+ -

عَنْ عَائِشَةَ أُمِّ المُؤْمِنِينَ رَضِيَ اللَّهُ عَنْها أَنَّهَا قَالَتْ:
أَوَّلُ مَا بُدِئَ بِهِ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنَ الوَحْيِ الرُّؤْيَا الصَّالِحَةُ فِي النَّوْمِ، فَكَانَ لاَ يَرَى رُؤْيَا إِلَّا جَاءَتْ مِثْلَ فَلَقِ الصُّبْحِ، ثُمَّ حُبِّبَ إِلَيْهِ الخَلاَءُ، وَكَانَ يَخْلُو بِغَارِ حِرَاءٍ فَيَتَحَنَّثُ فِيهِ -وَهُوَ التَّعَبُّدُ- اللَّيَالِيَ ذَوَاتِ العَدَدِ قَبْلَ أَنْ يَنْزِعَ إِلَى أَهْلِهِ، وَيَتَزَوَّدُ لِذَلِكَ، ثُمَّ يَرْجِعُ إِلَى خَدِيجَةَ فَيَتَزَوَّدُ لِمِثْلِهَا، حَتَّى جَاءَهُ الحَقُّ وَهُوَ فِي غَارِ حِرَاءٍ، فَجَاءَهُ المَلَكُ فَقَالَ: اقْرَأْ، قَالَ: «مَا أَنَا بِقَارِئٍ» قَالَ: «فَأَخَذَنِي فَغَطَّنِي حَتَّى بَلَغَ مِنِّي الجَهْدَ ثُمَّ أَرْسَلَنِي، فَقَالَ: اقْرَأْ، قُلْتُ: مَا أَنَا بِقَارِئٍ، فَأَخَذَنِي فَغَطَّنِي الثَّانِيَةَ حَتَّى بَلَغَ مِنِّي الجَهْدَ ثُمَّ أَرْسَلَنِي، فَقَالَ: اقْرَأْ، فَقُلْتُ: مَا أَنَا بِقَارِئٍ، فَأَخَذَنِي فَغَطَّنِي الثَّالِثَةَ ثُمَّ أَرْسَلَنِي، فَقَالَ: {اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ خَلَقَ الإِنْسَانَ مِنْ عَلَقٍ اقْرَأْ وَرَبُّكَ الأَكْرَمُ}»، [العلق:1-3] فَرَجَعَ بِهَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَرْجُفُ فُؤَادُهُ، فَدَخَلَ عَلَى خَدِيجَةَ بِنْتِ خُوَيْلِدٍ رَضِيَ اللَّهُ عَنْهَا، فَقَالَ: «زَمِّلُونِي، زَمِّلُونِي» فَزَمَّلُوهُ حَتَّى ذَهَبَ عَنْهُ الرَّوْعُ، فَقَالَ لِخَدِيجَةَ وَأَخْبَرَهَا الخَبَرَ: «لَقَدْ خَشِيتُ عَلَى نَفْسِي» فَقَالَتْ خَدِيجَةُ: كَلَّا وَاللَّهِ مَا يُخْزِيكَ اللَّهُ أَبَدًا، إِنَّكَ لَتَصِلُ الرَّحِمَ، وَتَحْمِلُ الكَلَّ، وَتَكْسِبُ المَعْدُومَ، وَتَقْرِي الضَّيْفَ، وَتُعِينُ عَلَى نَوَائِبِ الحَقِّ، فَانْطَلَقَتْ بِهِ خَدِيجَةُ حَتَّى أَتَتْ بِهِ وَرَقَةَ بْنَ نَوْفَلِ بْنِ أَسَدِ بْنِ عَبْدِ العُزَّى، ابْنَ عَمِّ خَدِيجَةَ، وَكَانَ امْرَأً تَنَصَّرَ فِي الجَاهِلِيَّةِ، وَكَانَ يَكْتُبُ الكِتَابَ العِبْرَانِيَّ، فَيَكْتُبُ مِنَ الإِنْجِيلِ بِالعِبْرَانِيَّةِ مَا شَاءَ اللَّهُ أَنْ يَكْتُبَ، وَكَانَ شَيْخًا كَبِيرًا قَدْ عَمِيَ، فَقَالَتْ لَهُ خَدِيجَةُ: يَا ابْنَ عَمِّ، اسْمَعْ مِنَ ابْنِ أَخِيكَ، فَقَالَ لَهُ وَرَقَةُ: يَا ابْنَ أَخِي، مَاذَا تَرَى؟ فَأَخْبَرَهُ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ خَبَرَ مَا رَأَى، فَقَالَ لَهُ وَرَقَةُ: هَذَا النَّامُوسُ الَّذِي نَزَّلَ اللَّهُ عَلَى مُوسَى، يَا لَيْتَنِي فِيهَا جَذَعًا، لَيْتَنِي أَكُونُ حَيًّا إِذْ يُخْرِجُكَ قَوْمُكَ، فَقَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَوَ مُخْرِجِيَّ هُمْ؟»، قَالَ: نَعَمْ، لَمْ يَأْتِ رَجُلٌ قَطُّ بِمِثْلِ مَا جِئْتَ بِهِ إِلَّا عُودِيَ، وَإِنْ يُدْرِكْنِي يَوْمُكَ أَنْصُرْكَ نَصْرًا مُؤَزَّرًا. ثُمَّ لَمْ يَنْشَبْ وَرَقَةُ أَنْ تُوُفِّيَ، وَفَتَرَ الوَحْيُ.

[صحيح] - [متفق عليه] - [صحيح البخاري: 3]
المزيــد ...

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
വഹ്‌യിന്റെ (അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിന്റെ) ആരംഭമായി നബിക്ക് -ﷺ- ആദ്യം തുടക്കം കുറിച്ചത് സത്യമായി പുലരുന്ന സ്വപ്നങ്ങളായിരുന്നു. അവിടുന്ന് ഉറക്കത്തിൽ ഏതൊരു സ്വപ്നം കണ്ടാലും പ്രഭാതം പൊട്ടിവിടരുന്നത് പോലെ അത് പുലർന്നു കാണുമായിരുന്നു. പിന്നീട് അവിടുത്തേക്ക് ഏകാന്തത പ്രിയങ്കരമാക്കപ്പെട്ടു. ഹിറാ ഗുഹയിൽ അവിടുന്ന് ആരാധനകളുമായി ഏകാന്തനായി -രാത്രികൾ- കഴിച്ചു കൂട്ടുമായിരുന്നു. പിന്നീട് അവിടുന്ന് തന്റെ വീട്ടുകാരുടെ അടുക്കലേക്ക് തിരിച്ചു ചെല്ലും. വീണ്ടും ഏകാന്തനായി ഇരിക്കുന്നതിന് വേണ്ട വിഭവങ്ങൾ ഒരുക്കും. വീണ്ടും -സമാനമായ ദിവസങ്ങൾക്ക് വേണ്ടി- ഖദീജയുടെ അരികിലേക്ക് തിരിച്ചു ചെല്ലും. അങ്ങനെയിരിക്കെ -അവിടുന്ന് ഹിറാ ഗുഹയിൽ ആയിരിക്കുന്ന വേളയിൽ- അവിടുത്തേക്ക് ആ സത്യം വന്നെത്തി. മലക്ക് അവിടുത്തെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: "വായിക്കുക!"  