+ -

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ:
قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ اللَّهَ قَالَ: مَنْ عَادَى لِي وَلِيًّا فَقَدْ آذَنْتُهُ بِالحَرْبِ، وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ، وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ، فَإِذَا أَحْبَبْتُهُ: كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا، وَإِنْ سَأَلَنِي لَأُعْطِيَنَّهُ، وَلَئِنِ اسْتَعَاذَنِي لَأُعِيذَنَّهُ، وَمَا تَرَدَّدْتُ عَنْ شَيْءٍ أَنَا فَاعِلُهُ تَرَدُّدِي عَنْ نَفْسِ المُؤْمِنِ، يَكْرَهُ المَوْتَ وَأَنَا أَكْرَهُ مَسَاءَتَهُ».

[صحيح] - [رواه البخاري] - [صحيح البخاري: 6502]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- പറഞ്ഞു: "അല്ലാഹു പറഞ്ഞിരിക്കുന്നു: "ആരെങ്കിലും എൻ്റെ ഒരു വലിയ്യിനോട് (ഇഷ്ടദാസനോട്) ശത്രുത പുലർത്തിയാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. എൻ്റെ ദാസന് മേൽ ഞാൻ നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ എനിക്ക് പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും അവൻ എന്നിലേക്ക് സാമീപ്യം നേടിയിട്ടില്ല. എൻ്റെ ദാസൻ എന്നിലേക്ക് സുന്നത്തുകൾ കൊണ്ട് സാമീപ്യം നേടിക്കൊണ്ടേയിരിക്കും... അവനെ ഞാൻ സ്നേഹിക്കുന്നത് വരെ. ഞാൻ അവനെ സ്നേഹിച്ചു കഴിഞ്ഞാൽ അവന് കേൾവി നൽകുന്ന അവൻ്റെ ചെവിയും, അവന് കാഴ്ച്ച നൽകുന്ന അവൻ്റെ കണ്ണും, അവന് (വസ്തുക്കളെ) പിടിക്കാനുള്ള അവൻ്റെ കരങ്ങളും, അവന് നടക്കാനുള്ള അവൻ്റെ കാലുകളും ഞാനാകും. അവൻ എന്നോട് ചോദിച്ചാൽ ഞാനവന് നൽകും. എന്നോടെങ്ങാനും അവൻ രക്ഷ ചോദിച്ചാൽ ഞാൻ ഉറപ്പായും അവന് രക്ഷ നൽകും. വിശ്വാസിയുടെ ജീവൻ എടുക്കുന്നതിൽ ഞാൻ ശങ്കിക്കുന്നത് പോലെ മറ്റൊരു കാര്യത്തിലും ഞാൻ ശങ്കിച്ചിട്ടില്ല; അവൻ മരണത്തെ ഇഷ്ടപ്പെടുന്നില്ല. ഞാനാകട്ടെ, അവന് അനിഷ്ടമുണ്ടാക്കുന്നത് വെറുക്കുകയും ചെയ്യുന്നു."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 6502]

