+ -

عَنْ عُقْبَةَ بْنِ عَامِرٍ رضي الله عنه قَالَ: كَانَتْ عَلَيْنَا رِعَايَةُ الْإِبِلِ فَجَاءَتْ نَوْبَتِي فَرَوَّحْتُهَا بِعَشِيٍّ فَأَدْرَكْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَائِمًا يُحَدِّثُ النَّاسَ فَأَدْرَكْتُ مِنْ قَوْلِهِ:
«مَا مِنْ مُسْلِمٍ يَتَوَضَّأُ فَيُحْسِنُ وُضُوءَهُ، ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ، مُقْبِلٌ عَلَيْهِمَا بِقَلْبِهِ وَوَجْهِهِ، إِلَّا وَجَبَتْ لَهُ الْجَنَّةُ» قَالَ فَقُلْتُ: مَا أَجْوَدَ هَذِهِ، فَإِذَا قَائِلٌ بَيْنَ يَدَيَّ يَقُولُ: الَّتِي قَبْلَهَا أَجْوَدُ، فَنَظَرْتُ فَإِذَا عُمَرُ قَالَ: إِنِّي قَدْ رَأَيْتُكَ جِئْتَ آنِفًا، قَالَ: «مَا مِنْكُمْ مِنْ أَحَدٍ يَتَوَضَّأُ فَيُبْلِغُ - أَوْ فَيُسْبِغُ - الْوَضُوءَ ثُمَّ يَقُولُ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا عَبْدُ اللهِ وَرَسُولُهُ إِلَّا فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةُ يَدْخُلُ مِنْ أَيِّهَا شَاءَ».

[صحيح] - [رواه مسلم] - [صحيح مسلم: 234]
المزيــد ...

ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങളിൽ ചിലർക്ക് ഒട്ടകങ്ങളെ മേയ്ക്കാനുള്ള ഉത്തരവാദിത്തമുണ്ടായിരുന്നു. അങ്ങനെ എൻ്റെ അവസരം വന്നെത്തുകയും, വൈകുന്നേരം അവയെ ഞാൻ തൊഴുത്തിൽ കൊണ്ടാക്കുകയും ചെയ്തു. ശേഷം നബി -ﷺ- ജനങ്ങൾക്ക് മുൻപിൽ എഴുന്നേറ്റ് നിന്നു കൊണ്ട് സംസാരിക്കവെ ഞാൻ നബിയുടെ അരികിലെത്തി. അവിടുത്തെ സംസാരത്തിൽ നിന്ന് എനിക്ക് ലഭിച്ചത് ഇതായിരുന്നു:
"ഏതൊരു മുസ്ലിമായ വ്യക്തിയും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും, ശേഷം എഴുന്നേറ്റു രണ്ട് റക്അത് നിസ്കരിക്കുകയും, തൻ്റെ ഹൃദയവും മുഖവും അതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്താൽ അവന് സ്വർഗം നിർബന്ധമാവാതിരിക്കില്ല." ഉഖ്ബ പറയുന്നു: ഇത് കേട്ടപ്പോൾ ഞാൻ പറഞ്ഞു: "എത്ര നല്ല ഒരു കാര്യമാണിത്?!" അപ്പോഴതാ എൻ്റെ മുൻപിൽ നിന്നൊരാൾ പറയുന്നു: "ഇതിന് മുൻപുള്ളത് അതിനേക്കാൾ നല്ലതായിരുന്നു." ഞാൻ നോക്കിയപ്പോൾ ഉമർ ബ്നുൽ ഖത്താബ് ആയിരുന്നു അത്. അദ്ദേഹം പറഞ്ഞു: "താങ്കൾ ഇപ്പോഴാണ് വന്നത് എന്ന് ഞാൻ കണ്ടിരുന്നു. നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ഏതൊരാളും വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് പൂർണ്ണമാക്കുകയും, ശേഷം 'അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു' എന്ന് പറയുകയും ചെയ്താൽ സ്വർഗത്തിൻ്റെ എട്ടു കവാടങ്ങളും അവന് വേണ്ടി തുറക്കപ്പെടാതിരിക്കില്ല; ഇഷ്ടമുള്ളതിലൂടെ അവന് സ്വർഗത്തിൽ പ്രവേശിക്കാം."