നബി (ﷺ) പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അവിടുന്ന് പറഞ്ഞു: "അപ്പോൾ ആ മലക്ക് എന്നെ പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു." ശേഷം മലക്ക് വീണ്ടും പറഞ്ഞു: "വായിക്കുക!" ഞാൻ പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അപ്പോൾ ആ മലക്ക് എന്നെ രണ്ടാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് വീണ്ടും പറഞ്ഞു: "വായിക്കുക!" ഞാൻ പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അപ്പോൾ ആ മലക്ക് എന്നെ മൂന്നാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് പറഞ്ഞു: "സൃഷ്ടിച്ചവനായ നിന്‍റെ റബ്ബിൻ്റെ നാമത്തില്‍ നീ വായിക്കുക! മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക! നിന്‍റെ റബ്ബ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു." (അലഖ്: 1-5) നബി (ﷺ) അതുമായി മടങ്ങിവന്നു. അവിടുത്തെ ഹൃദയാന്തരം കിടുങ്ങി വിറക്കുന്നുണ്ടായിരുന്നു. ഖദീജഃയുടെ അരികിൽ പ്രവേശിച്ചു കൊണ്ട് നബി (ﷺ) പറഞ്ഞു: "എന്നെ പുതപ്പിക്കൂ! എന്നെ പുതപ്പിക്കൂ!" അവർ അവിടുത്തെ പുതപ്പിച്ചു. അവിടുത്തെ പരിഭ്രാന്തി നീങ്ങിയപ്പോൾ നബി (ﷺ) ഖദീജയോട് കാര്യങ്ങൾ പറഞ്ഞു. "എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടുപോയി." അവിടുന്ന് പറഞ്ഞു. അപ്പോൾ ഖദീജ പറഞ്ഞു: "ഒരിക്കലുമില്ല! അല്ലാഹു സത്യം! അവനൊരിക്കലും താങ്കളെ അപമാനിക്കുകയില്ല. താങ്കൾ കുടുംബബന്ധം ചേർക്കുന്നു. (അശരണരുടെ) പ്രയാസങ്ങൾ ഏറ്റെടുക്കുന്നു. ഇല്ലാത്തവർക്ക് (ദാനം) നൽകുന്നു. അതിഥിയെ ആദരിക്കുന്നു. സത്യത്തിന് വേണ്ടി നിലകൊള്ളേണ്ട വേളകളിൽ അതിന് സഹായമേകുന്നു." അങ്ങനെ നബിയെയും (ﷺ) കൂട്ടി ഖദീജ (رضي الله عنها) അവരുടെ പിതൃസഹോദരനായ വറഖതു ബ്നു നൗഫലിൻ്റെ അരികിൽ ചെന്നു. ജാഹിലിയ്യത്തിൽ നസ്വാറാ മതം സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം ഹീബ്രു ഭാഷയിൽ എഴുതാറുണ്ടായിരുന്നു. ഇഞ്ചീലിൽ നിന്ന് ഹീബ്രു ഭാഷയിൽ അദ്ദേഹം പകർത്തി എഴുതാറുമുണ്ടായിരുന്നു. ഏറെ പ്രായം ചെന്നതിനാൽ കണ്ണുകൾക്ക് അന്ധത ബാധിച്ച ഒരു വൃദ്ധനായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് ഖദീജ (رضي الله عنها) പറഞ്ഞു: "പിതൃസഹോദരാ! താങ്കളുടെ സഹോദരപുത്രന് പറയാനുള്ളത് കേട്ടുനോക്കൂ." വറഖ ചോദിച്ചു: "എന്താണ് മകനേ നീ കാണുന്നത്?" നബി (ﷺ) അദ്ദേഹത്തോട് താൻ കണ്ട കാര്യങ്ങളെല്ലാം പറഞ്ഞു. ഇത് കേട്ടപ്പോൾ വറഖ പറഞ്ഞു: "മൂസായുടെ മേൽ വന്നെത്തിയ അതേ നാമൂസ് തന്നെയാണിത്. ഞാൻ ഇക്കാലഘട്ടത്തിൽ ഒരു യുവാവായിരുന്നെങ്കിൽ..! താങ്കളുടെ ജനത താങ്കളെ പുറത്താക്കുന്ന വേളയിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ..!" അത് കേട്ടപ്പോൾ നബി (ﷺ) ചോദിച്ചു: "അവർ എന്നെ പുറത്താക്കുകയോ?!" വറഖ പറഞ്ഞു: "അതെ! താങ്കൾ കൊണ്ടുവന്നതിന് സമാനമായ കാര്യവുമായി വന്ന ഒരാളും തന്നെ ശത്രുക്കളെ സമ്പാദിക്കാതിരുന്നിട്ടില്ല. ആ ദിവസങ്ങളിൽ ഞാനുണ്ടെങ്കിൽ താങ്കളെ ഞാൻ ശക്തമായി സഹായിക്കുക തന്നെ ചെയ്യും." എന്നാൽ പിന്നീട് അധികം വൈകാതെ തന്നെ വറഖ മരണപ്പെട്ടു. വഹ്‌യ് (താൽക്കാലികമായി) നിലക്കുകയും ചെയ്തു."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3]

വിശദീകരണം

നബിക്ക് (ﷺ) അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൻ്റെ ആരംഭമായി ഉണ്ടായത് അവിടുന്ന് ഉറക്കത്തിൽ കാണാറുള്ള സത്യസന്ധമായ സ്വപ്നങ്ങളായിരുന്നു; അവിടുന്ന് ഏതൊരു സ്വപ്നം കണ്ടാലും സൂര്യവെളിച്ചം പോലെ വ്യക്തമായി അവ പുലരുമായിരുന്നു. പിന്നീടാണ് അവിടുത്തേക്ക് ഏകാന്തത പ്രിയങ്കരമാകുന്നത്. അങ്ങനെ നബി (ﷺ) ഹിറാ ഗുഹയിൽ പല രാത്രികൾ ആരാധനകളുമായി കൂടുമായിരുന്നു. പിന്നീട് അവിടുന്ന് തൻ്റെ വീട്ടിലേക്ക് തിരിച്ചു പോവുകയും വീണ്ടും അതു പോലെ വിഭവങ്ങൾ കയ്യിലെടുത്ത് തിരിച്ചു പോവുകയും ചെയ്യുമായിരുന്നു. വീണ്ടും ഖദീജഃ (رضي الله عنها) യുടെ അടുത്ത് വരികയും, രാത്രികൾ കഴിയാനുള്ള വിഭവങ്ങൾ സ്വരുക്കൂട്ടിയ ശേഷം ഹിറായിലേക്ക് തിരിച്ചു പോവുകയും ചെയ്യും. അങ്ങനെ, അവിടുന്ന് ഹിറാ ഗുഹയിലായിരിക്കെ നബിക്ക് (ﷺ) സത്യദീനിൻ്റെ സന്ദേശം വന്നെത്തി. അല്ലാഹുവിൻ്റെ മലക്കായ ജിബ്‌രീൽ (عليه السلام) നബിയുടെ (ﷺ) അടുത്ത് വരികയും, അവിടുത്തോട് 'വായിക്കാൻ' കൽപ്പിക്കുകയും ചെയ്തു. നബി (ﷺ) പറഞ്ഞു: "എനിക്ക് വായിക്കാൻ അറിയില്ല." അപ്പോൾ ജിബ്‌രീൽ നബിയെ (ﷺ) അണച്ചു പിടിക്കുകയും ശക്തമായി കെട്ടിപ്പിടിക്കുകയും, നബിക്ക് (ﷺ) അങ്ങേയറ്റത്തെ പ്രയാസവും കഠിനതയും ബാധിക്കുന്ന വിധത്തിൽ അത് ശക്തമാവുകയും ചെയ്തു. ശേഷം നബിയെ (ﷺ) അയച്ചു വിടുകയും, അവിടുത്തോട് വീണ്ടും വായിക്കാൻ കൽപ്പിക്കുകയും ചെയ്തു. നബി (ﷺ) പറയുന്നു: അപ്പോൾ ആ മലക്ക് എന്നെ രണ്ടാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് വീണ്ടും പറഞ്ഞു: "വായിക്കുക!" ഞാൻ പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അപ്പോൾ ആ മലക്ക് എന്നെ മൂന്നാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് പറഞ്ഞു: "സൃഷ്ടിച്ചവനായ നിന്‍റെ റബ്ബിൻ്റെ നാമത്തില്‍ വായിക്കുക! മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക! നിന്‍റെ റബ്ബ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു." (അലഖ്: 1-3) അല്ലാഹുവിൻ്റെ ഖുർആനിൽ നിന്ന് അവതരിച്ച ഈ വചനങ്ങളുമായി നബി (ﷺ) വീട്ടിലേക്ക് മടങ്ങി; മരണഭയത്താൽ അവിടുത്തെ ഹൃദയം വിറക്കുന്നുണ്ടായിരുന്നു. മുഅ്മിനീങ്ങളുടെ മാതാവും നബിയുടെ (ﷺ) പ്രിയപത്‌നിയുമായിരുന്ന ഖദീജഃ (رضي الله عنها) യുടെ അടുത്ത് ചെന്നു കൊണ്ട് അവിടുന്ന് പറഞ്ഞു: "എന്നെ ഒരു വസ്ത്രം കൊണ്ട് പുതക്കുക! എന്നെ ഒരു വസ്ത്രം കൊണ്ട് മൂടുക." അവർ നബിയെ (ﷺ) വസ്ത്രം കൊണ്ട് മൂടിയണക്കുകയും, അവിടുത്തെ ഭയം നീങ്ങുകയും ചെയ്തു. അപ്പോൾ ഖദീജഃ (رضي الله عنها) യോട് നബി (ﷺ) കാര്യങ്ങളെല്ലാം വിവരിച്ചു കൊടുത്തു. അവിടുന്ന് പറഞ്ഞു: "എൻ്റെ ജീവൻ നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയന്നു പോയി." അപ്പോൾ ഖദീജഃ (رضي الله عنها) പറഞ്ഞു: "ഒരിക്കലുമില്ല! അല്ലാഹു തന്നെ സത്യം! താങ്കളെ അല്ലാഹു ഒരിക്കലും നിന്ദ്യനാക്കുന്നതല്ല. അങ്ങ് കുടുംബബന്ധം ചേർക്കുകയും, സ്വന്തം കാര്യങ്ങൾ നോക്കാൻ ശേഷിയില്ലാത്ത ദുർബലരുടെ പ്രയാസങ്ങൾ വഹിക്കുകയും, യാതൊന്നും കയ്യിലില്ലാത്ത പരമദരിദ്രർക്ക് മറ്റൊരാളും നൽകാത്തത് താങ്കൾ നൽകുകയും ചെയ്യുന്നു. അതിഥികളെ ആദരിക്കുകയും, സത്യത്തിൻ്റെ വക്താക്കൾക്ക് സഹായം നൽകുകയും ചെയ്യുന്നു." അങ്ങനെ ഖദീജഃ (رضي الله عنها) നബിയെയും (ﷺ) കൂട്ടി വറഖതു ബ്നു നൗഫൽ ബ്നി അസദ് ബ്നി അബ്ദിൽ ഉസ്സാ എന്ന വ്യക്തിയുടെ അടുത്ത് ചെന്നു; ഖദീജഃ (رضي الله عنها) യുടെ പിതൃവ്യ പുത്രനായിരുന്നു അദ്ദേഹം. ബഹുദൈവാരാധകരുടെ ജാഹിലിയ്യഃ സമ്പ്രദായങ്ങൾ ഉപേക്ഷിക്കുകയും, നസ്റാനീ (ക്രൈസ്തവ) മതം സ്വീകരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ഹീബ്രു ഭാഷയിൽ ഇഞ്ചീലിൽ നിന്ന് അദ്ദേഹം ചിലതെല്ലാം പകർത്തിയെഴുതാറുണ്ടായിരുന്നു. കാഴ്ച നഷ്ടമായ ഒരു വയോധികനായിരുന്നു അദ്ദേഹം; ഖദീജഃ (رضي الله عنها) അദ്ദേഹത്തോട് പറഞ്ഞു: "എൻ്റെ പിതൃവ്യപുത്രാ! താങ്കളുടെ സഹോദരന്റെ മകന് പറയാനുള്ളത് കേൾക്കൂ!" വറഖ ചോദിച്ചു: "മകനേ! എന്താണ് നീ കാണുന്നത്?" നബി (ﷺ) താൻ കണ്ട കാര്യങ്ങൾ അദ്ദേഹത്തെ അറിയിച്ചു. അപ്പോൾ വറഖഃ പറഞ്ഞു: "അല്ലാഹു തൻ്റെ ദൂതനായ മൂസായുടെ അരികിലേക്ക് നിയോഗിച്ച ജിബ്‌രീലാകുന്നു അത്. ഞാൻ ഇക്കാലഘട്ടത്തിൽ ഒരു യുവാവായിരുന്നെങ്കിൽ.! താങ്കളുടെ ജനത താങ്കളെ പുറത്താക്കുന്ന വേളയിൽ ഞാൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ.!" അപ്പോൾ നബി (ﷺ) ചോദിച്ചു: "എന്നെ അവർ പുറത്താക്കുകയോ?!" വറഖഃ പറഞ്ഞു: "അതെ. താങ്കൾ കൊണ്ടുവന്നതിന് സമാനമായത് കൊണ്ടുവന്ന ഒരാളും ഉപദ്രവങ്ങൾ ഏറ്റുവാങ്ങുകയും ശത്രുവാക്കപ്പെടുകയും ചെയ്യാതെ ഉണ്ടായിട്ടില്ല. താങ്കളുടെ കാലഘട്ടത്തിൽ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ ഞാൻ താങ്കൾക്ക് ശക്തമായ സഹായം നൽകുന്നതാണ്." പിന്നീട് അധികം താമസിയാതെ തന്നെ വറഖഃ മരണപ്പെട്ടു; ഒരു ചെറിയൊരിടവേള അല്ലാഹുവിൽ നിന്നുള്ള സന്ദേശമായ വഹ്‌യ് നിലക്കുകയും ചെയ്തു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബിക്ക് (ﷺ) വഹ്‌യ് ലഭിച്ചു തുടങ്ങുന്നതിൻ്റെ ആരംഭം ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.
  2. നബിയുടെ (ﷺ) സ്വപ്നങ്ങൾ അവിടുത്തേക്ക് നൽകപ്പെടാറുണ്ടായിരുന്ന വഹ്‌യിൻ്റെ (അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൻ്റെ) ഭാഗങ്ങളിൽ പെട്ടതായിരുന്നു.
  3. യാത്രാവിഭവങ്ങളും ജീവിതാവശ്യത്തിനുള്ള വകയും കരുതി വെക്കുന്നത് ഇസ്‌ലാമികം തന്നെയാണ്; അതൊരിക്കലും അല്ലാഹുവിൽ ഭരമേൽപ്പിക്കുക എന്ന തവക്കുലിന് എതിരല്ല. അല്ലാഹുവിൽ ഭരമേൽപ്പിക്കുന്ന മുതവക്കിലീങ്ങളുടെ നേതാവായ മുഹമ്മദ് നബി (ﷺ) അപ്രകാരം സ്വീകരിച്ചിട്ടുണ്ട്.
  4. മനുഷ്യർക്ക് അറിവില്ലാത്തത് പഠിപ്പിച്ചു നൽകുകയും, അവരെ അജ്ഞതയുടെ അന്ധകാരങ്ങളിൽ നിന്ന് അറിവിൻ്റെ വെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്തു എന്നത് അല്ലാഹുവിൻ്റെ അപാരമായ ഔദാര്യത്തിൽ പെട്ടതാണ്.
  5. എഴുതാനറിയുക എന്നതിൻ്റെ മഹത്വം; എണ്ണിപ്പറയാൻ കഴിയാത്തത്ര പ്രയോജനങ്ങൾ അതിലുണ്ട്. വിജ്ഞാനങ്ങൾ സംരക്ഷിക്കപ്പെട്ടതും, വിധിപ്രഖ്യാപനങ്ങൾ രേഖപ്പെടുത്തപ്പെട്ടതും, ആദ്യകാലക്കാരുടെ ചരിത്രങ്ങൾ ശേഖരിക്കപ്പെട്ടതുമെല്ലാം അതിലൂടെയാണ്. അല്ലാഹുവിൻ്റെ ഗ്രന്ഥങ്ങൾ സംരക്ഷിക്കപ്പെട്ടതും, ഭൗതികവും മതപരവുമായ കാര്യങ്ങൾ നിലനിന്നതും അതിലൂടെ തന്നെ.