വിശദീകരണം

ഖുദ്സിയ്യായ ഈ ഹദീഥിൽ, അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു. ആരെങ്കിലും എൻ്റെ ഇഷ്ടദാസന്മാരിൽ പെട്ട ഒരാളെ ഉപദ്രവിക്കുകയോ അവനോട് കോപിക്കുകയോ അവനെ വെറുക്കുകയോ ചെയ്‌താൽ അവനോടുള്ള എൻ്റെ ശത്രുത ഞാൻ പ്രഖ്യാപിക്കുകയും പരസ്യമാക്കുകയും ചെയ്യുന്നതാണ്.
അല്ലാഹുവിൻ്റെ ഇഷ്ടദാസൻ (വലിയ്യ് / ഔലിയ) എന്നത് കൊണ്ട് ഉദ്ദേശ്യം (അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും) വിശ്വസിക്കുകയും, (അല്ലാഹുവിൻ്റെ വിധിവിലക്കുകൾ പാലിക്കുന്ന) തഖ്‌വയോടെ ജീവിക്കുന്ന വ്യക്തിയാണ്. ഒരാൾക്ക് എത്രമാത്രം വിശ്വാസവും തഖ്‌വയും അധികരിക്കുന്നുവോ, അത്രയും അല്ലാഹുവിൻ്റെ പക്കൽ അയാൾക്കുള്ള സ്ഥാനവും ഇഷ്ടവും 'വലായത്തും' അധികരിക്കുന്നതാണ്. തൻ്റെ രക്ഷിതാവ് നിർബന്ധമാക്കിയ കാര്യങ്ങളേക്കാൾ -വാജിബുകൾ പ്രവർത്തിക്കുക എന്നതും ഹറാമുകൾ ഉപേക്ഷിക്കുക എന്നതും- അവന് പ്രിയങ്കരമായ മറ്റൊന്നു കൊണ്ടും ഒരു മുസ്‌ലിമും അവനിലേക്ക് സാമീപ്യം നേടിയിട്ടില്ല. നിർബന്ധകർമ്മങ്ങളോടൊപ്പം സുന്നത്തുകൾ കൂടെ പ്രവർത്തിച്ചു കൊണ്ട് അവൻ തൻ്റെ രക്ഷിതാവിലേക്ക് അടുത്തു കൊണ്ടിരിക്കും; അവൻ്റെ ഇഷ്ടം നേടിയെടുക്കുന്നത് വരെ. അങ്ങനെ അല്ലാഹു അവനെ സ്നേഹിച്ചാൽ പിന്നീട് അവൻ്റെ നാല് അവയവങ്ങളെയും നേരായ വഴിയിൽ തന്നെ നിലനിർത്തുന്നതാണ്.
അവൻ്റെ കേൾവി അല്ലാഹു നേരായ വഴിയിലാക്കും; അവൻ പിന്നീട് അല്ലാഹുവിന് തൃപ്തിയുള്ളതല്ലാതെ കേൾക്കില്ല.
അവൻ്റെ കാഴ്ചയെ അല്ലാഹു നേരായ വിധത്തിലാക്കും; പിന്നീട് അല്ലാഹുവിന് ഇഷ്ടമുള്ളതും തൃപ്തിയുള്ളതുമായ കാര്യത്തിലേക്കല്ലാതെ അവൻ്റെ നോട്ടം നീളുകയില്ല.
അവൻ്റെ കൈകളെയും അല്ലാഹു ശരിയാക്കുന്നതാണ്; ആ കരങ്ങൾ കൊണ്ട് അല്ലാഹുവിന് തൃപ്തിയുള്ളതല്ലാതെ അവൻ പ്രവർത്തിക്കുകയില്ല.
അവൻ്റെ കാലുകളെയും അല്ലാഹു നേരെയാക്കുന്നതാണ്; അല്ലാഹുവിന് തൃപ്തിയുള്ളതിലേക്കല്ലാതെ അവൻ്റെ കാൽപ്പാദങ്ങൾ ചലിക്കുകയില്ല. ചുരുക്കത്തിൽ, നന്മകളിലേക്കല്ലാതെ അവൻ്റെ പരിശ്രമങ്ങൾ ഉണ്ടാവുകയില്ല.
ഇതിനെല്ലാം പുറമെ, അല്ലാഹുവിനോട് ഈ അടിമ എന്തെങ്കിലുമൊരു കാര്യം ചോദിച്ചാൽ അല്ലാഹു അവന് അത് നൽകുന്നതാണ്. പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടുന്നവനായി അവൻ മാറും. അല്ലാഹുവിനോട് അവൻ രക്ഷ തേടുകയും അവനിൽ അഭയം തേടുകയും ചെയ്താൽ അല്ലാഹൂ അവന് അഭയം നൽകുകയും അവൻ ഭയപ്പെടുന്നതിൽ നിന്ന് അല്ലാഹു അവനെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതാണ്.
ശേഷം അല്ലാഹു പറയുന്നു: വിശ്വാസിയുടെ ജീവൻ എടുക്കുന്നതിൽ ഞാൻ ശങ്കിക്കുന്നത് പോലെ മറ്റൊരു കാര്യത്തിലും ഞാൻ ശങ്കിച്ചിട്ടില്ല മുഅ്മിനിനോടുള്ള അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണത്; മരണം വേദനയുള്ള കാര്യമാണെന്നതിനാൽ അവൻ മരണത്തെ വെറുക്കുന്നു. അല്ലാഹുവാകട്ടെ, അവന് അനിഷ്ടമുണ്ടാക്കുന്നത് വെറുക്കുകയും ചെയ്യുന്നു."

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية Yorianina الليتوانية الدرية الصربية الصومالية Keniaroandia الرومانية المجرية التشيكية Malagasy Oromianina Kanadianina الولوف الجورجية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള വാക്കും ആശയവുമാണ് ഇത്തരം ഹദീഥുകളിൽ ഉണ്ടാവുക. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തന്നെ ആരാധനയാണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.
  2. അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരായ ഔലിയാക്കളെ പ്രയാസപ്പെടുത്തുന്നതിൽ നിന്ന് ഈ ഹദീഥ് വിലക്കുന്നു. അവരോട് സ്നേഹമുണ്ടാകാൻ പ്രോത്സാഹിപ്പിക്കുകയും, അവരുടെ മഹത്വവും സ്ഥാനവും തിരിച്ചറിയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
  3. അല്ലാഹുവിൻ്റെ ശത്രുക്കളോട് ശത്രുത പുലർത്താനുള്ള കൽപ്പനയും, അവരെ സ്നേഹിക്കുന്നത് നിഷിദ്ധമാണെന്ന ഓർമ്മപ്പെടുത്തലും.
  4. ആരെങ്കിലും അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ജീവിതത്തിൽ പാലിക്കാതെ താൻ അല്ലാഹുവിൻ്റെ വലിയ്യാണെന്ന് വാദിക്കുന്നുണ്ട് എങ്കിൽ അവൻ കളവാണ് പറയുന്നത്.
  5. അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ പ്രവർത്തിച്ചു കൊണ്ടും, അവൻ നിഷിദ്ധമാക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടും മാത്രമേ അല്ലാഹുവിൻ്റെ വലിയ്യാകാനും, അവൻ്റെ ഇഷ്ടം നേടിയെടുക്കാനും സാധിക്കുകയുള്ളൂ.
  6. അല്ലാഹു തൻ്റെ അടിമയെ സ്നേഹിക്കാനും, അവൻ്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകാനുമുള്ള കാരണങ്ങളിൽ പെട്ടതാണ് നിർബന്ധ കർമ്മങ്ങൾ (വാജിബാത്തുകൾ) പ്രവർത്തിച്ചതിന് ശേഷം സുന്നത്തുകൾ കൂടി പ്രവർത്തിക്കുക എന്നതും നിഷിദ്ധങ്ങൾ (ഹറാമുകൾ) ഉപേക്ഷിക്കുകയും ചെയ്യുക എന്നതും.
  7. അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരായ ഔലിയാക്കൾക്കുള്ള സ്ഥാനവും അവരുടെ ഉന്നതപദവിയും.
കൂടുതൽ