عَنْ صُهَيْبٍ رَضيَ اللهُ عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
"كَانَ مَلِكٌ فِيمَنْ كَانَ قَبْلَكُمْ، وَكَانَ لَهُ سَاحِرٌ، فَلَمَّا كَبِرَ، قَالَ لِلْمَلِكِ: إِنِّي قَدْ كَبِرْتُ، فَابْعَثْ إِلَيَّ غُلَامًا أُعَلِّمْهُ السِّحْرَ، فَبَعَثَ إِلَيْهِ غُلَامًا يُعَلِّمُهُ، فَكَانَ فِي طَرِيقِهِ إِذَا سَلَكَ رَاهِبٌ فَقَعَدَ إِلَيْهِ وَسَمِعَ كَلَامَهُ، فَأَعْجَبَهُ، فَكَانَ إِذَا أَتَى السَّاحِرَ مَرَّ بِالرَّاهِبِ وَقَعَدَ إِلَيْهِ، فَإِذَا أَتَى السَّاحِرَ ضَرَبَهُ، فَشَكَا ذَلِكَ إِلَى الرَّاهِبِ، فَقَالَ: إِذَا خَشِيتَ السَّاحِرَ، فَقُلْ: حَبَسَنِي أَهْلِي، وَإِذَا خَشِيتَ أَهْلَكَ فَقُلْ: حَبَسَنِي السَّاحِرُ، فَبَيْنَمَا هُوَ كَذَلِكَ إِذْ أَتَى عَلَى دَابَّةٍ عَظِيمَةٍ قَدْ حَبَسَتِ النَّاسَ، فَقَالَ: الْيَوْمَ أَعْلَمُ آلسَّاحِرُ أَفْضَلُ أَمِ الرَّاهِبُ أَفْضَلُ؟ فَأَخَذَ حَجَرًا، فَقَالَ: اللهُمَّ إِنْ كَانَ أَمْرُ الرَّاهِبِ أَحَبَّ إِلَيْكَ مِنْ أَمْرِ السَّاحِرِ فَاقْتُلْ هَذِهِ الدَّابَّةَ، حَتَّى يَمْضِيَ النَّاسُ، فَرَمَاهَا فَقَتَلَهَا، وَمَضَى النَّاسُ، فَأَتَى الرَّاهِبَ فَأَخْبَرَهُ، فَقَالَ لَهُ الرَّاهِبُ: أَيْ بُنَيَّ أَنْتَ الْيَوْمَ أَفْضَلُ مِنِّي، قَدْ بَلَغَ مِنْ أَمْرِكَ مَا أَرَى، وَإِنَّكَ سَتُبْتَلَى، فَإِنِ ابْتُلِيتَ فَلَا تَدُلَّ عَلَيَّ، وَكَانَ الْغُلَامُ يُبْرِئُ الْأَكْمَهَ وَالْأَبْرَصَ، وَيُدَاوِي النَّاسَ مِنْ سَائِرِ الْأَدْوَاءِ، فَسَمِعَ جَلِيسٌ لِلْمَلِكِ كَانَ قَدْ عَمِيَ، فَأَتَاهُ بِهَدَايَا كَثِيرَةٍ، فَقَالَ: مَا هَاهُنَا لَكَ أَجْمَعُ، إِنْ أَنْتَ شَفَيْتَنِي، فَقَالَ: إِنِّي لَا أَشْفِي أَحَدًا إِنَّمَا يَشْفِي اللهُ، فَإِنْ أَنْتَ آمَنْتَ بِاللهِ دَعَوْتُ اللهَ فَشَفَاكَ، فَآمَنَ بِاللهِ فَشَفَاهُ اللهُ، فَأَتَى الْمَلِكَ فَجَلَسَ إِلَيْهِ كَمَا كَانَ يَجْلِسُ، فَقَالَ لَهُ الْمَلِكُ: مَنْ رَدَّ عَلَيْكَ بَصَرَكَ؟ قَالَ: رَبِّي، قَالَ: وَلَكَ رَبٌّ غَيْرِي؟ قَالَ: رَبِّي وَرَبُّكَ اللهُ، فَأَخَذَهُ فَلَمْ يَزَلْ يُعَذِّبُهُ حَتَّى دَلَّ عَلَى الْغُلَامِ، فَجِيءَ بِالْغُلَامِ، فَقَالَ لَهُ الْمَلِكُ: أَيْ بُنَيَّ قَدْ بَلَغَ مِنْ سِحْرِكَ مَا تُبْرِئُ الْأَكْمَهَ وَالْأَبْرَصَ، وَتَفْعَلُ وَتَفْعَلُ، فَقَالَ: إِنِّي لَا أَشْفِي أَحَدًا، إِنَّمَا يَشْفِي اللهُ، فَأَخَذَهُ فَلَمْ يَزَلْ يُعَذِّبُهُ حَتَّى دَلَّ عَلَى الرَّاهِبِ، فَجِيءَ بِالرَّاهِبِ، فَقِيلَ لَهُ: ارْجِعْ عَنْ دِينِكَ، فَأَبَى، فَدَعَا بِالْمِئْشَارِ، فَوَضَعَ الْمِئْشَارَ فِي مَفْرِقِ رَأْسِهِ، فَشَقَّهُ حَتَّى وَقَعَ شِقَّاهُ، ثُمَّ جِيءَ بِجَلِيسِ الْمَلِكِ فَقِيلَ لَهُ: ارْجِعْ عَنْ دِينِكَ، فَأَبَى فَوَضَعَ الْمِئْشَارَ فِي مَفْرِقِ رَأْسِهِ، فَشَقَّهُ بِهِ حَتَّى وَقَعَ شِقَّاهُ، ثُمَّ جِيءَ بِالْغُلَامِ فَقِيلَ لَهُ ارْجِعْ عَنْ دِينِكَ، فَأَبَى فَدَفَعَهُ إِلَى نَفَرٍ مِنْ أَصْحَابِهِ، فَقَالَ: اذْهَبُوا بِهِ إِلَى جَبَلِ كَذَا وَكَذَا، فَاصْعَدُوا بِهِ الْجَبَلَ، فَإِذَا بَلَغْتُمْ ذُرْوَتَهُ، فَإِنْ رَجَعَ عَنْ دِينِهِ، وَإِلَّا فَاطْرَحُوهُ، فَذَهَبُوا بِهِ فَصَعِدُوا بِهِ الْجَبَلَ، فَقَالَ: اللهُمَّ اكْفِنِيهِمْ بِمَا شِئْتَ، فَرَجَفَ بِهِمِ الْجَبَلُ فَسَقَطُوا، وَجَاءَ يَمْشِي إِلَى الْمَلِكِ، فَقَالَ لَهُ الْمَلِكُ: مَا فَعَلَ أَصْحَابُكَ؟ قَالَ: كَفَانِيهِمُ اللهُ، فَدَفَعَهُ إِلَى نَفَرٍ مِنْ أَصْحَابِهِ، فَقَالَ: اذْهَبُوا بِهِ فَاحْمِلُوهُ فِي قُرْقُورٍ، فَتَوَسَّطُوا بِهِ الْبَحْرَ، فَإِنْ رَجَعَ عَنْ دِينِهِ وَإِلَّا فَاقْذِفُوهُ، فَذَهَبُوا بِهِ، فَقَالَ: اللهُمَّ اكْفِنِيهِمْ بِمَا شِئْتَ، فَانْكَفَأَتْ بِهِمِ السَّفِينَةُ فَغَرِقُوا، وَجَاءَ يَمْشِي إِلَى الْمَلِكِ، فَقَالَ لَهُ الْمَلِكُ: مَا فَعَلَ أَصْحَابُكَ؟ قَالَ: كَفَانِيهِمُ اللهُ، فَقَالَ لِلْمَلِكِ: إِنَّكَ لَسْتَ بِقَاتِلِي حَتَّى تَفْعَلَ مَا آمُرُكَ بِهِ، قَالَ: وَمَا هُوَ؟ قَالَ: تَجْمَعُ النَّاسَ فِي صَعِيدٍ وَاحِدٍ، وَتَصْلُبُنِي عَلَى جِذْعٍ، ثُمَّ خُذْ سَهْمًا مِنْ كِنَانَتِي، ثُمَّ ضَعِ السَّهْمَ فِي كَبِدِ الْقَوْسِ، ثُمَّ قُلْ: بِاسْمِ اللهِ رَبِّ الْغُلَامِ، ثُمَّ ارْمِنِي، فَإِنَّكَ إِذَا فَعَلْتَ ذَلِكَ قَتَلْتَنِي، فَجَمَعَ النَّاسَ فِي صَعِيدٍ وَاحِدٍ، وَصَلَبَهُ عَلَى جِذْعٍ، ثُمَّ أَخَذَ سَهْمًا مِنْ كِنَانَتِهِ، ثُمَّ وَضَعَ السَّهْمَ فِي كَبْدِ الْقَوْسِ، ثُمَّ قَالَ: بِاسْمِ اللهِ، رَبِّ الْغُلَامِ، ثُمَّ رَمَاهُ فَوَقَعَ السَّهْمُ فِي صُدْغِهِ، فَوَضَعَ يَدَهُ فِي صُدْغِهِ فِي مَوْضِعِ السَّهْمِ فَمَاتَ، فَقَالَ النَّاسُ: آمَنَّا بِرَبِّ الْغُلَامِ، آمَنَّا بِرَبِّ الْغُلَامِ، آمَنَّا بِرَبِّ الْغُلَامِ، فَأُتِيَ الْمَلِكُ فَقِيلَ لَهُ: أَرَأَيْتَ مَا كُنْتَ تَحْذَرُ؟ قَدْ وَاللهِ نَزَلَ بِكَ حَذَرُكَ، قَدْ آمَنَ النَّاسُ، فَأَمَرَ بِالْأُخْدُودِ فِي أَفْوَاهِ السِّكَكِ، فَخُدَّتْ وَأَضْرَمَ النِّيرَانَ، وَقَالَ: مَنْ لَمْ يَرْجِعْ عَنْ دِينِهِ فَأَحْمُوهُ فِيهَا، أَوْ قِيلَ لَهُ: اقْتَحِمْ، فَفَعَلُوا حَتَّى جَاءَتِ امْرَأَةٌ وَمَعَهَا صَبِيٌّ لَهَا فَتَقَاعَسَتْ أَنْ تَقَعَ فِيهَا، فَقَالَ لَهَا الْغُلَامُ: يَا أُمَّهْ اصْبِرِي فَإِنَّكِ عَلَى الْحَقِّ".
[صحيح] - [رواه مسلم] - [صحيح مسلم: 3005]
المزيــد ...
സ്വുഹൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
നിങ്ങള്‍ക്ക് മുന്‍പുള്ള സമൂഹത്തിൽ ഒരു രാജാവുണ്ടായിരുന്നു; അയാള്‍ക്ക് ഒരു സാഹിറും (മാരണക്കാരൻ) ഉണ്ടായിരുന്നു. തനിക്ക് പ്രായമായപ്പോള്‍ (സാഹിര്‍) രാജാവിനോട് പറഞ്ഞു: “എനിക്ക് പ്രായമായി. ഒരു കുട്ടിയെ എനിക്ക് നല്‍കുക; അവന് ഞാന്‍ സിഹ്ര്‍ പഠിപ്പിക്കാം.” അങ്ങനെ പഠനത്തിനായി ഒരു കുട്ടിയെ (രാജാവ് സാഹിറിന്) അയച്ചു കൊടുത്തു.
അവന്‍ യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ ഒരു പുരോഹിതനെ കാണാറുണ്ടായിരുന്നു. ഒരിക്കല്‍ അവന്‍ അദ്ദേഹത്തിന്റെ അരികില്‍ ഇരിക്കുകയും, അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കുകയും ചെയ്തു. അയാളുടെ വാക്കുകള്‍ അവനെ അത്ഭുതപ്പെടുത്തി.
