+ -

عَنْ طَلْحَةَ بْنِ عُبَيْدِ اللهِ رضي الله عنه قَالَ:
جَاءَ رَجُلٌ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ أَهْلِ نَجْدٍ ثَائِرُ الرَّأْسِ، نَسْمَعُ دَوِيَّ صَوْتِهِ، وَلَا نَفْقَهُ مَا يَقُولُ حَتَّى دَنَا مِنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَإِذَا هُوَ يَسْأَلُ عَنِ الْإِسْلَامِ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خَمْسُ صَلَوَاتٍ فِي الْيَوْمِ وَاللَّيْلَةِ» فَقَالَ: هَلْ عَلَيَّ غَيْرُهُنَّ؟ قَالَ: «لَا، إِلَّا أَنْ تَطَّوَّعَ، وَصِيَامُ شَهْرِ رَمَضَانَ»، فَقَالَ: هَلْ عَلَيَّ غَيْرُهُ؟ فَقَالَ: «لَا، إِلَّا أَنْ تَطَّوَّعَ»، وَذَكَرَ لَهُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الزَّكَاةَ، فَقَالَ: هَلْ عَلَيَّ غَيْرُهَا؟ قَالَ: «لَا، إِلَّا أَنْ تَطَّوَّعَ»، قَالَ: فَأَدْبَرَ الرَّجُلُ، وَهُوَ يَقُولُ: وَاللهِ، لَا أَزِيدُ عَلَى هَذَا، وَلَا أَنْقُصُ مِنْهُ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَفْلَحَ إِنْ صَدَقَ».

[صحيح] - [متفق عليه] - [صحيح مسلم: 11]
المزيــد ...

ത്വൽഹ ബ്നു ഉബൈദില്ലാഹ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
നജ്ദുകാരിൽ പെട്ട -ചിതറിക്കിടക്കുന്ന മുടിയുള്ള- ഒരാൾ നബി -ﷺ- യുടെ അരികിൽ വന്നു. അദ്ദേഹത്തിൻ്റെ ശബ്ദത്തിൻ്റെ മുഴക്കം ഞങ്ങൾ കേൾക്കുന്നുണ്ട്. എന്നാൽ പറയുന്നതെന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. അങ്ങനെ നബി -ﷺ- യുടെ അരികിലേക്ക് അദ്ദേഹം എത്തി. ഇസ്‌ലാമിനെ കുറിച്ചായിരുന്നു അയാൾ ചോദിച്ചു കൊണ്ടിരുന്നത്. നബി -ﷺ- അതിനുള്ള ഉത്തരമായി പറഞ്ഞു: "രാത്രിയും പകലുമായി അഞ്ചു നേരത്തെ നിസ്കാരം (നിർവ്വഹിക്കണം)." അയാൾ ചോദിച്ചു: "അതല്ലാതെ മറ്റു വല്ലതും എൻ്റെ മേൽ ബാധ്യതയുണ്ടോ?!" നബി -ﷺ- പറഞ്ഞു: "ഇല്ല. നീ ഐഛികമായി (സുന്നത്തായി) വല്ലതും ചെയ്താലല്ലാതെ." ശേഷം നബി -ﷺ- പറഞ്ഞു: "റമദാൻ മാസത്തിലെ നോമ്പും (അനുഷ്ഠിക്കണം)." അയാൾ ചോദിച്ചു: "അതല്ലാതെ മറ്റു വല്ലതും എൻ്റെ മേൽ ബാധ്യതയുണ്ടോ?!" നബി -ﷺ- പറഞ്ഞു: "ഇല്ല. നീ ഐഛികമായി (സുന്നത്തായി) വല്ലതും ചെയ്താലല്ലാതെ." ശേഷം നബി -ﷺ- അദ്ദേഹത്തോട് സകാത്തിനെ കുറിച്ച് പറഞ്ഞു. അപ്പോൾ അയാൾ ചോദിച്ചു: "അതല്ലാതെ മറ്റു വല്ലതും എൻ്റെ മേൽ ബാധ്യതയുണ്ടോ?!" നബി -ﷺ- പറഞ്ഞു: "ഇല്ല. നീ ഐഛികമായി (സുന്നത്തായി) വല്ലതും ചെയ്താലല്ലാതെ." അങ്ങനെ ആ മനുഷ്യൻ തിരിച്ചു പോയി. അയാൾ പറയുന്നുണ്ടായിരുന്നു: "അല്ലാഹു സത്യം! ഈ പറഞ്ഞതിൽ ഞാൻ വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യില്ല." നബി -ﷺ- (അദ്ദേഹത്തെ കുറിച്ച്) പറഞ്ഞു: "അവൻ പറഞ്ഞത് സത്യമാണെങ്കിൽ അവൻ വിജയിച്ചിരിക്കുന്നു."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 11]

