+ -

عَنْ عَبْدِ اللهِ بْنِ عُمَرَ رَضيَ اللهُ عنهُما قَالَ: مَرَرْنَا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلَى الْحِجْرِ، فَقَالَ لَنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«لَا تَدْخُلُوا مَسَاكِنَ الَّذِينَ ظَلَمُوا أَنْفُسَهُمْ، إِلَّا أَنْ تَكُونُوا بَاكِينَ؛ حَذَرًا أَنْ يُصِيبَكُمْ مِثْلُ مَا أَصَابَهُمْ» ثُمَّ زَجَرَ فَأَسْرَعَ حَتَّى خَلَّفَهَا.

[صحيح] - [متفق عليه] - [صحيح مسلم: 2980]
المزيــد ...

അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنه) നിവേദനം: നബിയോടൊപ്പം (ﷺ) ഞങ്ങൾ ഹിജ്റിൻ്റെ ഭാഗത്തുകൂടെ സഞ്ചരിച്ചു. അപ്പോൾ നബി (ﷺ) ഞങ്ങളോട് പറഞ്ഞു:
" സ്വന്തത്തോട് അക്രമം പ്രവർത്തിച്ചവരുടെ ഭവനങ്ങളിൽ കരയുന്നവരായല്ലാതെ നിങ്ങൾ പ്രവേശിക്കരുത്; അവർക്ക് ബാധിച്ചത് നിങ്ങളെയും ബാധിച്ചേക്കുമോ എന്ന ഭയം കാരണത്താൽ." ശേഷം നബി (ﷺ) തൻ്റെ വാഹനമൃഗത്തെ വേഗതയിൽ മുന്നോട്ട് കുതിപ്പിക്കുകയും, ആ പ്രദേശം വേഗത്തിൽ പിന്നിടുകയും ചെയ്തു.

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2980]

വിശദീകരണം

ഥമൂദ് ഗോത്രക്കാർ ജീവിച്ചിരുന്ന പ്രദേശത്തിലൂടെ സഞ്ചരിക്കവെ നബി (ﷺ) സ്വഹാബികൾക്ക് നൽകിയ നിർദേശമാണ് ഈ ഹദീഥിലുള്ളത്. സ്വന്തത്തോട് അക്രമം പ്രവർത്തിച്ചതിനാൽ അല്ലാഹുവിൻ്റെ ശിക്ഷ വന്നിറങ്ങിയ അവരുടെ ഭവനങ്ങളിൽ പ്രവേശിക്കുകയോ അവിടെ സമീപിക്കുകയോ ചെയ്യുന്നത് അവിടുന്ന് അവരോട് വിലക്കി; ആരെങ്കിലും അവിടെ പ്രവേശിക്കുന്നെങ്കിൽ അവരുടെ സ്ഥിതി ഓർത്തു കൊണ്ടും, അവരെ ബാധിച്ചത് തനിക്കും ബാധിച്ചേക്കുമോ എന്ന ഭയം കൊണ്ടും കരഞ്ഞു കൊണ്ടല്ലാതെ അപ്രകാരം ചെയ്യരുത് എന്നും അവിടുന്ന് ഓർമപ്പെടുത്തി. ശേഷം അവിടുന്ന് തൻ്റെ യാത്രാവാഹനത്തെ മുന്നോട്ട് കുതിപ്പിക്കുകയും, ആ പ്രദേശം വേഗത്തിൽ മറികടക്കുകയും ചെയ്തു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹു ശിക്ഷിച്ചവരുടെ കാര്യം ഉറ്റാലോചിക്കുകയും, അവർക്ക് സംഭവിച്ചു പോയത് നമുക്ക് സംഭവിക്കാതിരിക്കാനുള്ള ശ്രദ്ധ പുലർത്തുകയും, അവയിലുള്ള ദൃഷ്ടാന്തങ്ങളെ കുറിച്ച് അശ്രദ്ധരാകുന്നതിൽ നിന്ന് കരുതിയിരിക്കുകയും ചെയ്യണമെന്ന പാഠം.
  2. ശിക്ഷിക്കപ്പെട്ട ആ സമൂഹത്തിൻ്റെ ഭവനങ്ങളിൽ പിന്നീട് താമസിക്കുകയോ, അവരുടെ പ്രദേശം വാസസ്ഥലമായി മാറ്റുകയോ ചെയ്യരുത്. കാരണം അവിടെ താമസിക്കുന്ന വ്യക്തി എപ്പോഴും കരഞ്ഞു കൊണ്ടിരിക്കുക എന്നത് സാധ്യമല്ല. അപ്രകാരമല്ലാതെ അവിടെ പ്രവേശിക്കുക എന്നതാകട്ടെ, വിലക്കപ്പെട്ട കാര്യവുമാണ്.
  3. നവവി (رحمه الله) പറഞ്ഞു: "അതിക്രമികളുടെ ഭവനങ്ങളിലൂടെയും താമസപ്രദേശങ്ങളിലൂടെയും ശിക്ഷ വന്നിറങ്ങിയ നാടുകളിലൂടെയും സഞ്ചരിക്കുമ്പോൾ ശ്രദ്ധയും കരുതലും ഉണ്ടായിരിക്കണമെന്ന ഓർമ്മപ്പെടുത്തൽ ഈ ഹദീഥിലുണ്ട്. ആനക്കാർക്ക് മേൽ ശിക്ഷ വന്നിറങ്ങിയ വാദീ മുഹസ്സിർ (മക്കയിലെ പ്രദേശം) ഈ പറഞ്ഞതിന് സമാനമാണ്. ഇത്തരം സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഭയത്തോടെയും ശ്രദ്ധയോടെയും വിതുമ്പലോടെയും അവിടം കടന്നു പോവുക. അവരുടെ അവസ്ഥയിൽ നിന്നും, അവരെ നാശം ബാധിച്ച സ്ഥലത്ത് നിന്നും ഗുണപാഠം ഉൾക്കൊണ്ടു കൊണ്ടും, അല്ലാഹുവിനോട് രക്ഷ തേടിക്കൊണ്ടും ആ പ്രദേശം മറികടക്കുക."
  4. ഥമൂദ് ഗോത്രത്തിൻ്റെ ഭവനങ്ങൾക്കും അവരുടെ അതേ അവസ്ഥയിലുള്ള -അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള ശിക്ഷ വന്നിറങ്ങിയ- മറ്റു ജനതകൾ ജീവിച്ച പ്രദേശങ്ങൾക്കും ഹദീഥിൽ പറഞ്ഞ താക്കീതും വിലക്കും ബാധകമാണ്.
  5. ഹദീഥിൽ വിവരിക്കപ്പെട്ട വിധത്തിലുള്ള സ്ഥലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളോ വിനോദകേന്ദ്രങ്ങളോ മറ്റോ ആക്കുന്നത് വിലക്കപ്പെട്ട കാര്യമാണ്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