+ -

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رضي الله عنهما قال: قال رَسولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا، وَمَنْ كَانَتْ فِيهِ خَلَّةٌ مِنْهُنَّ كَانَتْ فِيهِ خَلَّةٌ مِنْ نِفَاقٍ حَتَّى يَدَعَهَا: إِذَا حَدَّثَ كَذَبَ، وَإِذَا عَاهَدَ غَدَرَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا خَاصَمَ فَجَرَ».

[صحيح] - [متفق عليه] - [صحيح مسلم: 58]
المزيــد ...

അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"നാല് കാര്യങ്ങൾ ഒരാളിലുണ്ടെങ്കിൽ അവൻ ശരിയായ കപടവിശ്വാസിയാണ്. അതിൽ ഏതെങ്കിലുമൊരു കാര്യമാണ് അവനിലുള്ളത് എങ്കിൽ കപടവിശ്വാസത്തിൻ്റെ ഒരു സ്വഭാവം അവനിലുണ്ട്; അവനത് ഉപേക്ഷിക്കുന്നത് വരെ. സംസാരിച്ചാൽ കളവു പറയുക, കരാർ ചെയ്താൽ ചതിക്കുക, വാഗ്ദാനം നൽകിയാൽ ലംഘിക്കുക, തർക്കിച്ചാൽ അന്യായം പ്രവർത്തിക്കുക എന്നതാണവ."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 58]

വിശദീകരണം

നാല് സ്വഭാവങ്ങളിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു; അവ ഒരാളിൽ ഒരുമിച്ചാൽ അവനിൽ കപടവിശ്വാസിയോട് കടുത്ത സാദൃശ്യമുണ്ട്. ഹദീഥിൽ പറയപ്പെട്ട ഈ സ്വഭാവങ്ങൾ ഒരാളുടെ പൊതുസ്വഭാവമായി മാറിയാലുള്ള കാര്യമാണ് ഇവിടെ പറയുന്നത്; അതല്ലാതെ എപ്പോഴെങ്കിലും ഒരാളിൽ നിന്ന് ഇത്തരം കാര്യം സംഭവിക്കുന്നതിനെ കുറിച്ചല്ല.
ഒന്നാമത്തെ സ്വഭാവം: സംസാരിച്ചാൽ ബോധപൂർവ്വം കളവ് പറയുക എന്നതും, സംസാരത്തിൽ സത്യസന്ധത പാലിക്കാതിരിക്കുകയും ചെയ്യുക എന്നതാണ്.
രണ്ടാമത്തേത്; കരാർ ചെയ്താൽ അത് പാലിക്കാതിരിക്കുക എന്നതും, കരാർ ചെയ്തവനെ വഞ്ചിക്കുക എന്നതുമാണ്.
മൂന്നാമത്തേത്; വാഗ്ദാനം നൽകിയാൽ അത് പാലിക്കാതിരിക്കുക എന്നതും, വാഗ്ദാനം ലംഘിക്കുക എന്നതുമാണ്.
നാലാമത്തേത്, തർക്കിക്കുകയും വാദപ്രതിവാദത്തിൽ ഏർപ്പെടുകയും ചെയ്താൽ കഠിനമായി തർക്കിക്കുകയും, സത്യത്തിൻ്റെ വഴിയിൽ നിന്ന് തെറ്റിപ്പോകുകയും, മറുപടി നൽകാൻ കുതർക്കവും അന്യായവും പ്രയോഗിക്കുകയും, കളവും അസത്യവും പറയുക എന്നതുമാണ്.
കപടവിശ്വാസം (നിഫാഖ്) എന്നാൽ ഒരാൾ യാഥാർത്ഥ്യത്തിന് വിരുദ്ധമായത് പുറമേക്ക് പ്രകടിപ്പിക്കുക എന്നതാണ്. ഹദീഥിൽ പറയപ്പെട്ട നാല് സ്വഭാവങ്ങളിലും ഇത് പൊതുവായി കാണാം. സംസാരിക്കുമ്പോഴും വാഗ്ദാനം നൽകുമ്പോഴും വിശ്വസിച്ചേൽപ്പിക്കപ്പെടുമ്പോഴും, തർക്കിക്കുമ്പോഴുമെല്ലാം അവൻ തൻ്റെ എതിർപക്ഷത്ത് നിൽക്കുന്നവനോട് ഒരർത്ഥത്തിലുള്ള കപടതയാണ് പുലർത്തുന്നത്. എന്നാൽ ഇസ്‌ലാമിൽ വിശ്വാസമില്ലാതെ, ഉള്ളിൽ നിഷേധം ഒളിപ്പിച്ചു കൊണ്ട് പുറമേക്ക് മുസ്‌ലിമാണെന്ന് പ്രകടിപ്പിക്കുന്ന തരത്തിലുള്ള നിഫാഖും യഥാർഥ കപടവിശ്വാസവും അവനുണ്ട് എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. ആരിലെങ്കിലും ഈ ഹദീഥിൽ പറയപ്പെട്ട സ്വഭാവങ്ങളുണ്ടെങ്കിൽ മുനാഫിഖിൻ്റെ ആ വിശേഷണം അവൻ ഉപേക്ഷിക്കുന്നത് വരെ അവനിൽ അത് നിലനിൽക്കുന്നുണ്ട് എന്നു മാത്രം.

പരിഭാഷ: ഇംഗ്ലീഷ് ഉർദു ഇന്തോനേഷ്യ ബോസ്‌നിയ സിംഹള പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية الرومانية Malagasy
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. കപടവിശ്വാസികളുടെ ചില സ്വഭാവങ്ങളും അടയാളങ്ങളുമാണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നത്; അവരിൽ നിന്ന് താക്കീത് നൽകാനും, അവരുടെ മാർഗത്തിൽ പെട്ടുപോകാതിരിക്കാനും വേണ്ടിയാണത്.
  2. ഹദീഥിൻ്റെ ഉദ്ദേശ്യം: വിവരിക്കപ്പെട്ട ഈ സ്വഭാവങ്ങൾ കാപട്യത്തിൻ്റെ ലക്ഷണമാണെന്ന് ബോധ്യപ്പെടുത്തൽ മാത്രമാണ്. ഈ സ്വഭാവങ്ങൾ അവരുടേതാണ് എന്നതിനാൽ അവൻ മുനാഫിഖുകളോട് സാദൃശ്യമുള്ളവനും അവരുടെ സ്വഭാവം പുലർത്തുന്നവനുമാണ് എന്നുമാണ് അതിൻ്റെ അർത്ഥം. അവൻ മനസ്സിൽ വിശ്വാസമേയില്ലാത്ത, ഉള്ളിൽ നിഷേധം ഒളിപ്പിച്ചു വെക്കുന്ന യഥാർത്ഥ മുനാഫിഖാണ് എന്ന് ഈ ഹദീഥിന് അർത്ഥമില്ല.
  3. ചിലർ പറഞ്ഞു: ഈ സ്വഭാവങ്ങൾ ഒരാളുടെ പൊതുസ്വഭാവമായി മാറുകയും, അക്കാര്യത്തിൽ അവൻ വളരെ നിസ്സാരഭാവമുള്ളവനായി മാറുകയും, ഈ തിന്മകളെ അവൻ ഗൗരവത്തിൽ എടുക്കാതിരിക്കുകയും ചെയ്യുമ്പോഴുള്ള സ്ഥിതിയാണ് ഹദീഥിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കാരണം ആ അവസ്ഥയിൽ ജീവിക്കുന്ന ഒരാൾ ഇസ്‌ലാമിൽ വിശ്വാസമുള്ളവനാകാൻ ഏറെ സാധ്യത കുറവാണ്.
  4. ഗസാലീ പറയുന്നു: "ദീനിൻ്റെ അടിത്തറകൾ മൂന്ന് കാര്യങ്ങളാണ്: സംസാരവും, പ്രവർത്തിയും, ഉദ്ദേശ്യവും. സംസാരം നശിക്കുന്നതിലേക്കുള്ള സൂചനയാണ് കളവ്; പ്രവർത്തി നശിക്കുന്നതിൻ്റെ അടയാളമാണ് ചതി; ഉദ്ദേശ്യം നശിച്ചതിൻ്റെ അടയാളമാണ് വാഗ്ദത്തലംഘനത്തിലുള്ളത്. കാരണം ലംഘിക്കണമെന്ന ഉദ്ദേശ്യത്തോടെ വാഗ്ദാനം നൽകുമ്പോഴാണ് അത് തിന്മയാകുന്നത്. എന്നാൽ ഒരാൾ വാഗ്ദാനം നൽകുകയും ശേഷം എന്തെങ്കിലും തടസ്സമുണ്ടാവുകയോ, അയാളുടെ അഭിപ്രായം മാറ്റേണ്ട സാഹചര്യമുണ്ടാവുകയോ ചെയ്താൽ അത് കപടവിശ്വാസത്തിൻ്റെ സ്വഭാവത്തിൽ ഉൾപ്പെടുകയില്ല."
