عَنْ أَنَسٍ رضي الله عنه قَالَ:
كَانَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُكْثِرُ أَنْ يَقُولَ: «يَا مُقَلِّبَ القُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ»، فَقُلْتُ: يَا رَسُولَ اللهِ، آمَنَّا بِكَ وَبِمَا جِئْتَ بِهِ فَهَلْ تَخَافُ عَلَيْنَا؟ قَالَ: «نَعَمْ، إِنَّ القُلُوبَ بَيْنَ أُصْبُعَيْنِ مِنْ أَصَابِعِ اللهِ يُقَلِّبُهَا كَيْفَ يَشَاءُ».
[صحيح] - [رواه الترمذي وأحمد] - [سنن الترمذي: 2140]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- ധാരാളമായി ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ! എൻ്റെ ഹൃദയത്തെ നിൻ്റെ ദീനിൽ നീ ഉറപ്പിച്ചു നിർത്തണേ!" അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അങ്ങയിലും അങ്ങ് കൊണ്ടുവന്നതിലും വിശ്വസിച്ചിരിക്കുന്നു. ഇനിയും ഞങ്ങളുടെ കാര്യത്തിൽ അങ്ങ് ഭയക്കുന്നുണ്ടോ?" നബി -ﷺ- പറഞ്ഞു: "അതെ! തീർച്ചയായും ഹൃദയങ്ങൾ അല്ലാഹുവിൻ്റെ വിരലുകളിലെ രണ്ട് വിരലുകൾക്കിടയിലാണുള്ളത്. അവൻ ഉദ്ദേശിക്കുന്നതു പോലെ അവനവയെ മാറ്റിമറിക്കുന്നു."
[സ്വഹീഹ്] - - [سنن الترمذي - 2140]
അല്ലാഹുവിൻ്റെ ദീനിലും സൽകർമ്മങ്ങളിലും ഉറപ്പിച്ചു നിർത്താനും, വഴികേടിൽ നിന്നും വ്യതിചലനത്തിൽ നിന്നും അകറ്റിനിർത്താനും വേണ്ടിയായിരുന്നു നബി -ﷺ- ഏറ്റവുമധികം പ്രാർത്ഥിച്ചിരുന്നത്. ഈ പ്രാർത്ഥന നബി -ﷺ- വളരെയധികം അധികരിപ്പിക്കുന്നത് കണ്ടപ്പോൾ അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വിന് ഏറെ ആശ്ചര്യമുണ്ടായി. അല്ലാഹുവിൻ്റെ വിരലുകളിലെ രണ്ട് വിരലുകൾക്കിടയിലാണ് മനുഷ്യഹൃദയങ്ങളുള്ളത് എന്നും, അല്ലാഹു ഉദ്ദേശിക്കുന്നത് പോലെ അവൻ അതിനെ മാറ്റിമറിക്കുന്നതാണെന്നും നബി -ﷺ- അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു. ഹൃദയമാണ് ഈമാനിൻ്റെയും കുഫ്റിൻ്റെയും (വിശ്വാസത്തിൻ്റെയും നിഷേധത്തിൻ്റെയും) കേന്ദ്രം. അറബിയിൽ ധാരാളമായി ചലിച്ചു കൊണ്ടിരിക്കുന്നത് എന്ന അർത്ഥം വരുന്ന 'തഖല്ലുബ്' എന്ന പദത്തിൽ നിന്നാണ് ഹൃദയം എന്ന അർത്ഥമുള്ള 'ഖൽബ്' എന്ന പദം തന്നെ നിഷ്പന്നമായിരിക്കുന്നത്. തിളച്ചുമറിയുന്ന ഒരു ചട്ടിയിലെ വെള്ളത്തേക്കാൾ ചലനവും ഇളക്കവും ഹൃദയത്തിനുണ്ട്. അല്ലാഹു ഒരാളുടെ ഹൃദയത്തെ നേരെനിർത്താൻ ഉദ്ദേശിച്ചാൽ അവൻ അതിനെ നേരെനിർത്തുകയും, അവൻ്റെ ദീനിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യും. അല്ലാഹു ഒരാളുടെ ഹൃദയത്തെ സന്മാർഗത്തിൽ നിന്ന് വഴികേടിലേക്ക് തിരിച്ചു വിടാൻ ഉദ്ദേശിച്ചാൽ അവൻ അപ്രകാരവും ചെയ്യുന്നതാണ്.