+ -

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«قَالَ اللَّهُ عَزَّ وَجَلَّ: يُؤْذِينِي ابْنُ آدَمَ يَسُبُّ الدَّهْرَ وَأَنَا الدَّهْرُ، بِيَدِي الأَمْرُ أُقَلِّبُ اللَّيْلَ وَالنَّهَارَ».

[صحيح] - [متفق عليه] - [صحيح البخاري: 4826]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിൻ്റെ സന്തതികൾ എന്നെ പ്രയാസപ്പെടുത്തുന്നു. (കാരണം) കാലത്തെ അവർ ചീത്തപറയുന്നു. ഞാനാകുന്നു കാലം. എൻ്റെ കയ്യിലാകുന്നു കാര്യങ്ങളെല്ലാം. രാത്രിയെയും പകലിനെയും ഞാനാണ് മാറ്റിമറിക്കുന്നത്."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 4826]

വിശദീകരണം

അല്ലാഹു പറഞ്ഞിരിക്കുന്നു എന്ന് അറിയിച്ചു കൊണ്ട് -ഖുദ്സിയ്യായ ഈ ഹദീഥിൽ- നബി -ﷺ- പറയുന്നു: "പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുമ്പോൾ കാലത്തെ ചീത്തപറയുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മനുഷ്യൻ എന്നെ ആക്ഷേപിക്കുകയും കുറ്റം പറയുകയുമാണ് ചെയ്യുന്നത്. കാരണം അല്ലാഹുവാകുന്നു കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നതും എല്ലാ സംഭവങ്ങളെയും മാറ്റിമറിക്കുന്നതും. ഒരാൾ കാലത്തെ ചീത്തപറയുമ്പോൾ അവൻ അല്ലാഹുവിനെയാണ് ചീത്തപറയുന്നത്. കാരണം കാലം അല്ലാഹുവിൻ്റെ നിയന്ത്രണത്തിന് അനുസരിച്ച് നീങ്ങുന്ന അവൻ്റെ സൃഷ്ടി മാത്രമാണ്. അല്ലാഹുവിൻ്റെ കൽപ്പനപ്രകാരം മാത്രമാണ് അതിൽ സംഭവങ്ങളെല്ലാം നടക്കുന്നത്."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള വാക്കും ആശയവുമാണ് ഇത്തരം ഹദീഥുകളിൽ ഉണ്ടാവുക. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തന്നെ ഇബാദത്താണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.
  2. വാക്കുകളിലും വിശ്വാസങ്ങളിലും അല്ലാഹുവിനോട് പാലിച്ചിരിക്കേണ്ട മര്യാദയും ആദരവും.
  3. അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിൽ (ഖദ്വാ ഖദ്റിൽ) വിശ്വസിക്കലും, പ്രയാസങ്ങളിൽ ക്ഷമ കൈക്കൊള്ളലും നിർബന്ധമാണ്.
  4. അറബിയിൽ പ്രയാസം എന്ന് അർത്ഥം നൽകാവുന്ന 'അദാ' എന്ന വാക്കും, ഉപദ്രവം എന്ന അർത്ഥം നൽകാവുന്ന 'ദ്വറർ' എന്ന വാക്കും തമ്മിൽ വലിയ വ്യത്യാസമുണ്ട്; മോശമായ ഒരു കാര്യം കേൾക്കുകയോ കാണുകയോ ചെയ്യുമ്പോൾ ഒരാൾക്ക് പ്രയാസമുണ്ടായേക്കാം; അവന് അത് ഉപദ്രവം വരുത്തി വെച്ചു എന്ന് അതിന് അർത്ഥമില്ല. ഉള്ളിയുടെയും വെളുത്തുള്ളിയുടെയും മോശമായ മണവും മറ്റും പ്രയാസമുണ്ടാക്കുന്നു; പക്ഷേ ഉപദ്രവം വരുത്തുന്നില്ല എന്നത് പോലെ. (അല്ലാഹുവിന് പ്രയാസമുണ്ടാക്കുന്നു എന്ന് പറയുന്നതിന് അവന് ഉപദ്രവമുണ്ടാക്കി എന്ന് അർത്ഥമില്ല എന്ന് ചുരുക്കം).
  5. മനുഷ്യരുടെ ചില പ്രവർത്തനങ്ങൾ അല്ലാഹുവിന് പ്രയാസമുണ്ടാക്കുന്നു എന്നതിൻ്റെ അർത്ഥം അവ അല്ലാഹുവിനെ ബുദ്ധിമുട്ടിലാക്കുന്നു എന്നോ അവനെ ഉപദ്രവമേൽപ്പിക്കുന്നു എന്നോ അല്ല. ഹദീഥിൽ സ്ഥിരപ്പെട്ടതു പോലെ, അല്ലാഹു പറഞ്ഞിരിക്കുന്നു: "എൻ്റെ ദാസന്മാരേ! നിങ്ങൾക്ക് എനിക്കൊരു ഉപദ്രവം ബാധിപ്പിക്കുക സാധ്യമല്ല; എനിക്ക് ഒരു ഉപകാരം ചെയ്യുക എന്നതും നിങ്ങൾക്ക് സാധ്യമല്ല."
  6. കാലത്തെ ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുക എന്നത് മൂന്ന് തരത്തിലുണ്ട്.
  7. 1- കാലമാണ് കാര്യങ്ങളെ നിയന്ത്രിക്കുന്നത് എന്ന വിശ്വാസത്തോടെ അതിനെ ചീത്തപറയുകയും, നന്മയും തിന്മയും അതിൻ്റെ നിയന്ത്രണത്തിലാണ് എന്ന് കരുതുകയും ചെയ്യൽ. ഇത് ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന ശിർക്കാണ്. കാരണം അല്ലാഹുവിനോടൊപ്പം മറ്റൊരു സ്രഷ്ടാവുണ്ട് എന്ന വിശ്വാസമാണ് അതിലുള്ളത്. അല്ലാഹുവല്ലാത്തവർ കാര്യങ്ങൾ നിയന്ത്രിക്കുന്നു എന്ന വിശ്വാസം അതിലുണ്ട്.
  8. 2- കാലത്തെ ചീത്ത പറയുന്നെങ്കിലും അല്ലാഹുവാണ് എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്നവൻ എന്ന വിശ്വാസം അവനുണ്ട്; എന്നാൽ തന്നെ ബാധിച്ച മോശമായ ഒരു കാര്യം സംഭവിച്ചത് ഇന്ന കാലത്തിൻ്റെ പരിധിക്കുള്ളിലാണ് എന്നതിനാൽ അവൻ അതിനെ ചീത്തപറയുന്നു; ഇത് ഹദീഥിൽ പരാമർശിക്കപ്പെട്ട, നിഷിദ്ധമായ സംസാരമാണ്.
  9. 3- ഒരു സമയത്തിൻ്റെ സ്ഥിതിയും അവസ്ഥയും ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കാലത്തെ കുറിച്ച് പറയൽ; ഇത് അനുവദനീയമാണ്. ലൂത്വ് നബി (عليه السلام) തൻ്റെ ജനതക്ക് മേൽ ശിക്ഷയിറങ്ങിയ ദിവസത്തെ കുറിച്ച് പറഞ്ഞതു പോലെ; അദ്ദേഹം പറഞ്ഞു: "ഈ ദിവസം ഏറെ പ്രയാസകരമായ ഒരു ദിനം തന്നെ."
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ ബംഗാളി തുർക്കി റഷ്യ സിംഹള വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الموري Malagasy الولوف الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