عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ» قِيلَ: مَا هُنَّ يَا رَسُولَ اللهِ؟، قَالَ: «إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ، وَإِذَا دَعَاكَ فَأَجِبْهُ، وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ، وَإِذَا عَطَسَ فَحَمِدَ اللهَ فَسَمِّتْهُ، وَإِذَا مَرِضَ فَعُدْهُ وَإِذَا مَاتَ فَاتَّبِعْهُ».
[صحيح] - [رواه مسلم] - [صحيح مسلم: 2162]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതകൾ ആറു കാര്യങ്ങളാണ്." ചിലർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?"
നബി (ﷺ) പറഞ്ഞു: "അവനെ കണ്ടുമുട്ടിയാൽ നീ സലാം പറയുക. നിന്നെ ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കുക. നിന്നോട് ഉപദേശം തേടിയാൽ അവന് സദുപദേശം നൽകുക. അവൻ തുമ്മുകയും 'അൽഹംദുലില്ലാഹ്' എന്ന് പറയുകയും ചെയ്താൽ അവന് വേണ്ടി കാരുണ്യത്തിനായി പ്രാർത്ഥിക്കുക. അവൻ രോഗിയായാൽ സന്ദർശിക്കുക. അവൻ മരണപ്പെട്ടാൽ (അവൻ്റെ ജനാസയെ) അനുഗമിക്കുക."
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 2162]
ഒരു മുസ്‌ലിമിന് മറ്റു മുസ്‌ലിംകളോടുള്ള ബാധ്യതകളിൽ പെട്ട ആറു കാര്യങ്ങളാണ് നബി (ﷺ) ഈ ഹദീഥിൽ വിവരിക്കുന്നത്. ഒന്ന്: ഒരു മുസ്‌ലിമിനെ കണ്ടുമുട്ടിയാൽ അവനോട് സലാം പറയണം. 'അസ്സലാമു അലൈക്കും' എന്നാണ് അവൻ പറയേണ്ടത്. സലാം പറഞ്ഞാൽ 'വ അലൈക്കുമുസ്സലാം' എന്ന് അവൻ മറുപടി നൽകുകയും വേണം. രണ്ട്: അവൻ വിവാഹസദ്യക്കോ മറ്റോ ക്ഷണിച്ചാൽ അവൻ്റെ ക്ഷണം സ്വീകരിക്കണം. മൂന്ന്: ഉപദേശം തേടിയാൽ അവനെ ഗുണദോഷിക്കണം. സത്യം തുറന്നു ബോധിപ്പിക്കാതെ അവനോട് ഭംഗിവാക്കുകൾ പറയുകയോ, അവനെ വഞ്ചിക്കുകയോ ചെയ്യരുത്. നാല്: അവൻ തുമ്മുകയും, ശേഷം 'അൽഹംദുലില്ലാഹ്' എന്ന് പറയുകയും ചെയ്താൽ 'യർഹമുകല്ലാഹ്' (അല്ലാഹു നിനക്ക് കരുണ ചെയ്യട്ടെ) എന്ന് പറഞ്ഞു കൊണ്ട് അവനായി പ്രാർത്ഥിക്കണം. അതിന് മറുപടിയായി 'അല്ലാഹു നിങ്ങളെ നേർവഴിയിലാക്കുകയും നിങ്ങളുടെ കാര്യങ്ങൾ നന്നാക്കുകയും ചെയ്യട്ടെ' എന്ന് ആദ്യത്തെയാൾ മറുപടി പറയുകയും ചെയ്യണം. അഞ്ച്: അവൻ രോഗിയായാൽ സന്ദർശിക്കണം. ആറ്: അവൻ മരണപ്പെട്ടാൽ അവൻ്റെ ജനാസഃ നിസ്കരിക്കുകയും, അവനെ മറവു ചെയ്യുന്നത് വരെ അവൻ്റെ ജനാസഃയെ പിന്തുടരുകയും വേണം.