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 234]

വിശദീകരണം

രണ്ട് മഹത്തരമായ ശ്രേഷ്ഠതകൾ ലഭിക്കുന്ന പുണ്യകർമ്മങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ വിശദീകരിച്ചിരിക്കുന്നത്.
ഒന്നാമത്തേത്: ഒരാൾ വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നല്ല വിധത്തിൽ പൂർത്തീകരിക്കുകയും, അത് നബി -ﷺ- യുടെ ചര്യയോട് ഏറ്റവും യോജിച്ച വിധത്തിലാക്കുകയും, തൻ്റെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും അർഹമായ വിധത്തിൽ വെള്ളം ഉപയോഗിക്കുകയും, ശേഷം 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്, വ അന്ന മുഹമ്മദൻ അബ്ദുല്ലാഹി വറസൂലുഹു' എന്ന് പറയുകയും ചെയ്താൽ സ്വർഗത്തിൻ്റെ എട്ടു കവാടങ്ങളും അവന് വേണ്ടി തുറന്നു നൽകപ്പെടാതിരിക്കില്ല; ഇഷ്ടമുള്ളതിലൂടെ അവന് സ്വർഗത്തിൽ പ്രവേശിക്കാം എന്നതാണ്.
രണ്ടാമത്തേത്: ആരെങ്കിലും ഈ രൂപത്തിൽ പൂർണ്ണമായി വുദൂഅ് നിർവ്വഹിക്കുകയും, ശേഷം ഹൃദയസാന്നിദ്ധ്യത്തോടെ രണ്ട് റക്അത്തുകൾ നിസ്കരിക്കുകയും, അതിൽ അല്ലാഹുവിൻ്റെ പ്രതിഫലം മാത്രം ഉദ്ദേശിക്കുകയും, ഭയഭക്തി കാത്തുസൂക്ഷിക്കുകയും, തൻ്റെ മുഖവും ശരീരാവയവങ്ങളും അല്ലാഹുവിന് പരിപൂർണ്ണമായി വിധേയപ്പെടുത്തുകയും ചെയ്താൽ അവന് സ്വർഗം നിർബന്ധമാകാതിരിക്കില്ല എന്നതാണത്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية Kargaria النيبالية الرومانية Malagasy
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ചെറിയ പ്രവർത്തനങ്ങൾക്ക് വലിയ പ്രതിഫലം നൽകുക എന്നത് അല്ലാഹുവിൻ്റെ മഹത്തരമായ ഔദാര്യത്തിനുള്ള തെളിവാണ്.
  2. വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കുകയും അതിന് ശേഷം രണ്ട് റക്അത്തുകൾ ഭയഭക്തിയോടെ നിസ്കരിക്കുകയും ചെയ്യുക എന്നതിലൂടെ ലഭിക്കുന്ന മഹത്തരമായ പ്രതിഫലം.
  3. വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കുകയും, ശേഷം ഹദീഥിൽ പഠിപ്പിക്കപ്പെട ദിക്ർ ചൊല്ലുകയും ചെയ്യുന്നത് സ്വർഗത്തിൽ പ്രവേശിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്.
  4. വുദൂഅ് ചെയ്യുന്ന വ്യക്തിക്ക് ഈ ദിക്റുകൾ ചൊല്ലുന്നത് സുന്നത്താണെന്നത് പോലെ, ജനാബത്തിൽ നിന്നും കുളിച്ച വ്യക്തിക്കും ഈ ദിക്ർ ചൊല്ലുന്നത് നല്ല കാര്യം തന്നെ.
  5. നന്മകൾ പഠിക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും, അതിലും അവരുടെ ദൈനംദിന കാര്യങ്ങളിലും പരസ്പരം സഹകരിക്കുന്നതിലും സ്വഹാബികൾക്കുണ്ടായിരുന്ന ശ്രദ്ധ.
  6. വുദൂഇന് ശേഷം ചൊല്ലുന്ന ദിക്റിൽ ഹൃദയം ശിർക്കിൽ നിന്ന് ശുദ്ധമാക്കുകയും, അത് അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുകയും ചെയ്യുക എന്നതുണ്ട്. വുദൂഇലാകട്ടെ, ശരീരം വൃത്തികേടുകളിൽ നിന്നും മറ്റും ശുദ്ധീകരിക്കുക എന്നതുമുണ്ട്.