+ -

عَنْ عَلِيٍّ رَضيَ اللهُ عنهُ أَنَّ مُكَاتَبًا جَاءَهُ، فَقَالَ: إِنِّي قَدْ عَجَزْتُ عَنْ مُكَاتَبَتِي فَأَعِنِّي، قَالَ: أَلاَ أُعَلِّمُكَ كَلِمَاتٍ عَلَّمَنِيهِنَّ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، لَوْ كَانَ عَلَيْكَ مِثْلُ جَبَلِ صِيرٍ دَيْنًا أَدَّاهُ اللَّهُ عَنْكَ، قَالَ:
«قُلْ: اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ».

[حسن] - [رواه الترمذي] - [سنن الترمذي: 3563]
المزيــد ...

അലി (رضي الله عنه) നിവേദനം: (അടിമത്തത്തിൽ നിന്ന് സ്വതന്ത്രനാകാൻ കരാർ എഴുതിയ) മുകാതബായ ഒരാൾ അദ്ദേഹത്തിൻ്റെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: "എൻ്റെ സാമ്പത്തിക ബാധ്യത കൊടുത്തു വീട്ടാൻ എനിക്ക് സാധിക്കാതെയായിരിക്കുന്നു. അതിനാൽ എന്നെ സഹായിക്കുക!" അലി (رضي الله عنه) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) എനിക്ക് പഠിപ്പിച്ചു തന്ന ചില വാക്കുകൾ ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? സ്വീർ പർവ്വതത്തോളം കടബാധ്യത നിനക്കുണ്ടെങ്കിലും അല്ലാഹു അത് നിനക്ക് വീട്ടിത്തരുന്നതാണ്."
"അല്ലാഹുവേ! നീ നിഷിദ്ധമാക്കിയ ഹറാമിലേക്ക് പോകേണ്ടാത്ത വിധം, നീ അനുവദിച്ച ഹലാലിൽ എൻ്റെ ആവശ്യം മതിയാക്കണമേ! നീയല്ലാത്തവരിലേക്ക് പോകേണ്ടാത്ത വിധം നിന്റെ ഔദാര്യത്താൽ എനിക്കു നീ ധന്യത നൽകേണമേ!"

[ഹസൻ] - [തുർമുദി ഉദ്ധരിച്ചത്] - [سنن الترمذي - 3563]

വിശദീകരണം

അമീറുൽ മുഅ്മിനീൻ അലിയ്യു ബ്നു അബീ ത്വാലിബിൻ്റെ (رضي الله عنه) അടുക്കൽ ഒരാൾ വന്നു; ഒരു വ്യക്തിയുടെ കീഴിൽ അടിമയായിരുന്ന അദ്ദേഹം നിശ്ചിത തുക നൽകിക്കൊണ്ട് തൻ്റെ സ്വാതന്ത്ര്യം വാങ്ങാൻ കരാറെഴുതിയിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ പക്കലാകട്ടെ, ഈ പറഞ്ഞ തുക ഉണ്ടായിരുന്നുമില്ല. അദ്ദേഹം അലി (رضي الله عنه) വിനോട് പറഞ്ഞു: എൻ്റെ മേലുള്ള സാമ്പത്തികബാധ്യത കൊടുത്തു വീട്ടുന്നത് എനിക്ക് അസാധ്യമായിരിക്കുന്നു. അതിനാൽ ഈ കടം കൊടുത്തു വീട്ടാനുള്ള പണം തന്നു കൊണ്ടോ എന്തെങ്കിലുമൊരു മാർഗം കാണിച്ചു തന്നു കൊണ്ടോ എന്നെ സഹായിച്ചാലും. അലി (رضي الله عنه) അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) എനിക്ക് പഠിപ്പിച്ചു തന്ന ചില വാക്കുകൾ ഞാൻ നിനക്ക് പഠിപ്പിച്ചു തരാം; നിൻ്റെ മേൽ ത്വീഅ് ഗോത്രക്കാരുടെ നാട്ടിലുള്ള സ്വീർ പർവതത്തോളം കടബാധ്യതയുണ്ടെങ്കിലും അല്ലാഹു നിനക്ക് വേണ്ടി നിൻ്റെ കടം വീട്ടിത്തരുകയും, നിന്നെ ബാധിച്ച ഈ പ്രയാസത്തിൽ നിന്ന് നിന്നെ രക്ഷപ്പെടുത്തുകയും ചെയ്യും. (അദ്ദേഹം പഠിപ്പിച്ച പ്രാർത്ഥനയുടെ ആശയസാരം ഇപ്രകാരമാണ്) : അല്ലാഹുവേ; നിൻ്റെ ഹലാലായ സമ്പാദ്യത്തിൽ നിന്ന് എനിക്ക് മതിയാകുന്നത് നൽകിക്കൊണ്ട്, നീ നിഷിദ്ധമാക്കിയ സമ്പാദ്യത്തിൽ നിന്ന് എന്നെ അകറ്റുകയും തിരിച്ചു കളയുകയും ചെയ്യേണമേ! നിൻ്റെ ഔദാര്യവും ഉദാരതയും കൊണ്ട് നീയല്ലാത്ത സൃഷ്ടികളിലേക്ക് തേടിച്ചെല്ലുന്നതിൽ നിന്ന് നീ എനിക്ക് ധന്യത നൽകുകയും ചെയ്യേണമേ!

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അറിവുള്ളവരോടും ദീനീ നിഷ്ഠയുള്ളവരോടും കാര്യങ്ങൾ കൂടിയാലോചിക്കുകയും അഭിപ്രായം തേടുകയും വേണം.
  2. അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകരും പണ്ഡിതന്മാരും തങ്ങളുടെ മുന്നിലുള്ള സമൂഹത്തിന് നേർവഴി കാണിച്ചു നൽകുകയും അവർ നേരിടുന്ന പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും അവർക്ക് എളുപ്പം ഉണ്ടാക്കുന്ന മാർഗങ്ങൾ പഠിപ്പിച്ചു നൽകുകയും വേണം.
  3. തൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി കരാർ എഴുതിയ മുകാതബുകളെ സഹായിക്കുക എന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്.
  4. ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന പഠിക്കുകയും, അല്ലാഹുവിനോട് ഈ ദുആ കൊണ്ട് ചോദിക്കാനുമുള്ള പ്രോത്സാഹനം.
  5. അനുവദനീയവും ഹലാലുമായ ഉപജീവനമാണ് നിഷിദ്ധമായ സമ്പാദ്യം എത്രയധികം ലഭിക്കുന്നതിനേക്കാളും നല്ലതും ഉത്തമവും.
  6. സൃഷ്ടികളിൽ നിന്ന് മാറി, അല്ലാഹുവിൽ പരിപൂർണമായ ധന്യത അന്വേഷിക്കുകയും തേടുകയും ചെയ്യുക.
  7. ചോദിച്ചു വരുന്നവർക്ക് നൽകാൻ നിൻ്റെ പക്കൽ യാതൊന്നുമില്ലെങ്കിൽ അവരെ നല്ല രൂപത്തിൽ മടക്കിയയക്കുക.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