+ -

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ فِي نَارِ جَهَنَّمَ يَتَرَدَّى فِيهِ خَالِدًا مُخَلَّدًا فِيهَا أَبَدًا، وَمَنْ تَحَسَّى سُمًّا فَقَتَلَ نَفْسَهُ فَسُمُّهُ فِي يَدِهِ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا، وَمَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَجَأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا».

[صحيح] - [متفق عليه] - [صحيح البخاري: 5778]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും ഒരു പർവ്വതത്തിൽ നിന്ന് താഴേക്ക് പതിച്ചു കൊണ്ട് ആത്മാഹുതി നടത്തിയാൽ അവൻ നരകത്തിലും ശാശ്വതനായി എന്നേക്കുമായി താഴേക്ക് പതിച്ചു കൊണ്ടേയിരിക്കുന്നതാണ്. ആരെങ്കിലും വിഷം കഴിച്ചു കൊണ്ട് ആത്മാഹുതി നടത്തിയാൽ തൻ്റെ കയ്യിൽ വിഷം വഹിച്ചു കൊണ്ട് എന്നുമെന്നും ശാശ്വതനായി നരകാഗ്നിയിൽ അവൻ വിഷം കഴിച്ചു കൊണ്ടിരിക്കുന്നതാണ്. ആരെങ്കിലും കത്തി കൊണ്ട് ആത്മഹത്യ നടത്തിയാൽ തൻ്റെ കൈകളിൽ കത്തിയേന്തിക്കൊണ്ട് അത് തൻ്റെ വയറ്റിൽ കുത്തിയിറക്കുന്ന നിലയിൽ എന്നെന്നേക്കുമായി അവൻ നരകത്തിൽ ശാശ്വതമായി വസിക്കുന്നതാണ്."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 5778]

