عَنِ النُّعْمَانِ بْنِ بَشِيرٍ رَضِيَ اللَّهُ عَنْهُمَا عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«مَثَلُ القَائِمِ عَلَى حُدُودِ اللَّهِ وَالوَاقِعِ فِيهَا، كَمَثَلِ قَوْمٍ اسْتَهَمُوا عَلَى سَفِينَةٍ، فَأَصَابَ بَعْضُهُمْ أَعْلاَهَا وَبَعْضُهُمْ أَسْفَلَهَا، فَكَانَ الَّذِينَ فِي أَسْفَلِهَا إِذَا اسْتَقَوْا مِنَ المَاءِ مَرُّوا عَلَى مَنْ فَوْقَهُمْ، فَقَالُوا: لَوْ أَنَّا خَرَقْنَا فِي نَصِيبِنَا خَرْقًا وَلَمْ نُؤْذِ مَنْ فَوْقَنَا، فَإِنْ يَتْرُكُوهُمْ وَمَا أَرَادُوا هَلَكُوا جَمِيعًا، وَإِنْ أَخَذُوا عَلَى أَيْدِيهِمْ نَجَوْا، وَنَجَوْا جَمِيعًا».
[صحيح] - [رواه البخاري] - [صحيح البخاري: 2493]
المزيــد ...
നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"അല്ലാഹുവിൻ്റെ അതിർവരമ്പുകളിൽ നിലകൊള്ളുന്നവനും അവയെ ലംഘിക്കുന്നവനുമുള്ള ഉപമ ഒരു കപ്പലിൽ നറുക്കെടുപ്പ് നടത്തിയവരെ പോലെയാണ്. അങ്ങനെ അവരിൽ ചിലർക്ക് മുകൾഭാഗവും മറ്റുചിലർക്ക് താഴ്ഭാഗവും ലഭിച്ചു. താഴ്ഭാഗത്തുള്ളവർ വെള്ളത്തിന് ആവശ്യം വരുമ്പോൾ മുകളിലുള്ളവരുടെ അടുത്തു കൂടെ പോകേണ്ടതായുണ്ട്. അപ്പോൾ അവർ പറഞ്ഞു: "നമുക്ക് ലഭിച്ച ഈ താഴ്ഭാഗത്ത് നാമൊരു ദ്വാരമുണ്ടാക്കിയാൽ മുകളിലുള്ളവരെ നമുക്ക് പ്രയാസപ്പെടുത്തേണ്ടതില്ലല്ലോ?" അവരുടെ ഉദ്ദേശം പോലെ അവർ ചെയ്യട്ടെ എന്ന നിലക്ക് (മുകളിലുള്ളവർ താഴെയുള്ളവരെ) വിട്ടേച്ചു കളഞ്ഞാൽ അവരെല്ലാം ഒരുമിച്ച് നശിക്കും. എന്നാൽ അവർ ഇവരുടെ കൈകൾ പിടിച്ചുവെച്ചാൽ ഇവരും അവരുമെല്ലാം രക്ഷപ്പെടും."
[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 2493]
അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ജീവിതത്തിൽ പാലിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ നിറവേറ്റുകയും, നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരുടെ ഉപമയാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. അതോടൊപ്പം നന്മകൾ ഉപേക്ഷിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്കുള്ള ഉപമയും, അത് സമൂഹത്തിൻ്റെ രക്ഷയെ എങ്ങനെ ബാധിക്കുന്നുവെന്നും നബി -ﷺ- വിവരിച്ചിരിക്കുന്നു. ഇവരുടെ ഉപമ കപ്പലിൽ യാത്ര ചെയ്യുന്ന ഒരു സമൂഹത്തിൻ്റെ ഉപമയാണ്. അങ്ങനെ ആരാണ് കപ്പലിൻ്റെ മുകൾതട്ടിൽ യാത്ര ചെയ്യേണ്ടത് എന്നും, ആരാണ് താഴെ യാത്ര ചെയ്യേണ്ടത് എന്നും തീരുമാനിക്കാൻ വേണ്ടി അവർ നറുക്കെടുപ്പ് നടത്തി. യാത്രക്കാരിൽ ചിലർക്ക് മുകൾഭാഗവും മറ്റുള്ളവർക്ക് താഴ്ഭാഗവും ലഭിച്ചു. താഴ്ഭാഗത്തുള്ളവർക്ക് വെള്ളം എടുക്കേണ്ടി വന്നാൽ മുകൾഭാഗത്തുള്ളവരുടെ അടുത്ത് പോകേണ്ടതായി ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ താഴെയുള്ളവരിൽ ചിലർ പറഞ്ഞു: "നമ്മൾ ഇരിക്കുന്ന ഈ താഴ്ഭാഗത്ത് ഒരു ദ്വാരമുണ്ടാക്കിയാൽ അതിലൂടെ നമുക്ക് വെള്ളം ലഭിക്കുമായിരുന്നു. മുകൾതട്ടിലുള്ളവരെ പ്രയാസപ്പെടുത്തുന്നത് നമുക്ക് അവസാനിപ്പിക്കുകയും ചെയ്യാം." മുകൾതട്ടിലുള്ളവർ താഴ്ഭാഗത്തുള്ളവരുടെ ഈ തീരുമാനം അറിഞ്ഞിട്ടും നിശബ്ദരായിരുന്നാൽ കപ്പൽ തകരുകയും അവരെല്ലാം മുങ്ങിമരിക്കുകയും ചെയ്യും. എന്നാൽ താഴെയുള്ളവരെ അവർ തടയുകയും എതിർക്കുകയും ചെയ്താൽ രണ്ട് വിഭാഗങ്ങൾക്കും ഒരുമിച്ച് രക്ഷപ്പെടാൻ സാധിക്കുകയും ചെയ്യും.