  6. വിശുദ്ധ ഖുർആനിൽ ആദ്യമായി അവതരിച്ച വചനം സൂറത്തുൽ അലഖിലെ വചനങ്ങളാണ്. "സൃഷ്ടിച്ചവനായ നിൻ്റെ റബ്ബിൻ്റെ നാമത്തിൽ വായിക്കുക." എന്ന വചനം.
  7. മാന്യമായ സ്വഭാവഗുണങ്ങൾ അപകടങ്ങളും ദുരിതങ്ങളും ബാധിക്കുന്നതിൽ നിന്ന് തടയുന്നതാണ്. നന്മകൾ അധികരിച്ചവരുടെ പര്യവസാനവും നന്നായിരിക്കും. ഇഹലോകത്തും പരലോകത്തും അവർക്ക് അല്ലാഹുവിൻ്റെ സംരക്ഷണം നൽകപ്പെടുന്നതാണെന്ന പ്രതീക്ഷ എന്നുമുണ്ടായിരിക്കും.
  8. ഒരാളെ അയാളുടെ മുമ്പിൽ വെച്ച് പുകഴ്ത്തി പറയുന്നത് കൊണ്ട് എന്തെങ്കിലും പ്രധാനപ്പെട്ട പ്രയോജനങ്ങൾ പ്രതീക്ഷിക്കുന്ന വേളയിൽ അപ്രകാരം ചെയ്യുന്നത് അനുവദനീയമാണ്.
  9. ഭീതിതമായ അനുഭവങ്ങൾ ഒരാൾക്ക് നേരിട്ടാൽ അയാളെ ആശ്വസിപ്പിക്കുകയും അദ്ദേഹത്തിന് സന്തോഷവാർത്തകൾ നൽകുകയും ചെയ്യാൻ ശ്രദ്ധിക്കണം. ഉപദ്രവങ്ങളിൽ നിന്ന് അയാൾ സുരക്ഷിതനായിരിക്കും എന്നതിനുള്ള കാരണങ്ങളും സാധ്യതകളും അയാൾക്ക് വിവരിച്ചു നൽകുകയും വേണം.
  10. ഖദീജഃ (رضي الله عنها) യുടെ സമ്പൂർണ്ണ വ്യക്തിത്വം ബോധ്യപ്പെടുത്തുന്ന സമ്മോഹനവും ശക്തവുമായ തെളിവാണ് ഈ ഹദീഥ്. ഉൾക്കാഴ്ചയുള്ള വീക്ഷണവും, ശക്തമായ മനസ്സാന്നിദ്ധ്യവും, ഉന്നതമായ അവഗാഹവും അവർക്കുണ്ടായിരുന്നു. മാന്യമായ സ്വഭാവഗുണങ്ങളുടെ അടിത്തറയായി പറയാവുന്ന എല്ലാ നന്മകളും നബിയെ (ﷺ) വിശേഷിപ്പിക്കുമ്പോൾ അവർ പ്രയോഗിച്ചു. ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും തനിക്ക് മാത്രം സഹായിക്കാൻ കഴിയുന്നവരുടെ കാര്യത്തിലും അല്ലാത്തവരുടെ കാര്യത്തിലുമെല്ലാം അവിടുന്ന് സ്വീകരിച്ച സമീപനങ്ങൾ അവർ ഓർമപ്പെടുത്തി. വിവരിച്ചും വിശദമായും പറയേണ്ട സാഹചര്യത്തിൽ അവരുടെ വാക്കുകളും വാചകങ്ങളും അനുയോജ്യമായ ദൈർഘ്യം പാലിച്ചു.
  11. ഒരാൾക്ക് എന്തെങ്കിലും കാര്യം സംഭവിക്കുകയോ ബാധിക്കുകയോ ചെയ്താൽ അയാൾക്ക് ഗുണവും നന്മയും ആഗ്രഹിക്കുന്ന, നേരായ അഭിപ്രായവും നിർദേശവും നൽകാൻ കഴിയുന്ന ഒരു വ്യക്തിയോട് അതിനെ കുറിച്ച് അറിയിക്കുന്നത് നല്ലതാണ്.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക