عَنْ زَيْدِ بْنِ أَرْقَمَ رَضيَ اللهُ عنه قَالَ: لَا أَقُولُ لَكُمْ إِلَّا كَمَا كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: كَانَ يَقُولُ:
«اللهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ، اللهُمَّ آتِ نَفْسِي تَقْوَاهَا، وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا، أَنْتَ وَلِيُّهَا وَمَوْلَاهَا، اللهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ، وَمِنْ قَلْبٍ لَا يَخْشَعُ، وَمِنْ نَفْسٍ لَا تَشْبَعُ، وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا».
[صحيح] - [رواه مسلم] - [صحيح مسلم: 2722]
المزيــد ...
സൈദ് ഇബ്നു അർഖം -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- പറഞ്ഞിരുന്നത് പോലെയല്ലാതെ ഞാൻ നിങ്ങളോട് യാതൊന്നും പറയുന്നില്ല. അവിടുന്ന് പറയുമായിരുന്നു:
"അല്ലാഹുവേ, കഴിവില്ലായ്മയിൽ നിന്നും, അലസതയിൽ നിന്നും, ഭീരുത്വത്തിൽ നിന്നും, പിശുക്കിൽ നിന്നും, വാർദ്ധക്യത്തിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, എന്റെ മനസ്സിന് നീ തഖ്‌വ നൽകുകയും, അതിനെ നീ ശുദ്ധീകരിക്കുകയും ചെയ്യേണമേ. നീയാണ് മനസ്സുകളെ ഏറ്റവും നന്നായി ശുദ്ധീകരിക്കുന്നവൻ. നീയാണ് അതിന്റെ സംരക്ഷകനും രക്ഷാധികാരിയും. അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവിൽ നിന്നും, ഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും, തൃപ്തിയടയാത്ത മനസ്സിൽ നിന്നും, ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2722]
നബി -ﷺ- യുടെ പ്രാർത്ഥനകളിൽ പെട്ടതായിരുന്നു ഇത്: "അല്ലാഹുവേ, ഞാൻ നിന്നോട് അഭയം തേടുന്നു" - നിന്നിലേക്ക് അഭയം തേടുന്നു. "കഴിവില്ലായ്മയിൽ നിന്ന്" - പ്രയോജനകരമായ ഒരു വഴിയും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിൽ നിന്ന്. "അലസതയിൽ നിന്ന്" - പ്രവർത്തിക്കാനുള്ള ഇച്ഛയില്ലാത്ത അവസ്ഥയിൽ നിന്ന്. കഴിവില്ലാത്തവന് വഴി കണ്ടെത്താൻ കഴിയില്ല, അലസന് അതിന് ആഗ്രഹവുമില്ല. "ഭീരുത്വത്തിൽ നിന്ന്" - അതായത്, ചെയ്യേണ്ട കാര്യങ്ങളിൽ നിന്ന് പിറകോട്ടു പോകുന്നതിൽ നിന്ന്. "പിശുക്കിൽ നിന്ന്" - നിർബന്ധമായും ചെലവഴിക്കേണ്ടത് നൽകാതെ പിടിച്ചു വെക്കുന്നതിൽ നിന്ന്. "വാർദ്ധക്യത്തിൽ നിന്ന്" - ശരീരത്തെ ദുർബലപ്പെടുത്തുന്ന പ്രായാധിക്യത്തിൽ നിന്ന്. "ഖബ്ർ ശിക്ഷയിൽ നിന്ന്" - അതായത്, അതിലേക്ക് നയിക്കുന്ന കാരണങ്ങളിൽ അകപ്പെടുന്നതിൽ നിന്ന്. "അല്ലാഹുവേ, എന്റെ മനസ്സിന് നീ തഖ്‌വ നൽകേണമേ," - അഥവാ സൽകർമങ്ങൾ പ്രവർത്തിക്കുന്നതിലേക്കും തിന്മകൾ ഉപേക്ഷിക്കുന്നതിലേക്കും നീ അതിനെ നയിക്കേണമേ. "അതിനെ നീ ശുദ്ധീകരിക്കേണമേ!" - അതായത്, മോശം സ്വഭാവങ്ങളിൽ നിന്നും നീചമായ കാര്യങ്ങളിൽ നിന്നും അതിനെ നീ ശുദ്ധമാക്കേണമേ. "നീയാണ് മനസ്സുകളെ ഏറ്റവും നന്നായി ശുദ്ധീകരിക്കുന്നവൻ." - നീയല്ലാതെ മറ്റാരും അതിനെ പരിശുദ്ധമാക്കുന്നില്ല. "നീയാണ് അതിന്റെ സംരക്ഷകൻ" - അതിനെ സഹായിക്കുന്നവനും അതിനെ പരിപാലിക്കുന്നവനും. "അതിന്റെ രക്ഷാധികാരിയും" - അതായത് മനസ്സിൻ്റെ കാര്യങ്ങൾ നോക്കുന്നവനും, അതിന്റെ രക്ഷിതാവും ഉടമസ്ഥനും അതിന് മേൽ അനുഗ്രഹം ചെയ്യുന്നവനും. "അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു" - ജ്യോതിഷം, ജോത്സ്യം, സിഹ്ർ (മാരണം) പോലുള്ള അറിവുകൾ ഉദാഹരണം. അല്ലെങ്കിൽ പരലോകത്ത് യാതൊരു പ്രയോജനവുമില്ലാത്ത അറിവുകളും, സൽകർമ്മങ്ങളിലേക്ക് നയിക്കാത്ത അറിവുകളും. "ഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്ന് ഞാൻ അഭയം തേടുന്നു" - അതായത്, നിനക്ക് (അല്ലാഹുവിന്) വഴങ്ങാത്ത, വിനയമില്ലാത്ത, ശാന്തതയില്ലാത്ത, നിന്നെ സ്മരിക്കുന്നതിലൂടെ സമാധാനം കണ്ടെത്താത്ത ഹൃദയത്തിൽ നിന്ന്. "തൃപ്തി വരാത്ത മനസ്സിൽ നിന്ന്" - അല്ലാഹു നൽകിയ ഹലാലായ നല്ല വിഭവങ്ങൾ കൊണ്ട് തൃപ്തിയടയാത്ത മനസ്സിൽ നിന്ന്. "ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്ന്" - അതായത്, നിരസിക്കപ്പെടുന്ന പ്രാർത്ഥനയിൽ നിന്ന്.