+ -

عَنْ عِمْرَانَ بْنِ حُصَيْنٍ رَضِيَ اللَّهُ عَنْهُمَا قَالَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«خَيْرُكُمْ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ» قَالَ عِمْرَانُ: لاَ أَدْرِي أَذَكَرَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعْدُ قَرْنَيْنِ أَوْ ثَلاَثَةً، قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ بَعْدَكُمْ قَوْمًا يَخُونُونَ وَلاَ يُؤْتَمَنُونَ، وَيَشْهَدُونَ وَلاَ يُسْتَشْهَدُونَ، وَيَنْذِرُونَ وَلاَ يَفُونَ، وَيَظْهَرُ فِيهِمُ السِّمَنُ».

[صحيح] - [متفق عليه] - [صحيح البخاري: 2651]
المزيــد ...

ഇംറാൻ ബ്നു ഹുസ്വൈൻ (رَضِيَ اللَّهُ عَنْهُمَا ) നിവേദനം: നബി ﷺ പറഞ്ഞു:
"എൻ്റെ തലമുറയാണ് നിങ്ങളിൽ ഏറ്റവും ഉത്തമർ; പിന്നീട് അവർക്ക് ശേഷമുള്ളവരും, പിന്നീട് അവർക്ക് ശേഷമുള്ളവരും." ഇംറാൻ (رَضِيَ اللَّهُ عَنْهُ) പറയുന്നു: "നബി ﷺ രണ്ട് തലമുറകളെയാണോ മൂന്ന് തലമുറകളെയാണോ ശേഷം പറഞ്ഞത് എന്ന് എനിക്കറിയില്ല." പിന്നീട് നബി ﷺ പറഞ്ഞു: "നിങ്ങൾക്ക് ശേഷം ഒരു കൂട്ടർ വരും; അവർ വഞ്ചിക്കുന്നവരായിരിക്കും; വിശ്വസിക്കാൻ കഴിയുന്നവരാകില്ല. അവർ സാക്ഷ്യം പറയും; അവരോട് സാക്ഷ്യം ആവശ്യപ്പെടുകയില്ല. അവർ നേർച്ച നേരും; പക്ഷേ അത് നിറവേറ്റുകയില്ല. അവരിൽ അമിതവണ്ണം പ്രത്യക്ഷപ്പെടും."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 2651]

