+ -

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ:
أَوْصَانِي خَلِيلِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلاَثٍ: صِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أَنَامَ.

[صحيح] - [متفق عليه] - [صحيح البخاري: 1981]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
"എൻ്റെ ഖലീൽ (പ്രിയസ്നേഹിതൻ) -ﷺ- എന്നോട് മൂന്നു കാര്യങ്ങൾ വസ്വിയ്യത്തായി (ഗൗരവപ്പെട്ട ഉപദേശമായി) പറഞ്ഞു തന്നിട്ടുണ്ട്. എല്ലാ മാസവും മൂന്നു ദിവസം നോമ്പെടുക്കുക, രണ്ട് റക്അത് ദ്വുഹാ നിസ്കാരം നിർവ്വഹിക്കുക, ഉറങ്ങുന്നതിന് മുൻപ് വിത്ർ നിസ്കരിക്കുക; (ഇവയാണ് ആ കാര്യങ്ങൾ)."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 1981]

വിശദീകരണം

തൻ്റെ പ്രിയങ്കരനും കൂട്ടുകാരനുമായ നബി -ﷺ- മൂന്ന് കാര്യങ്ങൾ തനിക്ക് വസ്വിയ്യത്തായി (ഗൗരവപ്പെട്ട ഉപദേശമായി) നൽകിയിട്ടുണ്ട് എന്ന് അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു:
ഒന്നാമത്തെ കാര്യം: എല്ലാ മാസത്തിലും മൂന്ന് ദിവസം നോമ്പെടുക്കുക എന്നതാണ്.
രണ്ടാമത്തെ കാര്യം: എല്ലാ ദിവസവും രണ്ട് റക്അത്ത് ദ്വുഹാ നിസ്കരിക്കുക എന്നതാണ്.
മൂന്നാമത്തെ കാര്യം: രാത്രി നിസ്കാരത്തിന് എഴുന്നേൽക്കില്ല എന്ന് ഭയമുണ്ടെങ്കിൽ, ഉറങ്ങുന്നതിന് മുൻപ് വിത്ർ നിസ്കരിക്കുക എന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية الرومانية Oromianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- തൻ്റെ സ്വഹാബികൾക്ക് നൽകാറുണ്ടായിരുന്ന ഉപദേശങ്ങളിൽ വ്യത്യസ്തതകൾ ഉണ്ടാകാറുണ്ടായിരുന്നു. ഓരോ സ്വഹാബിയുടെയും അവസ്ഥകൾ പരിഗണിച്ചു കൊണ്ടും, ഓരോരുത്തർക്കും അനുയോജ്യമായത് എന്താണെന്നത് ശ്രദ്ധിച്ചു കൊണ്ടുമായിരുന്നു അവിടുന്ന് അവരെ ഉപദേശിച്ചിരുന്നത്. ശക്തനായ ഒരാൾക്ക് ജിഹാദിന് പ്രേരണ നൽകുന്നതും, ഇബാദത്തുകളിൽ മുഴുകുന്നവന് ഇബാദത്തുകൾ പഠിപ്പിച്ചു നൽകുന്നതും, പണ്ഡിതന്മാർക്ക് വിജ്ഞാനം പകർന്നു നൽകുന്നതുമാണ് അനുയോജ്യമാവുക.
  2. ഇബ്നു ഹജർ അസ്ഖലാനി -رَحِمَهُ اللَّهُ- പറയുന്നു: "എല്ലാ മാസവും മൂന്ന് ദിവസം നോമ്പെടുക്കുക എന്ന നബി -ﷺ- യുടെ വാക്കിൻ്റെ ഉദ്ദേശ്യം 'അയ്യാമുൽ ബീദ്വ്' ആകാനാണ് കൂടുതൽ സാധ്യത. ഓരോ ഹിജ്റ മാസത്തിലെയും പതിമൂന്ന്, പതിനാല്, പതിനഞ്ച് ദിവസങ്ങളാണ് അവ.
  3. ഇബ്നു ഹജർ അസ്ഖലാനി -رَحِمَهُ اللَّهُ- പറയുന്നു: "രാത്രി നിസ്കാരത്തിന് എഴുന്നേൽക്കുമെന്ന ഉറപ്പില്ലാത്തവർ ഉറങ്ങുന്നതിന് മുൻപ് വിത്ർ നിസ്കരിക്കുന്നത് സുന്നത്താണെന്ന് ഈ ഹദീഥ് അറിയിക്കുന്നു."
  4. ഹദീഥിൽ പറയപ്പെട്ട മൂന്ന് പ്രവർത്തനങ്ങളുടെയും ശ്രേഷ്ഠത. കാരണം, നബി -ﷺ- തൻ്റെ സ്വഹാബികളിൽ പലരെയും ഇക്കാര്യം ഉപദേശിച്ചിരുന്നു.
  5. ഇബ്നു ദഖീഖ് അൽഈദ് -رَحِمَهُ اللَّهُ- പറയുന്നു: "ദ്വുഹാ നിസ്കാരത്തിൻ്റെ ഏറ്റവും കുറഞ്ഞ എണ്ണമായ രണ്ട് റക്അത്തുകൾ എന്ന് നബി -ﷺ- പ്രത്യേകം എടുത്തു പറഞ്ഞത് അത്രയെങ്കിലും നിസ്കരിക്കണമെന്ന ഓർമ്മപ്പെടുത്തൽ നൽകുന്നതിന് വേണ്ടിയായിരിക്കാം. ദ്വുഹാ നിസ്കാരം സുന്നത്താണെന്നതിനൊപ്പം, അതിൻ്റെ ഏറ്റവും ചുരുങ്ങിയ എണ്ണം രണ്ട് റക്അത്താണെന്നും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം."
  6. ദ്വുഹാ നിസ്കാരത്തിൻ്റെ സമയം: സൂര്യൻ ഉദിച്ചുയർന്നതിന് ശേഷം ഏകദേശം കാൽമണിക്കൂർ കഴിഞ്ഞത് മുതൽ ദ്വുഹ്ർ നിസ്കാരത്തിൻ്റെ സമയമാകുന്നതിന് ഏകദേശം പത്ത് മിനിട്ടുകൾക്ക് മുൻപ് വരെയാണ്. ദ്വുഹാ നിസ്കാരത്തിൻ്റെ ഏറ്റവും കുറഞ്ഞ എണ്ണം രണ്ട് റക്അത്തുകളാണ്. ഏറ്റവും കൂടുതൽ ഏത്രയാണെന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്. എട്ട് റക്അത്താണെന്ന ഒരു അഭിപ്രായമുണ്ട്. എത്രയുമാകാമെന്ന മറ്റൊരു വീക്ഷണവുമുണ്ട്.
  7. വിത്ർ നിസ്കാരത്തിൻ്റെ സമയം: ഇശാഅ് നിസ്കാരം നിർവ്വഹിച്ചതിന് ശേഷം ആരംഭിക്കുന്നു. പുലരി ഉദിക്കുന്നത് വരെ അതിൻ്റെ സമയം നീളുകയും ചെയ്യുന്നു. ഏറ്റവും ചുരുങ്ങിയ വിത്ർ ഒരു റക്അത്തും, ഏറ്റവും കൂടുതൽ പതിനൊന്ന് റക്അത്തുമാണ്.