വിശദീകരണം

നജ്ദുകാരിൽ പെട്ട ഒരാൾ നബി -ﷺ- യുടെ അടുക്കൽ വന്നു. അയാളുടെ മുടി ചിതറിക്കിടക്കുന്ന നിലയിലും, ശബ്ദം വളരെ ഉച്ചത്തിലുമായിരുന്നു. അദ്ദേഹം സംസാരിക്കുന്നത് കേൾക്കുന്നവർക്ക് ഗ്രഹിക്കാൻ സാധിച്ചിരുന്നില്ല. അങ്ങനെ നബി -ﷺ- യുടെ അടുത്തെത്തിയപ്പോൾ അദ്ദേഹം ഇസ്‌ലാമിലെ വിധിവിലക്കുകളെ കുറിച്ചും നിയമങ്ങളെ കുറിച്ചും ചോദിക്കാൻ ആരംഭിച്ചു.
നബി -ﷺ- നിസ്കാരത്തെ കുറിച്ചാണ് അയാൾക്ക് ആദ്യം പറഞ്ഞു കൊടുത്തത്. എല്ലാ ദിവസവും, രാവിലെയും രാത്രിയുമായി അഞ്ചു നേരത്തെ നിസ്കാരം അല്ലാഹു അയാൾക്ക് മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അവിടുന്ന് അറിയിച്ചു.
അപ്പോൾ അയാൾ ചോദിച്ചു: ഈ അഞ്ചു നേരത്തെ നിസ്കാരങ്ങൾ അല്ലാതെ മറ്റേതെങ്കിലും നിസ്കാരം എൻ്റെ മേൽ നിർബന്ധമുണ്ടോ?
നബി -ﷺ- പറഞ്ഞു: "ഇല്ല. ഐഛികമായ നിസ്കാരങ്ങൾ നിനക്ക് നിർവഹിക്കാം എന്നല്ലാതെ."
ശേഷം നബി -ﷺ- പറഞ്ഞു: റമദാൻ മാസത്തിലെ നോമ്പും അല്ലാഹു നിനക്ക് മേൽ നിർബന്ധമാക്കിയ കാര്യങ്ങളിൽ പെട്ടതാണ്.
അപ്പോൾ ആഗതൻ ചോദിച്ചു: "റമദാൻ മാസത്തിലെ ഈ നോമ്പല്ലാതെ മറ്റേതെങ്കിലും നോമ്പുകൾ എനിക്ക് മേൽ നിർബന്ധമുണ്ടോ?"
നബി -ﷺ- പറഞ്ഞു: "ഇല്ല. നിനക്ക് ഐഛികമായ നോമ്പുകൾ എടുക്കാം എന്നല്ലാതെ."
ശേഷം നബി -ﷺ- സകാത്തിനെ കുറിച്ച് പറഞ്ഞു.
ആഗതൻ ചോദിച്ചു: നിർബന്ധമായ സകാത്ത് നൽകിയാൽ മറ്റേതെങ്കിലും ദാനധർമങ്ങൾ എനിക്ക് മേൽ നിർബന്ധമുണ്ടോ?
നബി -ﷺ- പറഞ്ഞു: ഇല്ല. നീ ഐഛികമായി വല്ലതും ചെയ്യുന്നെങ്കിലല്ലാതെ.
നബി -ﷺ- ഈ വിധിവിലക്കുകളും നിർബന്ധ ബാധ്യതകളും വിശദീകരിച്ചു നൽകുന്നത് കേട്ടതിന് ശേഷം ആഗതൻ തിരിഞ്ഞു നടന്നു. താൻ കേട്ട കാര്യത്തിൽ എന്തെങ്കിലുമൊന്ന് വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യുകയില്ല എന്ന് അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ടായിരുന്നു അയാളുടെ മടക്കം. ഇതു കണ്ടപ്പോൾ നബി -ﷺ- ഉടനെ പറയുകയുണ്ടായി: അയാൾ ശപഥം ചെയ്തു പറഞ്ഞ കാര്യം സത്യമായി അയാൾ പുലർത്തുകയാണെങ്കിൽ അവൻ വിജയികളിൽ പെടുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الدرية الصومالية الرومانية Oromianina
