+ -

عَنْ أَبِي هُرَيْرَةَ رضي الله عنه عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«إِنَّ الدِّينَ يُسْرٌ، وَلَنْ يُشَادَّ الدِّينَ أَحَدٌ إِلَّا غَلَبَهُ، فَسَدِّدُوا وَقَارِبُوا، وَأَبْشِرُوا، وَاسْتَعِينُوا بِالْغَدْوَةِ وَالرَّوْحَةِ وَشَيْءٍ مِنَ الدُّلْجَةِ».

[صحيح] - [رواه البخاري] - [صحيح البخاري: 39]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"തീർച്ചയായും (ഇസ്ലാം) ദീൻ എളുപ്പമാണ്. ദീനിൽ ഒരാൾ കടുപ്പം കാണിച്ചാൽ ദീൻ അവനെ പരാജയപ്പെടുത്താതിരിക്കില്ല. അതിനാൽ നിങ്ങൾ കൃത്യമായ മാർഗം സ്വീകരിക്കുകയും, അടുത്തേക്ക് എത്താൻ ശ്രമിക്കുകയും ചെയ്യുക, നിങ്ങൾ സന്തോഷിക്കുകയും ചെയ്യുക. അതിരാവിലെകളിലും വൈകുന്നേരങ്ങളിലും രാത്രിയുടെ അന്ത്യയാമങ്ങളിൽ നിന്ന് കുറച്ചും (ആരാധനകൾ നിർവ്വഹിച്ചു കൊണ്ട്) നിങ്ങൾ സഹായം തേടുക."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 39]

വിശദീകരണം

എളുപ്പമാക്കുകയും, എല്ലാ കാര്യങ്ങളിലും ലാളിത്യം കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്ന അടിത്തറയിലാണ് ഇസ്‌ലാം മതം നിലകൊള്ളുന്നത് എന്ന് നബി -ﷺ- അറിയിക്കുന്നു. എന്തെങ്കിലും പ്രയാസമോ ആവശ്യമോ ഉണ്ടാകുന്ന വേളകളിൽ ഈ എളുപ്പത്തിൻ്റെ വഴികൾ കൂടുതൽ പ്രകടമാകുന്നതാണ്. മതപരമായ വിഷയങ്ങളിൽ അനാവശ്യമായ ചികഞ്ഞന്വേഷിക്കൽ നടത്തുന്നതും, സൗമ്യത ഉപേക്ഷിക്കുന്നതും അവസാനം നന്മകൾ പൂർണ്ണമായി ഉപേക്ഷിക്കുന്നതിലേക്കോ ഭാഗികമായി നിലക്കുന്നതിലേക്കോ ആണ് നയിക്കുക എന്നും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. - ഏതു കാര്യത്തിലും അതിരുകവിയാതെ മിതത്വം പുലർത്താനും നബി -ﷺ- പ്രേരിപ്പിക്കുന്നു; അല്ലാഹു കൽപ്പിച്ച കാര്യങ്ങളിൽ കുറവ് വരുത്തുകയോ ഒരാൾക്ക് അസാധ്യമായ കാര്യങ്ങൾ വഹിക്കാൻ ശ്രമം നടത്തുകയോ വേണ്ടതില്ല. ഒരു കൽപ്പന പരിപൂർണ്ണമായി നിറവേറ്റാൻ കഴിയില്ലെങ്കിൽ സാധ്യമായത്ര അതിൻ്റെ പൂർണ്ണതയോട് അടുപ്പിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
അതോടൊപ്പം, പൂർണ്ണമായി നന്മകൾ ചെയ്യാൻ സാധിക്കാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്ഥിരമായി പ്രവർത്തിക്കുന്ന നന്മകൾക്ക് -അത് വളരെ കുറച്ചേ ഉള്ളൂവെങ്കിലും- മഹത്തരമായ പ്രതിഫലമുണ്ടെന്ന് കൂടി നബി -ﷺ- സന്തോഷവാർത്ത അറിയിക്കുന്നു. കാരണം ഒരാളുടെ ഭാഗത്ത് നിന്ന് സ്വയം സംഭവിച്ചതല്ലാത്ത ശേഷിക്കുറവ് കൊണ്ട് ഒരു പ്രവർത്തനത്തിൽ കുറവ് സംഭവിച്ചാൽ, അതിനുള്ള പ്രതിഫലത്തിൽ കുറവുണ്ടാകുന്നതല്ല.
