عَنْ عَبْدِ اللهِ بْنِ عُمَرَ رضي الله عنهما قَالَ: كَانَ مِنْ دُعَاءِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«اللهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ».
[صحيح] - [رواه مسلم] - [صحيح مسلم: 2739]
المزيــد ...
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
"അല്ലാഹുവേ, നീ നൽകിയ അനുഗ്രഹങ്ങൾ ഇല്ലാതാവുകയും നിന്നിൽ നിന്നുള്ള സൗഖ്യം മാറിപ്പോവുകയും ചെയ്യുന്നതിൽ നിന്നും, നിന്റെ പെട്ടെന്നുള്ള ശിക്ഷാനടപടിയിൽ നിന്നും, നിന്റെ മുഴുവൻ കോപങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു."
[صحيح] - [رواه مسلم] - [صحيح مسلم - 2739]
നാല് കാര്യങ്ങളിൽ നിന്ന് നബി -ﷺ- ഈ ഹദീഥിൽ രക്ഷ തേടുന്നു.
ഒന്ന്: അല്ലാഹുവേ! നിൻ്റെ അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. മതപരവും ഭൗതികവുമായ അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്നുള്ള രക്ഷാതേട്ടമാണിത്. ഇസ്‌ലാമിൽ തന്നെ അടിയുറച്ചു നിൽക്കാനും, അനുഗ്രഹങ്ങളെ ഇല്ലാതാക്കി കളയാൻ കാരണമാകുന്ന തിന്മകളിലേക്ക് വീണു പോകാതിരിക്കാനുമുള്ള തേട്ടം അതിൻ്റെ ഉള്ളടക്കത്തിലുണ്ട്.
രണ്ട്: നിൻ്റെ പക്കൽ നിന്നുള്ള സൗഖ്യം നീങ്ങിപ്പോകുകയും, ദുരിതങ്ങളായി അത് മാറിമറിയുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. എൻ്റെ സൗഖ്യം എന്നെന്നും നിലനിൽക്കാനും, വേദനകളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷ നൽകാനും ഞാൻ നിന്നോട് തേടുന്നു.
മൂന്ന്: നിൻ്റെ ശിക്ഷകളായി കുഴപ്പങ്ങളും വിപത്തുകളും പൊടുന്നനെ ബാധിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. അല്ലാഹുവിൽ നിന്നുള്ള ശിക്ഷ പൊടുന്നനെ ഒരാൾക്ക് മേൽ വന്നിറങ്ങിയാൽ അയാൾക്ക് തൻ്റെ തിന്മകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാനോ തൻ്റെ പ്രവൃത്തികൾ നന്നാക്കാനോ ഉള്ള ഒരു സാവകാശം പോലും ഉണ്ടായിരിക്കുന്നതല്ല. അതിനാൽ അത്തരത്തിലുള്ള അപകടങ്ങൾ കൂടുതൽ ഗുരുതരവും തീവ്രവുമായിരിക്കും എന്നതിൽ സംശയമില്ല.
നാല്: നിൻ്റെ എല്ലാ കോപത്തിൽ നിന്നും അതിലേക്ക് നയിക്കുന്ന എല്ലാ കാരണങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. നീ ആരോടെങ്കിലും കോപിച്ചാൽ അവൻ തുലഞ്ഞു പോവുകയും നാശമടയുകയും ചെയ്തിരിക്കുന്നു.
അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന എല്ലാ വാക്കുകളും പ്രവൃത്തികളും വിശ്വാസങ്ങളും ഒരാളിൽ നിന്ന് അകറ്റപ്പെടുന്നതിന് വേണ്ടിയാണ് 'സർവ്വ കോപവും' എന്ന അർത്ഥം വരുന്ന പദം നബി -ﷺ- പ്രയോഗിച്ചത്.