+ -

عَنْ أَبِي حَازِمٍ قَالَ: قَاعَدْتُ أَبَا هُرَيْرَةَ رضي الله عنه خَمْسَ سِنِينَ، فَسَمِعْتُهُ يُحَدِّثُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ:
«كَانَتْ بَنُو إِسْرَائِيلَ تَسُوسُهُمُ الأَنْبِيَاءُ، كُلَّمَا هَلَكَ نَبِيٌّ خَلَفَهُ نَبِيٌّ، وَإِنَّهُ لاَ نَبِيَّ بَعْدِي، وَسَيَكُونُ خُلَفَاءُ فَيَكْثُرُونَ» قَالُوا: فَمَا تَأْمُرُنَا؟ قَالَ: «فُوا بِبَيْعَةِ الأَوَّلِ فَالأَوَّلِ، أَعْطُوهُمْ حَقَّهُمْ، فَإِنَّ اللَّهَ سَائِلُهُمْ عَمَّا اسْتَرْعَاهُمْ».

[صحيح] - [متفق عليه] - [صحيح البخاري: 3455]
المزيــد ...

അബൂ ഹാസിം (رحمه الله) നിവേദനം: ഞാൻ അബൂ ഹുറൈറയോടൊപ്പം (رضي الله عنه) അഞ്ച് വർഷത്തോളം നിന്നിട്ടുണ്ട്. നബി (ﷺ) പറഞ്ഞതായി അദ്ദേഹം ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്:
"ഇസ്രാഈല്യരെ നയിച്ചിരുന്നത് നബിമാരായിരുന്നു. ഓരോ നബിയും മരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ പിൻഗാമിയായി മറ്റൊരു നബി വരും. എന്നാൽ എനിക്ക് ശേഷം ഇനിയൊരു നബിയില്ല. എനിക്ക് ശേഷം ഭരണാധികാരികളുണ്ടാകും; അവർ അധികരിക്കുന്നതാണ്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങനെ സംഭവിച്ചാൽ എന്താണ് താങ്കൾ ഞങ്ങളോട് കൽപ്പിക്കുന്നത്?!" അവിടുന്ന് പറഞ്ഞു: "ആദ്യത്തെയാളോടുള്ള കരാർ കഴിഞ്ഞാൽ അടുത്തയാൾ എന്ന നിലക്ക് നിങ്ങൾ കരാർ നിറവേറ്റുക. ശേഷം അവർക്കുള്ള അവകാശങ്ങൾ നിങ്ങൾ നൽകുകയും ചെയ്യുക. അവരുടെ കീഴിലുള്ളവരെ കുറിച്ച് അല്ലാഹു അവരോട് തീർച്ചയായും ചോദിക്കുന്നതാണ്."

[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح البخاري - 3455]