(പിന്നീട്) അവന്‍ സാഹിറിന്റെ അരികില്‍ പോകുമ്പോള്‍ പുരോഹിതന്റെ അരികില്‍ ചെല്ലുകയും, അവിടെ ഇരുന്ന് (അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുകയും) ചെയ്യും. (വൈകി വരുന്നതിന്റെ പേരില്‍) സാഹിര്‍ അവനെ അടിക്കാറുണ്ടായിരുന്നു. ഇക്കാര്യം അവന്‍ പുരോഹിതനോട് സങ്കടം പറഞ്ഞു. പുരോഹിതന്‍ പറഞ്ഞു: “സാഹിര്‍ (നിന്നെ അടിക്കുമെന്ന്) ഭയന്നാല്‍ എന്റെ വീട്ടുകാര്‍ എന്നെ തടഞ്ഞു വെച്ചു എന്ന് പറയുക. നിന്റെ വീട്ടുകാര്‍ (നിന്നെ ഉപദ്രവിക്കുമെന്ന്) ഭയന്നാല്‍ സാഹിര്‍ എന്നെ തടഞ്ഞു വെച്ചു എന്നും നീ പറഞ്ഞു കൊള്ളുക.”
അവന്‍ ഇപ്രകാരം മുന്നോട്ട് പോകുന്നതിനിടയില്‍ ജനങ്ങളെ (യാത്രയില്‍ നിന്ന്) തടഞ്ഞു വെക്കുന്ന ഭയങ്കരനായ ഒരു മൃഗത്തെ അവന്‍ കാണുകയുണ്ടായി. അപ്പോള്‍ അവന്‍ പറഞ്ഞു: “സാഹിറാണോ അതല്ല പുരോഹിതനാണോ കൂടുതല്‍ ശ്രേഷ്ഠന്‍ എന്ന് ഞാന്‍ ഇന്ന് അറിയും.” എന്നിട്ട് അവന്‍ ഒരു കല്ലെടുത്തു കൊണ്ടു പറഞ്ഞു: “അല്ലാഹുവേ, പുരോഹിതന്റെ പ്രവൃത്തിയാണ്
നിനക്ക് സാഹിറിന്റെ പ്രവൃത്തിയെക്കാള്‍ പ്രിയങ്കരമെങ്കില്‍ ജനങ്ങളുടെ (പ്രയാസം) അവസാനിപ്പിക്കുന്ന വിധത്തില്‍ ഈ മൃഗത്തെ നീ കൊല്ലേണമേ.” എന്നിട്ട് അവന്‍ (ആ മൃഗത്തെ) കല്ലെറിയുകയും, അതിനെ കൊലപ്പെടുത്തുകയും ചെയ്തു. അങ്ങനെ ജനങ്ങള്‍ (അതിന്റെ ശല്യത്തില്‍ നിന്ന്) രക്ഷപ്പെട്ടു.
കുട്ടി ഈ നടന്ന കാര്യമെല്ലാം പുരോഹിതനെ അറിയിച്ചു. അപ്പോള്‍ അദ്ദേഹം അവനോട് പറഞ്ഞു: “മോനേ, ഇപ്പോള്‍ നീ എന്നെക്കാള്‍ ശ്രേഷ്ഠനായി മാറിയിരിക്കുന്നു. ഞാന്‍ കാണുന്നത് പ്രകാരം (മഹത്തരമായി) നിന്റെ കാര്യം എത്തിയിരിക്കുന്നു. നീ തീര്‍ച്ചയായും പരീക്ഷിക്കപ്പെടും. നീ പരീക്ഷിക്കപ്പെടുകയാണെങ്കില്‍ എന്നെ കുറിച്ച് നീ പറഞ്ഞു കൊടുക്കരുത്.” പാണ്ട് രോഗികളെയും, കുഷ്ഠ രോഗികളെയും ആ കുട്ടി സുഖപ്പെടുത്താറുണ്ടായിരുന്നു. ജനങ്ങളുടെ എല്ലാ രോഗങ്ങളും അവന്‍ ചികിത്സിക്കാറുണ്ടായിരുന്നു.
(അങ്ങനെയിരിക്കെ ഈ ബാലനെ കുറിച്ച്) രാജാവിന്റെ സദസ്യരില്‍ പെട്ട ഒരാള്‍ കേട്ടു. അയാള്‍ക്ക് അന്ധത ബാധിച്ചിരുന്നു. ധാരാളം സമ്മാനങ്ങളുമായി അയാള്‍ കുട്ടിയുടെ അരികില്‍ ചെന്നു. “ഇതെല്ലാം ഞാന്‍ നിനക്ക് വേണ്ടി സമാഹരിച്ചതാണ്; നീ എന്നെ സുഖപ്പെടുത്തുകയാണെങ്കില്‍ (ഇതെല്ലാം ഞാന്‍ നിനക്ക് നല്‍കാം).” (കുട്ടി) പറഞ്ഞു: “ഞാന്‍ ഒരാളെയും സുഖപ്പെടുത്തുന്നില്ല. അല്ലാഹു മാത്രമാണ് രോഗശമനം നല്‍കുന്നത്. നീ അല്ലാഹുവില്‍ വിശ്വസിക്കുകയാണെങ്കില്‍ നിന്റെ രോഗം സുഖപ്പെടുത്താന്‍ ഞാന്‍ അവനോട് പ്രാര്‍ഥിക്കാം.” അപ്പോള്‍ അയാള്‍ അല്ലാഹുവില്‍ വിശ്വസിച്ചു. അല്ലാഹു അയാള്‍ക്ക് രോഗശമനം നല്‍കുകയും ചെയ്തു.
(രോഗശമനം ലഭിച്ച ഈ വ്യക്തി) മുന്‍പ് സന്നിഹിതനാകാറുള്ളത് പോലെ രാജസദസ്സില്‍ സന്നിഹിതനായി. അപ്പോള്‍ രാജാവ് അയാളോട് ചോദിച്ചു: “നിന്റെ കാഴ്ച ആരാണ് മടക്കിനല്‍കിയത്?” അയാള്‍ പറഞ്ഞു: “എന്റെ റബ്ബ്.” രാജാവ് ചോദിച്ചു: “നിനക്ക് ഞാനല്ലാതെ മറ്റൊരു റബ്ബുണ്ടോ?” അയാള്‍ പറഞ്ഞു: “എന്റെയും നിന്റെയും റബ്ബ് അല്ലാഹുവാകുന്നു.” രാജാവ് അയാളെ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരുന്നു; (പീഡനം സഹിക്കവയ്യാതെ) അയാള്‍ കുട്ടിയെ കുറിച്ച് വിവരം കൊടുക്കുന്നത് വരെ (അത് തുടര്‍ന്നു.)
അങ്ങനെ കുട്ടിയെ കൊണ്ടുവരപ്പെട്ടു. രാജാവ് അവനോട് ചോദിച്ചു: “മോനേ, കുഷ്ഠ രോഗിയെയും പാണ്ട് രോഗിയെയും സുഖപ്പെടുത്തുന്നത് വരെ നിന്റെ സിഹ്ര്‍ വളര്‍ന്നുവല്ലോ! (അതല്ലാതെയും അനേകം അത്ഭുതപ്രവൃത്തികള്‍) നീ ചെയ്യുന്നു.” ബാലന്‍ പറഞ്ഞു: “ഞാന്‍ ആരെയും സുഖപ്പെടുത്തുന്നില്ല; അല്ലാഹു മാത്രമാണ് രോഗശമനം നല്‍കുന്നവന്‍.” രാജാവ് കുട്ടിയെ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരുന്നു; (പീഢനം സഹിക്കവയ്യാതെ) അവന്‍ പുരോഹിതനെ കുറിച്ച് വിവരം കൊടുക്കുന്നത് വരെ (അത് തുടര്‍ന്നു.)
അങ്ങനെ പുരോഹിതനെ കൊണ്ടു വരപ്പെട്ടു. തന്റെ ദീനിൽ നിന്ന് മടങ്ങാന്‍ അയാളോട് പറയപ്പെട്ടു. പക്ഷേ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ ഒരു ഈർച്ചവാൾ കൊണ്ട് വന്ന് അദ്ദേഹത്തിന്റെ ശിരസ്സിന്റെ നെറുകയില്‍ വെച്ചു. അത് കൊണ്ട് (അവര്‍) അദ്ദേഹത്തിന്റെ ശരീരം രണ്ടായി പിളർത്തി. പിന്നീട് രാജാവിന്റെ സദസ്സിലെ വ്യക്തിയെ കൊണ്ടു വന്നു. തന്റെ ദീനിൽ നിന്ന് മടങ്ങുവാൻ അദ്ദേഹത്തോടും കൽപ്പിക്കപ്പെട്ടു. എന്നാൽ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ ഒരു ഈർച്ചവാൾ കൊണ്ട് വന്ന് അദ്ദേഹത്തിന്റെ ശിരസ്സിന്റെ നെറുകയില്‍ വെച്ചു. അത് കൊണ്ട് (അവര്‍) അദ്ദേഹത്തിന്റെ ശരീരം രണ്ടായി പിളർത്തി.
പിന്നീട് ആ ബാലനെ കൊണ്ടു വരപ്പെട്ടു. അവനോടും തന്റെ ദീനിൽ നിന്ന് മടങ്ങാന്‍ പറയപ്പെട്ടു. അപ്പോള്‍ ആ കുട്ടി വിസമ്മതിച്ചു. രാജാവ് അവനെ തന്റെ പടയാളികളെ ഏല്‍പ്പിച്ച ശേഷം പറഞ്ഞു: “ഇവനെയും കൊണ്ട് നിങ്ങള്‍ ഇന്ന പര്‍വ്വതത്തിന്റെ അടുത്ത് പോകുക. ശേഷം അവനെയും കൊണ്ട് പര്‍വ്വതത്തിന്റെ മുകളില്‍ കയറുക. അതിന്റെ ഏറ്റവും മുകളില്‍ എത്തിയാല്‍ -തന്റെ ദീനിൽ നിന്ന് അവന്‍ പിന്മാറുന്നില്ലെങ്കില്‍- അവിടെ നിന്ന് അവനെ താഴേക്ക് എറിയുക.” അങ്ങനെ അവര്‍ അവനെയും കൊണ്ട് പോവുകയും, പര്‍വ്വതത്തിന്റെ മുകളിൽ കയറുകയും ചെയ്തു.
കുട്ടി പ്രാര്‍ഥിച്ചു : “അല്ലാഹുവേ, നീ ഉദ്ദേശിക്കുന്ന (ശിക്ഷ) കൊണ്ട് അവരുടെ ഉപദ്രവത്തിൽ നിന്ന് നീ എന്നെ സഹായിക്കണേ!” അപ്പോള്‍ പര്‍വ്വതം അവരെയും കൊണ്ട് കുലുങ്ങുകയും, അവര്‍ താഴെ വീഴുകയും ചെയ്തു. (ഒന്നും സംഭവിക്കാതെ) കുട്ടി രാജാവിന്റെ അടുക്കലേക്ക് നടന്നു വന്നു. രാജാവ് ചോദിച്ചു: “നിന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു?” കുട്ടി പറഞ്ഞു: “അവര്‍ക്ക് അല്ലാഹു മതിയായത് നല്‍കി.”
