+ -

عَنْ عَبْدِ اللهِ بْنِ مَسْعُودٍ رضي الله عنه قَالَ: سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ:
«نَضَّرَ اللَّهُ امْرَأً سَمِعَ مِنَّا شَيْئًا فَبَلَّغَهُ كَمَا سَمِعَ، فَرُبَّ مُبَلِّغٍ أَوْعَى مِنْ سَامِعٍ».

[صحيح] - [رواه الترمذي وابن ماجه وأحمد] - [سنن الترمذي: 2657]
المزيــد ...

അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു:
"നമ്മിൽ നിന്ന് എന്തെങ്കിലും കേൾക്കുകയും, കേട്ടതു പോലെ അത് (മറ്റുള്ളവർക്ക്) എത്തിച്ചു നൽകുകയും ചെയ്തവരുടെ മുഖം അല്ലാഹു പ്രശോഭിതമാക്കട്ടെ. എത്തിക്കപ്പെട്ട ചിലർ നേരിട്ട് കേട്ടവരെക്കാൾ അത് ഗ്രഹിക്കുന്നവരായേക്കാം"

[സ്വഹീഹ്] - - [سنن الترمذي - 2657]

വിശദീകരണം

നബി -ﷺ- യുടെ ഹദീഥുകൾ കേൾക്കുകയും ശേഷം അത് മനപാഠമാക്കുകയും, മറ്റുള്ളവർക്ക് എത്തിച്ചു നൽകുകയും ചെയ്യുന്നവർക്ക് ഇഹലോകത്ത് മുഖപ്രസന്നതയും ചൈതന്യവും ലഭിക്കാനും, സ്വർഗത്തിലെ അനുഗ്രഹങ്ങളിലേക്കും വെളിച്ചത്തിലേക്കും അവനെ അല്ലാഹു നയിക്കാനും വേണ്ടി നബി -ﷺ- പ്രാർത്ഥിക്കുന്നു. നബി -ﷺ- യുടെ വാക്കുകൾ എത്തിച്ചു നൽകുന്ന നിവേദകരേക്കാൾ അതിൽ നിന്ന് ഗുണപാഠങ്ങൾ കണ്ടെത്താനും ഗ്രഹിക്കാനും മനസ്സിലാക്കാനും സാധിക്കുന്ന എത്രയോ പേർ കേൾവിക്കാരിലുണ്ടായേക്കാം. ആദ്യത്തേയാൾ ഹദീഥുകൾ കൃത്യതയോടെ മനപാഠമാക്കുകയും മാറ്റത്തിരുത്തലുകളിൽ നിന്ന് മുക്തമായി അത് എത്തിച്ചു നൽകുകയും ചെയ്തു; രണ്ടാമത്തെയാൾ അത് കൃത്യമായി ഗ്രഹിക്കുകയും അതിൽ നിന്ന് പാഠങ്ങൾ കണ്ടെത്തുകയും ചെയ്തു.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി ആസാമീസ് الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- യുടെ സുന്നത്ത് സംരക്ഷിക്കാനും മനപാഠമാക്കാനും, അത് ജനങ്ങൾക്ക് എത്തിച്ചു നൽകാനുമുള്ള പ്രോത്സാഹനം.
  2. അഹ്ലുൽ ഹദീഥിൻ്റെ അഥവാ നബി -ﷺ- യുടെ ഹദീഥുകളുടെ പഠനത്തിലും അദ്ധ്യാപനത്തിലും വ്യാപൃതരായ ഹദീഥ് പണ്ഡിതന്മാരുടെ ശ്രേഷ്ഠതയും, ഹദീഥ് പഠനത്തിൻ്റെ മഹത്വവും ഈ ഹദീഥ് വിവരിക്കുന്നു.
  3. പ്രമാണങ്ങളിൽ നിന്ന് വിധിവിലക്കുകൾ നിർധാരണം ചെയ്യുകയും ഗ്രഹിച്ചു മനസ്സിലാക്കുകയും ചെയ്യുന്ന പണ്ഡിതന്മാരുടെ ശ്രേഷ്ഠത.
  4. സ്വഹാബികളുടെ ശ്രേഷ്ഠത. നബി -ﷺ- യുടെ ഹദീഥുകൾ അവിടുത്തെ മുഖദാവിൽ നിന്ന് കേൾക്കുകയും, അവ നമുക്ക് എത്തിച്ചു തരികയും ചെയ്തവരാണ് അവർ.
  5. മുനാവീ -رَحِمَهُ اللَّهُ- പറയുന്നു: "ഹദീഥുകൾ നിവേദനം ചെയ്യുന്നവർ അതിൻ്റെ ആശയം ഗ്രഹിച്ചിരിക്കണമെന്ന നിബന്ധനയില്ല; മറിച്ച് അവർ ഹദീഥ് കൃത്യമായി മനപാഠമാക്കിയിരിക്കണമെന്ന നിർബന്ധമേയുള്ളൂ. പണ്ഡിതന്മാരും ഫുഖഹാക്കളും അതിൽ നിന്ന് ആശയങ്ങൾ ഗ്രഹിച്ചെടുക്കുകയും അവ ഉറ്റാലോചനക്ക് വിധേയമാക്കുകയുമാണ് വേണ്ടത്."
  6. ഇബ്നു ഉയയ്നഃ -رَحِمَهُ اللَّهُ- പറയുന്നു: "ഹദീഥുകൾ അന്വേഷിക്കുന്ന ഏതൊരാളുടെ മുഖത്തും പ്രകാശം പ്രകടമായിരിക്കും; ഈ ഹദീഥ് അതിനുള്ള തെളിവാണ്."
  7. ഹദീഥ് പണ്ഡിതന്മാരുടെ അടുക്കൽ ഹദീഥ് ഹിഫ്ദ് ചെയ്യുക എന്നത് രണ്ട് വിധത്തിലാണുള്ളത്. ഒന്നാമത്തേത് ഹൃദയത്തിൽ മനപാഠമാക്കുക എന്നതാണെങ്കിൽ രണ്ടാമത്തേത് ഏടുകളിലും ഗ്രന്ഥങ്ങളിലും എഴുതി സൂക്ഷിക്കലാണ്. ഈ രണ്ട് മാർഗത്തിൽ ഏത് സ്വീകരിച്ചവർക്കും ഹദീഥിലെ പ്രാർത്ഥന ബാധകമാണ്.
  8. ജനങ്ങളുടെ ഗ്രാഹ്യശേഷി വ്യത്യസ്ത തലത്തിലാണുള്ളത്. ഒരു കാര്യം ആദ്യം കേട്ടവനേക്കാൾ ചിലപ്പോൾ അവനിൽ നിന്ന് അക്കാര്യം കേൾക്കുന്ന വ്യക്തിക്ക് അതിൽ നിന്ന് കൂടുതൽ മനസ്സിലാക്കാൻ സാധിച്ചേക്കാം. വിജ്ഞാനങ്ങൾ മനഃപാഠമുള്ള എത്രയോ പേർ അത് ഗ്രഹിക്കുന്നവരല്ലാതെയായുണ്ട്!
കൂടുതൽ