വിശദീകരണം

ഇസ്രാഈല്യരെ നയിച്ചിരുന്നത് നബിമാരായിരുന്നു എന്നും, ഇക്കാലഘട്ടത്തിൽ ഭരണാധികാരികളും നേതാക്കന്മാരും നിർവ്വഹിക്കുന്നത് പോലുള്ള ദൗത്യം നിറവേറ്റിയിരുന്നത് അവരായിരുന്നുവെന്നും നബി ﷺ അറിയിക്കുന്നു. അവരിൽ കുഴപ്പങ്ങൾ പ്രകടമാകുമ്പോഴെല്ലാം അല്ലാഹു അവരിലേക്ക് നബിമാരെ നിയോഗിക്കുകയും, അവരെക്കൊണ്ട് കാര്യങ്ങൾ നേരെയാക്കുകയും, ജനങ്ങൾ മാറ്റത്തിരുത്തലുകൾ വരുത്തിയ കാര്യങ്ങൾ നേർസ്ഥിതിയിലാക്കുകയും ചെയ്യുമായിരുന്നു. എന്നാൽ നബി (ﷺ) ക്ക് ശേഷം ഇനിയൊരു നബിയുണ്ടാകുന്നതല്ല. ഇസ്രാഈല്യരെ നബിമാർ നയിച്ചതു പോലെ ഈ ഉമ്മത്തിനെ നയിക്കുന്നവരുണ്ടാകുകയില്ല. എന്നാൽ നബി (ﷺ) ക്ക് ശേഷം അനേകം ഖലീഫമാർ (ഭരണാധികാരികൾ) ഉണ്ടാകുന്നതാണ്. അവർ അധികരിക്കുകയും, അവർക്കിടയിൽ അഭിപ്രായഭിന്നതകളും തർക്കങ്ങളും ഉടലെടുക്കുകയും ചെയ്യുന്നതാണ്. അപ്പോൾ സ്വഹാബികൾ നബി (ﷺ) യോട് ചോദിച്ചു: "ഈയൊരു സ്ഥിതി വന്നെത്തിയാൽ ഞങ്ങൾ എന്തു ചെയ്യണമെന്നാണ് അങ്ങ് കൽപ്പിക്കുന്നത്?" അപ്പോൾ നബി (ﷺ) പറഞ്ഞു: ഒരു ഖലീഫക്ക് ശേഷം മറ്റൊരു ഖലീഫക്ക് ബയ്അത്ത് (അനുസരണക്കരാർ) നൽകപ്പെടുന്ന സ്ഥിതി ഉണ്ടായാൽ ആദ്യം നൽകിയ ബയ്അത്താണ് സാധുവാകുക; അതാണ് നിറവേറ്റാൻ ബാധ്യതയുള്ളത്. രണ്ടാമത്തെ ബയ്അത്ത് ഇത്തരുണത്തിൽ അസാധുവാകുന്നതാണ്. അത് ജനങ്ങളിൽ നിന്ന് ആവശ്യപ്പെടാൻ അയാൾക്ക് അനുവാദവുമില്ല. ഭരണാധികാരികൾക്ക് നിങ്ങളുടെ മേലുള്ള അവകാശങ്ങൾ നിങ്ങൾ വകവെച്ചു നൽകുക. അവരെ അനുസരിച്ചു കൊണ്ടും, അവരുടെ കൽപ്പനകൾ -തിന്മകൾ അല്ലാത്തിടത്തോളം- കേട്ടുകൊണ്ടും അനുസരിച്ചു കൊണ്ടും നിങ്ങൾ അവരോട് സഹവസിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു അവരെ ചോദ്യം ചെയ്യുകയും, അവർ നിങ്ങളോട് പ്രവർത്തിച്ചതിനെ കുറിച്ച് അവരെ വിചാരണ നടത്തുകയും ചെയ്യുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തമിൾ ആസാമീസ് الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. പൊതുജനങ്ങളെ നയിക്കാൻ ഒരു നബിയോ ഭരണാധികാരിയോ വേണ്ടതുണ്ട്. അവരെ നേർവഴിക്ക് നടത്താൻ അത് അനിവാര്യമാണ്.
  2. നമ്മുടെ നബിക്ക് -ﷺ- ശേഷം ഇനിയൊരു നബി വരാനില്ല.
  3. ഇസ്‌ലാമികമായ നടപടിക്രമത്തിലൂടെ ഭരണാധികാരം സ്ഥിരപ്പെട്ടവർക്കെതിരെ വിപ്ലവം നയിക്കുന്നതിൽ നിന്നുള്ള താക്കീത്.
  4. ഒരേ സമയം രണ്ട് ഭരണാധികാരികൾക്ക് ബയ്അത് (അനുസരണക്കരാർ) നൽകുക എന്നത് അനുവദനീയമല്ല.
  5. ഭരണാധികാരിയുടെ മേലുള്ള വലിയ ബാധ്യത. തൻ്റെ കീഴിലെ ഭരണീയരെ കുറിച്ച് അല്ലാഹു അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതാണ്.
  6. ഇബ്നു ഹജർ (رحمه الله) പറയുന്നു: "ഐഹികമായ കാര്യങ്ങളേക്കാൾ മുൻഗണന നൽകേണ്ടത് ദീനിയായ കാര്യങ്ങൾക്കാണ്. കാരണം ഭരണാധികാരിയോടുള്ള ബാധ്യത പൂർണ്ണമായി നിറവേറ്റാൻ നബി (ﷺ) കൽപ്പിച്ചു; കാരണം ദീനിൻ്റെ വചനം ഉന്നതമാവാനും കുഴപ്പങ്ങളും തിന്മകളും തടയാനും അത് അനിവാര്യമാണ്. എന്നാൽ സ്വന്തത്തിനുള്ള അവകാശങ്ങൾ ചോദിച്ചു വാങ്ങുന്നത് വൈകിപ്പിക്കാനും കൽപ്പിച്ചു; അതു കൊണ്ട് അവൻ്റെ അവകാശങ്ങൾ അവന് നഷ്ടപ്പെടാൻ പോകുന്നില്ല. മറിച്ച് അവനെ രക്ഷപ്പെടുത്താമെന്ന് അല്ലാഹു അവന് വാഗ്ദാനം നൽകിയിരിക്കുന്നു. പരലോകത്ത് വെച്ചാണെങ്കിൽ കൂടിയും അവനുള്ളത് അല്ലാഹു പൂർണ്ണമായി അവന് നൽകുന്നതാണ്."
  7. നബി (ﷺ) യുടെ നുബുവ്വത്തിൻ്റെ (പ്രവാചകത്വത്തിൻ്റെ) സത്യസന്ധത ബോധ്യപ്പെടുത്തുന്ന അടയാളങ്ങളിൽ പെട്ടതാണ് ഈ ഹദീഥ്. നബി (ﷺ) ക്ക് ശേഷം ഖലീഫമാർ അധികരിക്കുകയുണ്ടായിട്ടുണ്ട്. അവരിൽ നന്മ വരുത്തിയവരും, അല്ലാത്തവരും മാറിമാറി വരികയും ചെയ്തിട്ടുണ്ട്.