അപ്പോള്‍ രാജാവ് കുട്ടിയെ തന്റെ പടയാളികളെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു: “ഇവനെ നിങ്ങള്‍ തോണിയില്‍ കയറ്റുകയും, സമുദ്രത്തിന്റെ മധ്യത്തിലെത്തിയാല്‍ തന്റെ ദീനിൽ നിന്ന് പിന്മാറുന്നില്ലെങ്കില്‍ അവനെ (സമുദ്രത്തില്‍) എറിയുകയും ചെയ്യുക.” അവര്‍ അവനെയും കൊണ്ട് പോയി. കുട്ടി പ്രാര്‍ഥിച്ചു: “അല്ലാഹുവേ, നീ ഉദ്ദേശിക്കുന്ന (ശിക്ഷ) കൊണ്ട് അവരിൽ നിന്ന് നീ എന്നെ സഹായിക്കണേ!” അപ്പോള്‍ അവരെയും കൊണ്ട് സമുദ്രം മുങ്ങുകയും, അവര്‍ മുങ്ങിമരിക്കുകയും ചെയ്തു. കുട്ടി രാജാവിന്റെ അരികിലേക്ക് നടന്നു കൊണ്ട് തിരിച്ചു വന്നു. രാജാവ് ചോദിച്ചു: “നിന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു?” കുട്ടി പറഞ്ഞു: “അവര്‍ക്ക് അല്ലാഹു മതിയായത് നല്‍കി.”
ശേഷം അവന്‍ രാജാവിനോട് പറഞ്ഞു: “ഞാന്‍ നിന്നോട് കല്‍പ്പിക്കുന്നത് പ്രകാരം പ്രവര്‍ത്തിക്കുന്നത് വരെ നിനക്ക് എന്നെ വധിക്കാന്‍ സാധിക്കുകയില്ല.” രാജാവ് ചോദിച്ചു: “എന്താണത്?” അവന്‍ പറഞ്ഞു: “താങ്കള്‍ ജനങ്ങളെയെല്ലാം ഒരു മൈതാനത്ത് ഒരുമിച്ചു കൂട്ടുക. ശേഷം എന്നെ ഒരു മരത്തില്‍ തറക്കുക. എന്നിട്ട് എന്റെ ആവനാഴിയില്‍ നിന്ന് ഒരു അമ്പ് എടുത്ത് വില്ലില്‍ കുലച്ചതിന് ശേഷം ‘ഈ കുട്ടിയുടെ റബ്ബായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന് പറഞ്ഞു കൊണ്ട് അമ്പെയ്യുക. ഇപ്രകാരം പ്രവര്‍ത്തിച്ചാല്‍ താങ്കൾക്ക് എന്നെ കൊലപ്പെടുത്താന്‍ കഴിയും.”
അങ്ങനെ രാജാവ് ജനങ്ങളെയെല്ലാം ഒരു മൈതാനത്ത് ഒരുമിച്ചു കൂട്ടുകയും, കുട്ടിയെ ഒരു മരത്തടിയില്‍ ബന്ധിച്ച്, അവന്റെ ആവനാഴിയില്‍ നിന്ന് ഒരു അമ്പെടുത്ത് വില്ലില്‍ കുലച്ചതിന് ശേഷം ‘ഈ കുട്ടിയുടെ റബ്ബായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന് പറഞ്ഞു കൊണ്ട് അമ്പെയ്തു. അപ്പോള്‍ അമ്പ് കുട്ടിയുടെ കണ്ണിനും ചെവിക്കുമിടയില്‍ തറച്ചു. അമ്പ് തറച്ചയിടത്ത് കുട്ടി തന്റെ കൈ വെച്ചപ്പോള്‍ അവന്‍ മരണപ്പെട്ടു.
അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: “ഈ കുട്ടിയുടെ റബ്ബിൽ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഈ കുട്ടിയുടെ റബ്ബിൽ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഈ കുട്ടിയുടെ റബ്ബിൽ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.” അപ്പോള്‍ രാജാവിനോട് പറയപ്പെട്ടു: “താങ്കള്‍ ഭയപ്പെട്ടിരുന്നത് (സംഭവിച്ചത്) കണ്ടോ? അല്ലാഹുവാണേ, തീര്‍ച്ചയായും താങ്കള്‍ ഭയപ്പെട്ടത് പ്രകാരം തന്നെ സംഭവിച്ചിരിക്കുന്നു. ജനങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു.”
അപ്പോള്‍ (രാജ്യത്തിന്റെ പ്രവേശന) കവാടങ്ങളില്‍ വലിയ കിടങ്ങുകള്‍ കുഴിക്കാനും, അഗ്നി ആളിക്കത്തിക്കാനും അയാള്‍ (തന്റെ പടയാളികളോട്) കല്‍പ്പിച്ചു. അയാള്‍ പറഞ്ഞു: “തന്റെ (സത്യ)മതത്തില്‍ നിന്ന് തിരിച്ച് (സത്യനിഷേധത്തിലേക്ക്) മടങ്ങാത്തവരെ അതിലേക്ക് എറിഞ്ഞു കളയുക.” അങ്ങനെ അവര്‍ അപ്രകാരം ചെയ്തു. ഒരു മാതാവ് തന്റെ കുട്ടിയോടൊപ്പം കൊണ്ടു വരപ്പെട്ടു, (അഗ്നിയിലേക്ക്) വീഴുന്നത് ഭയന്നു കൊണ്ട് പിന്തിനിന്നു. അപ്പോള്‍ (മാതാവിന്റെ കയ്യിലുള്ള) ആ കുട്ടി പറഞ്ഞു : “പൊന്നുമ്മാ, ക്ഷമിക്കുക. തീര്‍ച്ചയായും നിങ്ങള്‍ സത്യത്തിലാണ്.”