വിശദീകരണം

ആരെങ്കിലും ബോധപൂർവ്വം ആത്മഹത്യ ചെയ്യുന്നുവെങ്കിൽ നരകത്തിൽ അവർ ആത്മഹത്യ ചെയ്യാൻ സ്വീകരിച്ച അതേ രീതിയിൽ തന്നെ അവർ ശിക്ഷിക്കപ്പെടുന്നതാണ് എന്ന് നബി -ﷺ- താക്കീത് നൽകുന്നു; അവരുടെ പ്രവർത്തിക്ക് പൂർണ്ണമായും യോജിച്ച പ്രതിഫലമായിരിക്കും അത്. ഒരാൾ പർവ്വതത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടിക്കൊണ്ടാണ് സ്വയം മരണത്തിലേക്ക് ചാടുന്നത് എങ്കിൽ അവൻ നരകത്തിലെ മലകളിലൊന്നിൽ നിന്ന് താഴേക്ക് ചാടിക്കൊണ്ടിരിക്കും; ഇത് അവസാനമില്ലാതെ എന്നെന്നേക്കുമായി തുടരുന്നതാണ്. ആരെങ്കിലും വിഷം കഴിച്ചു കൊണ്ടാണ് ആത്മാഹുതി ചെയ്തത് എങ്കിൽ കയ്യിൽ വിഷവുമേന്തി അത് കടിച്ചിറക്കി കൊണ്ട് അവൻ നരകത്തിൽ കാലാകാലം ശിക്ഷിക്കപ്പെടുന്നതാണ്. ഒരാൾ തൻ്റെ വയറ്റിൽ കത്തിയോ ആയുധമോ കുത്തിയിറക്കി കൊണ്ടാണ് മരിച്ചത് എങ്കിൽ തൻ്റെ കയ്യിൽ ആയുധം പിടിച്ചു കൊണ്ട് വയറിൽ കുത്തിയിറക്കുന്ന നിലയിൽ നരകത്തിൽ അവൻ ശാശ്വതനായി കഴിയുന്നതാണ്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ആത്മഹത്യ ചെയ്യുക എന്നത് നിഷിദ്ധമാണ്. വേദനയേറിയ ശിക്ഷക്ക് അർഹമാക്കുന്ന വൻപാപങ്ങളിൽ പെട്ട തിന്മയാണത്.
  2. ഹദീഥിൽ പറയപ്പെട്ടതെല്ലാം ആത്മഹത്യയുടെ ചില ഉദാഹരണങ്ങൾ എന്ന നിലക്ക് മാത്രമാണ്. ഒരാൾ ഏതു നിലക്കാണോ ആത്മാഹുതി ചെയ്യുന്നത് അതേ വിധത്തിൽ തന്നെ അവൻ നരകത്തിൽ ശിക്ഷിക്കപ്പെടുന്നതാണ്.
  3. സ്വഹീഹുൽ ബുഖാരിയിൽ വന്ന ഒരു ഹദീഥിൽ നബി -ﷺ- പറഞ്ഞതായി കാണാം: "സ്വയം ശ്വാസം മുട്ടിച്ചു മരിച്ചവൻ നരകത്തിലും ശ്വാസം മുട്ടിക്കുന്നതാണ്. ആരെങ്കിലും സ്വയം കുത്തേൽപ്പിച്ചു കൊണ്ടാണ് മരിച്ചത് എങ്കിൽ അവൻ നരകത്തിൽ സ്വയം കുത്തേൽപ്പിക്കുന്നതാണ്."
  4. നവവി (റഹി) പറയുന്നു: "ആത്മഹത്യ ചെയ്തവർ നരകത്തിൽ എന്നെന്നേക്കുമായി ശാശ്വതവാസികളായിരിക്കുന്നതാണ് എന്ന നബി -ﷺ- യുടെ വാക്ക് പണ്ഡിതന്മാർ വ്യത്യസ്ത രൂപത്തിൽ വിശദീകരിച്ചിട്ടുണ്ട്.
  5. അതിലൊന്ന് ഇപ്രകാരമാണ്: ആത്മഹത്യ ചെയ്യുന്നത് നിഷിദ്ധമാണ് എന്ന കാര്യം അറിഞ്ഞ ശേഷം അത് അനുവദനീയമായ കാര്യമാണ് എന്ന് വാദിച്ചു കൊണ്ട് ഒരാൾ ഈ പ്രവർത്തി ചെയ്താലാണ് ഈ ശിക്ഷ അവന് നൽകപ്പെടുക. അല്ലാഹു നിഷിദ്ധമാക്കിയ ഒരു കാര്യം അനുവദനീയമാക്കുക എന്നത് (നരകശിക്ഷ ശാശ്വതമാകാൻ കാരണമാകുന്ന) കുഫ്റാണ്. അവർക്കുള്ള ശിക്ഷ ഇതായിരിക്കും.
  6. മറ്റൊരു അഭിപ്രായം ഇപ്രകാരമാണ്: ശാശ്വതവാസം എന്ന ഹദീഥിലെ പ്രയോഗത്തിൻ്റെ ഉദ്ദേശ്യം നരകത്തിൽ ധാരാളം കാലം ശിക്ഷിക്കപ്പെടുമെന്നാണ്. അല്ലാതെ, അക്ഷരാർത്ഥത്തിലുള്ള ശാശ്വതവാസമല്ല. 'രാജാവിൻ്റെ ഭരണം എന്നെന്നും നിലനിൽക്കട്ടെ' എന്നൊക്കെയുള്ള പ്രയോഗങ്ങൾ ദീർഘകാലം എന്ന അർത്ഥത്തിലാണ് പ്രയോഗിക്കാറുള്ളത് എന്നത് ഇതിന് സമാനമാണ്.
  7. മറ്റൊരു അഭിപ്രായം ഇങ്ങനെയാണ്: ആത്മഹത്യ ചെയ്യുന്നവർക്ക് അർഹമായ ശിക്ഷ ഹദീഥിൽ പറഞ്ഞതു പോലെ തന്നെയാണ്. എന്നാൽ അല്ലാഹു അവൻ്റെ ഔദാര്യത്താൽ അതിൽ ഇളവ് ചെയ്യുകയും, മുസ്‌ലിമായി മരിച്ച ഒരു വ്യക്തിയെയും നരകത്തിൽ ശാശ്വതനാക്കില്ല എന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു.
  8. ഐഹികജീവിതത്തിൽ ചെയ്യുന്ന അതിക്രമങ്ങൾക്ക് അവയുടെ അതേ വിധത്തിലും തരത്തിലും തന്നെ പരലോകത്ത് ശിക്ഷ നൽകപ്പെടും എന്നതിന് ഉദാഹരണമാണ് ഈ ഹദീഥ്. ഒരു മനുഷ്യൻ സ്വന്തം ശരീരത്തോട് ചെയ്യുന്ന അതിക്രമം മറ്റൊരാളോട് ചെയ്യുന്ന അതിക്രമം പോലെ പാപവും തെറ്റുമാണെന്നും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. കാരണം മനുഷ്യൻ്റെ സ്വന്തം ശരീരമാണെങ്കിൽ പോലും അത് നിരുപാധികം അവൻ്റെ ഉടമസ്ഥതയിൽ പെട്ടതല്ല; മറിച്ച് അത് അല്ലാഹുവിൻ്റെ ഉടമസ്ഥതയിൽ പെട്ടതാണ്. അല്ലാഹു അനുവദിച്ച വിധത്തിലല്ലാതെ അതിൽ കൈക്കടത്തുക പാടില്ല.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി തുർക്കി റഷ്യ സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري Malagasy الولوف الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