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഇസ്‌ലാമിക മതനിയമങ്ങളിലെ ലാളിത്യവും, മനുഷ്യർക്ക് അത് നൽകുന്ന എളുപ്പങ്ങളും.
  2. നബി -ﷺ- ചോദ്യകർത്താവിനോട് കാഴ്ചവെച്ച നല്ല പെരുമാറ്റം. തൻ്റെ അരികിൽ വന്നെത്താനും ചോദിക്കാനുമെല്ലാം ആ മനുഷ്യന് അവിടുന്ന് അനുവാദം നൽകി.
  3. ഇസ്‌ലാമിക പ്രബോധനത്തിൽ ഏറ്റവും പ്രാധാന്യമുള്ളത് ആദ്യം പറയുകയും, അതിൽ താഴെയുള്ള കാര്യം ശേഷം പറയുകയുമാണ് വേണ്ടത്.
  4. ഇസ്‌ലാം എന്നാൽ വിശ്വാസവും പ്രവർത്തനവും കൂടിച്ചേർന്നതാണ്. വിശ്വാസമില്ലാതെയുള്ള പ്രവർത്തനമോ, പ്രവർത്തനമില്ലാതെയുള്ള വിശ്വാസമോ പ്രയോജനം ചെയ്യുകയില്ല.
  5. ഹദീഥിൽ പരാമർശിക്കപ്പെട്ട പ്രവർത്തനങ്ങളുടെ പ്രാധാന്യവും, ഇവയെല്ലാം ഇസ്‌ലാമിൻ്റെ സ്തംഭങ്ങളിൽ പെട്ടവയാണെന്നുമുള്ള പാഠം.
  6. അഞ്ചു നേരത്തെ നിർബന്ധ നിസ്കാരങ്ങളുടെ കൂട്ടത്തിൽ വെള്ളിയാഴ്ച്ചയിലെ ജുമുഅഃ നിസ്കാരവും ഉൾപ്പെടുന്നതാണ്. കാരണം ദ്വുഹ്ർ നിസ്കാരം നിർബന്ധമായും നിർവ്വഹിക്കേണ്ടതിന് പകരമായാണ് വെള്ളിയാഴ്ച്ചയിലെ ജുമുഅഃ നിസ്കാരം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
  7. രണ്ട് സാക്ഷ്യവചനങ്ങൾക്ക് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നുമുള്ള സാക്ഷ്യങ്ങൾ) ശേഷം എണ്ണപ്പെടുന്ന സ്തംഭങ്ങളായ, ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട നിർബന്ധബാധ്യതകളാണ് നബി -ﷺ- ആഗതന് ആദ്യമായി പഠിപ്പിച്ചത്. അദ്ദേഹം മുസ്‌ലിമായിരുന്നു എന്നതിനാലാണ് ശഹാദത്ത് പ്രത്യേകം പറയാതിരുന്നത്. ഇക്കൂട്ടത്തിൽ ഹജ്ജ് പറയപ്പെടാതിരിക്കാനുള്ള കാരണം; ഈ സംഭവം നടക്കുമ്പോൾ ഹജ്ജ് നിർബന്ധമാക്കപ്പെട്ടിരുന്നില്ല എന്നത് കൊണ്ടോ, ഹജ്ജിൻ്റെ സമയം ആയിട്ടില്ല എന്നത് കൊണ്ടോ ആണ്.
  8. ഇസ്‌ലാമിൽ ഒരാളുടെ മേൽ നിർബന്ധമാക്കപ്പെട്ട കാര്യങ്ങൾ മാത്രം ഒരാൾ ചെയ്താലും അയാൾ വിജയികളിൽ പെടുന്നതാണ്. എന്നാൽ സുന്നത്തായ കാര്യങ്ങൾ ചെയ്യരുതെന്നോ ചെയ്യേണ്ടതില്ലെന്നോ ഈ പറഞ്ഞതിന് അർത്ഥമില്ല. കാരണം നിർബന്ധ കർമങ്ങൾക്ക് പൂർത്തീകരണം നൽകാൻ പരലോകത്ത് ഐഛിക കർമങ്ങൾ കാരണമാകും.
കൂടുതൽ