ഇഹലോകം പരലോകത്തിലേക്കുള്ള യാത്രാവഴിയാണെന്നതും, ഇവിടെ നിന്ന് പരലോകത്തേക്ക് വിഭവങ്ങൾ കൊണ്ടു പോവുക എന്നതാണ് അടിമയുടെ സൃഷ്ടിപ്പിൻ്റെ പിന്നിലെ ലക്ഷ്യം എന്നതും പരിഗണിച്ചു കൊണ്ട് നബി -ﷺ- ആരാധനകൾ നിർവ്വഹിക്കുന്നതിനെ ഒരു യാത്രയായി വിശേഷിപ്പിക്കുകയും, ഈ യാത്ര ഉന്മേഷകരമായ മൂന്ന് സന്ദർഭങ്ങളിൽ നിർവ്വഹിക്കാൻ പ്രത്യേകം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു:
ഒന്ന്: പകലിൻ്റെ ആദ്യവേള; സുബ്ഹ് നിസ്കാരത്തിനും സൂര്യോദയത്തിനും ഇടയിലുള്ള സമയമാണത്.
രണ്ട്: സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്ന് മാറിയതിന് ശേഷം.
മൂന്ന്: രാത്രിയുടെ മുഴുവനോ ഭാഗികമോ ആയ ഭാഗം. രാവിലെ കർമ്മങ്ങൾ ചെയ്യുന്നതിനേക്കാൾ പ്രയാസകരമായിരിക്കും രാത്രിയിൽ ചെയ്യുക എന്നത് പരിഗണിച്ചു കൊണ്ടാണ് രാത്രിയുടെ ഒരു ഭാഗം മാത്രം ആരാധനകൾ നിർവ്വഹിക്കാൻ നബി -ﷺ- കൽപ്പിച്ചത്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية الصربية الرومانية Malagasy Kanadianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇസ്‌ലാമിക മതവിധികളിലെ എളുപ്പവും ലാളിത്യവും, അതിരുകവിച്ചിലിൻ്റെയും അലസതയുടെയും ഇടയിലുള്ള അതിൻ്റെ മദ്ധ്യമസ്ഥാനവും.
  2. ഓരോ വ്യക്തിയും അവന് സാധ്യമായത്രയാണ് കൽപ്പനകൾ നിറവേറ്റേണ്ടത്; അതിൽ അലസതയോ അതിർകവിച്ചിലോ പാടില്ല.
  3. ഉന്മേഷം നിറഞ്ഞ സമയങ്ങളാണ് ആരാധനകൾക്ക് തിരഞ്ഞെടുക്കേണ്ടത്. ഹദീഥിൽ പരാമർശിക്കപ്പെട്ട മൂന്ന് സന്ദർഭങ്ങൾ പ്രത്യേകിച്ചും; ശരീരം ആരാധനകൾക്ക് ഏറ്റവുമധികം ഉന്മേഷം കാണിക്കുന്ന സന്ദർഭങ്ങളാണവ.
  4. ഇബ്നു ഹജർ അസ്ഖലാനി (റഹി) പറയുന്നു: "ഒരു ലക്ഷ്യത്തിലേക്ക് യാത്രപോകുന്ന ഒരു യാത്രികനോട് സംസാരിക്കുന്നത് പോലെയാണ് നബി -ﷺ- ഈ ഹദീഥിൽ സംസാരിച്ചിരിക്കുന്നത്. യാത്രികന് ഏറ്റവും സുഖകരമായ സന്ദർഭങ്ങളാണ് ഹദീഥിൽ പരാമർശിക്കപ്പെട്ട മൂന്ന് സമയങ്ങൾ. യാത്രക്കാരൻ രാത്രിയും പകലും മുഴുവനായി യാത്രയിലായാൽ അവന് യാത്ര പ്രയാസകരമാവുകയും, അത് തുടരുന്നത് അസാധ്യമായി യാത്ര നിലക്കുകയും ചെയ്യും. എന്നാൽ ഹദീഥിൽ പരാമർശിക്കപ്പെട്ട, ഉന്മേഷമേകുന്ന ഈ മൂന്ന് സന്ദർഭങ്ങൾ ശ്രദ്ധിക്കുകയും, അവ പ്രയോജനപ്പെടുത്തുകയും ചെയ്താൽ അവന് തൻ്റെ യാത്ര പ്രയാസമില്ലാതെ തുടരാനും നിലനിർത്താനും സാധിക്കും."
