവിന് പുറമെ അവൻ മറ്റൊരു രക്ഷിതാവിനെയും തേടിപ്പോകുന്നവനുമായിക്കൂടാ.
രണ്ട്: ഇസ്‌ലാമിനെ തൻ്റെ മതമായി തൃപ്തിപ്പെട്ടിരിക്കണം. ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ടിട്ടുള്ള വിധിവിലക്കുകളിലും നിർബന്ധബാധ്യതകളിലും അവൻ തൃപ്തിയടഞ്ഞവനായിരിക്കണം. ഇസ്‌ലാമിൻ്റെ പാതയിലല്ലാതെ മറ്റൊരു പാതയിലും അവൻ സഞ്ചരിക്കുന്നവനായിക്കൂടാ.
മൂന്ന്: മുഹമ്മദ് നബി -ﷺ- യെ തൻ്റെ ദൂതനായി അവൻ തൃപ്തിപ്പെട്ടിരിക്കണം. നബി -ﷺ- യിൽ നിന്ന് വന്നെത്തിയ എല്ലാ കാര്യത്തിലും ഒരു സംശയമോ ആശയക്കുഴപ്പമോ പോലും വന്നെത്താത്ത വിധത്തിൽ അവൻ തൃപ്തിയടഞ്ഞവനും സന്തോഷമുള്ളവനുമായിരിക്കണം. അവിടുത്തെ മാതൃകക്ക് യോജിക്കുന്ന വഴിയിൽ മാത്രമേ അവൻ പ്രവേശിക്കാനും പാടുള്ളൂ.

പരിഭാഷ: ഇന്തോനേഷ്യ സിംഹള വിയറ്റ്നാമീസ് തഗാലോഗ് ഹൗസാ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية Kargaria النيبالية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഈമാനിന് -ഇസ്‌ലാമിലുള്ള വിശ്വാസത്തിന്- ഹൃദയം കൊണ്ട് ആസ്വദിക്കാവുന്ന മധുരവും രുചിയുമുണ്ട്. ഭക്ഷണപാനീയങ്ങൾ നാവു കൊണ്ടാണ് രുചിക്കാറുള്ളതെങ്കിൽ ഇത് ഹൃദയം കൊണ്ടാണ് രുചിക്കുന്നത് എന്ന് മാത്രം.
  2. ഭക്ഷണത്തിൻ്റെയും പാനീയത്തിൻ്റെയും രുചി ശരീരത്തിന് ആരോഗ്യമുള്ളപ്പോൾ മാത്രമേ ആസ്വദിക്കാൻ കഴിയാറുള്ളൂ എന്നത് പോലെ, ഹൃദയം വഴിപിഴക്കുന്ന ബിദ്അത്തുകളുടെയും നിഷിദ്ധമായ ദേഹേഛകളുടെയും രോഗങ്ങളിൽ നിന്ന് ശുദ്ധമായാൽ മാത്രമേ ഈമാനിൻ്റെ രുചി ആസ്വദിക്കാൻ സാധിക്കുകയുള്ളൂ. ഹൃദയം രോഗാതുരമായാൽ ഈമാനിൻ്റെ മധുരം ആസ്വദിക്കുക സാധ്യമല്ല. ചിലപ്പോഴെല്ലാം അവൻ്റെ നാശത്തിന് കാരണമാകുന്ന തിന്മകളും ബിദ്അത്തുകളുമായിരിക്കും -ഹൃദയം രോഗാതുരമായാൽ- അവന് രുചികരമായി അനുഭവപ്പെട്ടേക്കുക.
  3. ഒരാൾക്ക് എന്തെങ്കിലും കാര്യം തൃപ്തിയുള്ളതാവുകയും, അതാണ് നല്ലത് എന്ന് അവൻ വിശ്വസിക്കുകയും ചെയ്താൽ പിന്നീടുള്ള കാര്യം ഏറെ എളുപ്പമാണ്. അവൻ തൃപ്തിപ്പെട്ട ആ കാര്യത്തിൽ യാതൊരു പ്രയാസവും പിന്നീട് അവന് അനുഭവപ്പെടുകയില്ല. അതിലുള്ള എല്ലാം അവന് സന്തോഷമേകുന്നതായിരിക്കും. അതിൻ്റെ സന്തോഷം അവൻ്റെ ഹൃദയത്തിൽ ഇണപിരിഞ്ഞു ചേരുകയും ചെയ്തിരിക്കും.
  4. ഇതു പോലെയാണ് വിശ്വാസം ഹൃദയത്തിലേക്ക് പ്രവേശിച്ച മുഅ്മിനിൻ്റെ കാര്യവും. അല്ലാഹുവിനെ അനുസരിക്കുക എന്നത് അവന് ഏറെ ലളിതമാവുകയും, അതിൽ അവൻ്റെ മനസ്സ് ആസ്വാദനം കണ്ടെത്തുകയും ചെയ്യും. ആ മാർഗത്തിൽ നേരിടേണ്ട പ്രയാസങ്ങളിൽ അവന് യാതൊരു ക്ലേശവും ഉണ്ടാവുകയുമില്ല.
  5. ഇബ്നുൽ ഖയ്യിം (റഹി) പറയുന്നു: "അല്ലാഹുവാണ് എൻ്റെ രക്ഷിതാവ് എന്നതിലും അവൻ മാത്രമാണ് ആരാധനക്ക് അർഹനായുള്ളത് എന്നതിലുമുള്ള പരിപൂർണ്ണ തൃപ്തിയും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ് എന്നതിലും അവിടുത്തേക്ക് കീഴൊതുങ്ങുന്നതിലുമുള്ള തൃപ്തിയും, അല്ലാഹുവിൻ്റെ ദീനിലും അതിന് സമർപ്പിക്കുന്നതിലുമുള്ള തൃപ്തിയും ഈ ഹദീഥിൻ്റെ പാഠങ്ങളിൽ പെട്ടതാണ്."
കൂടുതൽ