  5. കപടവിശ്വാസം (നിഫാഖ്) രണ്ട് രൂപത്തിലുണ്ട്.
  6. ഒന്ന്: വിശ്വാസപരമായത്; മനസ്സിനുള്ളിൽ വിശ്വാസമില്ലെങ്കിലും ഇസ്‌ലാം പുറമേക്ക് പ്രകടിപ്പിക്കുന്ന ഈ നിഫാഖിൻ്റെ രൂപം ഒരാളിലുണ്ടായാൽ അവൻ വിശ്വാസിയല്ല.
  7. രണ്ട്: പ്രവർത്തനപരമായത്; മുനാഫിഖുകളുടെ സ്വഭാവഗുണങ്ങളോട് സദൃശ്യമുള്ള സ്ഥിതിയിൽ ഒരാൾ എത്തിപ്പെടുന്നതിനാണ് ഇപ്രകാരം പറയുക. ഇത് ഒരാളിലുണ്ടെന്നത് കൊണ്ട് അയാൾ മുസ്‌ലിമാകാതിരിക്കുന്നില്ല. എന്നാൽ വൻപാപങ്ങളിൽ പെട്ട ഒരു തിന്മയാണ് അവൻ ചെയ്യുന്നത് എന്നതിൽ സംശയമില്ല.
  8. ഇബ്നു ഹജർ (റഹി) പറയുന്നു: ഒരാൾ തൻ്റെ നാവ് കൊണ്ടും ഹൃദയം കൊണ്ടും ഇസ്‌ലാമിൽ വിശ്വാസമുള്ളവനായിരിക്കുകയും ഈ ഹദീഥിൽ പറയപ്പെട്ട സ്വഭാവങ്ങൾ അവനിലുണ്ടാവുകയും ചെയ്താൽ അവൻ കാഫിറാണെന്ന് പറയാൻ പാടില്ല എന്നതിലും, നരകത്തിൽ ശാശ്വതനാകുന്ന മുനാഫിഖല്ലെന്നതിലും മുസ്‌ലിം പണ്ഡിതന്മാരെല്ലാം ഏകോപിച്ചിരിക്കുന്നു.
  9. നവവി (റഹി) പറയുന്നു: "പണ്ഡിതന്മാരിൽ ചിലർ പറഞ്ഞു: നബി -ﷺ- യുടെ കാലഘട്ടത്തിലുള്ള മുനാഫിഖുകളെ കുറിച്ചാണ് ഈ ഹദീഥിൽ പരാമർശിച്ചിരിക്കുന്നത്. അവർ തങ്ങൾ ഈമാനുള്ളവരാണെന്ന് പറഞ്ഞെങ്കിലും അവർ കളവായിരുന്നു പറഞ്ഞത്. അവർ തങ്ങളുടെ ദീനിൻ്റെ കാര്യം വിശ്വസിച്ചേൽപ്പിക്കപ്പെട്ടെങ്കിലും അതിൽ അവർ വഞ്ചന കാണിച്ചു. ദീനിൻ്റെ കാര്യങ്ങളിൽ സഹായിക്കാമെന്ന് അവർ വാഗ്ദാനം നൽകിയെങ്കിലും അതവർ ലംഘിച്ചു. തങ്ങളുടെ തർക്കങ്ങളിൽ മാന്യതയുടെ അതിരുകളെല്ലാം അവർ ലംഘിക്കുകയും ചെയ്തു."
കൂടുതൽ