[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 3005]
നമ്മുടെ മുൻപുള്ള സമൂഹങ്ങളിൽ ജീവിച്ചിരുന്ന ഒരു രാജാവിൻ്റെ ചരിത്രമാണ് ഈ ഹദീഥിൽ നബി -ﷺ- വിവരിച്ചിരിക്കുന്നത്. അയാൾക്ക് ഒരു മാരണക്കാരനുണ്ടായിരുന്നു; ഈ മാരണക്കാരന് പ്രായമായപ്പോൾ അയാൾ രാജാവിനോട് പറഞ്ഞു: എനിക്ക് പ്രായമായിരിക്കുന്നു; അതിനാൽ ഒരു യുവാവിനെ എനിക്ക് നിശ്ചയിച്ചു തരിക; അവന് ഞാൻ സിഹ്ർ (മാരണം) പഠിപ്പിച്ചു കൊടുക്കാം. അങ്ങനെ രാജാവ് ഒരു യുവാവിനെ അയാൾക്ക് അയച്ചു കൊടുത്തു; ഈ യുവാവ് സാഹിറിൻ്റെ അടുത്തേക്ക് പോകുന്ന വഴിയിൽ ഒരു പുരോഹിതനുണ്ടായിരുന്നു; ഒരു തവണ യുവാവ് ഈ പുരോഹിതൻ്റെ അടുത്ത് ഇരിക്കുകയും, അദ്ദേഹത്തിൻ്റെ സംസാരം കേൾക്കുകയും ചെയ്തു. ഈ സംസാരം ആ യുവാവിനെ അത്ഭുതപ്പെടുത്തുകയും ചെയ്തു.പിന്നീട് സാഹിറിൻ്റെ അടുക്കൽ പോകുമ്പോഴെല്ലാം ഈ യുവാവ് പുരോഹിതൻ്റെ അടുത്ത് ഇരിക്കാൻ തുടങ്ങി. എന്നാൽ മാരണക്കാരൻ്റെ അടുത്ത് എത്താൻ വൈകുന്നതിനാൽ അയാൾ യുവാവിനെ അടിക്കുമായിരുന്നു. ഇക്കാര്യം പുരോഹിതനോട് ആവലാതി പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: നീ ഇനി സാഹിറിൻ്റെ മർദ്ധനം ഭയക്കുകയാണെങ്കിൽ 'എൻ്റെ വീട്ടുകാർ എന്നെ തടഞ്ഞു വെച്ചു' എന്നും, നിൻ്റെ വീട്ടുകാരുടെ മർദ്ധനം ഭയക്കുകയാണെങ്കിൽ 'മാരണക്കാരൻ എന്നെ തടഞ്ഞു വെച്ചു' എന്നും പറഞ്ഞു കൊള്ളുക. ഇങ്ങനെ ദിനങ്ങൾ കടന്നു പോയി. ഒരിക്കൽ ഒരു ഭീമാകരനായ മൃഗത്തിൻ്റെ മുന്നിൽ ഈ യുവാവ് അകപ്പെട്ടു; ജനങ്ങളുടെ സഞ്ചാരം ഈ മൃഗം കാരണം തടസ്സപ്പെട്ടിരുന്നു. അപ്പോൾ ഈ യുവാവ് പറഞ്ഞു: പുരോഹിതനാണോ, അതല്ല മാരണക്കാരനാണോ ശ്രേഷ്ഠൻ എന്ന കാര്യം ഞാൻ ഇന്ന് അറിയുന്നതാണ്! ശേഷം യുവാവ് ഒരു കല്ലെടുക്കുകയും, ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്തു: "അല്ലാഹുവേ! പുരോഹിതൻ്റെ പ്രവൃത്തിയാണ് മാരണക്കാരൻ്റെ ചെയ്തിയേക്കാൾ നിനക്ക് പ്രിയങ്കരമെങ്കിൽ ഈ മൃഗത്തെ നീ വധിക്കുകയും, ജനങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന സ്ഥിതി വരുത്തുകയും ചെയ്യേണമേ!" അങ്ങനെ ഈ യുവാവ് കല്ലെറിയുകയും, ആ മൃഗത്തെ വധിക്കുകയും, ജനങ്ങൾ അവരുടെ വഴിയിലൂടെ സഞ്ചാരം തുടരുകയും ചെയ്തു. യുവാവ് പുരോഹിതൻ്റെ അടുത്ത് എത്തിയപ്പോൾ നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു; അപ്പോൾ പുരോഹിതൻ പറഞ്ഞു: മോനേ, ഇന്ന് നീ എന്നേക്കാൾ ശ്രേഷ്ഠനായിരിക്കുന്നു. നിൻ്റെ കാര്യങ്ങൾ ഇക്കാണുന്ന പദവിയോളം എത്തിയിരിക്കുന്നു. നീ തീർച്ചയായും പരീക്ഷിക്കപ്പെടുന്നതാണ്; അങ്ങനെ സംഭവിച്ചാൽ എന്നെ കുറിച്ച് നീ വിവരം നൽകരുത്. ഈ യുവാവ് പിന്നീട് പാണ്ട് രോഗികളെയും കുഷ്ഠ രോഗികളെയും സുഖപ്പെടുത്താൻ ആരംഭിച്ചു. എല്ലാ തരം രോഗങ്ങളിൽ നിന്നും -അല്ലാഹുവിൻ്റെ അനുമതിയോടെ- ഈ യുവാവ് ജനങ്ങളെ ചികിത്സിച്ചിരുന്നു. അങ്ങനെയിരിക്കെ രാജാവിൻ്റെ സദസ്യരിൽ പെട്ട, കാഴ്ച നഷ്ടപ്പെട്ട ഒരു മനുഷ്യൻ ഈ വിവരം കേട്ടറിഞ്ഞു. അയാൾ ധാരാളം ഉപഹാരങ്ങളുമായി യുവാവിൻ്റെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: ഈ കാണുന്ന സമ്മാനങ്ങളെല്ലാം നിനക്കുള്ളതാണ്; നീ എൻ്റെ അസുഖം സുഖപ്പെടുത്തുമെങ്കിൽ. യുവാവ് പറഞ്ഞു: ഞാൻ ഒരാളെയും സുഖപ്പെടുത്തുന്നില്ല. അല്ലാഹു മാത്രമാണ് സുഖപ്പെടുത്തുന്നവൻ. നീ അല്ലാഹുവിൽ വിശ്വസിക്കുകയാണെങ്കിൽ നിനക്ക് വേണ്ടി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, അവൻ നിന്നെ സുഖപ്പെടുത്തുകയും ചെയ്യുന്നതാണ്. അങ്ങനെ അയാൾ അല്ലാഹുവിൽ വിശ്വസിക്കുകയും, അല്ലാഹു അയാളുടെ അസുഖം സുഖപ്പെടുത്തുകയും ചെയ്തു. ഈ മനുഷ്യൻ പിന്നീട് രാജാവിൻ്റെ സദസ്സിൽ മുൻപ് ഇരിക്കാറുണ്ടായിരുന്നത് പോലെ, വന്നിരുന്നു. അപ്പോൾ രാജാവ് ചോദിച്ചു: ആരാണ് നിൻ്റെ കാഴ്ച തിരിച്ചു തന്നത്?! അയാൾ പറഞ്ഞു: എൻ്റെ റബ്ബാണ്. രാജാവ് ചോദിച്ചു: "നിനക്ക് ഞാനല്ലാതെ മറ്റൊരു റബ്ബോ?!" അയാൾ പറഞ്ഞു: എൻ്റെയും നിൻ്റെയും റബ്ബ് അല്ലാഹുവാകുന്നു. അപ്പോൾ രാജാവ് അയാളെ പിടികൂടുകയും ആ യുവാവിനെ കുറിച്ച് വിവരം നൽകുന്നത് വരെ അയാളെ മർദ്ധിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തെ കൊണ്ടുവന്നപ്പോൾ രാജാവ് ആ യുവാവിനോട് ചോദിച്ചു: മോനേ, നിൻ്റെ മാരണം കൊണ്ട് നീ പാണ്ട് രോഗികളെയും കുഷ്ഠരോഗികളെയും ചികിത്സിക്കുന്നത്ര വളർന്നുവല്ലോ?! നീ എന്തെല്ലാമാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്!! യുവാവ് പറഞ്ഞു: "ഞാൻ ഒരാളെയും സുഖപ്പെടുത്തുന്നില്ല. അല്ലാഹു മാത്രമാണ് സുഖപ്പെടുത്തുന്നവൻ." അതോടെ രാജാവ് അദ്ദേഹത്തെ പിടികൂടുകയും, പുരോഹിതനെ കുറിച്ച് വിവരം നൽകുന്നത് വരെ ശിക്ഷിക്കുകയും ചെയ്തു. അങ്ങനെ പുരോഹിതനെ കൊണ്ടുവരപ്പെട്ടു; അദ്ദേഹത്തോട് പറയപ്പെട്ടു: 'നിൻ്റെ ദീനിൽ നിന്ന് മടങ്ങുക.' എന്നാൽ അദ്ദേഹം അതിന് സമ്മതിച്ചില്ല. രാജാവ് ഈർച്ചവാൾ കൊണ്ടുവരാൻ ആവശ്യപ്പെടുകയും, അത് കൊണ്ടുവരപ്പെടുകയും, പുരോഹിതൻ്റെ തലയുടെ മദ്ധ്യത്തിലായി വെച്ചു കൊണ്ട് അദ്ദേഹത്തെ രണ്ടായി പിളർത്തുകയും ചെയ്തു. പിന്നീട് രാജാവിൻ്റെ സദസ്യരിൽ പെട്ട ആ വ്യക്തിയെ കൊണ്ടുവരപ്പെട്ടു; അദ്ദേഹത്തോടും ദീനിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെടുകയും, അദ്ദേഹം വിസമ്മതിക്കുകയും, ഈർച്ചവാൾ തലയുടെ മദ്ധ്യത്തിൽ വെച്ചു കൊണ്ട് അദ്ദേഹത്തെ രണ്ടായി പിളർക്കുകയും ചെയ്തു. പിന്നീട് യുവാവിനെ കൊണ്ടുവന്നു; അദ്ദേഹത്തോടും ദീനിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ടു. അദ്ദേഹം വിസമ്മതിക്കുകയും, യുവാവിനെ രാജാവ് തൻ്റെ സൈന്യത്തിൽ പെട്ട പത്തിൽ താഴെ വരുന്ന ആളുകളുടെ കയ്യിൽ ഏൽപ്പിക്കുകയും ചെയ്തു. രാജാവ് പറഞ്ഞു: "ഇവനെ നിങ്ങൾ ഇന്ന പർവ്വതത്തിൻ്റെ മുകളിലേക്ക് കൊണ്ടുപോവുകയും, അതിന് മുകളിൽ കയറ്റുകയും, ഏറ്റവും മുകളിലെത്തിയാൽ അവനോട് തൻ്റെ മതത്തിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെടുകയും മടങ്ങിയാൽ അവനെ വെറുതെ വിടുകയും ഇല്ലെങ്കിൽ അവനെ അവിടെ നിന്ന് താഴേക്ക് എറിയുകയും ചെയ്യുക." അങ്ങനെ അവർ യുവാവിനെയും കൊണ്ട് പർവ്വതത്തിൻ്റെ മുകളിലേക്ക് പോയി. അപ്പോൾ യുവാവ് പറഞ്ഞു: "അല്ലാഹുവേ! ഇവരുടെ കാര്യത്തിൽ മതിയായത് നീ നൽകേണമേ!" അപ്പോൾ പർവ്വതം അവരെയും കൊണ്ട് ശക്തമായി കുലുങ്ങുകയും, അവരെല്ലാം പർവ്വതത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് വീഴുകയും, യുവാവ് ഏകനായി രാജാവിൻ്റെ അടുത്തേക്ക് മടങ്ങിയെത്തുകയും ചെയ്തു. രാജാവ് അദ്ദേഹത്തോട് ചോദിച്ചു: "നിൻ്റെ ഒപ്പമുണ്ടായിരുന്നവർക്ക് എന്തു സംഭവിച്ചു?" അദ്ദേഹം പറഞ്ഞു: "അവർക്ക് അല്ലാഹു മതിയായ ശിക്ഷ നൽകിയിട്ടുണ്ട്." അങ്ങനെ രാജാവ് യുവാവിനെ വേറെ ചിലരെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു: "ഇവനെ നിങ്ങൾ ഒരു ചെറുതോണിയിൽ കയറ്റുകയും, സമുദ്രമദ്ധ്യത്തിൽ എത്തിയാൽ അവൻ്റെ മതത്തിൽ നിന്ന് തിരിച്ചു വരാൻ ആവശ്യപ്പെടുകയും, അതിന് സമ്മതിച്ചാൽ അവനെ വെറുതെ വിടുകയും, ഇല്ലെങ്കിൽ സമുദ്രത്തിൽ എറിയുകയും ചെയ്യുക." അവർ യുവാവിനെയും കൊണ്ട് തോണിയിൽ കയറി. അപ്പോൾ യുവാവ് പറഞ്ഞു: "അല്ലാഹുവേ, ഇവരുടെ കാര്യത്തിൽ മതിയായത് നീ നൽകേണമേ!" അങ്ങനെ തോണി അവരെയും കൊണ്ട് കീഴ്മേൽ മറിഞ്ഞു; യുവാവ് തിരികെ നടന്നു കൊണ്ട് രാജാവിൻ്റെ സന്നിധിയിലേക്ക് വന്നെത്തുകയും ചെയ്തു. രാജാവ് അദ്ദേഹത്തോട് ചോദിച്ചു: "നിൻ്റെ ഒപ്പമുണ്ടായിരുന്നവർക്ക് എന്തു സംഭവിച്ചു?" അദ്ദേഹം പറഞ്ഞു: "അവർക്ക് അല്ലാഹു മതിയായ ശിക്ഷ നൽകിയിട്ടുണ്ട്." ശേഷം യുവാവ് രാജാവിനോട് പറഞ്ഞു: "നിങ്ങൾക്ക് എന്നെ വധിക്കുക സാധ്യമല്ല; ഞാൻ പറയുന്നത് പോലെ നിങ്ങൾ പ്രവർത്തിക്കുകയാണെങ്കിലല്ലാതെ." രാജാവ് ചോദിച്ചു: "എന്താണ് അക്കാര്യം?" യുവാവ് പറഞ്ഞു: "താങ്കൾ ജനങ്ങളെയെല്ലാം ഒരു പൊതുമൈതാനത്ത് ഒരുമിച്ചു കൂട്ടുകയും, എന്നെ ഒരു മരത്തടിയിൽ ക്രൂശിക്കുകയും ചെയ്യുക. ശേഷം എൻ്റെ അമ്പുകളിൽ നിന്ന് ഒന്ന് എടുത്തു കൊണ്ട് വില്ലിൽ കുലച്ച ശേഷം: 'ഈ യുവാവിൻ്റെ റബ്ബിൻ്റെ നാമത്തിൽ' എന്ന് ഉച്ചരിച്ചു കൊണ്ട് അമ്പെയ്യുകയും ചെയ്യുക. ഇപ്രകാരം ചെയ്താൽ താങ്കൾക്ക് എന്നെ വധിക്കാൻ സാധിക്കും." അങ്ങനെ ജനങ്ങളെല്ലാം ഒരു സ്ഥലത്ത് ഒരുമിച്ചു കൂടുകയും, രാജാവ് യുവാവിനെ ഒരു മരത്തടിയിൽ ക്രൂശിക്കുകയും, ശേഷം യുവാവിൻ്റെ അമ്പുകളിൽ നിന്ന് ഒന്നെടുത്ത് വില്ലിൽ കുലച്ച ശേഷം 'യുവാവിൻ്റെ റബ്ബിന്റെ നാമത്തിൽ' എന്ന് പറഞ്ഞു കൊണ്ട് അമ്പെയ്യുകയും ചെയ്തു. അമ്പ് യുവാവിൻ്റെ കണ്ണിനും ചെവിക്കുമിടയിൽ തറക്കുകയും, അമ്പ് തറച്ചയിടത്ത് യുവാവ് തൻ്റെ കൈ വെച്ചപ്പോൾ അദ്ദേഹം മരണപ്പെടുകയും ചെയ്തു. ഇതോടെ ജനങ്ങളെല്ലാം പറഞ്ഞു: "ഞങ്ങൾ യുവാവിൻ്റെ റബിൽ വിശ്വസിച്ചിരിക്കുന്നു." രാജാവിനോട് ചിലർ പറഞ്ഞു: താങ്കൾ ഭയന്നത് ഇപ്പോൾ സംഭവിച്ചില്ലേ?! "ജനങ്ങൾ ഈ യുവാവിനെ പിൻപറ്റുകയും അദ്ദേഹത്തിൻ്റെ റബ്ബായ അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുമെന്ന നിങ്ങളുടെ ഭയപ്പാട് ഇതാ സത്യമായി പുലർന്നിരിക്കുന്നു." - അതോടെ രാജാവ് നാട്ടിലേക്കുള്ള പ്രവേശനകവാടങ്ങളിൽ നീളവും ആഴവുമുള്ള കിടങ്ങുകൾ കുഴിക്കാൻ കൽപ്പിക്കുകയും, അതിൽ അഗ്നി ആളിക്കത്തിക്കുകയും, തൻ്റെ ദീനിൽ നിന്ന് മടങ്ങാത്തവരെയെല്ലാം അതിലിട്ടു കൊണ്ട് ചുട്ടെരിക്കാനും കൽപ്പന നൽകി. അങ്ങനെ അവർ രാജാവിൻ്റെ കൽപ്പന നിറവേറ്റാൻ ആരംഭിച്ചു. കൂട്ടത്തിൽ ഒരു സ്ത്രീ തൻ്റെ കൈക്കുഞ്ഞുമായി വന്നെത്തി. അഗ്നിയിലേക്ക് തൻ്റെ കുഞ്ഞുമായി ചാടാൻ ഭയപ്പാടോടെ അവൾ ശങ്കിച്ചു നിന്നു. അപ്പോൾ അവളുടെ കുഞ്ഞ് സംസാരിച്ചു: "എൻ്റെ ഉമ്മാ! ക്ഷമ കൈക്കൊള്ളുക. നിങ്ങൾ സത്യത്തിൽ തന്നെയാണുള്ളത്."