വിശദീകരണം

ഒരേ കാലഘട്ടത്തിൽ ഏറ്റവുമധികം നല്ലവരായ ജനങ്ങൾ ജീവിച്ചിരുന്നത് നബി ﷺ യുടെ കാലഘട്ടത്തിലാണെന്ന് അവിടുന്ന് അറിയിക്കുന്നു. അല്ലാഹുവിൻ്റെ ദൂതരും ﷺ സ്വഹാബികളുമുള്ള തലമുറയാണത്. ശേഷം ഏറ്റവും നല്ലവർ നബി ﷺ യെ കണ്ടിട്ടില്ലെങ്കിലും അവിടുത്തെ അനുചരന്മാരായ സ്വഹാബികളുമായി സന്ധിച്ച, സ്വഹാബികളുടെ കാലശേഷം വരുന്ന മുഅ്മിനീങ്ങളാണ് (താബിഈങ്ങൾ). അതിന് ശേഷം ഏറ്റവും നല്ലവർ അവരെ പിന്തുടർന്നു വരുന്നവരാണ് (അത്ബാഉത്താബിഈൻ). അതിന് ശേഷം നാലാമതൊരു തലമുറയെ കൂടെ നബി ﷺ എണ്ണിപ്പറഞ്ഞോ എന്നതിൽ ഹദീഥ് നിവേദനം ചെയ്ത സ്വഹാബിക്ക് സംശയമുണ്ട്. ശേഷം നബി ﷺ പറഞ്ഞു: "ഈ തലമുറകൾക്ക് ശേഷം വഞ്ചകരായ ഒരു ജനത ഉണ്ടാകുന്നതാണ്; ജനങ്ങൾക്ക് അവരിൽ വിശ്വാസമുണ്ടാകില്ല. അവരോട് സാക്ഷ്യം വഹിക്കാൻ ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ അവർ സാക്ഷ്യം പറയാൻ ഇറങ്ങിത്തിരിക്കും. അവർ നേർച്ചകൾ നേരുമെങ്കിലും അവ പൂർത്തീകരിക്കുകയോ നിറവേറ്റുകയോ ഇല്ല. ഭക്ഷണപാനീയങ്ങളിൽ അതിരു കവിയുന്നതിനാൽ അവരിൽ അമിതവണ്ണം പ്രത്യക്ഷപ്പെടുന്നതായിരിക്കും."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. മനുഷ്യചരിത്രത്തിൽ ഏറ്റവും നല്ല തലമുറ നബി ﷺ യും സ്വഹാബികളും ജീവിച്ച തലമുറയാണ്. നബി ﷺ പറഞ്ഞിരിക്കുന്നു: "ആദം സന്തതികളുടെ ഏറ്റവും നല്ല തലമുറയിലാണ് ഞാൻ നിയോഗിക്കപ്പെട്ടത്; തലമുറകൾ പിന്നിട്ടു കൊണ്ടിരിക്കുകയും, അവസാനം ഞാനുള്ള (ഏറ്റവും നല്ല ഈ) തലമുറയിൽ ഞാൻ നിയോഗിക്കപ്പെടുകയും ചെയ്തു."
  2. ഇബ്നു ഹജർ (رحمه الله) പറയുന്നു: "താബിഈങ്ങളേക്കാൾ ശ്രേഷ്ഠരാണ് സ്വഹാബികൾ എന്നും, അത്ബാഉത്താബിഈങ്ങളേക്കാൾ ശ്രേഷ്ഠരാണ് താബിഈങ്ങളെന്നും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. എന്നാൽ ഈ ശ്രേഷ്ഠത ഓരോ വ്യക്തികൾക്കും പ്രത്യേകം പ്രത്യേകമായി ഉള്ളതാണോ; അല്ല ഒരു സമൂഹം എന്ന നിലക്കുള്ളതാണോ എന്നതിൽ ചർച്ചയുണ്ട്. (സമൂഹം എന്ന നിലക്കുള്ളതാണ് എന്ന) രണ്ടാമത്തെ അഭിപ്രായമാണ് ഭൂരിപക്ഷവും പിന്താങ്ങിയിട്ടുള്ളത്."
  3. ശ്രേഷ്ഠത നൽകപ്പെട്ട മൂന്ന് തലമുറകളുടെ മാർഗം മുറുകെ പിടിക്കാനുള്ള സൂചന ഈ ഹദീഥിലുണ്ട്. നബി ﷺ യുടെ കാലഘട്ടത്തോട് ഏറ്റവും അടുപ്പമുള്ളവരായിരിക്കും ശ്രേഷ്ഠതയിലും വിജ്ഞാനത്തിലും അവിടുത്തെ ചര്യ പിന്തുടരുന്നതിലും നബി ﷺ യെ മാതൃകയാക്കുന്നതിലുമെല്ലാം ഏറ്റവും മുൻപിലുണ്ടാവുക.
  4. നേർച്ച: ഒരാൾ അല്ലാഹു നിർബന്ധമാക്കിയിട്ടില്ലാത്ത എന്തെങ്കിലുമൊരു ആരാധനയോ ഇബാദത്തോ സ്വന്തം നിലക്ക് തൻ്റെ മേൽ നിർബന്ധമാക്കുന്നതായി പറയുന്നതിനാണ് നേർച്ച എന്നു പറയുക.
  5. വഞ്ചന, നേർച്ച നിറവേറ്റാതിരിക്കൽ, ഇഹലോകത്തോടുള്ള അമിതമായ ബന്ധം എന്നിവ ആക്ഷേപാർഹമാണ്.
  6. ഒരു കാര്യത്തിന് നീ സാക്ഷിയായിട്ടുണ്ട് എന്ന് തർക്കത്തിൽ ഏർപ്പെട്ട കക്ഷിക്ക് അറിവുണ്ടായിട്ടും നിന്നോട് സാക്ഷ്യം വഹിക്കാൻ ആവശ്യപ്പെടാതിരിക്കുന്ന വേളയിൽ, സാക്ഷ്യം പറയാനായി സ്വയം മുന്നിടുക എന്നത് ആക്ഷേപാർഹമായ സ്വഭാവമാണ്. എന്നാൽ നീ അതിന് സാക്ഷിയായിട്ടുണ്ട് എന്ന് അവർക്ക് അറിയാത്ത സ്ഥിതിയിൽ സാക്ഷ്യം പറയാൻ ചെല്ലുന്നത് ഇതു പോലെയല്ല. അതിനെ കുറിച്ച് നബി ﷺ പറഞ്ഞത്: "സാക്ഷികളിൽ ഏറ്റവും നല്ലവർ ആരാണെന്ന് ഞാൻ നിങ്ങൾക്ക് വിവരിച്ചു തരട്ടെയോ? തന്നോട് ചോദിക്കപ്പെടുന്നതിന് മുൻപ് സാക്ഷ്യവുമായി മുന്നോട്ടു വരുന്നവനാണ് അവൻ." (മുസ്‌ലിം)
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി തുർക്കി റഷ്യ സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري Malagasy الولوف الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