  5. ഇബ്നു ഹജർ (റഹി) പറയുന്നു: "ഇസ്‌ലാമികമായ ഇളവുകൾ സ്വീകരിക്കാനുള്ള സൂചന ഈ ഹദീഥിലുണ്ട്. അല്ലാഹു ഇളവ് നൽകിയ സന്ദർഭങ്ങളിൽ അവ സ്വീകരിക്കാതെ പൂർണ്ണമായ പ്രവർത്തനം മാത്രമേ ചെയ്യൂ എന്ന നിർബന്ധബുദ്ധി സ്വീകരിക്കുന്നത് അതിരുകവിച്ചിലാണ്. വെള്ളം ഉപയോഗിക്കാൻ സാധ്യമല്ലാത്ത സന്ദർഭത്തിൽ (മണ്ണു കൊണ്ട് ശുദ്ധീകരിക്കുക എന്ന) തയമ്മുമിൻ്റെ രീതി ഉപേക്ഷിക്കുകയും, അത് മൂലം പ്രയാസം വരുത്തി വെക്കുകയും ചെയ്യുന്നത് ഈ പറഞ്ഞ തെറ്റായ രീതിക്ക് ഒരു ഉദാഹരണമാണ്."
  6. ഇബ്നുൽ മുനയ്യിർ (റഹി) പറയുന്നു: "നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ഒരു തെളിവ് ഈ ഹദീഥിലുണ്ട്.
  7. ദീനിൻ്റെ കാര്യത്തിൽ അനാവശ്യമായ കടുംപിടുത്തം സ്വീകരിക്കുന്നവർ ദീനിൻ്റെ മാർഗത്തിൽ നിന്ന് തന്നെ തെറ്റിത്തെറിച്ചു പോകുന്നത് നമുക്കും നമുക്കു മുൻപ് ധാരാളം ആളുകൾക്കും നേരിട്ടു ബോധ്യമായിട്ടുണ്ട്. എന്നാൽ ഈ പറഞ്ഞതിൻ്റെ അർത്ഥം ആരാധനകളിൽ പരിപൂർണ്ണത കണ്ടെത്താൻ ശ്രമിക്കുന്നത് പാടില്ലെന്നല്ല; അത് നന്മ തന്നെയാണ്. എന്നാൽ മടുപ്പുണ്ടാകുന്നതിലേക്ക് എത്തിക്കുന്ന വിധത്തിലുള്ള അതിർകവിച്ചിലും, ഏറ്റവും ശ്രേഷ്ഠമായത് ഉപേക്ഷിക്കുന്ന വിധത്തിൽ സുന്നത്തുകളിൽ അതിപരിശ്രമം നടത്തുന്നതുമെല്ലാമാണ് ഉപേക്ഷിക്കേണ്ടതായുള്ളത്. രാത്രി മുഴുവൻ ഖിയാമുല്ലൈൽ നിസ്കരിച്ചതിനാൽ സുബ്ഹ് നിസ്കാരം ജമാഅത്തായി നിർവ്വഹിക്കാൻ കഴിയാതെ പോവുകയോ, സൂര്യൻ ഉദിക്കുന്നത് വരെ ഉറങ്ങിപ്പോവുകയോ ചെയ്യുന്ന ഒരാളുടെ അവസ്ഥ ഈ പറഞ്ഞതിന് ഉദാഹരണമാണ്."
കൂടുതൽ